മീറത്തിലെ ഓഫിസിൽ സ്ഥാപിച്ച ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോദ്സേയുടെ പ്രതിമയിൽ മാല ചാർത്തുന്ന

ഹിന്ദു മഹാസഭാ നേതാക്കൾ Smita Sharma/The New York Times

ഭ്രാ​ന്ത​ല്ലി​ത്

ഗാന്ധിജിയുടെ ജീവനെടുക്കാൻ തുടർച്ചയായി നടത്തിയ ആസൂത്രിത ഗൂഢാലോചന 1948 ജനുവരി 30ന് വിജയം കണ്ടപ്പോൾ അതിനെ നാം വിളിച്ചത് ഗാന്ധി ‘വധം’ എന്നാണ്, കൊലപ്പുള്ളിയെ ‘മതഭ്രാന്തൻ’ എന്നും. ഗാന്ധിയെ കൊലചെയ്ത സംഘം ഉയർത്തിപ്പിടിക്കുന്ന ഭൂതകാല മേന്മയുടെ സാംസ്കാരിക പരിസരങ്ങളിൽ ‘വധം’ ഒരു സൽകർമമാണ്.

മനുഷ്യനന്മക്കും ധർമസംസ്ഥാപനത്തിനുംവേണ്ടിയുള്ള കർമം. യഥാർഥത്തിൽ ഗാന്ധിയുടെ കൊലപാതകത്തെ ഹത്യ എന്നാണ് പറയേണ്ടിയിരുന്നത്. കാരണം ‘ഹത്യ’ ഉന്മൂലനത്തിന്റെ പാപവഴിയെയാണ് സൂചിപ്പിക്കുന്നത്. ആത്മഹത്യ, മാതൃഹത്യ, പിതൃഹത്യ, ഭ്രൂണഹത്യ, ശിശുഹത്യ, വംശഹത്യ എന്നിവയെല്ലാം ഈ അർഥം ദ്യോതിപ്പിക്കുന്നുണ്ട്.

മതരാഷ്ട്രത്തിനു മുന്നിലെ വെല്ലുവിളി

മതരാഷ്ട്രമാക്കാൻ സമ്മതിക്കാതെ ഇന്ത്യയെ മതേതര രാഷ്ട്രമാക്കി, അഥവാ ഹിന്ദുരാഷ്ട്ര പാതക്ക് മാർഗതടസ്സം നിന്നു എന്ന പാതകമാണ് ഗാന്ധിജിയെ വധിച്ച് ധർമം നിർവഹിക്കുന്നതിന് പരിവാറുകാരെ പ്രേരിപ്പിച്ചത്.‘വരൂ നമുക്ക് ഹിന്ദുരാഷ്ട്രം സാധ്യമാക്കാം’ എന്ന് സർവലോക ഹിന്ദുക്കളോട് ആഹ്വാനംചെയ്യുന്ന ഹിന്ദു ജനജാഗ്രത സമിതി 2012 മുതൽ ഗോവയിൽ ഒരു സമ്മേളനം സംഘടിപ്പിച്ചുവരുന്നുണ്ട്.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനായുള്ള ദേശീയ ഹിന്ദു സംഗമം (All India Hindu Convention for Establishment of Hindu Nation) എന്നു പേരിട്ട സമ്മേളനത്തിന്റെ 2013 ജൂൺ ആറു മുതൽ 10 വരെ നടന്ന രണ്ടാം പതിപ്പിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ സന്ദേശം വായിച്ചിരുന്നു. സമ്മേളനത്തിന്റെ മൂന്നാം ദിവസം, മോദിയുടെ അഭിനന്ദന സന്ദേശം വായിച്ച അതേ വേദിയിൽ ജാഗ്രത സമിതി നേതാവ് കെ.വി. സീതാരാമയ്യ ഗാന്ധിയെ ‘terrible, wicked and most sinful’ എന്നാണ് വിശേഷിപ്പിച്ചത്.

ഗാന്ധിഹത്യയിൽ പരസ്യമായി ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹം, നന്മയെ നിലനിർത്താനും തിന്മയെ ഇല്ലാതാക്കാനും ഞാൻ അവതരിക്കുമെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നതുപോലെ 1948 ജനുവരി 30ന് ശ്രീരാമൻ ഗോദ്സെയുടെ രൂപത്തിൽ വരുകയായിരുന്നുവെന്നാണ് മൊഴിഞ്ഞത്.

നമ്മുടെ കൈകളിലും രക്തം

തീവ്രഹിന്ദുത്വ ദേശീയത മതേതര ജനാധിപത്യ ഇന്ത്യക്കു നേരെ നടത്തിയ യുദ്ധപ്രഖ്യാപനമാണ് ഗാന്ധിയുടെ കൊലപാതകം. അത് മാനസികനില തെറ്റിയ ഒരാൾ നടത്തിയ കൃത്യമായിരുന്നില്ല. ഗാന്ധിക്കുനേരെ ആറു തവണയാണ് ആക്രമണമുണ്ടായത്.

1934ൽ കൊലക്ക് തക്കംപാർത്തുതുടങ്ങിയിരുന്നു. ഈ ആറിലും പങ്കെടുത്ത ഒരാളാണ് ഗോദ്സെ. 14 വർഷംകൊണ്ട് നടപ്പാക്കിയ ഈ കൃത്യനിർവഹണ പദ്ധതിയെ ഭ്രാന്ത് എന്നു വിളിച്ച് നിസ്സാരവത്കരിക്കുന്ന ഇന്ത്യൻ ജനാധിപത്യ സമൂഹത്തിനല്ലേ തകരാറ്?

Tags:    
News Summary - its not mad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.