കേരളം ഒന്നടങ്കം വികസന സ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കെ കണ്ണൂര്‍ കൊലപാതക രാഷ്ട്രീയം എന്ന പ്രാകൃത ചിന്തയിലേക്ക്
പിന്മടങ്ങുന്നത് എന്തുകൊണ്ട്? അടിയന്തര പരിഹാരം കാണേണ്ട ഈ പ്രശ്നത്തോട് പ്രമുഖരായ രണ്ട് എഴുത്തുകാര്‍ പ്രതികരിക്കുന്നു
പരിഷ്കൃതിക്ക് നിരക്കാത്തത് –സി.വി. ബാലകൃഷ്ണന്‍
കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ അങ്ങേയറ്റം ആശങ്കയും ആകുലതയുമുണ്ട്. ജീവിതം ദുസ്സഹമായി നില്‍ക്കുന്ന അവസ്ഥയാണിവിടെ. പൊലീസ് തന്നെ നിസ്സഹായത പ്രകടിപ്പിക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് സമാധാനപരമായി എങ്ങനെ ജീവിക്കാന്‍ കഴിയും? നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടാണ് ഓരോ കൊലപാതകവും അരങ്ങേറിയിട്ടുള്ളത്. ഒരാള്‍ കൊല്ലപ്പെട്ടാല്‍ പകരം എതിര്‍ഭാഗത്തുള്ള ആരെയെങ്കിലും കിട്ടിയാല്‍ മതി. എന്‍െറ നാടായ പയ്യന്നൂരില്‍ അടുത്തകാലത്ത് ഒരു കൊലപാതകം അരങ്ങേറി. കൊല്ലപ്പെട്ടത് ദരിദ്രനായ ഒരു ഓട്ടോറിക്ഷാ ¥്രെഡവര്‍. എവിടെയോ നടന്ന ഒരു കൊലപാതകത്തിന്‍െറ പ്രതിക്രിയയായിരുന്നു അത്. ആ കൊലപാതകത്തില്‍ ആ ഓട്ടോ ഡ്രൈവര്‍ക്ക് ഒരു പങ്കാളിത്തവുമില്ല. വീടു തകര്‍ത്താണ് കൊലയാളികള്‍ അയാളെ വെട്ടിയരിഞ്ഞത്. കാലുപിടിച്ച് അച്ഛന്‍െറ ജീവനുവേണ്ടി കരഞ്ഞ മക്കളെയും ഭാര്യയെയും തൊഴിച്ചകറ്റി പച്ച ജീവനോടെ ഒരു മനുഷ്യനെ കൊത്തിയരിഞ്ഞു നുറുക്കി. എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇതേ ഭീകരാന്തരീക്ഷം തന്നെയാണ് ഇപ്പോള്‍ കണ്ണൂരില്‍ ഉള്ളത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന അവസ്ഥയിലേക്ക് നാട് എത്തിച്ചേര്‍ന്നിരിക്കുന്നു. അതിന് ഇരുട്ടിന്‍െറ മറപോലും വേണമെന്നില്ല. പുതിയ വിമാനത്താവളവും അതിവേഗ റെയില്‍പ്പാതയും പോലുള്ള വികസന സ്വപ്നങ്ങള്‍ ഒരു വശത്ത്. മറുവശത്താകട്ടെ പരിഷ്കൃത സമൂഹത്തിന് ഒരുതരത്തിലും നിരക്കാത്ത അറുംകൊലകള്‍. ഇത് അടിയന്തരമായി അവസാനിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരുമൊക്കെ ഗൗരവപൂര്‍വം ആലോചിക്കേണ്ട സമയം വൈകി.
അംഗീകരിക്കാനാവില്ല ഈ ക്രൂരത –എന്‍. പ്രഭാകരന്‍
എന്തിന്‍െറ പേരിലായാലും കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ല. കാരണങ്ങളും ന്യായവാദങ്ങളും നിരത്തി ഓരോ വിഭാഗവും ഇത്തരം നരബലികളെ സാധൂകരിച്ചേക്കാം. ഏതുതരത്തിലുള്ളതാണെങ്കിലും ഈ എതിര്‍ നശീകരണം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനങ്ങളില്‍ കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാക്കാന്‍ അത് വഴിവെക്കുകയും ചെയ്യും. അതിനാല്‍, കൊലപാതകം നിര്‍ത്താന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് സന്നദ്ധതയുണ്ടാകണം. ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവതലമുറക്ക് രാഷ്ട്രീയ വിദ്യാഭ്യാസവും സാംസ്കാരിക വിദ്യാഭ്യാസവും നല്‍കി വര്‍ഗീയതയെ നേരിടാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടത്. വര്‍ഗീയതയെ ചെറുക്കാറുള്ള ഇടതുപക്ഷത്തിനാണ് ഇക്കാര്യത്തില്‍ കൂടുതലായി ചെയ്യാന്‍ കഴിയുക. രാഷ്ട്രീയ വിദ്യാഭ്യാസവും സാംസ്കാരിക വിദ്യാഭ്യാസവും ആര്‍ജിക്കുന്ന ജനതയെ മുന്‍നിര്‍ത്തി ഹിന്ദു വര്‍ഗീയതയെയും പ്രതിലോമശക്തികളെയും നേരിടാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയും.
രാഷ്ട്രീയമായും സാംസ്കാരികമായും തലമുറയെ ഉണര്‍ത്തിയെടുക്കുകയെന്നതാണ് ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കാനുള്ള യഥാര്‍ഥ മാര്‍ഗം. ഇത്തരത്തില്‍ ഉണര്‍ന്നിരിക്കുന്ന ജനതയെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ജനങ്ങളെ ഈവിധം ഉണര്‍ത്തിയെടുക്കാന്‍ ഇടതുപക്ഷം ആസൂത്രിത ശ്രമം നടത്തണം. അതിനായി വിപുലമായ പദ്ധതി ഉണ്ടാക്കണം. എങ്കില്‍ മാത്രമേ മതേതരത്വത്തിലധിഷ്ഠിതമായ സംസ്കാരം ശക്തിപ്പെടുകയുള്ളൂ. ഇടതുപക്ഷം ഈ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.