ഭീമ കൊറേഗാവ്, ഡൽഹി കലാപം എന്നിവ സംബന്ധിച്ച കേസുകളിൽ രാഷ്ട്രീയപ്രേരിതമായ അറസ്റ്റുകൾക്കും, ആക്ടിവിസ്റ്റുകളെയും അഭിഭാഷകരെയും അക്കാദമീഷ്യന്മാരെയുമൊക്കെ ലാക്കാക്കി അനുസ്യൂതം തുടരുന്ന വേട്ടയാടലുകൾക്കും ഒടുവിൽ എെൻറ പ്രിയ സുഹൃത്ത് ഉമർ ഖാലിദ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനെതിരെയാണ് നമ്മളെല്ലാം പ്രത്യാശിച്ചതെങ്കിലും ഇതിെൻറ പിന്നിലുള്ളവർക്കിത് ഒഴിച്ചുകൂടാനാവാത്തതാണ്.
അന്വേഷണത്തിെൻറ ഓരോ ഘട്ടത്തിലും ഉമർ അതുമായി സഹകരിച്ചിരുന്നു. ജൂലൈ 31ന് അഞ്ചു മണിക്കൂറും അടുത്ത ഞായറാഴ്ചയിൽ ദിവസം മുഴുവനും അന്വേഷണ സംഘം അവനെ ചോദ്യം ചെയ്തിരുന്നുവെന്ന് ഉമറിെൻറ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ മഹാമാരിക്കിടയിലും അന്വേഷണ സംഘത്തിെൻറ ചോദ്യം ചെയ്യലിനായി പാതിരാത്രിയിൽ കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് അവൻ യാത്ര ചെയ്തു. കലാപം നടന്ന ഫെബ്രുവരി 23 മുതൽ 26 വരെയുള്ള ദിവസങ്ങളിലൊന്നും ഡൽഹിയിൽ ഇല്ലാതിരുന്ന ഉമറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് യു.എ.പി.എ ചുമത്തിയാണ്. ഈ വലിയ പ്രഹസന നാടകത്തിൽ അവനെ അവർ വിളിക്കുന്നത് 'കലാപത്തിെൻറ സൂത്രധാരൻ' എന്നാണ്.
ജനങ്ങളോട് ഭരണഘടനാപരമായ ഉത്തരവാദിത്തമില്ലാെത, അധികാരം ഒരാളിൽ കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ വളർന്നുവരുന്ന സാഹചര്യത്തിൽ രണ്ടു വിഡിയോകൾ താരതമ്യം ചെയ്യുന്നത് നന്നാകും. 2020 ഫെബ്രുവരിക്കുശേഷമുള്ളതാണിവ. ഒന്നിൽ ബി.ജെ.പി നേതാക്കളായ കപിൽ മിശ്രയും അനുരാഗ് താക്കൂറുമാണുള്ളത്. മുന്നിൽ അണിനിരക്കുന്ന ജനങ്ങളോട് 'ഗോലി മാരോ സാലോം കോ' (ഒറ്റുകാരെ മുഴവൻ വെടിവെച്ചുകൊല്ലൂ) എന്ന് ആക്രോശിക്കുകയാണവർ. അടുത്ത വിഡിയോയിലുള്ളത് ഉമർ ഖാലിദാണ്. വളരെ വ്യക്തമായി അയാൾ പറയുന്നതിങ്ങനെ -'അക്രമത്തെ നമ്മൾ അക്രമം കൊണ്ട് നേരിടരുത്. വിദ്വേഷത്തെ വിദ്വേഷം കൊണ്ടല്ല എതിരിടേണ്ടത്. അവർ വെറുപ്പ് പ്രചരിപ്പിക്കുേമ്പാൾ നമ്മൾ സ്നേഹം കൊണ്ട് പ്രതികരിക്കണം. അവർ ലാത്തികൊണ്ട് അടിക്കുേമ്പാൾ നമ്മൾ ദേശീയ പതാക മുറുകെപ്പിടിക്കണം'.
നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ ഉമർ ഖാലിദ് എന്ന് പേരുള്ളയാൾ സമാധാനത്തിനുവേണ്ടി സംസാരിക്കുേമ്പാഴും രാജ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുേമ്പാഴും അയാളെ വിളിക്കുന്നത് 'ഭീകരൻ' എന്നും 'ദേശദ്രോഹി' എന്നുമാണ്. ഭൂരിഭാഗവും മുസ്ലിംകൾ കൊല്ലപ്പെട്ട കലാപത്തിൽ അയാൾ ലഹളയുടെ ആസൂത്രകനായി മുദ്ര ചാർത്തപ്പെടുന്നു. അസന്തുഷ്ടി നിറഞ്ഞുപരക്കുന്ന ഇക്കാലത്ത് കപിൽ മിശ്രയുടെ വിേദ്വഷ പ്രസംഗവും ഉമർ ഖാലിദിനെതിരെ നടപടിയെടുക്കണമെന്ന് പരസ്യമായി അയാൾ ആവശ്യപ്പെടുന്നതും സർക്കാറുമായി അവിഹിതസൗഹൃദത്തിൽ മുട്ടിയുരുമ്മിനിൽക്കുന്ന മാധ്യമങ്ങളുടെ നോട്ടപ്പുറത്തു പോലുമില്ലാതാവുന്നു. എന്നിട്ടവർ സമാധാനത്തെയും സ്നേഹത്തെയും കുറിച്ച് പറയുന്ന ആളുകളെ വില്ലന്മാരായി അവതരിപ്പിക്കുന്നു.
2016 ഫെബ്രുവരിയിൽ മാധ്യമ വിചാരണ നേരിട്ട നാൾ മുതൽ എനിക്ക് ഉമറിനെ പരിചയമുണ്ട്. അന്നാണ് അവനെതിരെ അറസ്റ്റും രാജ്യദ്രോഹക്കുറ്റവുമൊക്കെ ഉണ്ടാവുന്നത്. മോദിയുടെ 'ഭൂരിപക്ഷ ജനാധിപത്യ'ത്തിനുനേരെ വിയോജിപ്പിെൻറ തരംഗങ്ങളുയർത്തുകയും അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ചുപറയുകയും ചെയ്ത ജെ.എൻ.യു വിദ്യാർഥിക്കൂട്ടത്തിെൻറ പ്രതിനിധിയായിരുന്നു അന്നവൻ. വർഷങ്ങൾ പോകുന്നതോടെ ഉമറും കനയ്യ കുമാറും അനിർബൻ ഭട്ടാചാര്യയുമൊെക്ക മോദി സർക്കാറിനെതിരെ വിയോജിപ്പിെൻറ വ്യത്യസ്ത വഴികൾ പങ്കിടുന്നതും നമ്മൾ കണ്ടു.
ഹിന്ദിയിൽ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവും ബിഹാരി വേരുകളും ഭാവി രാഷ്ട്രീയക്കാരനായി കനയ്യകയെ അടയാളപ്പെടുത്തുന്നതായിരുന്നു. ഉമറും അനിർബനുമാകട്ടെ, കൂടുതൽ അക്കാദമിക പശ്ചാത്തലമുള്ളവരും. വളർന്നുവരുന്ന സ്കോളർ-ആക്ടിവിസ്റ്റായാണ് ഉമറിനെ ഞാൻ കണ്ടത്. രാഷ്ട്രീയത്തിെൻറ വിശാല ഭൂമികയെ പുൽകാനുള്ള താൽപര്യമൊന്നും ഉമറിൽ ഉള്ളതായി എനിക്ക് തോന്നിയിരുന്നില്ല. എന്നിട്ടും, പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുടർന്നുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിലയുറപ്പിച്ച ഉമർ, വലിയ നേതാവായി വളർന്നുവരുന്നത് ഞാൻ കണ്ടു. 2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ ഇന്ത്യയുടെ വിഭിന്ന വഴികളിലേക്ക് അവൻ കടന്നുചെന്നു. അവിടങ്ങളിലൊക്കെ രാജ്യത്തിെൻറ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും സാമുദായിക സൗഹാർദത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചു.
ഇപ്പോൾ എനിക്ക് ബോധ്യമുണ്ട്, മിക്കവരും കരുതുന്നത് ഉമർ മുസ്ലിം സമുദായത്തിെൻറ ശബ്ദമാണെന്നതാണ്. എന്നാൽ, അവനെ 'മുസ്ലിം നേതാവ്' എന്ന അറയിൽ ഒതുക്കിവെക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതിരുകളില്ലാത്ത, വിശാലമായ യുവതയുടെ നേതാവായാണ് ഞാൻ ഉമറിനെ കണക്കാക്കുന്നത്. 2018 ജനുവരിയിൽ ഭീമ-കൊറേഗാവിൽ ഉമർ ഉണ്ടായിരുന്നു. അവിടെ, ലഹളയുടെ വിത്തെറിഞ്ഞ മിലിന്ദ് എക്ബോതെയും സംഭാജി ഭിഡെയും സ്വതന്ത്രരായി ഊരുചുറ്റിയപ്പോൾ ഉമറിനെതിരെ അന്നും വിദ്വേഷ പ്രചാരകരായ ചില കേന്ദ്രങ്ങളും രാഷ്ട്രീയ അഭിനേതാക്കളും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അതിനുശേഷം, ഉമർ കേവലം 'മുസ്ലിം ശബ്ദം' മാത്രമായിരുന്നില്ല. ജാതിവിരുദ്ധമായ, സാമൂഹിക നീതി ഉയർത്തിപ്പിടിച്ച ശബ്ദവും കൂടിയായിരുന്നു അത്. അതോടൊപ്പം, അംബേദ്കർ പാരമ്പര്യങ്ങളിലും സോഷ്യലിസ്റ്റ് ചിന്താഗതികളിലും പൗര സ്വാതന്ത്ര്യത്തിലും ആഴത്തിൽ കരുതലുമുണ്ടായിരുന്നു.
മാധ്യമങ്ങൾ ഇടക്കിടെ എന്നെ 'ദലിത് നേതാവ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടേയിരിക്കും. അവർ രാഹുൽ ഗാന്ധിയെയും അമിത് ഷായെയും 'ബ്രാഹ്മണ നേതാവ്' എന്നോ 'ജെയ്ൻ നേതാവ്' എന്നോ ഒരിക്കലും പറയില്ല. ജെ.എൻ.യു കാലം മുതൽ ഞാൻ അറിയുന്ന ഉമർ മതചര്യകൾ കർശനമായി പിന്തുടരുന്നയാളല്ല. എങ്കിലും, അധികൃതർ ഉമറിനെ ഒറ്റപ്പെടുത്തി വേട്ടയാടുന്നത് അവെൻറ പേരു കാരണമാണെന്നത് നമ്മൾ മറക്കരുത്. അവൻ വരുന്നത് മതനിഷ്ഠയുള്ള ഒരു കുടുംബത്തിൽനിന്നായതു കൊണ്ടു കൂടിയാണത്. ഒപ്പം, ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന അനീതികൾക്കെതിെര ശബ്ദിക്കുന്നതുകൊണ്ടും. മാർക്സിസം മനസ്സിലാകുന്ന ദലിതുകളായതുകൊണ്ട് ആനന്ദ് തെൽതുംബ്ദെയെയും മറ്റും നക്സലൈറ്റുകളാക്കുന്നതുപോലെയാണത്. സുശാന്ത് സിങ് രജ്പുത്തിെൻറ പങ്കാളി റിയ ചക്രവർത്തിയെ ഒരു തെളിവുമില്ലാതെ മയക്കുമരുന്ന് കച്ചവടക്കാരിയും കൊലക്കേസ് പ്രതിയുമാക്കുന്നതു പോലെയുമാണത്. എന്നാൽ, തെൻറ മുൻ പങ്കാളിക്കെതിരെ കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്ത ജിയാ ഖാനെക്കുറിച്ച് ഇവർ ഒരക്ഷരം മിണ്ടില്ല. അതുപോലെ കോടതിയും പൊലീസും മോദി-അമിത് ഷാ സംവിധാനങ്ങളുമൊക്കെ ഉമറിനെ മുസ്ലിമായി മാത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഒരാളെ വില്ലനാക്കാൻ അവർക്ക് അതിൽകൂടുതൽ എന്തുവേണം?
അന്നും ഇന്നുമൊക്കെ ഉമറിനെ 'ഭീകരവാദേത്താട് അനുകമ്പയുള്ളയാൾ' എന്ന് മുദ്രകുത്തുന്നതു കേൾക്കുേമ്പാൾ എന്നിൽ ഞെട്ടൽ ഉളവാകുന്നു. കെട്ടിപ്പടുത്ത കുറ്റങ്ങളാണ് അയാൾക്കുമേൽ ആേരാപിക്കപ്പെടുന്നതെല്ലാം. ഓരോ രാഷ്ട്രീയ തടവുകാരനും അയാളുടെ ഇസ്ലാമിക പശ്ചാത്തലത്തിനോ ഇടതുപക്ഷ അനുഭാവത്തിേനാ വിലകൊടുക്കേണ്ട അവസ്ഥയിലാണ്. ഡൽഹി കലാപത്തിെൻറ കുറ്റപത്രത്തിൽ ഉമർ, യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് സ്ഥാപകൻ ഖാലിദ് സെയ്ഫി, പിഞ്ച്റാ തോഡിലെ എെൻറ സുഹൃത്തുക്കൾ (ദേവാംഗന കാലിത, നടാഷ നർവാൾ) തുടങ്ങിയവർക്കുമേൽ വൻ ഗൂഢാലോചനയുടെ കുറ്റമാണ് നെയ്തെടുത്തിരിക്കുന്നത്. എന്നാൽ, ഏറ്റവും വലിയ ഗൂഢാലോചന മറ്റു ചിലയിടങ്ങളിൽനിന്നാണുണ്ടായത്. ഭരണഘടനാപരവും നീതിപക്ഷവും അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടിയുള്ളതുമായ ശബ്ദങ്ങളൊക്കെ ജിഹാദികളുടേതും നക്സലുകളുടേതുമാണെന്ന് മുദ്രകുത്തുകയും ഇന്ത്യയെ തകർക്കാൻ 'ഇസ്ലാമിസ്റ്റ്-മാവോയിസ്റ്റ്' കൂട്ടുകെട്ടെന്ന് മുറവിളിയിടുകയും ചെയ്യുകയാണ് യഥാർഥ ഗൂഢാലോചകർ.
അതേ, ഇന്ത്യ തകർക്കപ്പെട്ടിരിക്കുന്നു. അത് ഉമറിനെപ്പോലുള്ളവരാലല്ല, അധികാരത്തിലിരിക്കുന്നവരാലാണ്. എെൻറ പ്രിയ സുഹൃത്ത് ഉമറും അവെൻറ പോരാട്ടങ്ങളും ചരിത്രത്തിൽ ഇടംപിടിക്കുക നാശകാരികളായല്ല, രാജ്യത്തെ കെട്ടിപ്പടുത്തവരായാണ്. ഭഗത് സിങ്ങും ബാബാസാഹബുമൊക്കെ സ്വപ്നം കണ്ട മെച്ചപ്പെട്ട ഇന്ത്യയുടെ ശിൽപികളായാണ്.
(ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എം.എൽ.എയായ ജിഗ്നേഷ് മേവാനി രാഷ്ട്രീയ ദലിത് അധികാർ മഞ്ചിെൻറ കൺവീനറാണ്)
കടപ്പാട്: theprint.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.