ബി.ജെ.പിയെ നയിക്കുന്ന ആർ.എസ്.എസും സംഘ്പരിവാർ സംഘടനകളും മോദി അധികാരത്തിൽ വന്ന നാൾ മുതൽ ദലിതരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുകയാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പശു സംരക്ഷണത്തിെൻറയും ബീഫ് ഭക്ഷിക്കുന്നതിെൻറയും പേരിൽ സംഘ്പരിവാറുകാരായ ‘ഗോരക്ഷകർ’ അഴിച്ചുവിടുന്ന കിരാത അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തിെൻറ ബഹുസ്വരതയെ തകർത്ത് ഹിന്ദുത്വം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസിെൻറ ആസൂത്രിതനീക്കമാണ് രാജ്യത്തെ ദലിത് ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കൊടിയ മർദനങ്ങളും കൊലപാതകങ്ങളും.
ബി.ജെ.പി-സംഘ്പരിവാർ സംഘടനകൾ സമ്പന്ന വർഗത്തിെൻറ കുഴലൂത്തുകാരാണ്. ഇന്ത്യയിലെ സമ്പന്ന വിഭാഗത്തിെൻറ നിയന്ത്രണത്തിലാണ് ബി.ജെ.പിയും ആർ.എസ്.എസും. ഈ വർഗത്തിെൻറ താൽപര്യങ്ങളാണ് ബി.ജെ.പിയും ആർ.എസ്.എസും നടപ്പാക്കുന്നത്. പട്ടികജാതിക്കാരനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതും പിന്നാക്കക്കാരനെ പ്രധാനമന്ത്രിയാക്കിയതും ഈ ജനവിഭാഗത്തോടുള്ള പ്രതിബദ്ധതകൊണ്ടല്ല, മറിച്ച് ഈ ജനവിഭാഗങ്ങൾക്കിടയിൽ തങ്ങളുടെ ജനകീയ അടിത്തറ വർധിപ്പിച്ച് അധികാരത്തിൽ വരുകയും നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിന് വേണ്ടിമാത്രമാണ്.
കേരളത്തിലെ സ്ഥിതി
‘എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യം ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് വോട്ടുനേടി അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ആദ്യം ശരിയാക്കിയത് കേരളത്തിലെ ദലിതരെയും ആദിവാസികളെയുമാണ്. പിണറായി സർക്കാർ അധികാരത്തിൽ വന്ന പിറ്റേ ആഴ്ചയാണ് തലശ്ശേരിയിലെ കുറ്റിമാക്കൂലിൽ കോൺഗ്രസുകാരനായ രാജെൻറ രണ്ട് പെൺമക്കളെ ജാതിപ്പേര് പറഞ്ഞ് സി.പി.എം-ഡി.വൈ.എഫ്.ഐ സഖാക്കൾ അധിക്ഷേപിച്ചത്. അതിനെ ചോദ്യംചെയ്ത ഈ രണ്ട് സഹോദരിമാരെ ൈകയേറ്റം ചെയ്യുകയും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തു. അവരോടൊപ്പം പിഞ്ചുകുഞ്ഞിനെയും ജയിലിലടച്ചു പിണറായി സർക്കാർ അവരുടെ ദലിത്-ആദിവാസി വിഭാഗങ്ങളോടുള്ള സമീപനം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞുപിടിച്ച് നിയമിച്ച ഡി.ജി.പി ലോക്നാഥ് ബെഹ്റ ഒരു ദലിത് വിരുദ്ധനാണെന്ന് തെളിയിച്ചിരിക്കുകയാണ്. ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കുന്നിടത്തോളം കാലം കേരളത്തിലെ ദലിതർക്കും ആദിവാസികൾക്കും പൊലീസിൽനിന്ന് നീതി കിട്ടിെല്ലന്ന് ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാനസപുത്രനായ ലോക്നാഥ് ബെഹ്റ ആർ.എസ്.എസിെൻറയും സംഘ്പരിവാറിെൻറയും ദലിത് വിരോധം കേരളത്തിലും പൊലീസ് സേനയിലൂടെ നടപ്പാക്കുകയാണ്.
ഹൈദരാബാദിലെ കേന്ദ്ര സർവകലാശാലയിൽ റിസർച് വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യക്ക്സമാനമാണ് കഴിഞ്ഞമാസം കേരളത്തിൽ അരങ്ങേറിയത്. തൃശൂർ ജില്ലയിൽ എങ്ങണ്ടിയൂർ പഞ്ചായത്തിൽ പാവപ്പെട്ട ദലിത് കുടുംബത്തിൽപെട്ട 17കാരൻ വിനായകനെ പാവറട്ടി പൊലീസ് അകാരണമായി പിടികൂടി. മത്സ്യത്തൊഴിലാളിയായ കൃഷ്ണെൻറ മകനായ വിനായകൻ തെൻറ വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു തൊഴിലിന് വേണ്ടി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പാവറട്ടി പൊലീസ് വിനായകനെ കസ്റ്റഡിയിലെടുക്കുന്നത്. മുടി നീട്ടിവളർത്തിയ വിനായകൻ കുഴപ്പക്കാരനെന്ന നിഗമനത്തിൽ ബൈക്കിൽ യാത്ര ചെയ്തുവന്നപ്പോൾ പൊലീസ് ബലമായി ജിപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി മൃഗീയമായി മർദിച്ചു. തലമുടികൾ ബലം പ്രയോഗിച്ച് പിഴുതെടുത്തു. നാഭിക്ക് ബൂട്ടിട്ട് പലപ്രാവശ്യം ചവിട്ടി. നെഞ്ചിൽ ഇരുവശത്തും മാരകമായി മർദിക്കുകയും മുലക്കണ്ണുകൾ ചവിട്ടി ഉടക്കുകയും ചെയ്തു. പാവറട്ടി പൊലീസ് സ്റ്റേഷനിൽ ആറ് മണിക്കൂർ പൊലീസുകാർ നടത്തിയ ക്രൂരമർദനത്തിെൻറ ആഘാതത്തിൽ സ്റ്റേഷനിൽനിന്നു മോചിതനായി അച്ഛൻ കൃഷ്ണനോടൊപ്പം വീട്ടിൽ പോയ വിനായകൻ രാത്രിയിൽ വീട്ടിലെ സ്വന്തം മുറിയിൽ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഇത് ഒരിക്കലും ഒരു ആത്മഹത്യയായി കാണാൻ കഴിയില്ല. വിനായകെൻറ ആത്മഹത്യയെ നിസാരവത്കരിച്ച് പെട്ടെന്ന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം മറവുചെയ്യാനാണ് പാവറട്ടി പൊലീസ് വ്യഗ്രതകാട്ടിയത്.
പൊലീസിെൻറ കള്ളക്കളി മനസ്സിലാക്കിയ പ്രദേശത്തെ യു.ഡി.എഫിെൻറയും കോൺഗ്രസിെൻറയും പ്രാദേശിക നേതാക്കൾ ശക്തിയായി പ്രതിഷേധിച്ചതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം ജില്ല ആശുപത്രിയിൽ നടത്താനും പൊലീസ് സർജെൻറ സാന്നിധ്യം ഉറപ്പാക്കാനും തീരുമാനിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിനായകന് പൊലീസിൽനിന്ന് ഏറ്റ മർദനത്തിെൻറ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോൺഗ്രസ് പ്രവർത്തകരുടെ പൊലീസ് സ്റ്റേഷൻ ഉപരോധത്തെ തുടർന്ന് മർദനത്തിന് നേതൃത്വം നൽകിയ മൂന്നു പൊലീസുകാരെ സസ്െപൻഡ് ചെയ്ത് സംഭവത്തിൽനിന്നു തടിയൂരാനാണ് പൊലീസ് തയാറായത്. എന്നാൽ, പ്രാദേശികമായുണ്ടായ സമരങ്ങൾ, വിവിധ ദലിത് സംഘടനകളുടെ പ്രതിഷേധം എന്നിവ കണക്കിലെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ൈക്രംബ്രാഞ്ചിനെ ചുമതലപ്പെടുത്തുന്നതായി 17-ാം മത്തെ ദിവസം ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ചു. എന്നാൽ, സർക്കാർ പ്രഖ്യാപിച്ച ൈക്രംബ്രാഞ്ച് അന്വേഷണം കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കാനും സമരക്കാരായ ദലിത് സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.
വിനായകെൻറ ആത്മഹത്യയിലേക്ക് നയിച്ച ഈ പൈശാചിക നരനായാട്ടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണം. പൊലീസുകാർക്കെതിരെ എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം കേെസടുത്ത് അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയക്കണം. 2016 ഒക്ടോബർ 16നാണ് കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് സ്വദേശികളായ രാജീവിനെയും ഷിബുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ഒരു വീട്ടിൽ മോഷണം നടന്നതിെൻറ പേരിൽ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് ഈ രണ്ട് ദലിത് യുവാക്കളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. പിന്നീടുള്ള അന്വേഷണത്തിൽ ഈ യുവാക്കൾ നിരപരാധികളാണെന്നും മോഷണം നടത്തിയവർ വേറെ ആൾക്കാരാണെന്നും പൊലീസ് കണ്ടെത്തി. പക്ഷേ, മൃഗീയമായി മർദിച്ച പൊലീസുകാരെ എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം കേെസടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. ഇവർക്ക് നഷ്ടപരിഹാരം നൽകാൻപോലും പിണറായി സർക്കാർ കൂട്ടാക്കിയില്ല.
2016 സെപ്റ്റംബർ 24ന് തായിക്കാട്ടുകര പേരാട്ടുപറമ്പിൽ ശെൽവൻ എന്ന ദലിത് ഓട്ടോ ൈഡ്രവറെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ മർദിച്ച് അവശനാക്കി. 2016 സെപ്റ്റംബറിൽതന്നെയാണ് പറവൂർ പട്ടണംകണ്ണാട്ട് പാടത്ത് മോഹനൻ എന്ന ദലിത് യുവാവിനെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചത്.
കൊല്ലത്ത് ബൈക്ക് യാത്രികനായ സന്തോഷിനെ വയർെലസ് സെറ്റുകൊണ്ട് അടിച്ച് കേൾവി നഷ്ടമായി. തൃപ്പൂണ്ണിത്തുറ സ്വദേശിയായ ദലിത് യുവതി സുനിത ബാബുവിെൻറ ആത്മഹത്യക്കു കാരണം പൊലീസ് പീഡനമായിരുന്നു. മരട് പൊലീസ് സ്റ്റേഷനിൽ സുഭാഷ് എന്ന ദലിത് യുവാവിന് ക്രൂരമായി പൊലീസ് മർദനമേറ്റു. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളിയിൽ സിബി എന്ന ദലിത് യുവാവിനെ മർദിച്ചു കൊന്ന പൊലീസുകാരെ സർവിസിൽനിന്നു പിരിച്ചുവിടാൻ പൊലീസ് കംപ്ലയിൻറ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് നിർദേശം നൽകിയിട്ടും സർക്കാർ അത് ചെവിക്കൊണ്ടില്ല. വൈപ്പിൻ നായരമ്പലത്ത് ശിവപ്രസാദ് എന്ന ദലിത് യുവാവിനെ മർദിച്ച എസ്.ഐ അനൂപിനെ അങ്കമാലിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും അവിടെയും ഈ സബ് ഇൻസ്പെക്ടർ ദലിത് മർദനം തുടർക്കഥയാക്കി.
കേരള യൂനിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ എം.ഫിൽ വിദ്യാർഥിയായിരുന്ന ആദിവാസി വിഭാഗത്തിൽപെട്ട ബിനേഷ് ബാലൻ എസ്.എഫ്.ഐക്കാരിൽനിന്ന് അനുഭവിച്ച പീഡനങ്ങൾ ആരുടെയും മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കാൻ സെലക്ഷൻ കിട്ടിയിട്ടും സർക്കാറിെൻറ സഹായം കിട്ടാൻ സെക്രേട്ടറിയറ്റിൽ കയറിയിറങ്ങിയ സംഭവം സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്ടിൽ ഇഞ്ചവിളയിൽ ഡേ കെയർ ഹോമിൽ പാർപ്പിച്ചിരുന്ന, പീഡനത്തിനിരയായ രണ്ട് ദലിത് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത് അടുത്ത കാലത്താണ്. ഇതിൽ ഒരു അന്വേഷണവും നടത്തിയിെല്ലന്നു മാത്രമല്ല, അവിടത്തെ മേട്രനെയും വാർഡന്മാരെയും സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിണറായി സർക്കാർ ഇത്രയും ലാഘവത്തോടെയാണ് പട്ടികജാതി-വർഗ ജനവിഭാഗത്തിെൻറ പ്രശ്നങ്ങൾ കാണുന്നതെങ്കിൽ സർക്കാറിെൻറ ദലിത്-ആദിവാസി വിരുദ്ധ മനോഭാവത്തിന് എതിരായി ശക്തമായ സമരമാർഗങ്ങൾ നേരിടേണ്ടി വരും. ദലിതരെയും ആദിവാസികളെയും ഏതു വിധത്തിലും കൈകാര്യം ചെയ്യുമെന്നാണ് പിണറായി സർക്കാർ കരുതുന്നതെങ്കിൽ അത് വെറും മിഥ്യാധാരണയാണെന്ന് സർക്കാറിന് അധികം താമസിയാതെ ബോധ്യപ്പെടും.
കേരളത്തിലെ ദലിത്-ആദിവാസി പീഡനങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കാതെ ഇരുട്ടിൽ തപ്പുന്ന സർക്കാറിന് ശക്തമായ താക്കിത് നൽകിക്കൊണ്ടാണ് ആഗസ്റ്റ് 21ന് തിരുവനന്തപുരം ഗവ. സെക്രേട്ടറിയറ്റിന് മുന്നിൽ 24 മണിക്കൂർ ഉപവാസം നടത്തുന്നത്. കേരളത്തിലെ പട്ടികജാതി-വർഗ വിഭാഗത്തിെൻറ പ്രതിനിധി എന്നനിലയിൽ ലോക്സഭാംഗമായ എനിക്ക് ദലിത്-ആദിവാസി സഹോദരങ്ങൾ നേരിടുന്ന ക്രൂര പീഡനങ്ങൾ കണ്ടിെല്ലന്ന് നടിക്കാനാകില്ല. വർഗീയ-ഫാഷിസ്റ്റ് ശക്തികളും സമ്പന്നവർഗ മേലാളന്മാരും ദലിത്-ആദിവാസികളെ അയിത്തത്തിെൻറയും ചാതുർവർണ്യത്തിെൻറയും വേലിക്കെട്ടുകൾക്കകത്ത് കെട്ടിയിടാനാണ് ശ്രമിക്കുന്നതെങ്കിൽ അതിനെ ചോദ്യംചെയ്യാൻ ദലിത്-ആദിവാസി വിഭാഗങ്ങൾ കരുത്താർജിക്കണം. എെൻറ നിരാഹാര സത്യഗ്രഹം അതിന് വഴിതുറക്കുമെന്ന് പ്രത്യാശിക്കുന്നു.
(കോൺഗ്രസ് പാർലമെൻററി പാർട്ടി സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.