ലീഡര്‍ കെ. കരുണാകരന്‍ ജന്മശതാബ്ദി പ്രഥമ ദേശീയ പുരസ്‌കാരം ആര്യാടന്‍ മുഹമ്മദിന് എ.കെ. ആന്റണി സമ്മാനിക്കുന്നു (ഫയൽ ചിത്രം)

വിടപറഞ്ഞത്​ ആ ശബ്​ദം ഉറക്കെ മുഴങ്ങേണ്ട സമയത്ത്​...

എന്‍റെ ഏറ്റവും വലിയ ശക്തിയും കരുത്തുമായിരുന്നു ആര്യാടൻ. കെ.എസ്.യുവിലുള്ള കാലത്താണ് കോഴിക്കോട് വെച്ച് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്നദ്ദേഹം കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. പിന്നീട് എന്‍റെ ഒപ്പം കെ.പി.സി.സി ജനറൽ സെക്രട്ടറിയായി, പിന്നെ ഡി.സി.സി പ്രസിഡന്‍റും. എന്‍റെ മന്ത്രിസഭയിൽ അംഗവുമായി. ഊഷ്മളതയായിരുന്നു ഇടപെടലുകളുടെ പ്രത്യേകത. കാണാച്ചരടുകളും കുഴികളും തിരിച്ചറിയാനും കാണാനുമുള്ള നാലാം കണ്ണ് ആര്യാടനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവ് ആയപ്പോഴുമെല്ലാം ആര്യാടന്‍റെ സാമീപ്യം എന്നെ ഏറെ സഹായിച്ചു.

അദ്ദേഹം കാര്യങ്ങൾ ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ നമുക്ക് ടെൻഷൻ വേണ്ട. ഏതു പ്രതിസന്ധിയിലും സഹപ്രവർത്തകർക്കൊപ്പം നിലയുറപ്പിച്ച വലിയ ശക്തിയായിരുന്നു. എന്റെ എല്ലാ തീരുമാനങ്ങളോടും യോജിപ്പുണ്ടായിരുന്നില്ല.'ആര്യാടാ...ഞാൻ തീരുമാനം എടുത്തുപോയി' എന്നു പറയുമ്പോൾ 'എ.കെ, അതു ശരിയായില്ല' എന്നു മറുപടി നൽകുമെങ്കിലും അതോടെ ആര്യാടനും മാറും. എന്‍റെ തീരുമാനത്തിന്റെ ആവശ്യകത മറ്റുള്ളവരോട് വിശദീകരിക്കുന്ന ഉത്തരവാദിത്തം ആര്യാടൻ ഏറ്റെടുക്കും.

ഡൽഹിയിലായിരിക്കുമ്പോൾ ഇടക്കിടെ വിളിക്കുമായിരുന്നു. മടങ്ങിയെത്തിയശേഷം നിരന്തരം സംസാരിച്ചിരുന്നു. സുഖമില്ലാതെ ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിക്കുംവരെ വിളിച്ചു. മരണവാർത്തയറിഞ്ഞ് വല്ലാതെ പകച്ചുപോയി.ആര്യാടനില്ലാത്ത മലപ്പുറത്തെ കോൺഗ്രസിനെ കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ല. ആര്യാടനില്ലാത്ത മലബാർ രാഷ്ട്രീയം കുറച്ചുനാളത്തേക്ക് ശൂന്യമായിരിക്കും. എല്ലാ പ്രതിസന്ധികളിലും കോൺഗ്രസിന്‍റെ നിലപാട് വിശദീകരിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു.

ജയിലിൽ അന്ന് ഞാൻ പൊട്ടിക്കരഞ്ഞു

കുഞ്ഞാലി കൊലക്കേസിൽ ആര്യാടൻ നിരപരാധിയായിരുന്നെങ്കിലും നിർഭാഗ്യവശാൽ പ്രതി ചേർക്കപ്പെട്ടു. പോരാളിയായിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും രക്തച്ചൊരിച്ചിലിന്‍റെ വക്താവായിരുന്നില്ല. പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് അക്രമം കണ്ടാൽ നിർദാക്ഷിണ്യം ശാസിക്കുന്നതായിരുന്നു പ്രകൃതം.സംഘർഷത്തിന്റെയോ സംഘട്ടനത്തിന്റെയോ ഏറ്റുമുട്ടലിന്റേയോ ആൾ ആയിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ കൊലക്കേസിൽ കുരുക്കി. കള്ളക്കേസായിരുന്നു. ഇന്നും എനിക്ക് ആ ദിവസം ഓർമയുണ്ട്. കോഴിക്കോട് സബ്ജയിലിൽ അദ്ദേഹത്തെ കാണാൻപോയ ഞാൻ പൊട്ടിക്കരഞ്ഞു. അദ്ദേഹവും കരഞ്ഞു.

ആര്യാടനെ കൊലയാളി എന്നു വിളിച്ചവർക്കു തന്നെ കാലക്രമത്തിൽ മനസ്സിലായി, അദ്ദേഹം നിരപരാധിയാണെന്ന്. 1980ൽ നായനാർ മന്ത്രിസഭയുണ്ടാക്കിയപ്പോൾ ഞങ്ങൾ ആര്യാടൻ, വക്കം പുരുഷോത്തമൻ, പി.സി. ചാക്കോ, ഷൺമുഖദാസ് എന്നിവരെ മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചപ്പോഴുണ്ടായ പ്രതികരണം അതിന് ഏറ്റവും വലിയ തെളിവാണ്. കർക്കശക്കാരനായ വി.എസ്. അച്യുതാനന്ദനും നായനാരും ആര്യാടന്റെ കാര്യത്തിൽ എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ നായനാർ മന്ത്രിസഭയിൽ അദ്ദേഹം തൊഴിൽ മന്ത്രിയായി.

അന്ന് ആര്യാടൻ എം.എൽ.എയല്ല. പൊന്നാനി ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റുനിൽക്കുകയാണ്. നിലമ്പൂരിൽനിന്ന് മറ്റൊരാൾ ജയിച്ച് സഭയിലെത്തിയതേയുള്ളൂ. ആദ്യമായി എം.എൽ.എ ആകുന്നയാളായിട്ടും അദ്ദേഹത്തെ രാജിവെപ്പിച്ച് ആര്യാടനെ മത്സരിപ്പിക്കാൻ വഴിയൊരുക്കി. അന്ന് നിലമ്പൂരിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ആര്യാടൻ കൊലയാളിയാണ്. അങ്ങനെയല്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ ആഴ്ചകളോളം നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാൻ മാർക്സിസ്റ്റ് പാർട്ടി നിയോഗിച്ചത് അന്ന് യുവാക്കൾക്കിടയിലെല്ലാം ആവേശ സാന്നിധ്യമായിരുന്ന എം.വി. രാഘവനെയാണ്.

ഉദ്യോഗസ്ഥരെ പേടിപ്പിച്ചില്ല പക്ഷേ, പണിയെടുപ്പിച്ചു

കർഷക തൊഴിലാളി പെൻഷന്‍റെ ഉപജ്ഞാതാവ് ആര്യാടനായിരുന്നു. കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതി മന്ത്രി കൂടിയായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും പവർക്കട്ടുണ്ടാകുമെങ്കിലും വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്നില്ല. എന്നാൽ, മലബാറിൽ ഇതായിരുന്നില്ല സ്ഥിതി. ഇതു പരിഹരിച്ചത് ആര്യാടനായിരുന്നു. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതി എത്തിച്ചത് അദ്ദേഹമാണ്. ഏറ്റെടുത്ത എല്ലാ വകുപ്പുകളിലും അദ്ദേഹം കാര്യപ്രാപ്തിയോടെ ഇടപെട്ടു. ഉദ്യോഗസ്ഥരെ പേടിപ്പിച്ചിട്ടായിരുന്നില്ല അത്. എല്ലാവരെക്കൊണ്ടും പണിയെടുപ്പിക്കുന്നതിൽ ആര്യാടന് പ്രത്യേക നയമുണ്ടായിരുന്നു.

രണ്ടു കോപ്പി വാങ്ങണം... ഒന്ന് എനിക്ക്, മറ്റേത് എ.കെക്ക്

മന്ത്രിയായപ്പോഴും നിയമസഭ സമാജികനായപ്പോഴും വിഷയങ്ങൾ സൂക്ഷ്മമായി പഠിച്ചു. മന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തെ ഒരിക്കലും ഉത്തരം മുട്ടിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. പഠിച്ചായിരുന്നു അവതരണം. ഞാൻ എം.പിയായിരുന്ന കാലത്ത് ബജറ്റിന് രണ്ട് ദിവസം മുമ്പ് ആര്യാടന്‍റെ ഫോണെത്തും. 'ഇക്കണോമിക് സർവേ റിപ്പോർട്ടിന്‍റെ രണ്ടു കോപ്പി മേടിക്കണം.

ഒന്ന് എ.കെക്ക്, മറ്റേത് എനിക്ക്...' എന്നെക്കാൾ കൂടുതൽ ഓരോ പേജും സൂക്ഷ്മമായി പഠിക്കുകയും ചെയ്യും. മന്ത്രിസഭയിലെയും പാർട്ടിയിലെയും ക്രൈസിസ് മാനേജറായിരുന്നു. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും മറുഭാഗത്തുള്ളവരോട് ഊഷ്മള ബന്ധവും സൗഹൃദവും കാത്തുസൂക്ഷിച്ചു. ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം ചീഫ് വിപ്പായിരുന്നു. ഞാനൊന്നും അറിഞ്ഞിട്ടില്ല. നിയമസഭ ചേരുന്നതിന് അരമണിക്കൂർ മുമ്പുതന്നെ ആര്യാടനെത്തി കാര്യങ്ങളെല്ലാം ചെയ്തിരിക്കും.

മതേതരത്വത്തിനുവേണ്ടി നിലകൊണ്ട പോരാളി

ആര്യാടന്‍റെ നിലപാടും ശബ്ദവും ഉറക്കെയുറക്കെ മുഴങ്ങേണ്ട കാലമാണിത്. മതേതരത്വത്തിനു വേണ്ടി ജീവിതാവസാനം വരെ വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിച്ച ഏറനാടൻ പോരാളിയായിരുന്നു ആര്യാടൻ. മതേതരത്വത്തിനെതിരെ ഉയരുന്ന എല്ലാ വെല്ലുവിളികളെയും അദ്ദേഹം തടുക്കാൻ ശ്രമിച്ചിരുന്നു.ആ വെല്ലുവിളി ഉയർത്തുന്ന ശക്തികളെ പ്രത്യാഘാതങ്ങളോ ലാഭനഷ്ടമോ നോക്കാതെ അദ്ദേഹം നേരിട്ടു. മതേതരത്വം, ബഹുസ്വരത, മതസൗഹാർദം എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെയും രാഷ്ട്രീയ ബോധ്യങ്ങളുടെയും അടിത്തറ. അതുകഴിഞ്ഞേ അദ്ദേഹത്തിന് കക്ഷി രാഷ്ട്രീയമുള്ളൂ. ഇതാണ് കേരള രാഷ്ട്രീയത്തിലെ ആര്യാടന്‍റെ പ്രസക്തി.

തയാറാക്കിയത്: എം. ഷിബു

Tags:    
News Summary - It is time for the voice to be loud said goodbye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.