ഒന്നും സംഭവിക്കില്ലെന്ന് വിചാരിച്ചിരിക്കവെ ചിലത് സംഭവിക്കുന്നു. പുറത്തുവരുന്ന എല്ലാ വിവരങ്ങളിൽനിന്നും, ബന്ധനത്തിലായ മാധ്യമങ്ങളുടെ നാണം മുറ്റിയ മുഖങ്ങളിൽനിന്നുൾപ്പെടെ വ്യക്തമാവുന്നത് മോദി സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉറച്ച ഒരു ജനാധിപത്യ മുന്നേറ്റം പ്രഖ്യാപിച്ച് സെപ്റ്റംബർ അഞ്ചിന് പശ്ചിമ ഉത്തർ പ്രദേശിലെ മുസഫർ നഗറിൽ അര ദശലക്ഷം ഇന്ത്യക്കാർ ഒരുമിച്ചുകൂടിയെന്നാണ് .
ഐതിഹാസികമായ ആ മഹാപഞ്ചായത്ത് കാർഷിക വിഷയവുമായി ബന്ധപ്പെട്ട് മാത്രമായിരുന്നില്ലെന്ന് അതിലെ പങ്കാളിത്തത്തിലെയും അവിടെ മുഴങ്ങിയ ഭാഷണങ്ങളിലെയും വൈവിധ്യം വിളിച്ചോതുന്നു. പഞ്ചാബ്, ഹരിയാന, പശ്ചിമ യു.പി എന്നിവിടങ്ങളിൽനിന്നുള്ള ആളുകളുടെ ഒരുമിച്ചു ചേരലായിരുന്നില്ല, ഇന്ത്യൻ റിപ്പബ്ലിക്കിെൻറ എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രതിനിധികളുടെ മഹാസംഗമം തന്നെയായിരുന്നു. വെറും രണ്ട് സംസ്ഥാനങ്ങളിലൊതുങ്ങുന്ന മുന്നേറ്റമാണിതെല്ലാം എന്ന ഔദ്യോഗിക ഭാഷ്യത്തെ നിരാകരിക്കും വിധത്തിൽ മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, ഒഡിഷ, ബംഗാൾ, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരഖണ്ഡ് എന്നിവിടങ്ങളിൽനിന്നെല്ലാം ആളെത്തിയിരുന്നു.
കർഷകരുടെ ഒത്തുചേരലായിരുന്നില്ല ഇത്. കച്ചവടക്കാർ, ഇടത്തരം-ചെറുകിട സംരംഭകർ, തൊഴിൽ രഹിതരായ നഗരയുവത, പലപല ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, പൗരാവകാശ പ്രവർത്തകർ, ബുദ്ധിജീവികൾ, ട്രേഡ് യൂനിയൻ പ്രവർത്തകർ തുടങ്ങി മോദി സർക്കാറിെൻറ നാണം കെട്ട സമ്പന്ന-കേമ്പാള അനുകൂല ഏകാധിപത്യ നയങ്ങളാൽ ആഘാതമേൽക്കപ്പെട്ട എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരും അവിടെയുണ്ടായിരുന്നു. സംഘടിത വർഗീയ കലാപത്തിെൻറ ബലത്തിൽ അധികാരത്തിലേറാൻ ഭാരതീയ ജനതാപാർട്ടി (ബി.ജെ.പി) 2013ൽ പുറപ്പാട് തുടങ്ങിയ അതേ മണ്ണ് തന്നെ അധികാര വർഗത്തിനെതിരെ കണക്കുപറയാനുള്ള വേദിയായി മാറിയപ്പോൾ സ്ഥലം തികയാതെ ആളുകൾക്ക് മേൽപാലങ്ങളിലും മറ്റും ഇടം കണ്ടെത്തേണ്ടി വന്നു.
ഓരോ പ്രസംഗം കഴിയുേമ്പാഴും മുഴങ്ങിയ അല്ലാഹു അക്ബർ വിളികൾ വലതുപക്ഷത്തിന് വലിയ മുന്നറിയിപ്പാണ്. 2013ലെ വർഗീയ അതിക്രമങ്ങളിൽ പങ്കുചേർന്നവർ ആ വിളികളിലൂടെ തുറന്നു പറയുകയായിരുന്നു- ഒപ്പം പണിയെടുക്കുന്ന മുസ്ലിം സഹോദരി സഹോദരങ്ങൾക്കെതിരായി വംശഹത്യ സംഘടിപ്പിക്കാൻ തങ്ങളെ കബളിപ്പിച്ചു കൂടെച്ചേർക്കുകയായിരുന്നുവെന്ന്. ആനുഷംഗികമായി മോദി സർക്കാറിെൻറ കോർപറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾക്കെതിരെ രാജ്യത്തിെൻറ ഭക്ഷ്യോത്പാദക സമൂഹത്തിൽനിന്ന് കൃത്യവും സുഗ്രഹവുമായ ശബ്ദമുയരുകയും ചെയ്തു.
ഈ ഒത്തുചേരലിെൻറ മതേതര സ്വഭാവവും, ഇന്ത്യൻ ജനതയുടെ ദേശീയ സ്വത്തുക്കൾ സ്വകാര്യവത്കരിക്കാനുള്ള വലതുപക്ഷ നയങ്ങൾക്കെതിരായ നിലപാടും വെച്ച് നോക്കുേമ്പാൾ ഇത് സത്യത്തിൽ പഴയ ജെ.പി മൂവ്മെൻറിെൻറ പുനരാവിഷ്കരണമായിരുന്നില്ല എന്ന് പറയേണ്ടിവരും (ജെ.പി ആന്ദോളനും തുടക്കം കുറിച്ചത് മുസഫർ നഗറിൽ നിന്നായിരുന്നുവെന്നത് യാദൃച്ഛികത). എഴുപതുകളുടെ മധ്യത്തിൽ നടന്ന ജെ.പി മുന്നേറ്റത്തിൽ സംഘ്പരിവാറിലെ മുൻഗാമികൾ പങ്കുചേർന്നിരുന്നുവെന്നതും ഓർക്കണം. ഏകാധിപത്യ ഭരണത്തിനെതിരായ പ്രതിഷേധത്തിന് പരമ്പരാഗത ജനാധിപത്യ മുഖത്തേക്കാളേറെ സവിശേഷമായ ഇടതുചായ്വാണ് പ്രകടമായിരുന്നത്.
ഒരുകാലത്ത് ഉരുളക്കിഴങ്ങ് ചാക്കുകൾ എന്ന് അധിക്ഷേപിച്ച് അവഗണിക്കപ്പെട്ടിരുന്ന മനുഷ്യരിന്ന് തൊഴിലാളിവർഗത്തിൽനിന്ന് മാത്രമുയിർക്കൊള്ളുന്നതെന്ന് കരുതിപ്പോന്നിരുന്ന വർഗബോധത്തോടെയാണ് തുനിഞ്ഞിറങ്ങുന്നത്. തീർച്ചയായും കർഷകർ ഇവിടെ തൊഴിലാളി വർഗത്തെ ചേർത്തു നടത്തുന്ന മുന്നണിപ്പോരാളികളാവുകയാണ്. ഹിന്ദുത്വ വർഗീയതക്കും കോർപറേറ്റ് കുത്തകകളുമായുള്ള ചങ്ങാത്തത്തിനുമെതിരായ എതിർപ്പാണ് ഉയരുന്നതിവിടെ.
സാമ്പത്തിക നയങ്ങൾ സംബന്ധിച്ച് മഹാപഞ്ചായത്തിൽനിന്ന് ഉയർന്ന വിമർശനങ്ങൾ സൂചിപ്പിക്കുന്നത് വിവാദമായ അന്യായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായാൽ പോലും സർക്കാറിന് ഇരട്ട ക്ഷീണമാണ് വന്നു ഭവിക്കുകയെന്നാണ്. തെറ്റുപറ്റിയെന്ന് സർക്കാർ സമ്മതിച്ചാൽ തന്നെ വിശാലമായ ഒരു പ്രത്യയശാസ്ത്ര മുഖം കൈവരിച്ച മുന്നേറ്റത്തെ ഇല്ലാതാക്കൽ അത്ര എളുപ്പമല്ല. ഏതെങ്കിലുമൊരു പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയുടെ പക്ഷം ചേരുന്ന രാഷ്ട്രീയ തന്ത്രമല്ല അവർ ആവിഷ്കരിച്ചിരിക്കുന്നത്, മറിച്ച് ബി.ജെ.പിയെ തോൽപിക്കുക എന്ന ലക്ഷ്യം മുൻനിർത്തി മുന്നേറാനാണ് അവർ തീരുമാനിച്ചത്.
അതി മനോഹരമായ ഒരു പിറവി സാധ്യമായിരിക്കുന്നു എന്നത് വ്യക്തമാണ്. എത്രകാലം ആയുസ്സുണ്ടാകുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ജനകീയ മുന്നേത്തിലൂടെ പുതുപ്പിറവി നേടിയ ഈ സന്ദർഭത്തിനൊത്തുയരാൻ ഇന്ത്യയിലെ പ്രതിപക്ഷ-രാഷ്ട്രീയ സമൂഹം പരാജയപ്പെട്ടാൽ അവർ വരുത്തുന്നത് പൊറുക്കാനാവാത്ത അപരാധമായിത്തീരുമെന്നത് തീർച്ച.
(സാമൂഹിക നിരീക്ഷകനും ഡൽഹി സർവകലാശാല മുൻ അധ്യാപകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.