രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കേണ്ടതില്ല എന്നു നിർദേശിച്ച സംഘ്പരിവാരത്തിെൻറ സന്തതികൾക്ക് എന്താണ് പറയാൻ പാടില്ലാത്തത്? സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തണമെന്നാവശ്യപ്പെട്ട സംഘം തങ്ങളുടെ മുഖപത്രമായ ‘ഓർഗനൈസറി’ൽ ഇത്രയും എഴുതി: ‘‘വിധിയുടെ ചവിട്ടുമൂലം അധികാരത്തിൽ വന്നവർ നമ്മുടെ കൈയിൽ ത്രിവർണ പതാക തന്നിരിക്കുന്നു. എന്നാൽ, ഹിന്ദുക്കളത് സ്വന്തമാക്കുകയോ അതിനെ ആദരിക്കുകയോ ചെയ്യരുത്. മൂന്ന് എന്ന അക്കം തന്നെ തിന്മയാണ്. മൂന്നു വർണങ്ങളുള്ള പതാക തീർച്ചയായും തെറ്റായ മാനസിക ഫലങ്ങളാണുണ്ടാക്കുക. അത് രാജ്യത്തിന് ഹാനികരമാണ്.’’ ആർ.എസ്.എസിൽ നിന്ന് പ്രചോദനം കൊണ്ടവരാണ് മഹാത്മഗാന്ധിയെ വധിച്ചവരെന്നതും പരസ്യം. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ മിഠായി വിതരണം ചെയ്ത സംഘിെൻറ നടപടി അവരുടെ മിത്രമായ സർദാർ പട്ടേലിനുപോലും പിടിച്ചില്ല. ബ്രിട്ടീഷ് രാജാവിനെ വാഴ്ത്താൻ വേണ്ടി എഴുതിയ ദേശീയ ഗാനം പാടരുതെന്ന് പറഞ്ഞത് സംഘ്പരിവാരമാണ്. അങ്ങനെ ഒരിക്കലും താനുദ്ദേശിച്ചിട്ടുപോലുമില്ലെന്നും ജനഗണമനയിലെ ഭാഗ്യ വിധാതാവ് ബ്രിട്ടീഷ് രാജാവല്ല; ദൈവമാണെന്നും ടാഗോർ പത്രങ്ങളിൽ പറഞ്ഞിട്ടും സംഘികളത് അംഗീകരിച്ചില്ല. എന്തിനധികം, കുമ്മനത്തിെൻറ ഗോഡ് ഫാദറായ ഗോൾവാൾക്കറാണ് ഭരണഘടനയെ അഭാരതീയം, അഹിന്ദു എന്നൊക്കെ വിളിച്ചത്. ഇതൊക്കെ അംഗീകരിക്കുന്ന കുമ്മനത്തിന് മലബാർ കലാപം സ്വാതന്ത്ര്യ സമരമല്ല എന്നു പറയാനുള്ള അവകാശവും വകെവച്ചു കൊടുക്കേണ്ടതാണ്.
മലബാർ സമരത്തെ ബ്രിട്ടീഷുകാരും ജന്മിത്തമ്പുരാക്കന്മാരും കൂടി വെറുമൊരു മാപ്പിള ലഹളയാക്കി മാറ്റാൻ പണ്ടേ ശ്രമിച്ചതാണ്. അത് കുമ്മനം ആവർത്തിക്കുന്നുവെന്നു മാത്രം. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹള, മുഹമ്മദീയ ലഹള എന്നൊക്കെ വിളിച്ചതും ഇവർ തന്നെയാണ്. ഇവർക്കൊന്നും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ പണ്ടേ രുചിച്ചിട്ടില്ല. ബ്രിട്ടീഷുകാരോട് സമരം ചെയ്ത റാണി ലക്ഷ്മീ ഭായിയെ അടക്കം തള്ളിപ്പറഞ്ഞവരാണിവർ. സമരം ബ്രിട്ടീഷുകാരോടല്ല; മുസ്ലിംകളോടാണ് വേണ്ടതെന്ന് പ്രഖ്യാപിച്ചവരാണിവർ. ഇവർ സ്വാതന്ത്ര്യത്തിെൻറ നേതാക്കളായി കണ്ടത് മുഗളരോട് യുദ്ധംചെയ്ത രജപുത്രന്മാരെയും ശിവജിയേയുമാണ്. രജപുത്രരോ ശിവജിയോ തങ്ങൾ യുദ്ധം ചെയ്യുന്നത് ഇന്ത്യരാജ്യത്തിന് വേണ്ടിയാണെന്നോ ഹിന്ദു മതത്തിനു വേണ്ടിയാണെന്നോ സ്വപ്നേപി പറഞ്ഞിട്ടില്ല. അവർ അവരവരുടെ രാജ്യങ്ങൾക്കുവേണ്ടിയാണ് യുദ്ധംചെയ്തത്. അതിനവർ മതഭേദെമന്യേ എല്ലാവരുടേയും സഹായം തേടുകയും ചെയ്തു. അക്ബറും ഒൗറംഗസേബുമൊക്കെ ശത്രുക്കളെ തോൽപിക്കാൻ രജപുത്രരെ സഹായിച്ചിട്ടുണ്ട്. അവരിങ്ങോട്ടും സഹായിച്ചിട്ടുണ്ട്. ശിവജിയുടെ സേനാനായകൻ ഇബ്രാഹിം ഖാനും ഒൗറംഗസേബിേൻറത് രജപുത്രനായ രാജാ ജയ്സിങ്ങുമായിരുന്നു. ഇവിടെയൊക്കെ സാമുദായികത ചാർത്തുന്നവർ കണ്ണടച്ചിരുട്ടാക്കുകയാണ്. പരസ്പരം െപാരുതിയിരുന്ന രജപുത്രർക്ക് ഇന്ത്യയെന്നോ ഭാരതമെന്നോ ഉള്ള സങ്കൽപംതന്നെ ഉണ്ടായിട്ടില്ല. അവർ കൂടുതലും യുദ്ധം ചെയ്തത് തമ്മിൽ തമ്മിലായിരുന്നു. ഈ വസ്തുതകളൊക്കെ കുമ്മനത്തിെൻറ പാർട്ടിക്കാർക്ക് എത്ര കാലം മൂടി െവക്കാനാവും? ആദ്യം ഇന്ത്യക്കാരെന്ന നിലക്ക് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ജയിലിൽ കിടക്കുകയും ജയിലിൽനിന്ന് രക്ഷപ്പെടാനായി ബ്രിട്ടീഷുകാരെ മേലിൽ സഹായിക്കാമെന്ന് വാക്കുകൊടുക്കുകയും ചെയ്ത സവർക്കറിെൻറയും ഹെഡ്ഗേവാറിെൻറയും ശിഷ്യത്വം ആപാദചൂഡം അംഗീകരിക്കുന്ന കുമ്മനത്തിനോ ബി.ജെ.പിക്കോ ബ്രിട്ടീഷുകാർക്കെതിരെ മലബാറിെൻറ മക്കൾ നടത്തിയ മഹാ സമരത്തെ കണ്ണുതുറന്ന് കാണാനാവില്ല.
ആരാണ് ഭൂരിപക്ഷ സമുദായം?
മലബാർ കലാപത്തിൽ കുമ്മനം പറയുന്ന ഭൂരിപക്ഷ സമുദായം ഏതാണ്? മലബാറിലെ ബ്രിട്ടീഷനുകൂലികളായ ഏതാനും ജന്മിമാരും നായന്മാരും കൂടിയായാൽ ഭൂരിപക്ഷമാവുമോ? കലാപം മാപ്പിളമാർ എന്നറിയപ്പെടുന്ന മുസ്ലിംകളുടേത് മാത്രമായിരുന്നോ? മലബാറിലെ എല്ലാ മുസ്ലിംകളും കലാപത്തിനൊപ്പമായിരുന്നോ? എല്ലാ ഹിന്ദുക്കളും കലാപത്തിനെതിരായിരുന്നോ? കലാപത്തിെൻറ ലക്ഷ്യം ഹിന്ദു വിരോധം തീർക്കലായിരുന്നോ? ഇതൊന്നും കുമ്മനം വായിച്ചിട്ടില്ല. ബ്രിട്ടീഷ് ചരിത്രഭാഷ്യം വേദവാക്യമാക്കിയ പൂർവികരുടെ പല്ലവി ആവർത്തിക്കുകയാണ് ബി.ജെ.പിക്കാർ. മലബാർ കലാപം ചൂഷകർക്കെതിരെ ചൂഷിതർ നടത്തിയ സമരമാണ്. മർദകർക്കെതിരെ മർദിതരുടെ സമരം. കർഷകരായ കുടിയാന്മാരെല്ലാം മുസ്ലിംകളായിരുന്നില്ല. അവരിൽ അധികപേരും ഹിന്ദുക്കൾ തന്നെയായിരുന്നു. പക്ഷേ, ഇവരെ കുമ്മനത്തിെൻറ ആളുകൾ പണ്ടേ ഹിന്ദുക്കളായി ഗണിച്ചിട്ടില്ല. അതാണ് ഹിന്ദുക്കൾ എന്നു പറയുമ്പോൾ സവർണരിലേക്ക് മാത്രം നാക്കുനീളുന്നത്. ഹിന്ദുമതത്തെ ഉപയോഗിച്ച് ജന്മിമാർ കുടിയാന്മാരെ ചൂഷണം ചെയ്യുകയും അവരെ സമൂഹത്തിലെ തൊട്ടുകൂടാത്തവരാക്കുകയും ചെയ്തപ്പോൾ അതിനെതിരെ കുടിയാന്മാരായ ഹിന്ദുക്കൾ മുസ്ലിം കുടിയാന്മാരോടൊപ്പം ചേർന്നു. അങ്ങനെയാണ് ഹിന്ദു കുടിയാന്മാരും ചെറുമക്കളും ഇസ്ലാമിലേക്ക് വന്നത്. ഹിന്ദുമതത്തെ ചൂഷകരിൽ നിന്ന് രക്ഷപ്പെടുത്തി പാവപ്പെട്ടവർക്കുവേണ്ടി വിനിയോഗിച്ചിരുന്നെങ്കിൽ ഈ കുടിയാന്മാർ ഇസ്ലാമിലേക്ക് വരുമായിരുന്നില്ല. മലബാർ സമരത്തിൽ പങ്കെടുത്ത മാപ്പിളമാരിൽ അധികപേരും പരിവർത്തിതരായ താണ ജാതിക്കാരാണ്. സമരത്തിന് ഹിന്ദുമതത്തിൽ ഗത്യന്തരമില്ലാത്തതുകൊണ്ടും മത മേലാളന്മാരായ ജന്മിത്തമ്പുരാക്കന്മാർ തങ്ങളെ നിരന്തരം ചൂഷണം ചെയ്തതുകൊണ്ടുമാണ് അവർ ഇസ്ലാമിൽ അഭയം തേടിയത്. ഈ പരിവർത്തനങ്ങൾ മലബാർ കലാപകാലത്ത് മാത്രം നടന്നതല്ല. ഇസ്ലാം മതം മലബാറിൽ വന്നേടം മുതൽ തുടങ്ങിയതാണ്. ജന്മിമാരും ബ്രാഹ്മണരും ജാതീയതയുടെ പേരിൽ ഭൂരിപക്ഷം ജനതയെ നിർബന്ധിച്ച് മാറ്റി നിർത്തിയപ്പോഴാണ് സ്വാതന്ത്ര്യത്തിനുവേണ്ടി ഈ ജനം ഇസ്ലാം സ്വീകരിച്ചത്. അവരെ സംബന്ധിച്ചിടത്തോളം അത് സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനമായിരുന്നു. ഈ പരിവർത്തനത്തിന് അവർ നിർബന്ധിതരാവുകയായിരുന്നു. അല്ലാതെ, മറ്റാരും അവരെ നിർബന്ധിച്ചതല്ല. ജന്മിയുടെ മുന്നിൽ എല്ലാം അടിയറെവച്ച് പഞ്ചപുച്ഛമടക്കി ജീവിതം തള്ളേണ്ടി വന്ന അടിയാളന് സമരാവേശം നൽകിയത് മതപരിവർത്തനം തന്നെയാണ്. ഇതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ജന്മിമാരെയോ അതോ മുസ്ലിംകളെയോ? മരച്ചുവട്ടിലെ കുഴിയിലൊഴിച്ചുകൊടുത്തത് കരിക്കാടി പട്ടിയെപോലെ മോന്തിക്കുടിക്കാൻ നിർബന്ധിക്കപ്പെട്ട അടിയാളന് ജീവിക്കാൻ എന്തവകാശമാണുണ്ടായിരുന്നത്?
ഏത് ഹിന്ദു മതം?
ഹിന്ദുമതത്തെ വെടക്കാക്കി തനിക്കാക്കി ജനങ്ങളെ ചൂഷണം ചെയ്ത ജന്മിമാരോട് സമരംചെയ്തത് ഹൈന്ദവ ധർമത്തിെൻറ കൂടി വീണ്ടെടുപ്പിനായിരുന്നു. അല്ലെങ്കിൽ, വിവേകാനന്ദ സ്വാമിയോട് ചോദിക്കുക, മലബാറിൽ അദ്ദേഹം അനുഭവിച്ച ഹിന്ദുമതം എങ്ങനെയെന്ന്? ചൂഷകർക്കെതിരെ സമരം വരുമ്പോൾ അവർ നാടുവിട്ടോടി പോയെന്നിരിക്കും. ഈ ചൂഷകർക്ക് വേണ്ടിയാണ് കുമ്മനവും കൂട്ടരും സംസാരിക്കുന്നത്. മർദിതരായ ജനങ്ങൾക്കൊപ്പമല്ല ഈ പാർട്ടി എന്നതിന് വേറെന്ത് തെളിവാണ് വേണ്ടത്? താണ ജാതിക്കാരുടെ കദനം കേൾക്കാതെ ഭൂരിപക്ഷ സമുദായത്തിെൻറ കാര്യം പറയുന്നവർ ഏത് ഹിന്ദു മതത്തെയാണ് അംഗീകരിക്കുന്നത്? ചൂഷകർ പലരും ലഹളക്കാരുടെ കൊള്ള ഭയന്ന് നാടുവിട്ടിരിക്കാം. അതേസമയം, ചൂഷണത്തെ എതിർത്തത് ഹിന്ദുക്കളും മുസ്ലിംകളും കൈകോർത്തുകൊണ്ടല്ലേ? ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും നാരായണ മേനോനും ഗോപാല മേനോനും മാധവൻ നായരും ഗോവിന്ദൻ നായരുമൊക്കെ ഹിന്ദുക്കളല്ല എന്ന് കുമ്മനവും കൂട്ടരും പറയുമോ? ചൂഷകരിൽ ജന്മികളായ മുസ്ലിംകളുമുണ്ടായിരുന്നു. അതുപോലെ, ബ്രിട്ടീഷുകാരുടെ പാദസേവകരായ ഹിന്ദു മുസ്ലിം ഉദ്യോഗസ്ഥരുണ്ടായിരുന്നു. ആനക്കയം ചേക്കുട്ടി മുതൽ നൂറിലധികം മാപ്പിളമാരെ സമര നേതാവ് കുഞ്ഞഹമ്മദ് ഹാജിയും സൈന്യവും വധിച്ചിട്ടുണ്ട്. ഇവർ സമരക്കാരെ ഒറ്റിക്കൊടുത്തതിനാലും വെള്ളക്കാരുടെ സിൽബന്തികളായതിനാലുമാണ്. ഇവരെ വെള്ളക്കാർ ബഹാദൂർ പട്ടം കെട്ടി വാഴിച്ചു. കുഞ്ഞഹമ്മദ് ഹാജിയെ പിടിക്കാൻ ചട്ടംകെട്ടിയതും അദ്ദേഹത്തിെൻറ മൃതശരീരം ചുട്ടുകരിക്കാൻ നേതൃത്വം നൽകിയതും ആമു എന്ന മുസൽമാനായിരുന്നു. കുഞ്ഞഹമ്മദ് ഹാജിയെ വനത്തിൽചെന്ന് ബ്രിട്ടീഷുദ്യോഗസ്ഥന്മാർക്ക് കാണിച്ചുകൊടുത്തത് മുസൽമാനാണ്. സമരഭടന്മാർക്ക് തോക്കും കത്തിയും വാളും നിർമിച്ചുകൊടുത്തത് കാപ്പിലെയും മേലാറ്റൂരിലെയും കരുവാരകുണ്ടിലേയും ഹിന്ദുക്കളായ കരുവാന്മാരാണ്. അവിടെയാക്കെ കുമ്മനം പറയുന്ന ഭൂരിപക്ഷ സമുദായം എവിടെയാണ്?
എങ്ങനെയാണ് ഈ സമരത്തെ ഹിന്ദു^ മുസ്ലിം കലാപം എന്ന് വിളിക്കുക? ബ്രിട്ടീഷുകാരെ പേടിച്ച് കോൺഗ്രസും മുസ്ലിം ലീഗും ഈ കലാപത്തെപറ്റി മിണ്ടിയില്ല; അത് സ്വാതന്ത്ര്യ സമരമാണെന്ന് നേരെ ചൊവ്വേ പറയാനും തയാറായില്ല. മാത്രമല്ല; ബ്രിട്ടീഷുകാരുടെ ഭാഷ്യം കോൺഗ്രസുകാരിൽ ചിലർ ഏറ്റുപിടിക്കുകയും ചെയ്തു. ചൂഷകരായ ബ്രിട്ടീഷുകാർക്കും ജന്മിമാർക്കുമെതിരെ ചൂഷിതരായ കർഷകരും താണ ജാതിക്കാരും നടത്തിയ സമരമാണ് മലബാറിലെ കലാപം. കലാപത്തിലെ പാവപ്പെട്ടവരുടെ സാന്നിധ്യം അതാണ് അർഥമാക്കുന്നതും. കലാപം ബ്രിട്ടീഷുകാർക്കെതിരെ ആയതുകൊണ്ട്് അതിനെ സ്വാതന്ത്ര്യ സമരം എന്ന് വിളിക്കുന്നു. ചൂഷകരും അവരുടെ സഹായികളായ ബ്രിട്ടീഷുകാരും ചേർന്ന് അതിനെ ഭൂരിപക്ഷ സമുദായത്തിനെതിരായ കലാപം എന്ന് വിളിച്ചു. ചിലരതിനെ മാപ്പിള കലാപം എന്ന് വിളിച്ചു. എങ്ങനെ വിളിച്ചാലും അത് മർദിതരുടെ കൂട്ടായ്മ സംഘടിപ്പിച്ച മർദകർക്കെതിരെയുള്ള സമരമാണ്. ഹിന്ദുമതം ജന്മിയുടെ കൂടെ നിന്നപ്പോൾ ഇസ്ലാം മർദിതരോടൊപ്പം ചേർന്നു. ഹിന്ദുമതമോ ഇസ്ലാമോ സ്വദേശി വിദേശീ പ്രശ്നം ഉന്നയിക്കുന്നില്ല. ധർമാധർമങ്ങളെ കുറിച്ചാണ് ഈ മതങ്ങൾ സംസാരിക്കുന്നത്. വിദേശികളൊക്കെ നിതാന്ത ശത്രുക്കളാണെന്ന് ഈ മതങ്ങൾ പറയുന്നില്ല. ചൂഷണം സ്വദേശിചെയ്താലും വിദേശിചെയ്താലും വ്യത്യാസങ്ങളൊന്നുമല്ലെന്നാണ് മതങ്ങൾ പറയുന്നത്. കോഴിക്കോട്ടെ തീരദേശത്ത് മുസ്ലിംകൾ ബ്രിട്ടീഷുകാരോടൊപ്പമായിരുന്നു. അവിടെ ബ്രിട്ടീഷുകാരുടെ സാന്നിധ്യത്തിൽ വ്യാപാരവും സാമ്പത്തിക ഇടപാടുകളും മതസ്വാതന്ത്ര്യവും ജനങ്ങൾക്ക് ഗുണം ചെയ്തു. അതിനാൽ, സംഘർഷമുണ്ടായില്ല. എന്നാൽ, ദേശീയത വന്നപ്പോൾ മാത്രമാണ് രാജ്യമൊട്ടുക്കും ബ്രിട്ടീഷുകാരുടെ മേൽ ശത്രുതയുടെ മുദ്ര ചാർത്തുന്നത്.
സമരം അന്താരാഷ്ട്രതലത്തിൽ
മലബാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമായി ദേശീയ ചരിത്രകാരന്മാർ അംഗീകരിച്ചതാണ്. ജന്മി^ബ്രിട്ടീഷ് കൂട്ടുകെട്ട് കർഷകരുടെ മേൽ നടത്തിയ ചൂഷണങ്ങൾക്കെതിരെയുള്ള മലബാർ സമരത്തിൽ ശാസ്ത്രീയ ചരിത്രകാരന്മാരും മർദിതരുടെ പക്ഷത്തുനിന്ന് സമരത്തെ വിലയിരുത്തുന്നു. സമരത്തിെൻറ നൂറാം വാർഷികം ആചരിക്കാൻ ലോകം തയാറെടുക്കുകയാണ്. രാജ്യത്തെമ്പാടും ബ്രിട്ടീഷുകാർക്കെതിരായി കർഷകരുടെയും മർദിതരുടേയും സമരങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ഡൽഹിക്ക് ചുറ്റുമുള്ളവ മാത്രമാണ് നമ്മുടെ അക്കാദമിക ചരിത്രത്തിലും മറ്റും സ്ഥാനംപിടിച്ചത്. അങ്ങനെയാണ് ഒന്നാം സ്വാതന്ത്ര്യ സമരവും യു.പിയിലും മറ്റും നടന്ന ചില കലാപങ്ങളും മാത്രം അക്കാദമിക ചരിത്രത്തിൽ സ്ഥാനംപിടിച്ചത്. അവർക്ക് മഹാരാഷ്ട്രയിലും ബംഗാളിലും മലബാറിലും തിരുവിതാംകൂറിലുമൊക്കെ നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾ വിഷയീഭവിച്ചില്ല. ഈ മനോഭാവത്തിന് ഇപ്പോൾ മാറ്റം വന്നു തുടങ്ങി. ചരിത്രപഠനത്തിന് ശാസ്ത്രീയമായ രീതിശാസ്ത്രം വന്നതോടെ സ്വാതന്ത്ര്യസമരത്തിെൻറ തലം വിശാലമായി. രാജ്യത്തിെൻറ മുക്കിലും മൂലയിലും നടന്ന കോളനിവിരുദ്ധ കലാപങ്ങൾ ഏതാണ്ട് സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായിരിക്കുന്നു. കീഴാളരുടെയും കർഷകരുടെയും കലാപമെന്ന നിലക്ക് അന്താരാഷ്ട്ര തലത്തിലും മലബാർ സമരം ചർച്ച ചെയ്യപ്പെടുന്നു. യൂറോപ്പിലെയും അമേരിക്കയിലേയും സർവകലാശാലകളിലും ഗവേഷകർ മലബാർ സമരത്തെ നാനാവിധേന വിലയിരുത്തുന്നു. ഈ ചരിത്രകാരന്മാരൊന്നും അതിനെ സാമുദായികമെന്നുപറഞ്ഞ് തള്ളുന്നില്ല. അതേസമയം, ഇസ്ലാമിെൻറ സമസൃഷ്ടി ഭാവനയും വിമോചന ശാസ്ത്രവും സമരത്തിന് പ്രചോദനമായി എന്നതും അംഗീകരിക്കുന്നു. മന്ദബുദ്ധികൊണ്ട് ചിന്തിക്കുന്ന ചിലർക്ക് മാത്രമാണ് മലബാർ സമരം സാമുദായികമാവുന്നത്. ഇവർക്ക് ബ്രിട്ടീഷുകാരുടെ ബയണറ്റുകൾക്ക് മുന്നിൽ പിടഞ്ഞുമരിച്ച ദേശാഭിമാനികളോട് ഒരു സ്നേഹവുമില്ല. രക്തസാക്ഷികളുടെ തുണി പൊക്കിനോക്കിയിട്ടു വേണം ഇവർ ദേശാഭിമാനിയോ എന്ന് നിശ്ചയിക്കേണ്ടത്. ഈ പരിശോധകർ എന്നാണ് രാജ്യസ്നേഹികളായത്? രാജ്യത്തിനുവേണ്ടി ഇവരിലെത്രപേർ രക്തമൊഴുക്കിയിട്ടുണ്ട്? രാജ്യസ്നേഹത്തിെൻറ മൂടുപടമിട്ട് രാഷ്ട്രപിതാവിെൻറ ഘാതകൻ ഗോദ്സെയുടെ പ്രതിമക്ക് മുന്നിൽ നമിക്കുന്നവർക്ക് എന്തും വിളിച്ചുപറയാം. ഇവർ ഗാന്ധി പ്രതിമയുടെ മുന്നിൽ കൈ കൂപ്പുമ്പോഴും മനസ്സിൽ പ്രതിഷ്ഠിക്കുന്നത് ഗോദ്സെയെ തന്നെയാണ്. രാജ്യത്തിനും മർദിതർക്കുംവേണ്ടി ജീവൻ തൃണവൽഗണിച്ച മഹാമാനുഷരുടെ കരളെടുത്ത് ചവച്ചുതുപ്പരുതേ എന്നൊരപേക്ഷ മാത്രമാണ് ഇവരോടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.