‘‘ഒരു ഡൽഹി യാത്രക്കിടെ ട്രെയിനിൽ തന്റെ കാലിലെ കൊലുസ്സ് കണ്ട് ഒരു മലയാളി വീട്ടമ്മക്കു തോന്നിയ കൗതുകം, ഒരു പെട്ടി ആഭരണം മുഴുവനായും ആ കമ്പാർട്മെന്റിൽ വിറ്റുതീരാൻ ഇടയാക്കി’’ -ശ്രീവിദ്യ
സംരംഭക വിജയത്തിന്റെ നെറ്റിപ്പട്ടവും തിടമ്പുമേറ്റി ശ്രീവിദ്യയുടെ തലയെടുപ്പിന് പതിറ്റാണ്ട്. ഈ സംരംഭക നിർമിച്ച, 80 മുതൽ 15,000 രൂപവരെയുള്ള അലങ്കാര നെറ്റിപ്പട്ടങ്ങൾ ഒട്ടേറെ വാഹനങ്ങളിലും വീടുകളുടെ ഉമ്മറത്തുമെല്ലാം അഴകുവിരിച്ച് ആടുന്നുണ്ട്.
അലങ്കാര നെറ്റിപ്പട്ടം മുതൽ ആഭരണങ്ങൾ വരെ നിർമിച്ച് വിപണിയിലെത്തിക്കുന്ന കുടുംബശ്രീ സംരംഭമായ, പന്തളം തെക്കേക്കര ബാലാജി ജ്യൂവൽ മേക്കിങ് ആൻഡ് മെറ്റീരിയൽസിന്റെ അമരക്കാരി എസ്. ശ്രീവിദ്യ, പഞ്ചായത്ത് അംഗത്തിന്റെ ചുമതലക്കിടയിലാണ് സംരംഭം സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നത്.
10,000 രൂപയുടെ ഉൽപന്നം വിറ്റാൽ 3000 രൂപ ലാഭം പ്രതീക്ഷിക്കാമെന്നും മോശമല്ലാത്ത ബിസിനസ് ലഭിക്കാറുണ്ടെന്നും തെക്കേക്കര പഞ്ചായത്ത് അംഗംകൂടിയായ ഈ 43കാരി പറയുന്നു. ആനയെ അണിയിക്കുന്ന വലുപ്പമുള്ള, അഞ്ചര അടിയുടെ നെറ്റിപ്പട്ടത്തിനാണ് 15,000 രൂപ. ഇതിന് പരമാവധി 4000 രൂപ വരെ ലാഭം പ്രതീക്ഷിക്കാം. നവദമ്പതികളുടെ ചിത്രംവെച്ചുള്ള നെറ്റിപ്പട്ടങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.
പൊങ്ങലടി പറന്തൽ വാളാത്തോട്ട് പരേതനായ സുരേന്ദ്രന്റെയും കമലമ്മയുടെയും മകളായ ശ്രീവിദ്യ, 2010ൽ കുടുംബശ്രീയുടെ അലങ്കാര ആഭരണ നിർമാണ പരിശീലനം നേടിയാണ് രംഗത്തേക്കു വരുന്നത്. പിന്നീട് എസ്.ബി.ഐയുടെ സ്വയംതൊഴിൽ പരിശീലനവും ലഭിച്ചു.
കുടുംബശ്രീയുടെ സരസ് മേളകളിൽ പങ്കെടുക്കാനുള്ള യാത്രകളിലും ബിസിനസ് തന്നെയാണ് എന്റെ മനസ്സിൽ. വിൽപനക്കുള്ള ആഭരണങ്ങളുടെ ഒരു പെട്ടി എപ്പോഴും ഒപ്പം കാണും. ഒരു ഡൽഹി യാത്രക്കിടെ ട്രെയിനിൽ തന്റെ കാലിൽ കിടന്ന കൊലുസ്സ് കണ്ട് ഒരു മലയാളി വീട്ടമ്മക്കു തോന്നിയ കൗതുകം, ഒരു പെട്ടി ആഭരണം മുഴുവനായും ആ കമ്പാർട്മെന്റിൽ വിറ്റുതീരാൻ ഇടയാക്കി’’ -ശ്രീവിദ്യ ഓർക്കുന്നു. ഭർത്താവ് സോമനാഥൻ സ്വകാര്യ സ്ഥാപനത്തിൽ മാനേജരാണ്. മക്കൾ: അശ്വിൻ, അനന്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.