വിധേയ നായകൻ

ഒടുവിൽ പാർട്ടിലൈൻ വ്യക്തമായിരിക്കുന്നു-ഇനിയങ്ങോട്ട് സിൽവർ ലൈനിൽ കുതിച്ചുപായുമെന്നു പാർട്ടി കോൺഗ്രസ് വേദിയിൽ നേതാക്കൾ ഒന്നടങ്കം കട്ടായം. ബി.ജെ.പിയുടെ 'ഗുജറാത്ത് മോഡലി'ന് ബദലായി പിണറായിയുടെ 'കേരള മോഡലി'നെ ദേശീയ തലത്തിൽ പ്രചരിപ്പിക്കാനാണ് പരിപാടി. ഈ പ്രചാരണത്തിനും അതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും കോൺഗ്രസ് അടക്കുള്ള മൃദുഹിന്ദുത്വ-ബൂർഷ്വാ പാർട്ടികളുമായി കൂട്ടുവേണ്ടെന്നും തീരുമാനിച്ചിരിക്കുന്നു. തീർത്തും പ്രത്യയശാസ്ത്രത്തിലധിഷ്ഠിതവും സർവോപരി ജനോപകാര പ്രദവുമായി മാറാൻ സാധ്യതയുള്ള ഈ നീക്കത്തോട് പക്ഷേ, കമ്യൂണിസ്റ്റ് വിരുദ്ധ ചേരി പുറം തിരിഞ്ഞുനിൽക്കുകയാണ്; ഓശാന പാടാൻ ബൂർഷ്വ മാധ്യമങ്ങളും. 'ഗുജറാത്ത് മോഡൽ' ബി.ജെ.പിയെ പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയെങ്കിൽ, 'കേരള മോഡൽ' പാർട്ടിയെ മലയാളക്കരയിലേക്ക് കൂടുതൽ ചുരുക്കിക്കളയുമെന്നാണ് ഈ കമ്യൂണിസ്റ്റ് വിരുദ്ധ സിൻഡിക്കേറ്റിന്റെ വാദം. അതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യം. അതെന്തായാലും, ഈ പ്രമേയം കൊണ്ട് രക്ഷപ്പെട്ടത് സാക്ഷാൽ യെച്ചൂരിയാണ്. സമ്മേളനത്തിന്റെ തലേന്നാൾ മുതൽ 'കേരള മോഡലി'നായി യത്നിച്ച സഖാവിന് 'കോൺഗ്രസുകാരൻ' എന്ന പേരുദോഷമാണ് മാറിക്കിട്ടിയത്.

ജപ്പാൻ മോഡൽ സിൽവർലൈനും നെതർലൻഡ്സ് മോഡൽ റൂം ഫോർ റിവറുമൊക്കെയാണ് നവകേരളത്തിനായി പിണറായി സഖാവ് ഒരുക്കാൻ പോകുന്നത്. ഈ വികസനപ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോകാൻ നല്ലൊരു പ്രതിപക്ഷമായിപ്പോലും തുടരാൻ കോൺഗ്രസിനെ അനുവദിക്കുകയുമരുത്. അതിനാൽ, ഏതുവിധേനയും കോൺഗ്രസിനെ നാമാവശേഷമാക്കണം. ഇതാണ് 'കേരള മോഡലി'ന്റെ അന്തസ്സത്ത. ഇതിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള കലാപരിപാടിയാണ് പാർട്ടി കോൺഗ്രസിൽ അരങ്ങേറിയത്. ഇക്കാലമത്രയും മതേതര കക്ഷികളുടെ ഐക്യത്തെക്കുറിച്ച് ശബ്ദിച്ച യെച്ചൂരിേപാലും 'കേരള മോഡലി'ന് കീഴടങ്ങി. മോദിയുടേത് ഫാഷിസ്റ്റ് സർക്കാറല്ലെങ്കിലും ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് പാർട്ടി കോൺഗ്രസിൽ എതിരഭിപ്രായമില്ല. പക്ഷേ, പഴി മുഴുവൻ കോൺഗ്രസിനാണ്. തീവ്രഹിന്ദുത്വത്തേക്കാൾ ഭീകരമാണ് കോൺഗ്രസിന്റെ മൃദുഹിന്ദുത്വം എന്നുവരെ പറഞ്ഞവരുണ്ട്. ഒടുവിൽ, യെച്ചൂരിതന്നെ 'കേരള മോഡൽ' പ്രഖ്യാപിച്ചു: കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമില്ല. സിൽവർ ലൈൻ അടക്കമുള്ള പദ്ധതികൾക്ക് പാർട്ടി എതിരുമല്ല!

എന്നുവെച്ചാൽ, 'കേരള മോഡലി'ന്റെ പിന്നാലെയാകും ഇനിയുള്ള കാലം പാർട്ടിയുടെ കുതിപ്പും കിതപ്പുമെല്ലാം. ബംഗാളിലും ത്രിപുരയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമൊക്കെ വേരുള്ള പാർട്ടിയുടെ നയം ഇനി മുതൽ കേരളത്തിൽനിന്ന് തീരുമാനിക്കും; ദേശീയനേതൃത്വം അത് പ്രഖ്യാപിക്കും. അഖിലേന്ത്യ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിക്കുന്ന മുസ്ലിംലീഗിന്റെ സവിശേഷ പാർട്ടി നടപടികളില്ലേ, അതപ്പടി സി.പി.എമ്മിലും നടപ്പിലാകാൻ പോകുന്നു എന്നു ചുരുക്കം. ചരിത്രം പ്രഹസനമായും വൈരുധ്യാത്മകമായുമൊക്കെ ആവർത്തിക്കപ്പെടുമെന്നാണല്ലോ ആചാര്യന്റെ പ്രവചനം. ഏറക്കുറെ അത് യാഥാർഥ്യമായെന്ന് കരുതിയാൽ തെറ്റു പറയില്ല. സമ്മേളനത്തിന്റെ തലേന്നാൾ, യെച്ചൂരി പറഞ്ഞത് മേൽക്കൈ പാർട്ടി പരിപാടിക്കാണ്, വ്യക്തികളല്ല നയങ്ങളാണ് മുഖ്യം എന്നൊക്കെ. ശരിയാണ്, പാർട്ടിപരിപാടി വ്യക്തിയിലേക്ക് ചുരുങ്ങിയാൽ പിന്നെ പാർട്ടിയില്ലല്ലോ. ആ മാനസികാവസ്ഥയിലേക്ക് യെച്ചൂരിയും മാറിയോ എന്നാണ് വിമർശകരുടെ ചോദ്യം. അങ്ങനെയെങ്കിൽ, ഇനിയങ്ങോട്ട് വേഷം നായകന്റെതാകുെമങ്കിലൂം കെട്ടിയാടേണ്ടത് വിധേയന്റെ കഥാപാത്രമായിരിക്കും. തെളിച്ചുപറഞ്ഞാൽ, 'വിധേയനായകൻ'.

യെച്ചൂരി ഒരു കുരുക്കിൽനിന്ന് തലയൂരി എന്നു വിലയിരുത്തിയാലും തെറ്റാവില്ല. കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ ഏറ്റവുമധികം പഴി കേട്ട കമ്യൂണിസ്റ്റുകാരനാണ്. 2016ലെ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പാനന്തര സംഭവവികാസങ്ങൾ ഒാർമയില്ലേ? രണ്ടാം വട്ടവും മമതയോട് അടിയറവ് പറഞ്ഞിരിക്കുകയായിരുന്നു പാർട്ടിയും നേതാക്കളും. പതിവുപോലെ 'നമ്മൾ എന്തു കൊണ്ടു തോറ്റു' എന്ന് വിശകലനം ചെയ്യാനായി കേന്ദ്രകമ്മിറ്റിയിൽ ബംഗാളിൽനിന്നുള്ള അംഗവും ദേശീയ വനിത വോളിബോൾ താരവുമായിരുന്ന ജഗ്മതി സാങ്‍വാൻ പൊട്ടിത്തെറിച്ചു. പാർട്ടിലൈൻ ധിക്കരിച്ച് യെച്ചൂരി കോൺഗ്രസുമായി കൂട്ടുകൂടിയതുകൊണ്ട് ഉള്ളതുകൂടി പോയി എന്നായി അവർ. കോൺഗ്രസുമായുണ്ടാക്കിയ അടവുനയം വലിയ പരാജയമായിരുന്നു. മുന്നിൽനിന്ന പാർട്ടിക്ക് കിട്ടിയത് 26 സീറ്റ്; പിന്നിലുണ്ടായിരുന്ന കോൺഗ്രസിനാകട്ടെ 44ഉം. അതുകൊണ്ടുതന്നെ, ജഗ്മതി സാങ്‍വാനിന്റെ ആ സ്മാഷ് യെച്ചൂരിയുടെ തലയിൽതന്നെ പതിച്ചു. ഒളിഞ്ഞും തെളിഞ്ഞും പല നേതാക്കളും ആ വിമർശനങ്ങൾ ആവർത്തിച്ചു. 'കോൺഗ്രസുകാരൻ' എന്ന വിളിപ്പേര് വന്നത് അങ്ങനെ. തൊട്ടടുത്ത വർഷം രാജ്യസഭയിലേക്ക് മൂന്നാമൂഴം നഷ്ടപ്പെട്ടതുപോലും അങ്ങനെയെന്നുവേണം ധരിക്കാൻ. യെച്ചൂരി രാജ്യസഭയിൽ വേണമെന്ന് പാർട്ടി വിമർശകർ പോലും ആഗ്രഹിച്ചിരുന്നു. രാഹുൽ ഗാന്ധി നേരിട്ടെത്തി പിന്തുണ അറിയിച്ചു. ബംഗാളിൽ കോൺഗ്രസ് അംഗങ്ങൾ വോട്ടുചെയ്യാമെന്ന് ഉറപ്പും നൽകി. പക്ഷേ, നേതൃത്വത്തിന് സഖാവിനെ പി.ബിയുടെ മൂലയിലിരുത്താനായിരുന്നു താൽപര്യം. അത് സംഭവിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. 2018 ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലും 'കോൺഗ്രസ് ബന്ധം' യെച്ചൂരി ചർച്ചയാക്കി. തൊട്ടടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞടുപ്പിൽ ഫാഷിസ്റ്റ് സർക്കാറിനെ താഴെ ഇറക്കാൻ മതേതര കക്ഷികളുമായി സഖ്യം വേണമെന്നായി. ഹിന്ദുത്വ ഫാഷിസത്തെക്കുറിച്ച് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയ ആളാണ്. മോദി ഫാഷിസത്തിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള ആളായതുകൊണ്ട് പ്രത്യയശാസ്ത്ര നാട്യങ്ങൾ ഒഴിവാക്കി അൽപം പ്രായോഗികരാഷ്ട്രീയ പരീക്ഷണമായിക്കൂടേയെന്നായിരുന്നു സഖാവിന്റെ ചോദ്യം. ഏത് ഫാഷിസത്തെക്കുറിച്ചാണ് നിങ്ങൾ പറയുന്നതെന്നായിരുന്നു മറുപക്ഷത്തിന്റെ തിരിച്ചുള്ള ചോദ്യം. ഇന്ത്യയിൽ ഫാഷിസം വന്നിട്ടില്ലത്രെ. കാരാട്ടിന്റെ വാദത്തിന് സി.സിയിൽ ഭൂരിപക്ഷം ലഭിച്ചതോടെ പി.ബിയിൽ വീണ്ടും യെച്ചൂരി തനിച്ചായി. ഇതിനിടയിൽ, കോർപറേറ്റ് വികസന പദ്ധതികൾക്കെതിരെയും ചില പ്രസ്താവനകളൊക്കെ സഖാവിന്റേതായി വന്നിരുന്നു, സിൽവർ ലൈനിലടക്കം. പേക്ഷ, കണ്ണൂരിലെത്തിയപ്പോൾ എല്ലാം മാറി. സിൽവർ ലൈനൊക്കെ പിണറായി തീരുമാനിക്കട്ടേയെന്ന ലൈനിലാണിപ്പോൾ സഖാവ്. പൂർണമായും 'പാർട്ടി'ക്ക് വിധേയനാകാനാണ് തീരുമാനം.

സപ്തതിയിലേക്ക് കടക്കുകയാണ് ഈ വർഷം മധ്യത്തോടെ. മദ്രാസിലെ ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തിൽ ജനനം. ഹൈദരാബാദിലും ഡൽഹിയിലുമായി വിദ്യാഭ്യാസം. ജെ.എൻ.യുവിൽനിന്ന് ബിരുദാനന്തര ബിരുദം. അടിയന്തരാവസ്ഥ സമരത്തിൽ പെങ്കടുത്ത് ജയിലിൽ പോയതുമൂലം ജെ.എൻ.യുവിലെ പിഎച്ച്.ഡി പഠനം പാതിവഴിയിൽ മുടങ്ങി. അന്നുതൊട്ട് കാരാട്ടു സഖാവുമായുള്ള ബന്ധമാണ് പാർട്ടിയിലേക്കടുപ്പിച്ചത്. 84 മുതൽ സി.സിയിലും 92 മുതൽ പി.ബിയിലുമുണ്ട്. 2005-17 കാലത്ത് രാജ്യസഭാംഗം. 2015 ഏപ്രിൽ മുതൽ പാർട്ടി ജനറൽ സെക്രട്ടറി. പ്രമുഖ മാധ്യമപ്രവർത്തക സീമ ചിഷ്തിയാണ് ജീവിതസഖി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.