സ്​ത്രീകൾ നിശബ്​ദത വെടിയാൻ സമയമായിരിക്കുന്നു

സമൂഹമാധ്യമ ലോകത്ത്​ ഏ​റെ പരിചിതയായിരുന്ന ​ഒരു വ്ലോഗറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നടുക്കുന്ന വാർത്തകൾ ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ്​ കഴിഞ്ഞ ദിവസം മോഡലും നടിയുമായ യുവതി കോഴിക്കോട്​ ദുരൂഹമരണത്തിന്​ കീഴടങ്ങിയത്​. കലാ സാംസ്​കാരിക രംഗത്തും സൈബർ ലോകത്തും അറിയപ്പെടുന്ന യുവതികളുടെ മരണങ്ങൾക്ക്​ മാധ്യമ ശ്രദ്ധ ലഭിക്കുന്നുവെങ്കിൽ വലിയ വാർത്തയായി മാറാത്ത നിരവധി ദുരൂഹ മരണങ്ങളും സ്വയംഹത്യകളും കടന്നാക്രമണങ്ങളും ദിനം പ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നു.

സ്​നേഹത്തോടെ, സന്തോഷത്തോടെ കൈടിപിച്ച്​ കൂടെപ്പോയ പങ്കാളികളുടെ ശാരീരിക- മാനസിക പീഡനങ്ങളാൽ കൊല്ലപ്പെടുന്ന, അല്ലെങ്കിൽ ജീവിതം തകർന്നുപോകുന്ന യുവതികളുടെ എണ്ണം വർധിച്ചു കൊണ്ടേയിരിക്കുന്നു. ശക്​തമായ നിയമ വ്യവസ്ഥകൾ നമുക്കുണ്ടെങ്കിലും ഒന്നുംതന്നെ ശരിയാം വിധം പ്രയോഗവത്​കരിക്കപ്പെടുന്നില്ല എന്നതാണ്​ ഇത്തരം സംഭവങ്ങളെ തുടർക്കഥയാക്കുന്നത്​.

സ്​ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ എത്ര ശക്​തമായ തെളിവുകൾ ഉണ്ടെങ്കിലും സാക്ഷികൾ കൂറുമാറുകയും മൊഴിമാറുകയും ചെയ്യുന്ന സാഹചര്യങ്ങൾക്കാണ്​ നമ്മുടെ കോടതികൾ ദിനേനെയെന്നോണം സാക്ഷ്യം വഹിക്കുന്നത്​. പലപ്പോഴും അടുത്ത സഹപ്രവർത്തകരും ചി​ലപ്പോൾ ഉറ്റ ബന്ധുക്കളും പോലും ഇരയെ പെരുവഴിയിലാക്കി വേട്ടക്കാരോടൊപ്പം കൈകോർക്കുന്നത്​ കാണാം.

പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികളെ തീ കൊളുത്തിയും വെട്ടിനുറുക്കിയും കൊന്നുകളയുമ്പോൾ, സംശയത്തി​ന്റെ പേരിൽ ഇണകളെ ഇല്ലാതാക്കാൻ മുതിരു​​മ്പോൾ ആ കുറ്റവാളികൾ മനസ്സിൽ കൊണ്ടുനടക്കുന്ന വികാരം സ്​നേഹം അല്ലെന്ന്​ സ്​പഷ്​ടം. പ്രണയവും വിവാഹവുമെല്ലാം സ്​ത്രീയെ കീഴ്​പ്പെടുത്താനും പുരുഷന്റെ മേൽകോയ്​മ ആഘോഷിക്കപ്പെടാനുമുള്ള സ​ങ്കേതങ്ങളാക്കി മാറ്റുമ്പോൾ, സുരക്ഷയും സംരക്ഷണവും നീതീയും ഉറപ്പാക്കേണ്ട സ്​ഥാപനങ്ങളും ഉത്തരവാദിത്വമുള്ളവരും നിസംഗതയോ പക്ഷപാതമോ പ്രകടിപ്പിക്കുമ്പോൾ മാറ്റുവിൻ ചട്ടങ്ങളെ എന്നുറക്കെ വിളിച്ചു പറയുവാൻ സ്​ത്രീകൾ തന്നെ, പെൺകുട്ടികൾ തന്നെ മുന്നോട്ടുവരികയേ മാർഗമുള്ളൂ.

എല്ലാം സഹിച്ചും ക്ഷമിച്ചും ഒതുങ്ങിയും വേണം മകളേ നീ ജീവിക്കാൻ എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യച്ചൊല്ലുകൾ മക്കളെ പഠിപ്പിക്കുന്നത്​ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കപ്പെടേണ്ടത്​ സ്​ത്രീകൾ മാത്രം ഒതുങ്ങിയും ത്യാഗം സഹിച്ചും ആവണമെന്ന ശാഠ്യത്തിന്​ ഇനിയാരും വഴങ്ങാതിരിക്കുക.

ലക്ഷക്കണക്കിന്​ രൂപയും പവൻ കണക്കിന്​ സ്വർണവും അത്യാധുനിക മോഡൽ വാഹനങ്ങളും സ്​ത്രീധനമായി വാങ്ങി അതിനൊപ്പം അടികൊള്ളുമ്പോൾ കരച്ചിൽ പോലും പുറത്തുവരാതെ ഒപ്പം കഴിയുന്ന മാംസക്കഷ്​ണങ്ങളെയാണ്​ താൻ ജീവിതത്തിലേക്ക്​ കൂട്ടിയിരിക്കുന്നത്​ എന്ന്​ കരുതി നിൽക്കുന്ന ആൺമക്കളെ പറഞ്ഞുതിരുത്താൻ മാതാപിതാക്കൾ മുന്നോട്ടുവരിക.

പെൺകുട്ടിക​ളെ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽനിന്ന്​ അകറ്റാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ ഒരു ഭാഗത്ത്​ നടക്കുന്നുണ്ട്​. അവയെയെല്ലാം അവഗണിച്ച്​ കഴിയുന്നത്ര വിദ്യാഭ്യാസം പ്രാപ്​തമാക്കാൻ ഓരോ പെൺകുട്ടിയും തയാറാവുക. മക്കളെ സ്​നേഹിക്കുന്നുവെങ്കിൽ ഓരോ രക്ഷിതാക്കളും നിർബന്ധമായും ചെയ്യേണ്ടത്​ അവർക്ക്​ ആഗ്രഹിക്കുന്നത്ര പഠിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകുകയാണ്​.

എല്ലാ അവകാശങ്ങളും അധികാരങ്ങളും വികാരങ്ങളും വിചാരങ്ങളുമുള്ള മനുഷ്യജീവിയായി അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറുള്ള പങ്കാളിയെയാണോ മകൾക്കായി കണ്ടെത്തിയതെന്ന്​ വിവാഹത്തിന്​ മുൻപായി മാതാപിതാക്കൾ ഉറപ്പുവരുത്തുക. സ്വന്തം മകൻ പെൺകുട്ടികളോട്​ മാന്യമായും മനുഷ്യ ചിന്തയോടും പെരുമാറുന്നവനാണ്​ എന്ന്​ ആൺകുട്ടികളുടെ മാതാപിതാക്കളും ഉറപ്പുവരുത്തുക.

വിഷമയമായ ബന്ധങ്ങളിൽ (toxic relationships) പെട്ടുപോയിയെങ്കിൽ പോലും അതിനുള്ളിൽ ശ്വാസംമുട്ടാൻ മകളെ വാക്കുകൾ കൊണ്ടുപോലും നിർബന്ധിക്കാതിരിക്കുക. അതിനു തയ്യാറാവാത്തിടത്തോളം കാലം ഓരോ പെൺകുട്ടികളുടെ ദുരൂഹ മരണങ്ങളിലും മാതാപിതാക്കളും നിയമ വ്യവസ്​ഥയും സമൂഹവും ഒരുപോലെ പങ്കാളികളും തെറ്റുകാരുമായിരിക്കുമെന്ന്​ മറക്കാതിരിക്കുക.

Tags:    
News Summary - It's time for women to break the silence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.