സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചൂടേറിയ ചർച്ചകളാണ് സംസ്ഥാനത്ത് നടക്കുന്നത്. കടുത്ത പ്രതിഷേധത്തിനിടയിലും എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻതന്നെ നേരിട്ടിറങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വേഗ റെയിൽ പദ്ധതിയെ വിശകലനം ചെയ്യുകയാണ് മെട്രോമാൻ ഇ. ശ്രീധരൻ
മൂന്നര ലക്ഷം കോടിയാണ് കേരളത്തിന്‍റെ പൊതുകടം എന്നാണറിയുന്നത്. ശമ്പളവും പെൻഷനും കൊടുക്കാൻപോലും എല്ലാ മാസവും 5000 കോടി രൂപയോളം കടമെടുക്കുന്ന സർക്കാറാണ് നമ്മുടേത്. ഇങ്ങനെയുള്ള സർക്കാറിന് എങ്ങനെയാണ് ഇത്ര വലിയ പദ്ധതി നടപ്പാക്കാനാവുക? 1,15,000 കോടി രൂപയെങ്കിലും പദ്ധതിക്കായി വേണ്ടിവരുമെന്നാണ് ഞാൻ കണക്കാക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇത്രയും സാമ്പത്തികബാധ്യത നമുക്ക് താങ്ങാനാവില്ല. നിലവിൽ വൻ കടബാധ്യതയുള്ള ഒരു സർക്കാർ ഇത്ര വലിയ പദ്ധതി നടപ്പാക്കാൻ പോകുന്നത് കുറ്റകരമാണ്. പദ്ധതി നടപ്പാക്കാൻ വേണ്ടിയുള്ള ശ്രമമാണിതെന്ന് തോന്നുന്നില്ല. തുടക്കമിട്ട്, കേന്ദ്രസർക്കാറും റെയിൽവേയും അനുമതി നൽകിയില്ലെന്നുപറഞ്ഞ് ഉപേക്ഷിക്കുക എന്നതായിരിക്കാം സർക്കാർ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രിയുടെ വാദം ശരിയല്ല. കേരളത്തെ ഇത് വിഭജിക്കുമെന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധിമതി. 12 അടി ഉയരമുള്ള ഭിത്തിയെങ്കിലും ഇതിനായി വേണ്ടിവരും. അതിനുമുകളിൽ കമ്പിവേലി കെട്ടേണ്ടി വരും. ഓരോ അര കി. മീറ്ററിലും മേൽപാലമോ അടിപ്പാതയോ ഉണ്ടാവുമെന്ന് പറഞ്ഞതുതന്നെ ഭിത്തിയെക്കുറിച്ച ചോദ്യം ഉയർന്നപ്പോഴാണ്. ഇത്രയും പാലങ്ങൾ നിർമിക്കാൻ എത്ര ചെലവുവരും? ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളം എന്തുചെയ്യും? സത്യത്തിൽ ഇതേക്കുറിച്ചൊന്നും ഇവർ ആലോചിച്ചിട്ടേ ഇല്ല.
ഭൂനിരപ്പിൽനിന്ന് എട്ടുമീറ്റർ ഉയരത്തിലാണ് എംബാങ്ക്മെന്റ് (മൺതിട്ട) നിർമിക്കുക. നിലവിലെ റെയിൽപാതയും എംബാങ്ക്മെന്റ് രീതിയിലാണ്. അവയൊന്നും സൃഷ്ടിക്കാത്ത വെള്ളപ്പൊക്കം സിൽവർ ലൈൻ ഉണ്ടാക്കുമെന്നത് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല. ഇതാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വാദം
അതിവേഗ പാതകൾക്ക് എംബാങ്ക്മെന്റ് എന്ന ആശയംതന്നെ അപ്രായോഗികമാണ്. ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്. നിലവിലെ പാതയിൽ എറണാകുളം മുതൽ കൊല്ലം വരെ എംബാങ്ക്മെന്റ് ഉണ്ടാക്കിയത് ഞാനാണ്. എട്ടുമീറ്റർ വേണ്ട, മൂന്ന് മീറ്റർ ഉയരത്തിൽപോലും എംബാങ്ക്മെന്റ് വരുന്നത് അതിവേഗ പാതക്ക് അങ്ങേയറ്റം അപകടമാണ്. കാരണം നമ്മുടെ ഭൂമി കൂടുതലും ചതുപ്പുനിലങ്ങളാണ്. അത് കാലം ചെല്ലുന്തോറും താണുകൊണ്ടിരിക്കും. പാതകൾ പലതും ഉണ്ടാക്കിയശേഷം താണുപോയിട്ടുണ്ടെന്ന് എനിക്ക് നേരിട്ടറിയാം. ചെറിയ വേഗതയിൽ പോകുന്ന ട്രെയിനിന് ഇത് പ്രശ്നമല്ല. എന്നാൽ, അതിവേഗ പാതകൾക്ക് ഇത് അപകടമാണ്.
88 കി.മീ അല്ല, 28 കി.മീറ്റർ വയലുകൾക്ക് മുകളിലൂടെയാണ് പാത പോകുന്നത് എന്നാണ്പദ്ധതിയുടെ എം.ഡി പറഞ്ഞതായി അറിവുള്ളത്. വിശദാംശങ്ങൾ അറിയില്ല.
ഡി.പി.ആർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വയലുകളിൽ എത്ര കി.മീറ്റർ ഈ പാത പോകുന്നുണ്ടെന്ന് ഇപ്പോഴും അറിയില്ല. തൂണുകളിലൂടെയാണ് ഇത് കൊണ്ടുപോകേണ്ടത് എന്ന് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. എന്നാൽ, എംബാങ്ക്മെന്റ് ഉണ്ടാക്കിയിട്ടല്ലേ ഇത് പോകുന്നത്? ലോകത്തൊരിടത്തും ഇത്രയും ദൂരം എംബാങ്ക്മെന്റിൽ അതിവേഗ പാതകൾ പോകുന്നില്ല. തീർത്തും അശാസ്ത്രീയമാണിത്.
ഏത് പദ്ധതിയാണെങ്കിലും ഡി.പി.ആർ പുറത്തുവിടുന്നതിന് ഒരു പ്രശ്നവുമില്ല. രാജ്യത്തിന്‍റെ അതിർത്തിയിലൊക്കെ നിർമിക്കുന്ന പദ്ധതിയാണെങ്കിൽ ആ പറയുന്നത് ശരിയാണെന്ന് സമ്മതിക്കാം. കേരളത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് നൽകുന്നതിന് ഒരു പ്രശ്നവുമില്ല. തെറ്റിദ്ധാരണജനകമായ നിലപാടാണിത്.
ഞാൻ പല പദ്ധതികൾക്കും ഡി.പി.ആർ തയാറാക്കിയിട്ടുണ്ട്. അതെല്ലാം പൊതുജനങ്ങൾക്ക് നൽകിയിട്ടുമുണ്ട്. എന്തോ വലിയ രഹസ്യ പദ്ധതിപോലെയാണ് വിവരാവകാശ കമീഷണർ പോലും കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ഇതിനെ അവതരിപ്പിച്ചതായി പത്രത്തിൽ വായിച്ചത്. നാട്ടുകാർക്ക് ഉപയോഗിക്കാനുള്ള പദ്ധതിയാണ്. ആരെങ്കിലും കോടതിയിൽ പോയാൽ ഡി.പി.ആർ നൽകേണ്ടിവരും.
എന്തോ രഹസ്യ അജണ്ട ഈ പദ്ധതിക്ക് പിറകിലുണ്ട്. റെയിൽവേ അനുമതി നൽകിയിട്ടില്ല. റെയിൽവേ ഭൂമിയിൽ സർവേ നടത്താനുള്ള അനുമതി മാത്രമേ നൽകിയിട്ടുള്ളൂ. ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയിട്ടില്ല. എങ്ങനെയെങ്കിലും പദ്ധതിക്ക് അനുമതി വാങ്ങിച്ചെടുക്കുക എന്ന ലക്ഷ്യം മാത്രമാണ് സംസ്ഥാനത്തിന്‍റെ തിടുക്കത്തിന് കാരണം. അതിനാണ് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കംകുറിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്‍റെ താൽപര്യങ്ങൾക്ക് എതിരുനിൽക്കുന്ന സമീപനം കേന്ദ്രത്തിനില്ല. അതേസമയം, കേന്ദ്രം പറയുന്ന രീതിയിൽ മാത്രമേ പദ്ധതി നടപ്പാക്കാനാവൂ. അതില്ലെങ്കിൽ അനുമതിയും ലഭിക്കില്ല. കേന്ദ്രം സഹായിച്ചില്ലെങ്കിലും പദ്ധതി നടപ്പാക്കുമെന്ന വീരവാദമൊക്കെ പറയാൻ കൊള്ളാം. നടപ്പാക്കാനാവില്ല. ഞങ്ങൾ വികസനത്തിന് ശ്രമിച്ചു, നടപ്പായില്ല എന്നുവരുത്തിത്തീർക്കാനുള്ള ശ്രമമാണിത്. പ്രായോഗികമായി ഇത് യാഥാർഥ്യമാകാൻ ഒരു സാധ്യതയുമില്ല.
ഈ പദ്ധതിക്കുപിന്നിൽ എന്തോ രഹസ്യ ഇടപാട് നടന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. വൻതുകയുടെ പദ്ധതിയാണിത്. കരാർ കൊടുത്ത് വിഹിതം പറ്റാനുള്ള നീക്കമാണോ പിറകിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്റ്റാൻഡേഡ് ഗേജിൽ ട്രാക്ക് നിർമിക്കുന്നത് ഭാവിയിൽ വലിയ വിഷമമുണ്ടാക്കും. നിലവിലെ റെയിൽവേ ലൈനുമായി ഇത് ബന്ധിപ്പിക്കാനാവില്ല. ഇത്തരത്തിലുള്ള ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് തോന്നുന്നത്. ജപ്പാനിൽ നിന്നുള്ള വായ്പ കിട്ടാൻ വേണ്ടിയാണെന്ന വാദത്തിനും കഴമ്പില്ല. ഡൽഹി മെട്രോ ബ്രോഡ്ഗേജിലാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. ഈ കോച്ചുകളെല്ലാം പുറത്തുനിന്ന് കൊണ്ടുവന്നതാണ്. എന്നിട്ടത് നടന്നില്ലേ?
സഹകരിച്ചിരുന്നു. അതിവേഗ പാത എന്ന പദ്ധതിക്കുവേണ്ടിയാണ് ഡി.എം.ആർ.സി പഠനം നടത്തിയത്. 2010ൽ അച്യുതാനന്ദൻ സർക്കാറിന്‍റെ കാലത്ത് വ്യവസായ മന്ത്രി എളമരം കരീം ഡൽഹിയിൽവന്ന്, എന്നോടിത് ഏറ്റെടുക്കണമെന്നു പറഞ്ഞു. ജപ്പാനിൽ നിന്ന് വിദഗ്ധരെ എത്തിച്ച് പഠനം നടത്തി. പൂർണമായും തൂണുകളിലും ഭൂമിക്കടിയിലൂടെയുമായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. പിന്നീട് 2013ൽ ഡി.പി.ആർ സമർപ്പിച്ചു. ഉമ്മൻ ചാണ്ടി സർക്കാറും പദ്ധതിയിൽ തൽപരരായിരുന്നു. എന്നാൽ, അന്തിമ തീരുമാനമുണ്ടായില്ല. പിന്നീട് പിണറായി സർക്കാർ വന്നപ്പോൾ ആദ്യം ചെയ്തത് അതിവേഗ പാത വേണ്ട, അർധ അതിവേഗ പാത മതി എന്നായിരുന്നു.
പല വിവരങ്ങളും അതിൽ നിന്നെടുത്തതാണെന്ന് തോന്നുന്നു. ഞങ്ങളുടെ പദ്ധതിയിൽ എംബാങ്ക്മെന്റ് ഉണ്ടായിരുന്നില്ല. ഇപ്പോൾ സർക്കാർ പറയുന്നത് തൂണിനുപകരം നിലത്തുകൂടെയാണ് പാത എന്നാണ്. ഞങ്ങൾ കൊടുത്ത അലൈൻമെന്‍റും മാറ്റി. ഡി.എം.ആർ.സി തയാറാക്കിയ പദ്ധതിയിൽ റെയിൽവേ ലൈനിലൂടെ പാത കടന്നുപോകുന്നില്ല. റിപ്പോർട്ടിന് റെയിൽവേയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവരുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ല.
പദ്ധതിക്ക് അനുമതി കിട്ടുന്നതിനുമുമ്പ് ഭൂമി ഏറ്റെടുക്കുന്നതിന് ശ്രമം നടക്കുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി റെയിൽവേക്ക് കത്ത് നൽകിയിരുന്നു. അതിന് മറുപടിയായി അവർ പറഞ്ഞത്, ഭൂമി ഏറ്റെടുക്കാൻ അനുവാദം നൽകിയിട്ടില്ലെന്നാണ്. സ്വന്തം നിലയിൽ സർക്കാർ, ഭൂമി ഏറ്റെടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ റെയിൽവേ ഇതിന് അനുമതി നൽകാനിടയില്ല. അതോടെ പദ്ധതി ഉപേക്ഷിക്കേണ്ടിവരും.
626 ഒന്നുമല്ല, അതിൽ കൂടുതൽ വളവുകളുണ്ട്. അത് നിവർത്തി വേഗതകൂട്ടുക എന്നത് പ്രായോഗികമല്ല. വളവുനിവർത്തി വേഗം കൂട്ടുക എന്നത് ഏറെ ആയാസമുള്ള ജോലിയാണ്. ആരും അത് ചെയ്യില്ല. മൂന്നാമതൊരു ലൈൻ റെയിൽവേയുടെ പരിഗണനയിലുള്ളതാണ്. അത് വന്നുകഴിഞ്ഞാൽ നിലവിലുള്ളതിനേക്കാൾ വേഗത്തിൽ ട്രെയിൻ ഓടിക്കാനാവും. പ്രധാനമായും റെയിൽവേ ഭൂമിയിലൂടെയാണ് ഇത് കടന്നുപോകുന്നത്. അതുകൊണ്ട് കാര്യമായി ഭൂമി ഏറ്റെടുക്കേണ്ടി വരുകയുമില്ല. എന്നാലും സമയമെടുക്കും.
പദ്ധതി ഒരിക്കലും ലാഭകരമാവില്ല. മെട്രോ സർവിസുകൾ ഒരിടത്തും വലിയ ലാഭകരമാവില്ല. നടത്തിക്കൊണ്ടുപോകാനേ സാധിക്കൂ. കടമെടുത്ത് നടപ്പാക്കുന്ന പദ്ധതികളായതിനാൽ പലിശയടക്കം വീട്ടിക്കൊണ്ടേ ഇരിക്കേണ്ടിവരും. കൊച്ചി മെട്രോയുടെ ലൈനുകൾ കൂട്ടി നെറ്റ്വർക് വർധിപ്പിച്ചാൽ മാത്രമേ കൂടുതൽ യാത്രക്കാർ വരുകയുള്ളൂ. തൃപ്പൂണിത്തുറയിലേക്കുള്ള ലൈൻ വരെ ഇതുവരെ സ്ഥാപിക്കാൻ സർക്കാറിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.