കണ്ണൂരിന്റെ രുചിപ്പെരുമ ലോകമൊട്ടാകെ പരക്കുകയാണ് കണ്ണൂർ ബ്രാൻഡ് ഉൽപന്നങ്ങളിലൂടെ. കുടുംബശ്രീ ജില്ല മിഷൻ രൂപവത്കരിച്ച വനിതകളുടെ കാർഷിക മൂല്യവർധിത യൂനിറ്റുകളുടെ കൺസോർട്യം നാലുതരം ചിപ്സുകളും ആറുതരം അച്ചാറുകളുമാണ് വിപണിയിലെത്തിച്ചത്. എല്ലാം ഒന്നിനൊന്ന് ഹിറ്റ്.
നേരത്തെ കറിപൗഡറും പലഹാരപ്പൊടിയും വിപണിയിലെത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് മൂല്യവർധിത ഉൽപന്ന വിപണിയിലേക്ക് കടന്നത്. 50 കുടുംബശ്രീ യൂനിറ്റുകളിലെ 105 സംരംഭകരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ജില്ലയിലെ അയ്യായിരത്തിലധികം കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിൽ പലതും പലപ്പോഴും വലിയ നഷ്ടം സഹിച്ചാണ് വിളകൾ വിറ്റഴിച്ചിരുന്നത്.
അതിനൊരു പരിഹാരമായാണ് മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലിറക്കാൻ തീരുമാനിച്ചത്. കാർഷിക ഉൽപന്ന സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന 35 സംരംഭയൂനിറ്റുകൾ രൂപവത്കരിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവന്നു. പിന്നാലെ കൺസോർട്യം രൂപവത്കരിച്ച് ബ്രാൻഡ് ചെയ്ത് ഉൽപന്നങ്ങൾ വിപണിയിലിറക്കി.
3.5ലക്ഷം രൂപയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ മിഷൻ ചെലവഴിച്ചത്. അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളുടെ പെട്ടിയിൽ വീട്ടു പലഹാരങ്ങളുടെ സ്ഥാനമിപ്പോൾ കണ്ണൂർ ബ്രാൻഡ് ചിപ്സിനും അച്ചാറുകൾക്കുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.