ലോ അക്കാദമിയില്‍ നിയമത്തിനു പുല്ലുവില

1967ലാണ് തിരുവനന്തപുരത്ത്  സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ  കേരള ലോ അക്കാദമി സ്ഥാപിക്കപ്പെട്ടത്. പേരൂര്‍ക്കടയില്‍ സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ 11 ഏക്കര്‍ 49 സെന്‍റ് സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ച കേരള ലോ അക്കാദമിക്ക് അരനൂറ്റാണ്ട് തികയുകയാണ്. ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിന്‍െറ അംഗീകാരവും കേരള സര്‍വകലാശാലയുടെ അഫിലിയേഷനുമുള്ള ലോ അക്കാദമിയില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് അലോസരപ്പെടുത്തുന്ന വാര്‍ത്തകള്‍. കാമ്പസിലും ഹോസ്റ്റലിലും തിരഞ്ഞുപിടിച്ച് വേട്ടയാടപ്പെടുന്ന വിദ്യാര്‍ഥികള്‍,  പ്രിന്‍സിപ്പലിന്‍െറ ഫാസ്റ്റ് ഫുഡ് ഹോട്ടലില്‍ കൂലിയില്ലാ ജോലിചെയ്യാന്‍ വിധിക്കപ്പെടുന്ന നിയമവിദ്യാര്‍ഥികള്‍, ജാതിയുടെയും മതത്തിന്‍െറയും പേരില്‍ നിരന്തരം അപമാനിക്കപ്പെടുന്ന പഠിതാക്കള്‍, സഹപാഠികളെ ചേര്‍ത്ത് മാനേജ്മെന്‍റ് പടച്ചുവിടുന്ന ലൈംഗികാരോപണങ്ങളില്‍   ആഴത്തില്‍ മുറിവേല്‍ക്കുന്ന വിദ്യാര്‍ഥിനി സമൂഹം, പരീക്ഷയില്‍ ഉന്നത വിജയം നേടിയാലും പ്രതികാര നടപടികളുടെ ഭാഗമായി വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി തോറ്റു പഠിക്കാന്‍ വിധിക്കപ്പെടുന്നവര്‍... പുറത്തുവരുന്ന വാര്‍ത്തകള്‍ ഇങ്ങനെ നിരവധി...

ഏകാധിപത്യ ഭരണത്തിനെതിരെ   സഹനത്തിന്‍െറ നെല്ലിപ്പലക കടന്ന് വിദ്യാര്‍ഥികള്‍ സമരപാതയിലാണ്. പ്രിന്‍സിപ്പലിന്‍െറ വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ക്കെതിരെ   എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ്  എന്നീ സംഘടനകളാണ് സമരത്തിലുള്ളത്. ഇന്‍േറണല്‍ മാര്‍ക്കിന്‍െറ പേരിലും ഹാജറിന്‍െറ പേരിലും തങ്ങളുടെ  ഭാവി അനിശ്ചിതത്വത്തിലാക്കാന്‍  പ്രിന്‍സിപ്പലിന് ഒട്ടും മടിയില്ളെന്ന് വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥികളുടെ പ്രാപ്തിയും പ്രായോഗികക്ഷമതയും പഠനനിലവാരവും ഉയര്‍ത്താനും അളക്കാനുമുള്ള അധികൃതരുടെ ഉപാധിയെന്നാണ് ഇന്‍േറണല്‍ മാര്‍ക്ക് പൊതുവെ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്.  സെമിനാര്‍ പ്രസന്‍േറഷന്‍, അസൈന്‍മെന്‍റ്, ഹാജര്‍, ക്ളാസ് ടെസ്റ്റ് അഥവാ ടെസ്റ്റ് പേപ്പര്‍ എന്നീ ഇനങ്ങളില്‍ ഓരോന്നിനും പരമാവധി അഞ്ചു മാര്‍ക്ക് വീതമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക.

അവസാന മൂന്നു സെമസ്റ്ററുകളില്‍ ഓരോ സെമസ്റ്ററുകള്‍ക്കും നൂറു മാര്‍ക്ക് വീതം മുന്നൂറ് മാര്‍ക്കും ഈ ഇനത്തില്‍ പഠിതാക്കള്‍ക്ക് മിടുക്കും കഴിവുമുപയോഗിച്ച് നേടാനാകും. സ്ഥാപനം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇന്‍േറണല്‍ മാര്‍ക്ക് യൂനിവേഴ്സിറ്റി പരീക്ഷക്ക് നിര്‍ണായകഘടകമാണ്. പരീക്ഷയെഴുതി നേടുന്നവക്കൊപ്പം  ഇന്‍േറണല്‍ മാര്‍ക്കുകൂടി കൂട്ടുമ്പോഴാണ് ഒരു വിദ്യാര്‍ഥിയുടെ  മാര്‍ക്ക് പൂര്‍ണമാവുക. എന്നാല്‍, അക്കാദമിയില്‍ ഇത്തരം മാനദണ്ഡങ്ങളൊന്നും തെല്ലും ബാധകമല്ല. വര്‍ഷത്തില്‍ ഒരുദിവസം പോലും ക്ളാസില്‍ കയറാത്തവരും അസൈന്‍മെന്‍റ് ചെയ്യാത്തവരുമൊക്കെയാണ് കൂടുതല്‍  ഇന്‍േറണല്‍ മാര്‍ക്കിന്‍െറ ഉടമകള്‍. ‘മേം’ കനിഞ്ഞുനല്‍കുന്ന പ്രതിഫലമെന്നാണ് ഇവിടെ  ഇന്‍േറണല്‍ മാര്‍ക്കിന്‍െറ നിര്‍വചനം. ഇതുസംബന്ധിച്ച് പലപ്പോഴും വിവാദങ്ങള്‍ ഉയര്‍ന്നിട്ടുള്ള അക്കാദമിയില്‍  നാളിതുവരെ ഒരു വിദ്യാര്‍ഥി സംഘടനക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ളെന്നത് വേറെ കാര്യം.

 

ഇതിനുപുറമേയാണ് അക്കാദമിയിലെ വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ പതിച്ച് കോളങ്ങള്‍ വരച്ചുചേര്‍ത്ത് പ്രിന്‍സിപ്പല്‍ സ്വകാര്യമായി സൂക്ഷിക്കുന്ന രഹസ്യ രജിസ്റ്റര്‍. കാമ്പസില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വസ്ത്രം ധരിച്ചത്തെിയാല്‍, സഹപാഠിയായ എതിര്‍ലിംഗക്കാരുമായി സംസാരിച്ചാല്‍, ഹോസ്റ്റലില്‍ വിളമ്പുന്ന പഴകിയ ആഹാരത്തില്‍ പ്രതിഷേധിച്ചാല്‍  തുടങ്ങി  എന്തു സംഭവമുണ്ടായാലും രജിസ്റ്ററില്‍ അതിനു കാരണക്കാരായ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പതിച്ച പേജുകള്‍ തുറക്കപ്പെടുകയും കോളങ്ങളില്‍ സംഖ്യകള്‍ എഴുതപ്പെടുകയും ചെയ്യും.

ഓരോ സെമസ്റ്റര്‍ അന്ത്യത്തിലും രജിസ്റ്ററിലെ ആകത്തെുകയാവും അടുത്ത സെമസ്റ്ററിലേക്കുള്ള  വാതില്‍ തുറക്കുക. പരീക്ഷകള്‍ ജയിക്കാന്‍ മതിയായ മാര്‍ക്കുകള്‍ വാങ്ങിയാലും രജിസ്റ്ററിലെ അക്കങ്ങള്‍ സഹായിച്ചില്ളെങ്കില്‍ ‘ഇയര്‍ഒൗട്ടാ’കും.  വീണ്ടും പഴയ ക്ളാസില്‍ത്തന്നെ  പഠിക്കാനാവും വിധി.  കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 21 വിദ്യാര്‍ഥികളാണ് ലോ അക്കാദമിയില്‍ ഇയര്‍ഒൗട്ടാകുന്നത്. പ്രിന്‍സിപ്പല്‍ സ്ഥലത്തില്ളെങ്കില്‍ പ്രതിശ്രുത മരുമകളായ വിദ്യാര്‍ഥിനിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതത്രെ.  പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്‍െറ ചുമതല പ്രിന്‍സിപ്പല്‍ ഏല്‍പിച്ചിരിക്കുന്നത് ഈ കുട്ടിയെയാണ്.

കാമ്പസിനോട് ചേര്‍ന്ന് പ്രിന്‍സിപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഹോട്ടലില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ജോലിക്കായി ഉപയോഗിച്ചിരുന്നതായും പലരും ഈ ഹോട്ടലില്‍ പേടിച്ച് ജോലി ചെയ്തിരുന്നതായും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  ഹോട്ടലില്‍ ബിരിയാണി വിളമ്പുക,  മേശ തുടക്കുക തുടങ്ങിയ ജോലികള്‍ ചെയ്യിക്കുന്നതിനുപുറമേ റോഡരികില്‍ ഹോട്ടലിന്‍െറ ‘പ്രമോട്ടറായി’ നിയോഗിക്കാറുണ്ടത്രേ.    ഇന്‍േറണല്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തിലാണ് വിദ്യാര്‍ഥികള്‍ ഇതിന് മുതിരുന്നതും ഇതുവരെ വിവരം പുറത്തുപറയാതിരുന്നതും. ഭാവി മരുമകളുടെ ഇന്‍േറണല്‍ മാര്‍ക്കിന്‍െറ കാര്യത്തിലും പ്രിന്‍സിപ്പല്‍ ഇരട്ടത്താപ്പ് നയം സ്വീകരിച്ചതിന് സര്‍വകലാശാലയില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

സാധാരണയായി മൂട്ട് കോര്‍ട്ട് മത്സരങ്ങള്‍ അക്കാദമി സംഘടിപ്പിക്കാറുണ്ട്. സാങ്കല്‍പികമായി കോടതി സൃഷ്ടിച്ച് കേസുകള്‍ കൈകാര്യം ചെയ്യാന്‍ കുട്ടികളെ മത്സരിപ്പിക്കുന്ന ഒന്നാണ് മൂട്ട് കോര്‍ട്ട്. അഞ്ചുവര്‍ഷത്തെ കോഴ്സിനു ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് മാത്രമേ മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്നാണ് അക്കാദമിനിയമം. എന്നാല്‍, സ്വന്തം മകള്‍ അക്കാദമിയില്‍ പഠിക്കാന്‍ എത്തിയതോടെ മകള്‍ക്കുവേണ്ടി മാത്രമായി ഈ കീഴ്വഴക്കം മാറ്റിയെഴുതപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറയുന്നു.

ആ വര്‍ഷം ലോ അക്കാദമിയെ പ്രതിനിധാനംചെയ്ത് ഇന്‍റര്‍നാഷനല്‍ മൂട്ട്കോര്‍ട്ട് മത്സരത്തില്‍ പങ്കെടുത്തതും പ്രിന്‍സിപ്പലിന്‍െറ മകളായിരുന്നു.  സഹപാഠികളായ ആണ്‍കുട്ടികളുമായി ചേര്‍ത്ത് പ്രിന്‍സിപ്പല്‍ പടച്ചുവിടുന്ന ആരോപണങ്ങളെക്കുറിച്ച്   വിദ്യാര്‍ഥിനികള്‍ തന്നെ തുറന്നുപറയുന്നുണ്ട്.
(തുടരും)

Tags:    
News Summary - law has no value in law accadami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT