ജയിലിലായ സിദ്ദീഖ് കാപ്പന്‍, മര്‍ദനമേറ്റ അഹന്‍ പെങ്കാര്‍

അഴിമുഖത്ത്​ ​ഒറ്റപ്പെടുന്ന മാധ്യമപ്രവർത്തകർ

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്​റ്റഡിയിലെടുത്ത വിവരം ഈ മാസം അഞ്ചിന് വൈകീട്ട് ഏഴോടെയാണ് നാഷനൽ ​കൗൺസിൽ ഫോർ ഹ്യൂമൻറൈറ്റ്​സ് ഒാർഗനൈസേഷൻസ് നിര്‍വാഹകസമിതി അംഗം അഡ്വ. അന്‍സാര്‍ ഇന്‍ഡോരി ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത്.

ഉച്ചക്ക് ഒന്നിന്​ സിദ്ദീഖ് കസ്​റ്റഡിയിലായ വിവരം അന്‍സാര്‍ അറിയിച്ച ശേഷം കാപ്പന്‍ സെക്രട്ടറിയായ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നേതൃത്വം അദ്ദേഹം ജോലി ചെയ്യുന്ന 'അഴിമുഖം ഡോട്ട്​ കോം' പോര്‍ട്ടലുമായി ബന്ധപ്പെട്ടു. സിദ്ദീഖ് ഹാഥറസിലേക്ക് റിപ്പോർട്ടിങ്ങിനു പോയ കാര്യം അവർ സ്ഥീരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ പരസ്പര അന്വേഷണത്തിലൊതുങ്ങിയ ചര്‍ച്ച പിറ്റേന്ന് രാവിലെ 'ഇന്ത്യന്‍ എക്സ്പ്രസ്', 'ടൈംസ് ഓഫ് ഇന്ത്യ' 'ഇന്ത്യ ടുഡെ' തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് പുറംലോകമറിയുന്നത്.

അവക്ക് പിറകെ മലയാള മാധ്യമങ്ങളും കസ്​റ്റഡി വാര്‍ത്ത പുറത്തുവിട്ടു. കസ്​റ്റഡിയിലായ നാലു പേര്‍ക്കുമെതിരെ അപ്പോഴേക്കും ഭീകരക്കുറ്റങ്ങള്‍ ചുമത്തുകകൂടി ചെയ്​തു. അങ്ങനെ വാര്‍ത്തക്കായി പോയി യു.എ.പി.എ ചുമത്തപ്പെട്ട ആദ്യ മലയാള മാധ്യമ പ്രവര്‍ത്തകനായി സിദ്ദീഖ് കാപ്പന്‍ മാറി.

പിന്തുണക്കേണ്ടവരും മൗനത്തിലൊളിച്ചു

ഹാഥറസിലേക്ക് പോകുകയാണെന്ന വിവരം സ്വന്തം സ്ഥാപനത്തെ രാവിലെ അറിയിച്ച ശേഷമാണ് പോപുലര്‍ ഫ്രണ്ടി​െൻറ വിദ്യാര്‍ഥിസംഘടനയായ കാമ്പസ് ഫ്രണ്ടി​െൻറ രണ്ട് ദേശീയ നേതാക്കള്‍ക്കൊപ്പം സിദ്ദീഖ് ഡല്‍ഹിയില്‍നിന്ന് തിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് വിവിധ സംഘടനകളും പാര്‍ട്ടി നേതാക്കളും ഉത്തരേന്ത്യയിലെ ഇത്തരം പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും ഒപ്പം പോകുക പതിവാണ്. 'അഴിമുഖ'ത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനായി അവരോടൊപ്പം സിദ്ദീഖ് പോകുന്നതില്‍ വിയോജിപ്പോ വിസമ്മതമോ ഉണ്ടായിരുന്നുവെങ്കില്‍ സ്ഥാപനം ആ യാത്ര വിലക്കുകയും സ്വന്തം നിലയിൽ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, പതിവായി ഇത്തരം റിപ്പോര്‍ട്ടുകള്‍ നല്‍കാറുള്ളയാളായിട്ടും സിദ്ദീഖി​െൻറ കാര്യത്തില്‍ രണ്ടുമുണ്ടായിട്ടില്ല.

അതിനാല്‍ മലയാളി മാധ്യമപ്രവര്‍ത്തകനെ പൊലീസ് കസ്​റ്റഡിയിലെടുത്ത വിവരം കേള്‍ക്കുമ്പോള്‍ അക്കാര്യം ഡല്‍ഹിയിലെ മറ്റു മലയാളി മാധ്യമപ്രവര്‍ത്തകരെ എത്രയും പെട്ടെന്ന് അറിയിച്ച് സ്വന്തം നിലക്കോ കൂട്ടായോ മോചനത്തിനാവശ്യമായ നടപടി സ്ഥാപനത്തി​െൻറ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, പൊലീസ് ഭാഷ്യങ്ങള്‍ വാര്‍ത്തകളാക്കും മുമ്പ് വിവിധ മാധ്യമസ്ഥാപനങ്ങളെ നിജഃസ്ഥിതി സ്വന്തം നിലക്ക് അറിയിക്കണമെന്ന പ്രാഥമിക ഉത്തരവാദിത്തം പോലും അവര്‍ നിറവേറ്റിയില്ല. വിവരമറിഞ്ഞ് മറ്റു ദേശീയ മാധ്യമങ്ങളിത് വലിയ വാര്‍ത്തയാക്കിയിട്ടും പേരിനൊരു വാര്‍ത്ത നല്‍കിയെന്ന് വരുത്തി ആ മാധ്യമസ്ഥാപനം മൗനത്തിലൊളിച്ചു. സിദ്ദീഖി​െൻറ വിവരമറിഞ്ഞ് വിവിധ മാധ്യമസ്ഥാപനങ്ങള്‍ ബന്ധപ്പെടാന്‍ തുടങ്ങിയപ്പോഴും ഈ ഒളിച്ചുകളി തുടര്‍ന്നു.

''കാപ്പന്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഞങ്ങള്‍ക്ക് വേണ്ടി എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു വാര്‍ത്തക്കു വേണ്ടി താന്‍ ഹാഥറസില്‍ പോകുകയാണെന്ന് പറഞ്ഞ്​ തിങ്കളാഴ്ച അദ്ദേഹം എനിക്ക് സന്ദേശമയച്ചു. ഒപ്പമുള്ള മൂന്നാളുകള്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയില്ല'' -'മംഗള'ത്തി​െൻറ മുന്‍ ഡല്‍ഹി റിപ്പോര്‍ട്ടര്‍കൂടിയായ 'അഴിമുഖം' എഡിറ്റര്‍ കെ.എന്‍. അശോക് 'ഇന്ത്യന്‍ എക്സ്പ്രസി'നോട്​ പറഞ്ഞതാണിത്.

കുടുംബം വിവരമറിയുന്നത്​ ഒരു നാൾ കഴിഞ്ഞ്​

കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖ് കോവിഡ് ലോക്ഡൗണും കഴിഞ്ഞ് വേങ്ങര പൂച്ചോലമാട്ടിലെ വീട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയത്. വീട് നിര്‍മാണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതിനാല്‍ പതിവായി വിളിക്കാറുള്ള ഭര്‍ത്താവ് അഞ്ചാം തീയതി വിളിച്ചുകാണാതിരുന്നതോടെ ആധിയിലായിരുന്നുവെന്ന് സിദ്ദീഖി​െൻറ ഭാര്യ റൈഹാനത്ത് പറഞ്ഞു. പ്രമേഹ രോഗിയായിരുന്നതിനാല്‍ അത്തരത്തില്‍ വല്ല അസ്വാസ്ഥ്യവും ഉണ്ടായോ എന്നാണ് ശങ്കിച്ചത്. രാത്രി വൈകിയിട്ടും വിളിച്ചുകാണാത്തതിനാൽ നിരന്തരം അങ്ങോട്ടു വിളിച്ചുകൊണ്ടിരുന്നു. എന്തുപറ്റി ഭര്‍ത്താവിന്​ എന്നറിയാതെ പാതിരാവിലും വിളിച്ചുകാണാഞ്ഞ് പുലര്‍ച്ചെ രണ്ടോടടുത്ത നേരത്ത് സന്ദേശം അയച്ചു. അത് നോക്കിയതായി അടയാളപ്പെടുത്തിയപ്പോള്‍ മൊബൈല്‍ ആരുടെയോ കൈവശമാണെന്ന് അവര്‍ക്ക് തോന്നി. ആറിന് രാവിലെ മലയാളം ചാനലുകള്‍ ഈ വാര്‍ത്ത കാണിക്കുന്നത് കണ്ട് ബന്ധു വിളിച്ചാണ് താന്‍ വിവരമറിഞ്ഞതെന്ന്​ റൈഹാനത്ത് പറയുന്നു. കാപ്പന്‍ ജോലിചെയ്യുന്ന സ്ഥാപനവും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരും പൊലീസ് കസ്​റ്റഡിയിലാണെന്ന വിവരമറിഞ്ഞ ശേഷമാണ് സിദ്ദീഖി​െൻറ ഭാര്യ ഭര്‍ത്താവിനെന്തുപറ്റിയെന്നു പോലുമറിയാതെ അന്ന് നേരം വെളുപ്പിച്ചത്.

നേരത്തെ 'തേജസ്' ദിനപത്രത്തിലും ഓൺലൈനിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്ന സിദ്ദീഖ് ഏറ്റവുമൊടുവിലാണ് 'അഴിമുഖ'ത്തിലെത്തിയത്​. കാപ്പന്‍ ഭാരവാഹിയായ പത്രപ്രവര്‍ത്തക യൂനിയനാണ് സുപ്രീംകോടതിയില്‍ കേസിന് പോയതെന്നും അലഹബാദ് ഹൈകോടതിയിലാണ് അവശേഷിക്കുന്ന പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം അറസ്​റ്റിലായതിനാല്‍ പോപുലര്‍ ഫ്രണ്ട്​ നേതാക്കള്‍ സ്വന്തം നിലക്ക് നേരിട്ട് കൊടുത്ത ഹരജി അലഹബാദ് ഹൈകോടതി 20ന് പരിഗണിക്കാനിരിക്കുകയാണ്​.

'വയറും' 'കാരവനും' പഠിപ്പിക്കുന്നത്​

ഒരു നാള്‍ സുപ്രീംകോടതിയില്‍ കേസ് കേള്‍ക്കാനെത്തിയപ്പോള്‍ പതിവായി കാണാത്ത രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അവിടെ ഇരിക്കുന്നു. 'വയര്‍' ഓണ്‍ലൈന്‍ പോര്‍ട്ടലി​െൻറ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ഥ വരദരാജനും മലയാളി വേണുവും. അമിത് ഷായുടെ മകന്‍ ഒരു റിപ്പോര്‍ട്ടി​െൻറ പേരില്‍ നല്‍കിയ കേസില്‍ ഗുജറാത്തിലെ വിചാരണ കോടതിയില്‍നിന്നും ഹൈകോടതിയില്‍നിന്നും നീതി ലഭിക്കാതെ വന്നതാണ്. അമിത് ഷായുടെ മകന്‍ ഒരു വര്‍ഷം 16,000 ഇരട്ടി ലാഭമുണ്ടാക്കിയെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന രോഹിണി സിങ്​ അന്ന് 'ഇക്കണോമിക് ടൈംസ്' വിട്ട് 'വയര്‍' ഓണ്‍ലൈന്‍ പോര്‍ട്ടലിന് എഴുതിത്തുടങ്ങിയ വേളയില്‍ ചെയ്ത വാര്‍ത്തക്ക് ആ സ്ഥാപനം കൊടുത്ത വിലയാണ് സുപ്രീംകോടതിവരെ കയറിയിറങ്ങേണ്ടി വന്ന മാനനഷ്​ട കേസ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകന്‍ കേസുമായെത്തിയപ്പാള്‍ രോഹിണി സിങ്​ ഞങ്ങള്‍ക്ക് വേണ്ടി എഴുതുന്നുണ്ട് എന്ന് പറഞ്ഞൊഴിയുകയല്ല 'വയര്‍' എഡിറ്റര്‍ ചെയ്തത്. അവസാനം വരെ അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.

തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ഡല്‍ഹിയില്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും അവര്‍ക്കൊപ്പം ധീരമായി നിന്ന് നീതിക്കായി ശബ്​ദിക്കുന്ന ഒരു മലയാളി എഡിറ്ററുണ്ട് ഡല്‍ഹിയില്‍- 'കാരവന്‍' മാഗസി​െൻറ വിനോദ് ജോസ്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച 'കാരവന്‍' മാഗസി​െൻറ റിപ്പോര്‍ട്ടര്‍ അഹന്‍ പെങ്കാറിനെ ഡല്‍ഹി പൊലീസ് ആക്രമിച്ച വിവരം ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെയെല്ലാം നേരിട്ടറിയിച്ചത് വിനോദ് ജോസാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഡല്‍ഹിയില്‍ 'കാരവന്‍' റിപ്പോര്‍ട്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത്. അപ്പോഴെല്ലാം ഈ വിവരം മാധ്യമങ്ങളെ അറിയിക്കുന്നതും അവര്‍ക്കായി പൊലീസിലും കോടതിയിലും പോകുന്നതും 'കാരവന്‍' തന്നെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.