‘‘രാഷ്ട്രീയമെന്നാൽ കുഴപ്പങ്ങൾ അന്വേഷിക്കുക എന്ന കലയാണ്- എല്ലായിടത്തും തകരാറുകൾ കണ്ടെത്തുക; അവയെ തെറ്റായി നിർണയിക്കുക; അബദ്ധപൂർണമായ പ്രതിവിധി പ്രയോഗിക്കുക- ഇതാണ് രാഷ്ട്രീയം’’ -അമേരിക്കൻ കൊമേഡിയനായ ഗ്രൗച്ചോ മാർക്സ് രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ടു പറഞ്ഞത് ഇങ്ങനെയാണ്. ഇത്തരം നിഷേധാത്മക രാഷ്ട്രീയം ഇന്ന് ലോകം മുഴുവൻ നാട്ടുനടപ്പായി മാറിയിരിക്കുന്നു. ഈ നിഷേധാത്മക രാഷ്ട്രീയത്തിെൻറ കൈയിലെ ഏറ്റവും മാരകമായ ആയുധമാണ് വിദ്വേഷഭാഷണം. വംശം, മതം, ലൈംഗികാഭിവിന്യാസം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെയോ സമൂഹത്തേയോ വാചികമായി ആക്രമിക്കുന്നതിനെയാണ് വിദ്വേഷഭാഷണം എന്ന് പറയുന്നത്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്താൻ കുടിയേറ്റക്കാർക്കും വംശീയ ന്യൂനപക്ഷങ്ങൾക്കും എതിരെ ഒളിഞ്ഞും തെളിഞ്ഞും വിദ്വേഷഭാഷണം നടത്തി. ജർമനിയിൽ അൾട്ടർനേറ്റിവ് ഫോർ ജർമനി പാർട്ടിയും ഹംഗറിയിൽ ഈയിടെ പ്രധാനമന്ത്രി വിക്റ്റർ ഓർബനും തെരഞ്ഞെടുപ്പ് വിജയത്തിന് പ്രയോഗിച്ച തന്ത്രം കുടിയേറ്റക്കാർക്കും മുസ്ലിംകൾക്കും എതിരായ വിദ്വേഷ ഭാഷണംതന്നെയായിരുന്നു. ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികൾ, വംശീയ -മത ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ ഭാഷണത്തിെൻറ പരകോടിയിൽ എത്തിയിരിക്കുന്നു.
ഏതൊരു സാമൂഹികവ്യാധിയെയും ചികിത്സിക്കാനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ മാർഗം അതിനെ നിയമം വഴി നിരോധിച്ച് ശിക്ഷാർഹമാക്കുക എന്നതാണ്. ഓൺലൈൻ വഴിയുള്ള വിദ്വേഷഭാഷണം നിരോധിക്കുന്നതിന് ഒരു കരട് നിയമം ഡ്രാഫ്റ്റ് ചെയ്യാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് ഈയിടെ ദേശീയ നിയമ കമീഷനോട് ആവശ്യപ്പെടുകയുണ്ടായി. മുൻ ലോക്സഭ സെക്രട്ടറി ജനറൽ ടി.കെ. വിശ്വനാഥൻ അധ്യക്ഷനായ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണിത്. 2015ൽ സുപ്രീംകോടതി ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിെൻറ 66 എ വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ചതോടെ, ഓൺലൈൻ വിദ്വേഷഭാഷണത്തെ നിയന്ത്രിക്കാൻ നിയമമില്ലാത്ത സാഹചര്യം ഉണ്ടായിരുന്നു. 2014ൽ പ്രവാസി ഭലായ് സംഘതൻ x യൂനിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി, വിദ്വേഷഭാഷണത്തെ നിർവചിക്കാനും അതിനെ നിയന്ത്രിക്കാനുള്ള നിയമം രൂപപ്പെടുത്താനും നിയമ കമീഷനോട് ആവശ്യപ്പെട്ടിരുന്നു.
വിദ്വേഷഭാഷണം കുറ്റകരമാക്കിയാൽ അത് സ്വതന്ത്രഭാഷണം എന്ന മൗലികാവകാശത്തെ ഹനിക്കാൻ ഇടവരുത്തുമോ എന്ന ന്യായമായ ആശങ്ക സുപ്രീംകോടതി അപ്പോൾതന്നെ പ്രകടിപ്പിക്കുകയുണ്ടായി. ഭരണഘടനയുടെ അനുച്ഛേദം 19 (2) പ്രകാരം, സ്വതന്ത്രഭാഷണം എന്ന മൗലികാവകാശത്തെ പൊതുക്രമം (പബ്ലിക് ഓർഡർ) സംരക്ഷിക്കാനും കുറ്റകൃത്യങ്ങൾക്കുള്ള പ്രേരണ തടയാനും വേണ്ടി, പരിമിതപ്പെടുത്താൻ സ്റ്റേറ്റിന് സാധിക്കും. എന്നാൽ, വിദ്വേഷഭാഷണം, സ്വതന്ത്രഭാഷണം എന്ന മൗലികാവകാശത്തെ പരിമിതപ്പെടുത്താനുള്ള ഒരു ഹേതുവായി അനുച്ഛേദം 19 (2)ൽ പറയുന്നില്ല. വിദ്വേഷഭാഷണം സൃഷ്ടിക്കുന്ന സാമൂഹികക്രമഭംഗം, വ്യക്തവും ആസന്നവുമായാൽ മാത്രമേ അതിനെ നിയമംമൂലം തടയേണ്ടതുള്ളൂ എന്നാണ് സുപ്രീംകോടതി രമേശ് x യൂനിയൻ ഓഫ് ഇന്ത്യ (1988) കേസിൽ വിധിച്ചത്.
അന്താരാഷ്ട്ര നിയമങ്ങൾ
ഇൻറർനാഷനൽ കൺവെൻഷൻ ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സിെൻറ അനുച്ഛേദം 20 (2) പ്രകാരം വിവേചനത്തിനോ ശത്രുതക്കോ അക്രമത്തിനോ പ്രേരിപ്പിക്കുന്ന ദേശീയമോ വംശീയമോ മതപരമോ ആയ വിദ്വേഷഭാഷണം നിയമവിരുദ്ധമാണ്. യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് അനുസരിച്ചും വിദ്വേഷഭാഷണം നിയമവിരുദ്ധമാണ്. അന്തോണി നോർവുഡ് x യുനൈറ്റഡ് കിങ്ഡം (2004) കേസിൽ ‘ഇസ്ലാം ബ്രിട്ടനു പുറത്ത്’ എന്ന പോസ്റ്റർ പതിച്ചത് വിദ്വേഷഭാഷണമാണ് എന്ന് യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് വിധിക്കുകയുണ്ടായി. ഡെൽഫി x എസ്തോണിയ കേസിൽ ഇൻറർനെറ്റ് വഴി വിദ്വേഷഭാഷണം നടത്തുന്നത് നിയമവിരുദ്ധമെന്ന് ഇതേ കോടതി കണ്ടെത്തിയിരുന്നു.
അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി അനുസരിച്ച് എല്ലാ പൗരന്മാർക്കും സ്വതന്ത്രഭാഷണാവകാശവും പത്രസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, ബ്യൂഹാർണൈസ് x സ്റ്റേറ്റ് ഓഫ് ഇലനോയ് (1952) കേസിൽ അമേരിക്കൻ സുപ്രീംകോടതി, വൈറ്റ് സർക്കിൾ ലീഗ് എന്ന വർണവെറിയൻ സംഘടനയുടെ നേതാവിനെ കറുത്തവർഗക്കാർെക്കതിരെ വിദ്വേഷഭാഷണം നടത്തിയതിനു ശിക്ഷിക്കുകയുണ്ടായി. സ്വതന്ത്രഭാഷണത്തിനുള്ള അവകാശം, വിദ്വേഷഭാഷണത്തിനുള്ള അവകാശം നൽകുന്നില്ല എന്ന് കോടതി വിധിച്ചു. എന്നാൽ, ബ്രാൻഡിൻബർഗ് x ഒഹായോ (1969) കേസിൽ കുക്ലസ്ക്ലാൻ എന്ന വംശീയവാദി സംഘടന നടത്തിയ വംശീയ വിദ്വേഷഭാഷണത്തെ പരിശോധിച്ച അമേരിക്കൻ സുപ്രീംകോടതി, ആസന്നവും വ്യക്തവുമായ സാമൂഹിക ക്രമഭംഗത്തിന് സാധ്യതയുണ്ടെങ്കിൽ മാത്രമേ വിദ്വേഷഭാഷണത്തെ നിയമപരമായി തടയേണ്ടതുള്ളൂ എന്നും വിധിച്ചിരുന്നു.
1898ൽ ഇന്ത്യൻ പീനൽ കോഡിൽ 153 എ എന്ന വകുപ്പ് കൂട്ടിച്ചേർക്കുകയുണ്ടായി. അതുപ്രകാരം വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നത് ശിക്ഷാർഹമായി. എന്നാൽ, ഈ ബിൽ, ഇംപീരിയൽ ലെജിസ്ലേറ്റിവ് കൗൺസിലിൽ അവതരിപ്പിച്ചപ്പോൾതന്നെ അത്തരം നിയമം സ്വതന്ത്ര സംവാദത്തെ പരിമിതപ്പെടുത്തുമെന്നും സാമൂഹിക പരിഷ്കരണ ശ്രമങ്ങൾക്ക് തടയിടുമെന്നും ഇന്ത്യൻ അംഗമായ റഹ്മത്തുല്ല സയാനി അഭിപ്രായപ്പെട്ടിരുന്നു. 1927ൽ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ‘രംഗീല റസൂൽ’ എന്ന കൃതി വിവാദമായപ്പോൾ അത് നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ലാഹോർ ഹൈകോടതിയിൽ ഹരജി സമർപ്പിക്കുകയുണ്ടായി. എന്നാൽ, ഹരജി തള്ളുകയാണുണ്ടായത്. ഇതേ തുടർന്ന് ഐ.പി.സിയിൽ 295 എ എന്ന ഒരു വകുപ്പ് കൂട്ടിച്ചേർത്തു. അതുപ്രകാരം മതവികാരം വ്രണപ്പെടുത്തുന്നത് കുറ്റകരമാക്കി. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് 1955, എസ്.ടി & എസ്.ടി (പ്രൊവൻഷൻ ഓഫ് അട്രോസിറ്റീസ്) ആക്ട് 1989, റെപ്രസെേൻറഷൻ ഓഫ് പീപ്ൾ ആക്ട് 1951, റിലീജ്യസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രൊവൻഷൻ ഓഫ് മിസ്-യൂസ്) ആക്ട് 1988 എന്നിവയും വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ വെറുപ്പ് വളർത്തുന്നത് ശിക്ഷാർഹമാക്കുന്നുണ്ട്. എന്നാൽ, വിദ്വേഷഭാഷണത്തെ സമഗ്രമായി നിർവചിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരു നിയമം ഇപ്പോൾ ഇല്ല.
ലോ കമീഷൻ
ലോ കമീഷൻ ഓഫ് ഇന്ത്യ 267ാമത് റിപ്പോർട്ടിൽ (2017) വിദ്വേഷഭാഷണത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുകയുണ്ടായി. വിദ്വേഷഭാഷണത്തെ ശിക്ഷാർഹമാക്കാൻ ക്രിമിനൽ ലോ (അമെൻഡ്മെൻറ് ബിൽ) 2017 എന്ന കരട് നിയമം കമീഷൻ മുന്നോട്ടുവെച്ചു. വെറുപ്പ് പ്രചരിപ്പിക്കുന്നത് തടയാനായി 153 സി വകുപ്പും ഭയം ജനിപ്പിക്കുന്നതും അക്രമത്തിനു പ്രകോപിപ്പിക്കുന്നതും തടയാൻ 505 എ വകുപ്പും ഇന്ത്യൻ പീനൽ കോഡിൽ ഉൾപ്പെടുത്താൻ കമീഷൻ നിർദേശിച്ചു.
ഈ സാഹചര്യത്തിൽ ന്യൂയോർക് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിലെ അധ്യാപകൻ ജെറെമി വാൽഡ്രൺ ‘ദി ഹാം ഇൻ ഹേറ്റ് സ്പീച്ച്’ (2012) എന്ന കൃതിയിൽ മുന്നോട്ടുവെച്ച ആശയങ്ങൾ പ്രസക്തമാകുന്നു. വിദ്വേഷ ഭാഷണത്തെ അദ്ദേഹം നിർവചിക്കുന്നത് ഇങ്ങനെയാണ്: ‘‘മുറിവേൽപിക്കപ്പെടാൻ ഏറെ സാധ്യതയുള്ള ന്യൂനപക്ഷങ്ങൾക്ക് എതിരെ വെറുപ്പ് സൃഷ്ടിക്കാനായി മനഃപൂർവം ഉപയോഗിക്കപ്പെടുന്ന അധിക്ഷേപ വാക്ക്, ഭീഷണി, അപമാനിക്കൽ, നിന്ദിക്കൽ എന്നിവയാണ് വിദ്വേഷഭാഷണം.’’ ന്യൂനപക്ഷങ്ങൾ, ശക്തമായ ഭൂരിപക്ഷത്തിനെതിരെ നടത്തുന്ന അധിക്ഷേപം വിദ്വേഷഭാഷണത്തിെൻറ പരിധിയിൽ വരില്ല. മുറിവേൽപിക്കപ്പെടാൻ സാധ്യതയില്ലാത്ത ന്യൂനപക്ഷങ്ങൾ വിദ്വേഷഭാഷണത്തിെൻറ ഇരകളുമാകില്ല. മുറിവേൽപിക്കപ്പെടാൻ സാധ്യതയുള്ള ന്യൂനപക്ഷങ്ങളുടെ അന്തസ്സ് സംരക്ഷിക്കുക എന്നതാവണം വിദ്വേഷഭാഷണ നിരോധനത്തിെൻറ ലക്ഷ്യം. ഇത്തരം ന്യൂനപക്ഷങ്ങൾ വിദ്വേഷഭാഷണത്തിന് ഇരയാകുമ്പോൾ വലിയ മാനസികാഘാതം അവരിൽ ഉണ്ടാകുന്നു. അവരുടെ സാമൂഹിക അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ദൈവദൂഷണം എന്ന കുറ്റത്തെ വിദ്വേഷഭാഷണം എന്ന കുറ്റത്തിൽ വ്യതിരിക്തമായി കാണണം എന്നും വാൽഡ്രൺ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യയിൽ വിദ്വേഷഭാഷണത്തിനെതിരെ നിയമനിർമാണം നടത്തുമ്പോൾ ജെറെമി വാൽഡ്രൺ ചൂണ്ടിക്കാട്ടിയ വസ്തുതകളും ആശയങ്ങളും സുപ്രീംകോടതിയുടെ മേൽ സൂചിപ്പിച്ച അഭിപ്രായവും ഏറെ സംഗതമാണ്; അവ തീർച്ചയായും സഗൗരവം പരിഗണിക്കപ്പെടേണ്ടതുണ്ട്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.