കരിപ്പൂർ: റൺവേ വെട്ടിമുറിക്കലല്ല പരിഹാരം

157 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാനദുരന്തം സംഭവിച്ച്​ 12 വർഷമായിട്ടും അന്നത്തെ അന്വേഷണ കമീഷൻ കർശനമായി നടപ്പാക്കാൻ ശിപാർശ ചെയ്ത 'എൻജിനീയറേഡ് മെറ്റീരിയൽ അറസ്റ്റിങ് സിസ്റ്റം'- ഇമാസ് (EMAS) എന്തുകൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിൽ വരുത്തിയില്ല എന്ന ചോദ്യം ബാക്കിയായിരിക്കെയാണ് മറ്റൊരു ടേബ്ൾടോപ് എയർപോർട്ടായ കരിപ്പൂരിൽ 2020ൽ അപകടം ഉണ്ടാകുന്നത്. കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കിയിരുന്നെങ്കിൽ കരിപ്പൂരിൽ 21 പേർ മരിക്കില്ലായിരുന്നു.

മലപ്പുറത്തെ മൊട്ടകുന്നിൽ 34 (13.04.1988) വർഷം മുമ്പ് നിർമിച്ച സാധാരണക്കാരുടെ വിമാനത്താവളമായ കരിപ്പൂരിലാണ്​ ഇന്ത്യയിലാദ്യമായി സ്വകാര്യ പങ്കാളിത്തത്തോടെ റൺവേയുടെ നീളം കൂട്ടിയത്​. 6000 അടിയിൽനിന്ന്​ 9000 ആക്കുന്നതിന്​ മലബാർ എയർപോർട്ട് ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്​ ഹഡ്കോയിൽനിന്ന്​ 60 കോടി രൂപ കടമെടുത്തത്​. ഇൗ കടം പിന്നീട് ഗൾഫ് മലയാളികളിൽ നിന്ന്​ പലിശരഹിത വായ്പയിൽ പിരിച്ചെടുത്ത തുകയും യൂസേഴ്സ് ഫീ ഇനത്തിൽ കിട്ടിയ പണവും കൂട്ടിച്ചേർത്താണ് അടച്ചുതീർത്തത്​.

റൺവേയുടെ നീളം വീണ്ടും കൂട്ടിയതോടെ 2002ൽ വലിയ വിമാനങ്ങളും ഇവിടെ ഇറക്കിത്തുടങ്ങി. റൺവേയുടെ റീകാർപെറ്റിങ് പണി ആരംഭിക്കുകയും നിലവിലെ റൺവേയുടെ ഘനം 57ൽനിന്ന്​ 75 പി.സി.എൻ ആയി വർധിപ്പിക്കുകയും ചെയ്തതോടെ റൺവേയുടെ നീളം 2860 മീറ്ററായി. ഇരുവശവും 90 മീറ്റർ റൺ എൻഡ് സേഫ്റ്റി ഏരിയ-റെസ (RESA) ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ICAO (ഐ.സി.എ.) നിബന്ധനകൾ പൂർണമായും പാലിച്ചുകൊണ്ട് പുനർനിർണയം ചെയ്തു.

എന്നാൽ, വീണ്ടും 2017ൽ 'ഡി.ജി.സി.എ' യുടെ നിർദേശപ്രകാരം 'റെസ' 240ലേക്കു മാറ്റിയതോടെ റൺവേ നീളം 2700 മീറ്റർ ആക്കിക്കുറച്ചു. ഇതുപ്രകാരം വിമാനമിറക്കുന്ന പൈലറ്റിന് 'എ.ടി.സി' നൽകുന്ന നിർദേശം റൺവേ നീളം 2700 ആയിരിക്കുമെന്നും ബാക്കി 150 മീറ്ററിൽ 90 മീറ്റർ റെസയോട് ചേർത്ത് വിമാനം തിരിക്കണമെന്നുമായി. അതോടെ നിലവിലെ റെസ 240ൽ 90 മീറ്റർ സോഫ്റ്റ് ലാൻഡും ബാക്കി 150 മീറ്റർ 'റിജിഡ് പാവിഡ് സർഫസുമായി' നിജപ്പെടുത്തി.

അതുപ്രകാരം റൺവേ 10ലും റൺവേ28ലും സുഗമമായാണ്​ എല്ലാ തരത്തിൽപെട്ട വിമാനങ്ങളും ഇറക്കിക്കൊണ്ടിരുന്നത്. അതിനിടയിലാണ് 2020 ആഗസ്റ്റ് ഏഴിലെ അപ്രതീക്ഷിത വിമാനദുരന്തം കരിപ്പൂരിൽ സംഭവിക്കുന്നത്. വൈമാനിക​െൻറ പിഴവായിരുന്നു കാരണമെന്നും എയർപോർട്ട് റൺവേയുമായി ബന്ധമില്ലെന്നും ദുരന്തം പഠിക്കാൻ നിശ്ചയിച്ച കമ്മിറ്റി അസന്ദിഗ്ധമായി രേഖപ്പെടുത്തിയെങ്കിലും രേഖാമൂലമല്ലാതെ ഏർപ്പെടുത്തിയ വലിയ വിമാനങ്ങളുടെ വിലക്ക് 17 മാസത്തിനുശേഷവും തുടരുന്നു.

റൺവേ വെട്ടിമുറിക്കൽ തീരുമാനം

വലിയ വിമാനങ്ങളുടെ വഴിമുടക്കം തുടരവെ നിലവിലുള്ള റൺവേയിൽനിന്ന്​ 300 മീറ്റർ വെട്ടിമാറ്റിയാൽ മാത്രമേ 'റെസ'യുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവൂ എന്ന ഡി.ജി.സി.എയുടെ പുതിയ നിർദേശം വന്നു. 2860 മീറ്റർ റൺവേ 2560 മീറ്ററിലേക്കു ചുരുക്കപ്പെടുന്നതോടെ വലിയ വിമാനങ്ങൾ എ​െന്നന്നേക്കുമായി കരിപ്പൂരിന്​ അന്യമാവും.

ഹജ്ജ് വിമാനങ്ങൾ ഒരു കാലത്തും ഇവിടെ വന്നിറങ്ങില്ല. കരിപ്പൂർ 'നാരോ' ബോഡി വിമാനത്താവളമായി നിലകൊള്ളും. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറയും. വിമാനത്താവളത്തിന്​ നഷ്​ടക്കണക്കുകൾ ബാക്കിയാവും. വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനമലങ്കരിക്കുന്ന വിമാനത്താവളത്തെ ഇത്രമേൽ ഉപദ്രവിക്കണമെന്ന വാശി ആരുടേതാണ്​?

ഇമാസ് ഘടിപ്പിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം

റെസയുടെ രണ്ടറ്റത്തും ഇമാസ് സ്ഥാപിക്കുന്നതോടെ തീരുന്നതാണ് കരിപ്പൂരിലെ വിമാനം തെന്നിമാറുകയെന്ന പ്രശ്നം. ഏതെങ്കിലും കാരണവശാൽ റൺവേയിൽനിന്ന്​ ഓവർറൺ ചെയ്യുന്ന വിമാനത്തി​െൻറ ചക്രങ്ങളെ യാന്ത്രികമായി പിടിച്ചുനിർത്തുന്ന പ്രക്രിയയാണ് ഇമാസ് സംവിധാനം. ഇതിനു വേണ്ടിവരുന്ന ചെലവാകട്ടെ 100 കോടി രൂപയിൽ താഴെയും.

അമേരിക്കൻ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ 1996ലാണ് ഈ സംവിധാനം വ്യോമമേഖലക്കായി കണ്ടുപിടിച്ചത്. ക്രിട്ടിക്കൽ ലാൻഡിങ്ങുള്ള ലോകത്തിലെ പല എയർപോർട്ടുകളിലും ഇമാസ് സംവിധാനമുണ്ട്. 2018ൽ അമേരിക്കയിലെ കാലിഫോർണിയ എയർപോർട്ടിൽവെച്ച് ബോയിങ് 737 വിമാനം ഓവർഷൂട്ട് ചെയ്തപ്പോൾ പിടിച്ചുനിർത്തി വലിയ അപകടം ഒഴിവായത് ഇമാസിന്റെ സഹായത്താലാണ്.

റൺവേയുടെ നീളം ഇനിയും കൂട്ടണം

കരിപ്പൂരിൽ എയർപോർട്ട് സ്ഥിതിചെയ്യുന്ന 365 ഏക്കർ ഭൂമിക്കപ്പുറം ഇനിയും തരിശുനിലങ്ങളുണ്ട്. കുടിയൊഴിപ്പിക്കേണ്ടിവരുന്ന വീട്ടുകാരുടെ എണ്ണം 40ൽ താഴെയും. മാന്യമായ വിലയും നഷ്​ടപരിഹാരവും നൽകിയാൽ അവിടങ്ങളിൽ ഭൂമി ലഭ്യമാണ്. അപ്രകാരം ഭൂമി കിട്ടുകയാണെങ്കിൽ റൺവേയുടെ നീളം 3050 മീറ്റർ ആക്കാൻ കഴിയും.

വിമാനത്താവളത്തി​െൻറ മുഖച്ഛായതന്നെ മാറും, ഒപ്പം മലബാറി​െൻറയും. ഇന്നാട്ടുകാരും മലബാറിലെ സാധാരണക്കാരായ പ്രവാസികളും തങ്ങളുടെ ജീവ​െൻറ പാതി പകുത്തുനൽകി ഉയർത്തിയെടുത്തതാണ്​ കരിപ്പൂർ വിമാനത്താവളം. അതി​െൻറ ഓരോ ചുവടിലും പ്രവാസിയുടെ തുടിപ്പു കാണാം. ഈ ജനകീയ വിമാനത്താവളം അന്തസ്സോടെ നിലനിൽക്കണമെന്നും കൂടുതൽ ഉയരങ്ങളിലേക്ക്​ കുതിക്കണമെന്നും നമ്മുടെ ഭരണകൂടവും ജനപ്രതിനിധികളും ആത്മാർഥമായി ആഗ്രഹിക്കുകകൂടി ചെയ്​താലേ നിലവിലെ പ്രതിസന്ധികളെ നമുക്ക്​ മറികടക്കാനാവൂ.

Tags:    
News Summary - Karipur: Runway cutting is not the solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT