ജി.എസ്.ടിക്ക് ശേഷം തോമസ് ഐസക് അവതരിപ്പിച്ച ആദ്യത്തെ ബജറ്റാണിത്. കഴിഞ്ഞവർഷം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ജി.എസ്.ടിയെ വലിയ പ്രതീക്ഷയായി മുന്നോട്ടുവെച്ച ധനമന്ത്രിയാണ് ഐസക്. ജി.എസ്.ടിയിൽ നിന്ന് ലഭിക്കുന്ന അധിക പണം ഉപയോഗിച്ചാൽ റവന്യൂ കമ്മി തന്നെ ഇല്ലാതാക്കാമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. പക്ഷേ, ഈ വർഷം ബജറ്റ് അവതരിപ്പിക്കുമ്പോൾ ജി.എസ്.ടിയും നോട്ട് നിരോധനത്തെപ്പോലെ ഒരിടിത്തീയായി മാറിയെന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു. കഴിഞ്ഞ ബജറ്റ്പ്രസംഗത്തിലെ 264ാം ഖണ്ഡികയിൽ കേരളത്തിന് ജി.എസ്.ടി നിയമം വളരെ ഗുണകരമാകുമെന്ന് അദേഹം വിലയിരുത്തി.
ജി.എസ്.ടി നെറ്റ് വർക്ക് തയാറായിക്കഴിഞ്ഞുവെന്നാണ് അദ്ദേഹം നിയമസഭയെ ധരിപ്പിച്ചത്( കഴിഞ്ഞവർഷത്തെ ബജറ്റ് ഖണ്ഡിക 258). എന്നാൽ, ഈ വർഷം ബജറ്റ് പ്രസംഗത്തിെൻറ ആദ്യഭാഗം അദ്ദേഹം ഉപയോഗിച്ചത് ജി.എസ്.ടിയിൽ താനെടുത്ത സമീപനത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ്. ജി.എസ്.ടി വരുമ്പോൾ കേരളത്തിെൻറ നികുതി 20 മുതൽ 25 ശതമാനം വരെ ഉയരുമെന്ന് നിയമസഭയിൽ വാദിച്ചത് ശരിയായില്ലെന്ന് കുമ്പസരിക്കാനും അദ്ദേഹം നിർബന്ധിതനായി(ഈ വർഷത്തെ ബജറ്റ് ഖണ്ഡിക 12).
2010-11 കാലഘട്ടത്തിൽ 23 ശതമാനം ഉയർന്നിരുന്ന കേരളത്തിെൻറ നികുതിവർധന മന്ദഗതിയിലായെന്ന് മാത്രമല്ല, കഴിഞ്ഞവർഷം ബജറ്റിൽ പ്രതീക്ഷിച്ച 16 ശതമാനത്തിന് പകരം 5.2 ശതമാനം മാത്രമേ ഉയർന്നുള്ളൂവെന്ന് അദ്ദേഹം പരിതപിക്കുന്നു. കേന്ദ്രസഹായം 25.15 ശതമാനം ഉയർന്നെങ്കിലും കേന്ദ്രസഹായമടക്കമുള്ള കേരളത്തിെൻറ റവന്യൂ വരുമാന വർധന 7.7ശതമാനം മാത്രമായി. അതേസമയം, പദ്ധതിചെലവ് 22 ശതമാനവും പദ്ധതി ഇതര ചെലവ് 21 ശതമാനവും ഉയർന്നു. ഈ കടുത്ത ധനകാര്യസാഹചര്യത്തിലാണ് പ്രതിസന്ധിയെ മറികടക്കാൻ മറ്റൊരു പ്രതിസന്ധിയെന്ന മട്ടിൽ ഡോ. തോമസ് ഐസക് ബജറ്റിന് പുറത്തുള്ള വൻ ചെലവുമായി രംഗത്തെത്തിയിരിക്കുന്നത്.
വാസ്തവത്തിൽ ഐസക് ഇത്തവണ ഇരട്ട ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന്, പരമ്പരാഗത ബജറ്റും മറ്റൊന്ന് കിഫ്ബി ബജറ്റും. ഒരു ശാസ്ത്രീയപഠനവും ഇല്ലാതെ എം.എൽ.എമാരെയും ജനങ്ങളെയും വ്യാമോഹിപ്പിക്കുകയാണ് ഐസക് ചെയ്തിരിക്കുന്നത്. എല്ലാത്തരം പ്രോജക്ടുകളും അദ്ദേഹം കിഫ്ബിയിലേക്ക് ക്ഷണിച്ചുവരുത്തി. പക്ഷേ, ഇന്നദ്ദേഹം പറയുന്നു കിഫ്ബി അക്ഷയനിധി അല്ലെന്ന് (ഈ വർഷത്തെ ബജറ്റ് ഖണ്ഡിക 20). അദ്ദേഹത്തിെൻറ ഭാഷയിൽ ‘‘ഒമ്പത് ശതമാനം പലിശയും മൂന്നുവർഷം മൊറട്ടോറിയവും ഏഴ് വർഷം തിരിച്ചടവ് കാലവും അനുമാനിച്ചാൽ ഒരു ലക്ഷം കോടി തിരിച്ചുനൽകേണ്ടിവരും’’. പക്ഷേ, വീണ്ടും അദ്ദേഹം വ്യാമോഹച്ചെപ്പ് തുറക്കുകയാണ്.
ഈ കാലയളവിൽ പെട്രോൾ സെസിെൻറയും വാഹനനികുതിയുടെയും വിഹിതമായി തിരിച്ചടവ് കാലയളവ് തീരും മുമ്പ് ഒരുലക്ഷം കോടിരൂപ ലഭിക്കും എന്ന ധനമന്ത്രിയുടെ വ്യാഖ്യാനം തെറ്റാണ്. ഒരു വർഷം ഈ രണ്ടിനത്തിൽ നിന്നുമായി പരമാവധി 1000 കോടി കിട്ടിയാൽതന്നെ അത്ഭുതമാണ്. അത് 10 കൊല്ലം കിട്ടുമ്പോൾ ഒരുലക്ഷം കോടിയാകില്ലെന്ന് ആർക്കും മനസ്സിലാകും. ബാക്കിവരുന്ന തൊണ്ണൂറായിരം കോടിയും കെ.എസ്.ആർ.ടി.സിയുടെ കടംപോലെ കേരള സർക്കാറിെൻറ ചുമലിൽ വന്നുചേരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതല്ലെങ്കിൽ െപട്രോളിെൻറയും ഡീസലിെൻറയും പുറത്ത് ഈ തുക ലഭിക്കുന്ന വിധത്തിലുള്ള വൻ സെസ് ചുമക്കേണ്ടിവരും എന്നർഥം.
കിഫ്ബി ചെലവിെൻറ 20 ശതമാനവും കാൽഭാഗവും എം.എൽ.എമാരെ വിളിച്ചുണർത്തി വാങ്ങിച്ച റോഡ്-പാലം പദ്ധതികളാണ്. ഈ പദ്ധതികൾ എം.എൽ.എ ഫണ്ടിലോ ത്രിതലപഞ്ചായത്തുകളിലൂടെയോ ആൻറണി സർക്കാർ തിരുവനന്തപുരം നഗരവികസന പദ്ധതി നടപ്പാക്കിയതുപോലെ ആന്വിറ്റി മാതൃകയിേലാ(കരാറുകാർ ആദ്യം പണിനടത്തുകയും 15-20 വർഷംകൊണ്ട് സർക്കാർ പണം തിരിച്ചുകൊടുക്കുകയും ചെയ്യുന്ന രീതി) ചെയ്തുതീർക്കാവുന്നതാണ്.
ചുരുക്കിപ്പറഞ്ഞാൽ കിഫ്ബി ബജറ്റ് സംസ്ഥാന ബജറ്റിെൻറ ഭാഗമായിരുന്നെങ്കിൽ ധനമന്ത്രി അവകാശപ്പെടുന്ന 3.1ശതമാനം ധനകമ്മി അതിെൻറ ഇരട്ടിയിൽ അധികമാകും. കിഫ്ബി പരിപാടി ഇന്നത്തെ നിലയിൽ നടപ്പാക്കിയാൽ കേരളത്തിെൻറ ട്രഷറി വലിയ പ്രതിസന്ധിയിലാകുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം കിഫ്ബി മാർക്കറ്റിൽ നിന്ന് കടമെടുക്കുന്നത് സർക്കാർ ഗാരൻറിയുടെ അടിസ്ഥാനത്തിലാണ്. കേരളത്തിലെ കർഷകരുടെ ബാങ്കായ കാർഷികവികസനബാങ്കിൽ നിന്നുപോലും ചരിത്രത്തിലാദ്യമായി 36 കോടി ഗാരൻറി കമീഷൻ വാങ്ങിയ ഈ സർക്കാർ കിഫ്ബിയിൽ നിന്ന് ഗാരൻറി കമീഷൻ വാങ്ങുന്നില്ലെന്നതും വിചിത്രമാണ്.
കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പരിശോധിക്കുന്നുണ്ട്, നല്ലകാര്യം. ഓഖിദുരന്തത്തിൽ സർക്കാറിെൻറ മുന്നറിയിപ്പ്ദോഷംകൊണ്ട് നൂറുകണക്കിന് ആളുകൾ മരിച്ചതിനെക്കുറിച്ച് അദ്ദേഹം ഇപ്പോഴെങ്കിലും കുറ്റബോധത്തോടെ സങ്കടപ്പെടുന്നുണ്ട്. സാക്ഷരതയജ്ഞം പോലെ പൊതുജനാരോഗ്യം നടപ്പിലാക്കേണ്ട ഇക്കാലത്ത് അതിനെക്കുറിച്ച് ഈ ബജറ്റ് മൗനംപാലിക്കുകയാണ്. ലോകം ശ്രദ്ധിച്ച ആരോഗ്യപരിപാലനത്തിെൻറ കേരള മോഡലിന് ചരമക്കുറിപ്പ് എഴുതുകയാണ് ഈ സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.