മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണക്കടത്തുകാരുടെ താവളം. ഭരണത്തിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നയാളുടെ വീടിന് മയക്കുമരുന്ന് വിപണന ബന്ധം -അക്ഷരാർഥത്തില്‍ അധോലോക ഭരണമാണ് കേരളത്തിൽ ഇടതുമുന്നണി കാഴ്ചവെക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ ഓരോ ദിവസവും പുറത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ വലംകൈയായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വർണക്കടത്ത് ഉൾപ്പെടെ കേസുകളില്‍ ജയിലിലാണെങ്കില്‍ സി.പി.എം സെക്രട്ടറിയായിരുന്നയാളുടെ മകന് മയക്കുമരുന്ന് കേസിൽ അഴിയെണ്ണുന്നു. പിണറായിയുടെ മറ്റൊരു വിശ്വസ്തന് അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ അന്വേഷണ ഏജന്‍സികള്‍ കുരുക്കിട്ട് നിര്‍ത്തിയിരിക്കുന്നു. ഈ കേസിലെ അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ് എന്നത് പകല്‍ പോലെ വ്യക്തം.
സര്‍ക്കാറും മുഖ്യമന്ത്രിയും ഒരേപോലെ ജനവിരുദ്ധരായി മാറിക്കഴിഞ്ഞു എന്ന് ഭരണമുന്നണിതന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ല എന്ന് ഭയന്നാണ് മുഖ്യമന്ത്രിയെ പ്രചാരണ രംഗത്ത് നേരിട്ട് ഇറങ്ങുന്നതില്‍നിന്ന് ഇത്തവണ മാറ്റിനിര്‍ത്തിയത്.
കോവിഡിെൻറ മറവില്‍ സ്പ്രിൻക്ലര്‍ പോലുള്ള ബഹുരാഷ്ട്ര ഭീമന് നമ്മുടെ ആരോഗ്യവിവരങ്ങള്‍ മറിച്ചുകൊടുത്ത് കോടികള്‍ തട്ടാനുള്ള അവസരമൊരുക്കിയ സര്‍ക്കാറാണിത്.
പാവങ്ങള്‍ക്ക് വീട് െവച്ചുകൊടുക്കാനെന്ന പേരില്‍ കൊണ്ടുവന്ന ലൈഫ് പദ്ധതി കമീഷനടിക്കാനുള്ള കുറുക്കുവഴിയായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ലൈഫില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ പതിനെട്ടടവും പയറ്റിയ സംസ്ഥാന സര്‍ക്കാറിെൻറ ഏജന്‍സിയായ വിജിലന്‍സ് തന്നെ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി എന്നതാണ് തമാശ.
കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ ഒരു വന്‍കിട വികസനപദ്ധതിപോലും ആരംഭിച്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തൊട്ടതിലെല്ലാം അഴിമതിയും കമീഷനും എന്നതാണ് ഈ സര്‍ക്കാറിെൻറ മുഖമുദ്ര. കഴിഞ്ഞ നാലര വര്‍ഷമായി കേരളത്തില്‍ വികസനപദ്ധതികള്‍ എന്ന പേരില്‍ കൊണ്ടുവന്നവയെല്ലാം അഴിമതിക്കായുള്ള തട്ടിപ്പ് പദ്ധതികളായിരുന്നു.
മസാല ബോണ്ടിലെ വന്‍കൊള്ള സി. എ.ജി പിടികൂടുമെന്നുവന്നപ്പോൾ ആ ഭരണഘടനാ സ്ഥാപനത്തിനുനേരെപ്പോലും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തിരിഞ്ഞു.
പ്രതിക്കൂട്ടിലാവുമെന്ന് കണ്ടതോടെ ഒരുമുഴം മുന്‍കൂട്ടി എറിഞ്ഞ് രക്ഷപ്പെടാനായി സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തുക എന്ന ഭരണഘടന ലംഘനം നടത്താന്‍പോലും ധനമന്ത്രി തയാറായി. അഴിമതി അന്വേഷണം തടയുന്നതിനായി സംസ്ഥാനത്തിെൻറ വിവിധ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന സര്‍ക്കാര്‍ നിയമസഭയെപ്പോലും ദുരുപയോഗപ്പെടുത്തുന്നു.
കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ ദയനീയമായാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്. വെറും പി.ആര് മാമാങ്കം മാത്രമാണ് ഇതിെൻറ പേരില്‍ നടന്നത്. ആവശ്യമായ ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപ്തി കുറച്ചുകാട്ടി പേരെടുക്കാന്‍ നടത്തിയ ശ്രമത്തിന് കേരളം വലിയ വില നല്‍കേണ്ടിവന്നു.
രാജ്യത്ത് ഏറ്റവും വേഗത്തിൽ രോഗം പടരുന്ന സംസ്ഥാനമായാണ് കേരളം മാറിയത്. ആശുപത്രികളിലാകട്ടെ, രോഗികള്‍ക്ക് നരകയാതനയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയെ പുഴുവരിച്ചു.
കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥ കാരണം കോവിഡ് രോഗികള്‍ തുടര്‍ച്ചയായി മരണമടഞ്ഞു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗി മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധുക്കള്‍ വിവരമറിഞ്ഞില്ല. തൃശൂരില്‍ റിമാന്‍ഡ് പ്രതികള്‍ക്കായുള്ള കോവിഡ് സെൻററില്‍ ഒരാളെ മർദിച്ച് കൊല്ലുകവരെ ചെയ്തു.
പി.എസ്.സിയെ നോക്കുകുത്തിയാക്കി ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് കേരളത്തില്‍ ഈ സര്‍ക്കാറിന് കീഴില്‍ നടന്നത്. സ്വർണക്കടത്തുകാരി സ്വപ്ന സുരേഷിനെ ലക്ഷക്കണക്കിന് രൂപ ശമ്പളത്തിൽ മുഖ്യമന്ത്രിയുടെതന്നെ വകുപ്പില്‍ പിന്‍വാതിലിലൂടെ നിയമിച്ചു.
സി.പി.എം നേതാക്കളുടെ മക്കളും ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഈ അനധികൃത നിയമനങ്ങള്‍ വഴി സര്‍ക്കാറിെൻറ വിവിധ തസ്തികകളില്‍ കയറിപ്പറ്റി. സംസ്ഥാനത്ത് 1.17 ലക്ഷം പേരെ താൽക്കാലികാടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
33ഓളം രാഷ്ട്രീയ കൊലപാതകങ്ങളാണ് നാലര വര്‍ഷത്തിൽ കേരളത്തിൽ നടന്നത്. വാളയാറിലെ പിഞ്ചു പെണ്‍കുട്ടികളുടെ ദുരൂഹമായ കൊലപാതകം കേരളത്തെ എന്നും കുത്തിനോവിച്ചുകൊണ്ടിരിക്കും.
പൊലീസും പ്രോസിക്യൂഷനും ഒത്തു കളിച്ചാണ് ആ കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയത്. വരാപ്പുഴയിലെ ശ്രീജിത്തും, ഇടുക്കിയിലെ രാജ്കുമാറുമെല്ലാം പൊലീസ് കസ്റ്റഡിയില്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയമായാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ നാലര വര്‍ഷമായി നിരന്തരം പദ്ധതി വിഹിതം വെട്ടിക്കുറച്ച് ഇടതു സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്.
2019-20 സാമ്പത്തികവര്‍ഷം വകയിരുത്തിയ 7500 കോടിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് 3887 കോടി മാത്രമാണ്. ബാക്കി 3617 കോടി സര്‍ക്കാര്‍ വിഴുങ്ങി. നടപ്പു വര്‍ഷം 7158 കോടി രൂപ വകയിരുത്തിയെങ്കിലും നല്‍കിയത് 2635 കോടി മാത്രമാണ്. കോവിഡ് പ്രതിരോധത്തില്‍ തദ്ദേശസ്ഥാപനങ്ങളാണ് നിർണായക പങ്കുവഹിച്ചത്.
പക്ഷേ, അതിന് സര്‍ക്കാര്‍ ഫണ്ട് നല്‍കിയില്ല. പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്കുള്ള ബില്ലുകള്‍പോലും മാറിനല്‍കിയില്ല. ഇത് കാരണം തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.
2016ല്‍ യു.ഡി.എഫ് അധികാരമൊഴിയുമ്പോള്‍ 1,57,370 കോടിയായിരുന്നു കേരളത്തിെൻറ പൊതുകടമെങ്കില്‍ ഇപ്പോഴത് 3,20,468 കോടിയായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. അതായത് 1,63,098 കോടി രൂപയാണ് ഈ സര്‍ക്കാര്‍ വരുത്തിെവച്ച കടം. കേരളം രൂപംകൊണ്ട ശേഷം മാറിമാറി വന്ന സര്‍ക്കാറുകളെല്ലാം കൂടി ഉണ്ടാക്കിയ കടത്തെക്കാള്‍ കൂടുതല്‍ കടം കഴിഞ്ഞ നാലര വര്‍ഷംകൊണ്ടുമാത്രം ഉണ്ടാക്കാന്‍ കഴിഞ്ഞു.
സ്വർണക്കടത്തിനും അഴിമതിക്കും പിടിക്കപ്പെട്ട് മുഖംനഷ്ടമായ സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ കുത്തിപ്പൊക്കി പ്രതികാരം തീര്‍ക്കുകയാണ്.
പ്രതിപക്ഷത്തെ വേട്ടയാടാന്‍ വിജിലന്‍സിനെ നഗ്നമായി ദുരുപയോഗപ്പെടുത്തുന്നു. മാധ്യമങ്ങളെ ചങ്ങലക്കിടുന്നതിനും മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശകരെയും അഴിക്കുള്ളിലാക്കുന്നതിനും കൊണ്ടുവന്ന കരിനിയമം ബഹുജന രോഷത്തെ തുടര്‍ന്ന് സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വന്നു.
പിണറായി സര്‍ക്കാര്‍ എന്ന് പറയുമ്പോള്‍ അഴിമതിയും കൊള്ളയും കള്ളക്കടത്തും കെടുകാര്യസ്ഥതയും മാത്രമാണ് ജനങ്ങളുടെ കണ്മുന്നില് തെളിയുന്നത്.
ഒരു നേട്ടവും ജനങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടാനില്ലാത്ത അവരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങൾക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയ ഈ സര്‍ക്കാറിനെ പുറത്താക്കുന്നതിനുള്ള ആദ്യ അവസരമാണ് ഈ തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ്. അതു മനസ്സിലാക്കി പ്രബുദ്ധരായ കേരളീയ സമൂഹം ചരിത്രദൗത്യം നിറവേറ്റുമെന്ന് എനിക്കുറപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.