സി.ബി.െഎയിൽ സർക്കാർ നടത്തിയ പാതിരാ അട്ടിമറിയെക്കുറിച്ച് ഏറ്റവും നല്ല തമാശ, വാർത്തസമ്മേളനം നടത്തി പറഞ്ഞത് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ്. നേരം വെളുക്കാൻ നോക്കിനിൽക്കാതെ സർക്കാർ ഉണർന്നുപ്രവർത്തിച്ചത് സത്യസന്ധതയും നീതിയും സി.ബി.െഎയുടെ കെട്ടുറപ്പും ഉയർത്തിപ്പിടിക്കാനാണത്രേ! സി.ബി.െഎ എന്നു കേട്ടാൽ പൊതുജനം പൊട്ടിച്ചിരിക്കുന്ന കാലത്ത് അതേക്കുറിച്ച് കൂടുതൽ പറയേണ്ടതില്ല. കാഞ്ഞ ബുദ്ധിക്കാരനാണ് ജെയ്റ്റ്ലി വക്കീൽ. അങ്ങനെയെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും എന്തായിരിക്കുമെന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കുക എളുപ്പമല്ല. നാലഞ്ചു വർഷത്തിനിടയിൽ പക്ഷേ, ഇൗ സംഘത്തിന് പിടിച്ചുനിർത്താൻ കഴിയാതെപോയ ഏക സിവിൽ സർവിസുകാരൻ സി.ബി.െഎ ഡയറക്ടർ അലോക് വർമയായിരിക്കും.
ഡയറക്ടറും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള പോര് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രണ്ടു കോടിയുടെ കോഴ വാങ്ങിയെന്ന കേസ് രജിസ്റ്റർ ചെയ്ത് അസ്താനയെ പൂട്ടാൻ അലോക് വർമയും ടീമും അവസാന നീക്കങ്ങൾ നടത്തുന്നതു കണ്ടപ്പോൾ 56 ഇഞ്ച് നെഞ്ചളവുള്ള ഒരു ഇടപെടൽ നടന്നു. രണ്ടുപേരെയും വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. രാജ്യവും ഭരണവും കൈയിൽ അമ്മാനമാടുന്ന ഒരാളുടെ ആ സംസാരത്തിനു മുന്നിൽ ഏതു ഡയറക്ടറും ചുരുളും. പക്ഷേ, നടന്നില്ലെന്നു മാത്രമല്ല, അസ്താനയുടെ വിശ്വസ്തൻ ദേവേന്ദർകുമാർ എന്ന ഡിവൈ.എസ്.പിയെ ഇൗ കോഴക്കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ അറസ്റ്റ് ചെയ്യുന്നതാണ് പിറ്റേന്ന് കണ്ടത്.
അടുത്ത ഉന്നം ആരാണെന്ന് വ്യക്തമായിരുന്നു. അറസ്റ്റ് വിലക്കണമെന്നും അഴിമതിക്കേസ് അസാധുവാക്കണമെന്നും അഭ്യർഥിച്ച് അസ്താന ഡൽഹി ഹൈകോടതിയിലേക്ക് ഒാടി. അറസ്റ്റ് തൽക്കാലം തടഞ്ഞ് മെറ്റാരു ദിവസം വിശദവാദത്തിന് നിശ്ചയിച്ചെങ്കിലും അസ്താനക്ക് എതിരായ എഫ്.െഎ.ആർ അസ്ഥിരപ്പെടുത്താൻ ഹൈകോടതി തയാറായില്ല. അത്രയും നടന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് പാതിരാ അട്ടിമറി ഉണ്ടായത്. ഡയറക്ടർക്കും സ്പെഷൽ ഡയറക്ടർക്കും നിർബന്ധിത അവധി നൽകി ജോയൻറ് ഡയറക്ടർ നാഗേശ്വർ റാവുവിന് ചുമതല നൽകി. അസ്താനയുടെ അഴിമതി അന്വേഷിക്കാൻ അലോക് വർമ നിയോഗിച്ച ടീമിലുള്ളവരെ അന്തമാനിലേക്ക് അടക്കം തട്ടി രായ്ക്കുരാമാനം ‘സത്യസന്ധതയും നീതിയും കെട്ടുറപ്പും പരിപാലിച്ചു’വെന്ന് സർക്കാർ ഉറപ്പുവരുത്തി. പക്ഷേ, സി.ബി.െഎയുടെയും സർക്കാറിെൻറയും പിന്നണി കലാകാരന്മാരായി നിന്ന കേന്ദ്ര വിജിലൻസ് കമീഷെൻറയും മുഖത്തേക്ക് കരി തെറിച്ചുവീണു. സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ചേർന്ന് നിശ്ചയിക്കുന്ന സി.ബി.െഎ ഡയറക്ടറെ അവരോട് കൂടിയാലോചിക്കാതെ എടുത്തെറിയാൻ സർക്കാറിന് അധികാരമുണ്ടോ എന്ന് ഇനി സുപ്രീംകോടതി തീരുമാനിക്കും.
വിഷയത്തിൽ വലിയൊരു സാവകാശം സർക്കാറിന് സുപ്രീംകോടതിയിൽനിന്ന് കിട്ടിയിട്ടുണ്ട്. അതേസമയം, അലോക് വർമ റഫാൽ പോർവിമാന ഏർപ്പാടിൽ കൈവെക്കുന്നുവെന്ന സൂചന കിട്ടിയപ്പോഴാണ് അദ്ദേഹത്തെ പൊടുന്നനെ ചുമതലയിൽനിന്ന് മാറ്റിയതെന്ന പ്രതിപക്ഷ ആേരാപണത്തിനു മുന്നിൽ വിളറിനിൽക്കുകയാണ് സർക്കാർ. പതിവു പോലെ, പ്രധാനമന്ത്രി മൗനത്തിൽ തന്നെ. വലിയ അഴിമതി ആരോപണത്തിൽ പ്രതിസ്ഥാനത്തു നിൽക്കുേമ്പാഴും ഇത്രത്തോളം സംരക്ഷിക്കാൻ ആരാണ് രാകേഷ് അസ്താന? അതേ ചോദ്യം തികട്ടിവരുന്നതിനിടയിലാണ് അലോക് വർമ, കസേരയിളക്കം നോക്കാതെ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ടുനീങ്ങിയത്. അലോക് വർമക്ക് നിരവധി പ്രമാദ കേസുകളിൽ കോഴയും പക്ഷപാതവുമുണ്ടെന്ന ആരോപണം സർക്കാറിലേക്കും വിജിലൻസ് കമീഷനിലേക്കും അയച്ചുകൊണ്ടാണ് അസ്താന അതിനെ നേരിട്ടത്.
സർക്കാറാകെട്ട, സി.ബി.െഎ ഡയറക്ടർ രജിസ്റ്റർ ചെയ്ത കോഴക്കേസ് അട്ടിമറിച്ചുകൊണ്ട് അസ്താനയെ രക്ഷിക്കുകയും വാളായി മാറുന്ന ഡയറക്ടറെ മാറ്റി വിശ്വസ്തനെ ചുമതല ഏൽപിക്കുകയും ചെയ്ത പാതിരാപ്പണിയാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ‘നീലക്കണ്ണ’നാണ് അസ്താനയെന്ന് സി.ബി.െഎയിലും സർക്കാറിലും എല്ലാവർക്കുമറിയുന്ന കാര്യം. നേരന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയ ബന്ധമാണത്. അന്ന് ബി.ജെ.പിയുടെ അമരക്കാരനായിരുന്ന എൽ.കെ. അദ്വാനിയാണ് റാഞ്ചിക്കാരനായ ഗുജറാത്ത് കേഡർ െഎ.പി.എസുകാരനെ മോദിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിനെ കാലിത്തീറ്റ അഴിമതി കേസിൽ അറസ്റ്റു ചെയ്ത അന്വേഷണം നയിച്ച സി.ബി.െഎ എസ്.പി എന്നത് അദ്വാനിയുടെ പ്രത്യേക ശ്രദ്ധയാകർഷിച്ച കാര്യം.
അദ്വാനി പരിചയപ്പെടുത്തിയ അസ്താനയെ ഗുജറാത്തിലേക്ക് എത്തിച്ച് ആദ്യത്തെ പ്രധാന ചുമതലയായി ഗോധ്ര അന്വേഷണം ഏൽപിച്ചുകൊടുത്തത് നേരന്ദ്ര മോദിയാണ്. 2002 ഫെബ്രുവരിയിലെ ഗോധ്ര തീവണ്ടി ദുരന്ത കേസ് ആകസ്മികമെന്ന ആദ്യ അന്വേഷണത്തെ, ആസൂത്രിതമെന്ന രണ്ടാമത്തെ നിഗമനത്തിലേക്ക് കൊണ്ടെത്തിച്ചത് അസ്താനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്. തദ്ദേശീയരായ ചില ന്യൂനപക്ഷ നേതാക്കളാണ് ഗോധ്രയുടെ സൂത്രധാരന്മാരെന്നു കാണിച്ച് അസ്താനയുടെ നേതൃത്വത്തിലുള്ള സംഘം 2002 സെപ്റ്റംബറിൽ കുറ്റപത്രം സമർപ്പിച്ചു.
2003ൽ പോട്ട നിയമം ചുമത്തി. വിചാരണ നടപടിക്കൊടുവിൽ 2011ൽ 11 പേർക്ക് കോടതി വധശിക്ഷ വിധിച്ചു; 20 പേർക്ക് ജീവപര്യന്തം. ശിക്ഷ പിന്നീട് ഹൈകോടതി എല്ലാവർക്കും ജീവപര്യന്തമായി ഇളവു ചെയ്തു. 2008ൽ നടന്ന അഹ്മദാബാദ് സ്ഫോടന പരമ്പരയുടെ അന്വേഷണ ചുമതലയും അസ്താനക്കായിരുന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം അസ്താനയെ സി.ബി.െഎ സ്പെഷൽ ഡയറക്ടറാക്കിയ തീരുമാനം പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. 3.83 കോടി രൂപയുടെ കോഴയിടപാടുമായി ബന്ധപ്പെട്ട് അസ്താനയുടെ പേര് സ്റ്റെർലിങ് ബയോടെക് കള്ളപ്പണ കേസ് ഡയറികളിൽ എഴുതിയിരുന്ന കാര്യമാണ് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയത്. 2016ൽ മകളുടെ വിവാഹത്തിലെ അതിധൂർത്ത് വിവാദമുയർത്തുകയും ചെയ്തിരുന്നു. അഗസ്റ്റ വെസ്റ്റ്ലൻഡ് ഇടപാട്, കോൺഗ്രസ് നേതാവ് വീരഭദ്രസിങ്ങിനെതിരായ അഴിമതി കേസ്, ആംബുലൻസ് അഴിമതി കേസ്, വിജയ് മല്യ കേസ് എന്നിങ്ങെന, മോദിസർക്കാറിനു കീഴിൽ രാഷ്ട്രീയ പ്രാധാന്യമുള്ള പല കേസുകളും അന്വേഷിച്ചത് അസ്താനയാണ്. കള്ളപ്പണക്കാരനായ വ്യവസായി മൊയിൻ ഖുറേഷിയുടെ കേസിലാണ് ഇടനിലക്കാരനായ ഹൈദരാബാദിലെ സതീഷ് സനയുമായി അഞ്ചു കോടിയുടെ കോഴപ്പണ ഇടപാടുണ്ടെന്ന കേസ് അലോക് വർമയുടെ നേതൃത്വത്തിലുള്ള സി.ബി.െഎ സംഘം രജിസ്റ്റർ ചെയ്യുന്നത്. സി.ബി.െഎ ഉന്നതനെതിരെ സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്ത അസാധാരണ സംഭവമാണത്.
സി.ബി.െഎയുടെ പുതിയ ചുമതലക്കാരനായി നിയോഗിച്ച നാഗേശ്വര റാവുവോ? സംഘ്പരിവാർ സംഘമായ വിവേകാനന്ദ ഫൗണ്ടേഷനും അതിനെ നിയന്ത്രിച്ചുവരുന്ന ബി.ജെ.പി ജനറൽ സെക്രട്ടറി രാംമാധവുമായി അടുത്ത ബന്ധമുള്ളയാൾ. സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിൽനിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്നാണ് അദ്ദേഹത്തിെൻറ ഒരു തിയറി. ബീഫ് കയറ്റുമതി നിരോധിക്കണമെന്നാണ് മറ്റൊരു തിയറി. അസഹിഷ്ണുതയുടെ ഇന്നത്തെ കാലത്ത്, കേന്ദ്ര അന്വേഷണ ഏജൻസിയെ നയിക്കാൻ ബി.ജെ.പിക്ക് പറ്റിയ ചിന്താധാര. അതിനൊപ്പം നാഗേശ്വര റാവുവും അവിഹിത ഇടപാടുകളിൽ വിവാദ പുരുഷനാണ്.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ, മറ്റാരോടും വിശദീകരണം പറയേണ്ടതില്ലാത്ത സ്വാതന്ത്ര്യത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിയായി സി.ബി.െഎ രൂപവത്കരിച്ച ഘട്ടത്തിൽ അത് നേടിയെടുത്ത പെരുമ ഏറെ വലുതായിരുന്നു. തുമ്പില്ലാത്ത പലതിനും തെളിവുകൾ സമാഹരിച്ച് കുറ്റക്കാരെ പിടികൂടാൻ കഴിവുറ്റ ഒാഫിസർമാരുടെ സംഘമാണതെന്ന കാഴ്ചപ്പാട് സമ്പാദിക്കാൻ സി.ബി.െഎക്ക് കഴിഞ്ഞു. എന്നാൽ, പിന്നീടിങ്ങോട്ട് ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറുന്ന സി.ബി.െഎയെയാണ് പൊതുസമൂഹം കണ്ടത്. പ്രതികാര രാഷ്ട്രീയത്തിനും കൊടിയ കുറ്റകൃത്യങ്ങൾ തേച്ചുമായ്ച്ചുകളയാനും സർക്കാറിന് വേണ്ടപ്പെട്ട പ്രതികൾ രക്ഷപ്പെടുന്നതിന് അവസരമൊരുക്കുന്നതിനുമെല്ലാമാണ് ഇന്ന് സി.ബി.െഎ. മുമ്പും സി.ബി.െഎയുടെ കൂച്ചുവിലങ്ങുകൾ തെളിഞ്ഞുവന്നിട്ടുണ്ട്. എന്നാൽ, ഇത്രത്തോളം തരംതാണും പോരടിച്ചും മുഖം കളഞ്ഞ ഒരവസ്ഥ ഉണ്ടായിട്ടില്ല. സർക്കാർ ഇത്രത്തോളം ഇറങ്ങിക്കളിക്കുന്നതും കണ്ടിട്ടില്ല. സി.ബി.െഎ മാത്രമല്ല, തെരഞ്ഞെടുപ്പു കമീഷൻ അടക്കം ഭരണഘടന സ്ഥാപനങ്ങൾ ഒന്നൊന്നായി തകർത്തുകളയുന്നതാണ് കാഴ്ച. തെറ്റി; സത്യവും നീതിയും കെട്ടുറപ്പും പരിപാലിക്കപ്പെടാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കുകയാണ്!
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.