കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരൻ അവരോധിതനായതോടെ കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ 'സുധാകരൻ മോഡൽ' കേരളമാകെ വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് ജനങ്ങളാകെ തിരിച്ചറിയേണ്ടതുണ്ട്. ക്രിമിനൽ രാഷ്ട്രീയമാണ് സുധാകരൻ കണ്ണൂരിൽ പയറ്റിയത്. അതാവട്ടെ കോൺഗ്രസിൽ തന്നെയാണ് ആദ്യം പ്രയോഗിച്ചത്. അങ്ങനെയാണ് കണ്ണൂരിൽ കോൺഗ്രസ് പാർട്ടിയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. ആ വഴിയിൽതന്നെ സംസ്ഥാനത്ത് കോൺഗ്രസിനെ കൈപ്പിടിയിലാക്കാനാണ് സുധാകരൻ ആഗ്രഹിക്കുന്നത്. നുണപ്രചാരണം നടത്തിക്കൊണ്ട് അതിന് തുടക്കംകുറിച്ചിരിക്കുന്നു. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രവർത്തകരാകുമ്പോൾ സ്വാഭാവികമായും എതിരാളികളെ ആശയപരമായി കടന്നാക്രമിക്കും. എന്നാൽ, തെൻറ പതിവുശൈലിയിൽ വ്യക്തിപരമായ ആക്രമണത്തിനാണ് അദ്ദേഹം മുൻതൂക്കം കൊടുക്കുന്നത്. ഇക്കാര്യത്തിൽ മറ്റ് കോൺഗ്രസ് നേതാക്കളിൽനിന്ന് വ്യത്യസ്തനാണ് സുധാകരൻ. ഗാന്ധിയൻ, നെഹ്റുവിയൻ മൂല്യങ്ങളൊന്നും പ്രശ്നമല്ല. കാര്യങ്ങൾ അടിച്ചേൽപിക്കുന്ന ജനാധിപത്യവിരുദ്ധ ശൈലിയാണ് അദ്ദേഹം കോൺഗ്രസിലും സ്വീകരിച്ചത്.
അക്ഷരാർഥത്തിൽ ഒരു ബഡായി രാമനായിട്ടാണ് സുധാകരൻ ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്. കെ.പി.സി.സി പ്രസിഡൻറായി ചുമതലയേറ്റ ശേഷം തനിക്ക് 50 വർഷത്തെ കോൺഗ്രസ് പാരമ്പര്യമുണ്ടെന്നാണ് അവകാശപ്പെട്ടത്. ഇത് നമ്പർ വൺ ബഡായിയാണ്. ഞാൻ ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് സുധാകരൻ കോളജ് യൂനിയൻ ചെയർമാൻ സ്ഥാനാർഥിയായിരുന്നു. സംഘടനാ കോൺഗ്രസിെൻറ വിദ്യാർഥിവിഭാഗമായ എൻ.എസ്.ഒയുടെ നേതാവുമായിരുന്നു. 1969ൽ കോൺഗ്രസ് വിട്ട് 18 വർഷം കഴിഞ്ഞ് 1987ലാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. അതിനാൽതന്നെ കഴിഞ്ഞകാലങ്ങളിലൊക്കെ സി.പി.എമ്മുമായി പോരടിച്ചുനിൽക്കുകയായിരുന്നു എന്ന വാദം ശുദ്ധനുണയാണ്. മൊറാർജി ദേശായിയുടെ നേതൃത്വത്തിലെ സംഘടനാ കോൺഗ്രസുകാരനായിരുന്നപ്പോഴും പിന്നീട് ജനതാപാർട്ടിയിൽ ചേർന്നപ്പോഴും സി.പി.എമ്മുമായി സഹകരിച്ച ആളുമാണ്.
അടിയന്തരാവസ്ഥക്കെതിരെ വിദ്യാർഥികളുടെ ജനാധിപത്യ സംരക്ഷണ സമിതിയിൽ എസ്.എഫ്.ഐ-എൻ.എസ്.ഒ സംഘടനകൾ അടങ്ങിയതായിരുന്നു. സമിതിയുടെ ഭാഗമായി കണ്ണൂരിൽ സി.പി.എം ആസ്ഥാനമായ അഴീക്കോടൻ മന്ദിരത്തിൽ നടന്ന യോഗത്തിൽ എൻ.എസ്.ഒയുടെ പ്രതിനിധിയായി സുധാകരൻ വന്നതായി ഓർക്കുന്നു. എസ്.എഫ്.ഐയുടെ ജില്ല സെക്രട്ടറിയായിരുന്ന ഞാൻ അന്നത്തെ യോഗത്തിൽ പങ്കെടുത്തയാളാണ്. ഉദുമ മണ്ഡലത്തിൽ കെ.ജി. മാരാർ ജനതാപാർട്ടി സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ അതിെൻറ ഭാഗമായും ഉണ്ടായിരുന്നു. ഇന്ദിര ഗാന്ധിയെ 'ഭാരത യക്ഷി' എന്ന് വിശേഷിപ്പിച്ച് ദീർഘകാലം പ്രസംഗിച്ചുനടന്ന ആളുകൂടിയാണിദ്ദേഹം.
18 വർഷം ഇന്ദിര ഗാന്ധിയെയും ഇന്ദിര നയിച്ച കോൺഗ്രസിനെയും ഇന്നത്തെ അതേശൈലിയിൽ തെറിവിളിച്ച് നടന്നതും ആരും മറന്നിട്ടില്ല. ആ പാരമ്പര്യമാണ് രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇപ്പോഴും പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കുന്നത്. പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന അവകാശവാദം ഓഫ് ദി റെക്കോഡ് ആയിരുന്നുവെന്ന് വിശദീകരിച്ചാൽപോലും വസ്തുതയല്ല. ഇതേക്കുറിച്ച് പിണറായി വിജയൻ പറഞ്ഞതാണ് ശരിയെന്ന് അന്ന് കാമ്പസിലുണ്ടായിരുന്നവരും അതേക്കുറിച്ച് കേട്ടറിഞ്ഞവരും ശരിവെച്ചതോടെ ബഡായി നമ്പർ രണ്ടും പൊളിഞ്ഞു. ഒരു ക്രിമിനൽസംഘത്തെ കൂടെനിർത്തിയാണ് എൻ. രാമകൃഷ്ണനെ പരാജയപ്പെടുത്തി സുധാകരൻ കണ്ണൂരിൽ ഡി.സി.സി പ്രസിഡൻറായത്. അങ്ങനെ കണ്ണൂരിൽ കോൺഗ്രസിൽ അപ്രമാദിത്വം നേടിയ ഇദ്ദേഹം പണത്തിനുവേണ്ടി എന്തും ചെയ്യുന്നയാളാണെന്ന് െക.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന പി. രാമകൃഷ്ണൻതന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യാ ടുഡേ മാഗസിനിൽ വന്ന ഡി.സി.സി ഓഫിസിലെ ബോംബ് ശേഖരത്തിെൻറ കളർചിത്രവും വാർത്തയും നമ്മുടെ ഓർമയിലുണ്ടാകണം. വിവിധതരം ബോംബുകളെക്കുറിച്ച് ഡി.സി.സി സെക്രട്ടറി നാരായണൻകുട്ടിയുടെ വിശദീകരണവും വാർത്തയിൽ വന്നതാണ്.
കോൺഗ്രസ് പ്രവർത്തകന്മാരെയാകെ സി.പി.എമ്മിനെതിരെ അക്രമോത്സുകരാക്കി ഇളക്കിവിടുകയാണ് സുധാകരൻ ചെയ്തത്. അതിെൻറ ഭാഗമായാണ് കണ്ണൂരിൽ അക്കാലത്ത് ചോരക്കളിയുണ്ടായത്. സേവറി ഹോട്ടലിൽ ചോറ് വിളമ്പിക്കൊണ്ടിരിക്കെയാണ് നാണുവിനെ ബോംബെറിഞ്ഞ് കൊന്നത്. വിളമ്പുന്ന ചോറിൽ വീണ ചോര സുധാകരനെന്ന ഭീകരനെ അനാവരണം ചെയ്യുന്നുണ്ട്. ഹോട്ടൽ ആക്രമണത്തിൽ കൈയറ്റുപോയ ജയകൃഷ്ണൻ കോൺഗ്രസുകാരനായിരുന്നു. കണ്ണൂരിൽ ലോട്ടറി വിറ്റാണ് ഇയാൾ ജീവിച്ചുപോന്നത്. സി.പി.എമ്മുകാരെ കടന്നാക്രമിക്കുമ്പോൾതന്നെ കണ്ണൂരിൽ മാർക്സിസ്റ്റ് അക്രമം എന്ന തെറ്റായ പ്രചാരണവും നടത്തി. അക്രമവിരുദ്ധ ജാഥക്കിടെയാണ് നാൽപാടി വാസുവെന്ന കർഷകത്തൊഴിലാളിയെ മട്ടന്നൂരിൽ വെച്ച് വെടിവെച്ചുകൊന്നത്. ആ കേസിൽ എഫ്.ഐ.ആറിൽ പ്രതിയാണ് കെ. സുധാകരൻ. കരുണാകരനായിരുന്നു അന്ന് ആഭ്യന്തരം കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി. നാൽപാടി വാസു ഉൾപ്പെടെ ആക്രമിക്കാൻ വന്നപ്പോൾ ഗൺമാൻ വെടിവെച്ച് കൊന്നുവെന്ന് ഇതുവരെ പറഞ്ഞിരുന്ന സുധാകരൻ നാൽപാടി വാസു ദൂരെ മാറി നോക്കിനിൽക്കെയാണ് വെടിയേറ്റ് മരിച്ചതെന്നാണ് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത്.
കോളജ് കാലത്തെ പ്രശ്നങ്ങളൊക്കെ മുഖ്യമന്ത്രി ഇത്രയും വിശദീകരിച്ച് പറയണമോ എന്നാണ് ചിലരൊക്കെ ചോദിക്കുന്നത്. മുഖ്യമന്ത്രി ഇത് ആദ്യമായി പറഞ്ഞതല്ല. 2008ൽ മനോരമ ചാനലിൽ ജോണി ലൂക്കോസിന് നൽകിയ അഭിമുഖത്തിൽ തെൻറ മക്കളെ തട്ടിക്കൊണ്ടുപോകാൻവരെ ശ്രമംനടന്നുവെന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിരിക്കുന്നയാൾ ആ കാര്യങ്ങളെക്കുറിച്ച് നുണപറയുേമ്പാൾ നിജഃസ്ഥിതി വിശദീകരിച്ച് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത് ആരാണെന്ന് തുറന്നുകാട്ടുകയല്ലാതെ എന്താണ് ചെയ്യേണ്ടത്. മുഖ്യമന്ത്രിയുടെ മറുപടിയിൽ സുധാകരൻ മുന്നോട്ടുവെച്ച തെറ്റായ രാഷ്ട്രീയത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടിയുണ്ട്. മുഖ്യശത്രു സി.പി.എമ്മാണെന്നാണ് സുധാകരൻ പറയുന്നത്. ലക്ഷദ്വീപ് പ്രശ്നമുൾപ്പെടെ സംഘ്പരിവാറിെൻറ തീവ്ര ഹിന്ദുത്വ നീക്കങ്ങൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യത്തിലാണ് ഇത് പറയുന്നതെന്നോർക്കണം. തങ്ങളുടെ ശത്രു ബി.ജെ.പിയും സി.പി.എമ്മുമാണെന്ന് സുധാകരൻ പറഞ്ഞാൽ കോൺഗ്രസ് രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് അത് ഉൾക്കൊള്ളാൻ കഴിയും. എന്നാൽ, ബി.ജെ.പിയെക്കുറിച്ച് പറയാതിരിക്കുന്നത് ആകസ്മികമായി സംഭവിക്കുന്നതല്ല.
മനഃസാക്ഷി പറയുമ്പോൾ ബി.ജെ.പിയിൽ പോകാൻ മടിയില്ലെന്ന് സുധാകരൻ പറഞ്ഞിട്ടുള്ളതാണ്. അതിനായി ബി.ജെ.പി വലവിരിച്ചിട്ടുമുണ്ട്. കണ്ണൂർ ഡി.സി.സി പ്രസിഡൻറായശേഷമുള്ള സമീപനത്തിൽ ഇത് പ്രകടമാണ്. ഇ.പി. ജയരാജനെ ട്രെയിനിൽ വെടിവെച്ചുകൊല്ലാൻ സുധാകരൻ അയച്ചത് ആർ.എസ്.എസ് ശാഖയിൽ പരിശീലനം നേടിയ വിക്രം ചാലിൽ ശശി, പേട്ട ദിനേശൻ എന്നിവരെയാണ്. പേട്ട ദിനേശൻ എസ്.എഫ്.ഐ നേതാവ് കെ.വി. സുധീഷിനെ വെട്ടിനുറുക്കി കൊന്ന കേസിലെ പ്രതിയാണ്. ശിക്ഷിക്കപ്പെട്ട ആർ.എസ്.എസുകാർക്ക് പരോളിന് ശിപാർശ നൽകാറുള്ളത് സുധാകരനാണ്. കോൺഗ്രസുകാരനായ അത്ലറ്റ് സത്യനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ആർ.എസ്.എസുകാർക്കുപോലും സുധാകരൻ പരോളിന് ശിപാർശ നൽകിയിട്ടുണ്ട്. ആർ.എസ്.എസ്-ബി.ജെ.പിയിൽനിന്ന് ഒട്ടേറെ പേർ സി.പി.എമ്മിൽ എത്തിയിട്ടുണ്ട്. സുധാകരൻ മത്സരിക്കുേമ്പാൾ ആർ.എസ്.എസ് വോട്ട് അദ്ദേഹത്തിനാണ് നൽകാറെന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്്.
സുധാകരൻ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം ഇരുന്നപ്പോൾ ആശിർവദിക്കാൻ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി എത്തിയത് യാദൃച്ഛികമല്ല. ശബരിമല വിഷയം വന്നേപ്പാൾ കോൺഗ്രസിനെ സംഘ്പരിവാർ നിലപാടിനോട് ചേർത്തുനിർത്താൻ മുന്നിട്ടിറങ്ങിയതും മറ്റാരുമല്ല. ജനാധിപത്യ–മതേതര സംവിധാനത്തിന് സംഘപരിവാരം ഉയർത്തുന്ന ഭീഷണി വളരെ വലുതാണ്. ഈ ഘട്ടത്തിലും സി.പി.എമ്മിനെ കടന്നാക്രമിക്കാനാണ് സുധാകരന് താൽപര്യം. ബി.ജെ.പിക്കെതിരെ പറയുന്നതെല്ലാം പുറംപൂച്ചാണ്. അദ്ദേഹത്തിെൻറ ഉള്ളിെൻറയുള്ളിൽ ആർ.എസ്.എസ്– ബി.ജെ.പിയോടുള്ള സൗഹാർദംതന്നെയാണുള്ളത്. ജനാധിപത്യവ്യവസ്ഥക്കും മതനിരപേക്ഷതക്കും അപകടകരമായ രാഷ്ട്രീയമാണ് പുതിയ കെ.പി.സി.സി പ്രസിഡൻറ് മുന്നോട്ടുവെക്കുന്നത്.
ഇന്നത്തെ ഇന്ത്യയിൽ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട തുരുത്താണ് കേരളം. ഇവിടെ ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാറിനെ തകർക്കാൻ സംഘ്പരിവാറിനെ കൂട്ടുപിടിക്കുന്ന സുധാകരശൈലി ഇനി കാണാൻ പോവുകയാണ്. ഇതിന് എന്തും ചെയ്യാൻ മടിക്കാത്ത സുധാകരെൻറ കണ്ണൂർ മോഡൽ നാടിനാകെ ആപത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.