രാജ്യദ്രോഹ നിയമങ്ങള്‍: ചരിത്രവും വര്‍ത്തമാനവും

രാഷ്ട്രത്തിന്‍െറ സ്ഥായിയായ നിലനില്‍പിന് ‘ദേശസുരക്ഷ’ എന്ന വൈകാരിക പരിസരത്തു നിന്നുകൊണ്ടുതന്നെയാണ്, തീവ്രവാദം, ‘ദേശീയത, ദേശസ്നേഹം തുടങ്ങിയ പരികല്‍പനകളെ പോസ്റ്റ് കൊളോണിയല്‍ ഇന്ത്യന്‍ സ്റ്റേറ്റ് കൈകാര്യം ചെയ്യുന്നത്. അധിനിവേശ സാമ്രാജ്യത്വത്തിന്‍െറ ഭരണപരിസരങ്ങളില്‍നിന്ന് ആരംഭിച്ച പ്രക്രിയകളുടെ തുടര്‍ച്ചതന്നെയാണിത്. പൗരന്‍െറ സ്വതന്ത്രബോധത്തേയും രാഷ്ട്രീയമോഹങ്ങളെയും ‘രാജ്യദ്രോഹം’ ‘ഗൂഢാലോചന’ എന്നിങ്ങനെ ചിത്രീകരിച്ച്, അവയുടെ ആര്‍ദ്രഭാവം കെടുത്താന്‍ ബ്രീട്ടിഷ് സാമ്രാജ്യത്വം മാത്രമല്ല ശ്രമിച്ചത്.

വിപ്ളവ ദേശീയവാദികള്‍ എന്ന് നാം ബഹുമാനപൂര്‍വം വിളിക്കുന്ന ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകാരികളെ ‘ രാജ്യദ്രോഹ’ നിയമങ്ങള്‍ ചുമത്തി മെരുക്കാന്‍ ശ്രമിക്കുന്നതും കഴിയാതെ വരുമ്പോള്‍ കഴുമരം കയറ്റുന്നതും തന്നെയായിരുന്നു കൊളോണിയന്‍ സ്റ്റേറ്റിന്‍െറ ചരിത്രം. അവര്‍ക്കെതിരായി ഉപയോഗിക്കപ്പെട്ട ഏറ്റവും വലിയ ഉപകരണമായിരുന്നു സെഡീഷന്‍ ആക്ട് ഓഫ് ഇന്ത്യന്‍ പീനല്‍കോഡ് (1800) എന്ന മര്‍ദന ദണ്ഡ്. ഈ നിയമത്തിലെ സെക്ഷന്‍ 124 A യും 1867 ലെ രജിസ്ട്രേഷന്‍ ബുക്സ് ആക്ടും (1867) ഉപയോഗിച്ച് 19-20 നൂറ്റാണ്ടുകളിലെ ബ്രിട്ടീഷ് വിരുദ്ധ ബോധനിര്‍മാണത്തെ നിരന്തരമായി വേട്ടയാടുന്ന അധിനിവേശ ശക്തിയെ നമുക്ക് കാണാന്‍ സാധിക്കും സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഇന്ത്യയില്‍.

ഈ നിയമങ്ങളില്‍ (Disaffection (നീരസം) എന്ന പദം കൊണ്ടുവരുകയും ഗവണ്‍മെന്‍റിനെതിരെ ‘ നീരസം’ ഉണ്ടാക്കുന്ന ഏതു പ്രവര്‍ത്തനങ്ങളെയും രാജ്യദ്രോഹമായി ചിത്രീകരിക്കാനും പറ്റി. ഗവണ്‍മെന്‍റിനോട് കൂറില്ലാത്തവരെയും ബ്രിട്ടീഷ് ഭരണനയങ്ങളെ വിമര്‍ശിക്കുന്നവരെയും വേട്ടയാടാന്‍ സാമ്രാജ്യത്വ പൊലീസ് സംവിധാനത്തിന് വ്യാപകമായ അധികാരങ്ങള്‍ നല്‍കുന്നതായിരുന്നു ഈ നിയമങ്ങള്‍. തദ്ദേശീയമായ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും മര്‍ദനത്തിന്‍െറ തൂണുകളില്‍ കെട്ടിയിടാനും അനുസരണത്തിന്‍െറ വഴിയെ കൊണ്ടുവരാനും ഈ നിയമങ്ങളെ ഉപയോഗിച്ചു.

അടിച്ചൊതുക്കലിന്‍െറ ഇത്തരമൊരു ‘ നിയമ വ്യവസ്ഥ’ ശക്തമായപ്പോള്‍ സായുധ സമരങ്ങള്‍ മാത്രമാണ് പോംവഴി എന്ന് ആലോചിക്കുന്ന ചെറുകിട സായുധ സംഘങ്ങള്‍ വ്യാപകമായി ഉടലെടുക്കുന്നതും കാണാം. പ്രജകളുടെയും സ്റ്റേറ്റിന്‍െറയും ആവശ്യങ്ങളും താല്‍പര്യങ്ങളും വിരുദ്ധങ്ങളായി നില്‍ക്കുകയും അത് സംഘര്‍ഷഭരിതമായ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലം ഒരുക്കുകയും ചെയ്തപ്പോഴാണ് ബ്രിട്ടീഷ് രാജ് ‘ രാജ്യദ്രോഹ’ നിയമങ്ങള്‍ കൊണ്ടുവന്നത്.

1890 നുശേഷം ‘ നീരസം’ എന്ന അവ്യക്തമായി നിര്‍വചിക്കപ്പെട്ട പദമുപയോഗിച്ച് വേട്ടയാടപ്പെട്ട നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും ബുദ്ധിജീവികളും ജയിലിലടക്കപ്പെടുന്നതായി കാണാം. ഇത് കൊളോണിയല്‍ ഇന്ത്യയിലെ ആദ്യത്തെ ‘ രാജ്യദ്രോഹ’ വിചാരണയായി അറിയപ്പെടുന്നു. ബംഗോബാസി കേസ് രാജ്യദ്രോഹ നിയമങ്ങളുടെയും അവയുടെ നിര്‍വചനങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി. നിയമത്തിന്‍െറ അവ്യക്തത ഉപയോഗിച്ച് ആരെ വേണമെങ്കിലും തടങ്കലില്‍വെക്കാനും നാടുകടത്താനും പറ്റുന്ന ഈ സംവിധാനത്തെ അവധാനതയില്ലാതെ ഉപയോഗിക്കുന്ന പൊലീസ് സ്റ്റേറ്റായി സാമ്രാജ്യത്വം മാറുകയായിരുന്നു.

‘നീരസം’ എന്നതിന്‍െറ പരിധിയിലേക്ക് സംഗീതം, കവിതകള്‍, കഥകള്‍, നാടകങ്ങള്‍  തുടങ്ങിയവയും പിന്നീട് കടന്നുവരുന്നത് കാണാം. കേരളത്തിലും അറബി മലയാളത്തില്‍ എഴുതപ്പെട്ട ചില മാലകളും പടപ്പാടുകളും നിരോധിക്കുന്നത് ഇത്തരം നിയമങ്ങളുടെ പിന്‍ബലത്തിലായിരുന്നു. ‘ നീരസം’ എന്ന പദത്തിന്‍െറയൊപ്പം ‘ ഉദ്ദേശ്യം’ എന്ന വേറൊരു അവ്യക്തമായ പദംകൂട്ടിച്ചേര്‍ത്തതോടെ ‘രാജ്യദ്രോഹ’ നിയമങ്ങളെ ഏത് രീതിയിലും വളച്ചൊടിക്കാനും പൊലീസിന് സാധിക്കുന്ന ഒരവസ്ഥ വന്നുകൂടി.

ചുരുക്കത്തില്‍  അവ്യക്തമായി പദങ്ങളും സങ്കല്‍പങ്ങളും നിര്‍വചനങ്ങളും നിരന്തരം എഴുതിച്ചേര്‍ത്ത് മിഥ്യാനിയമങ്ങളുടെ ഒരു നീതിന്യായ വ്യവസ്ഥ ഇന്ത്യക്കാരന്‍െറ തലക്കുമുകളില്‍ തൂക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന് സാധിച്ചു.  പ്രമുഖ രാഷ്ട്രീയ തത്വചിന്തകന്‍ ജോര്‍ജിയോ അകമ്പന്‍ സൂചിപ്പിച്ച തരത്തിലുള്ള നിയമമില്ലായ്മയുടെ ഒരു നിയമാവസ്ഥ പൊലീസിന് സമ്മാനിക്കുകയായിരുന്നു കൊളോണിയലിസം. തുടര്‍ന്ന് വന്ന സെഡീഷ്യസ് മീറ്റിംഗ് ആക്റ്റ് (1980) പോലെയുള്ള നിയമങ്ങള്‍ കൂടുതല്‍ ‘രാജ്യദ്രോഹികള്‍’ ഉണ്ടാവാന്‍ വഴിമരുന്നിട്ടു.

പുതിയ പുസ്തകങ്ങളിലെ രാജ്യദ്രോഹം
‘സുരക്ഷിതത്വം’, ‘രാജ്യസ്നേഹം’, ‘കൂറ്’, തുടങ്ങിയ വൈകാരിക പരിസത്തുനിന്ന് രാജ്യദ്രോഹനിയമങ്ങള്‍ എടുത്തുപയോഗിച്ച കൊളോണിയന്‍ പൊലീസിന്‍െറ തുടര്‍ച്ചതന്നെയാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിലും നിലനില്‍ക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കേരള പൊലീസ് യു.എ.പി.എ ഉപയോഗിച്ച് ചുമത്തിയ കേസുകളുടെ പ്രാഥമികമായ ഒരന്വേഷണം ഈ ധാരണയെ ശക്തിപ്പെടുത്തുന്നതാണ്. യു.എ.പി.എ, പി.ഒ.ടി.എ, ടി.എ.ഡി.എ തുടങ്ങിയ നിയമങ്ങളെപ്പറ്റി പ്രബലമായ മൂന്ന് അഭിപ്രായങ്ങളാണുള്ളത്. ഒന്നാമത്തേത്,  രാജ്യദ്രോഹ / തീവ്രവാദ നിയമങ്ങള്‍ നീതിവ്യവസ്ഥയുടെ തുടര്‍ച്ചക്കും, ഗവണ്‍മെന്‍റിന്‍െറ സുസ്ഥിരതക്കും ഇത്തരം നിയമങ്ങള്‍ അതിക്രമങ്ങള്‍ ഉണ്ടായാല്‍മാത്രം ഉപയോഗിക്കപ്പെടേണ്ടതാണെന്ന് അടിവരയിടുന്നു.

മൂന്നാമത്തേത്, ഈ നിയമങ്ങള്‍ സാമ്രാജ്യത്വ ഭരണത്തിന്‍െറ മര്‍ദനോപാധികളായിരുന്നുവെന്നും നിയമങ്ങള്‍ ഉപയോഗിക്കുന്ന സ്റ്റേറ്റ് കൊളോണിയന്‍ ബോധമാണ് പേറുന്നതെന്ന് വാദിക്കുന്നതാണ്. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ ഈ അഭിപ്രായത്തിന് വളരെയേറെ പ്രാധാന്യം കൈവരുന്നു. തീവ്രമായി ചിന്തിക്കുകയും വര്‍ഗീയതക്ക് വളം വെക്കുന്ന രീതിയില്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ചെറിയ വിഭാഗം എ ല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും കേരളത്തില്‍ ഉണ്ട് എന്നത് വാസ്തവമാണ്. അത്തരത്തിലുള്ളവരെ രാഷ്ട്രീയമായും, ചിലപ്പോള്‍ നിയമപരമായും നേരിടേണ്ടതുണ്ട്.

എന്നാല്‍, കേരളത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ  പൊലീസ് സംവിധാനത്തിന്‍െറ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ദേശദ്രോഹ / തീവ്രവാദ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, നിയമനിര്‍വഹണത്തിന്‍െറ അപ്പുറമുള്ള  അജണ്ടയാണ് വ്യക്തമാകുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍െറ ആക്രമണാസക്തയോടും, ലക്ഷ്യങ്ങളോടും വിയോജിക്കുന്ന ഏത് പ്രതിഷേധരൂപത്തെയും യു.എ.പി.എ ഉപയോഗിച്ച് ഒതുക്കാനുള്ള ഒരു പൊലീസ് ബോധം മോഡി ഭരണകാലത്ത് ഇന്ത്യയില്‍ വ്യാപകമായതിന്‍െറ വെളിച്ചത്തില്‍ തന്നെ കേരളത്തിലെ കേസുകളും പരിശോധിക്കേണ്ടാണ്.

2010ല്‍ യു.എ.പി.എ, രാജ്യദ്രോഹവുമായി ബന്ധപ്പെട്ട പത്തില്‍ കുറഞ്ഞ കേസുകളാണ് ചുമത്തപ്പെട്ടതെങ്കില്‍ 2016ല്‍ അത് 50ന് അടുത്ത് എത്തിയിരിക്കുന്നു. ഇവയില്‍ പലതും സൂക്ഷ്മത പുലര്‍ത്താതെ ചുമത്തപ്പെട്ടവയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതുമാണ്. കൊളോണിയല്‍ സമയത്ത് ‘നീരസം’, ‘ഉദ്ദേശ്യം’ എന്നീ ബോധപൂര്‍വം അവ്യക്തമാക്കി നിര്‍ത്തിയ പദങ്ങളായിരുന്നു ‘രാജ്യദ്രോഹ’ നിയമങ്ങളില്‍ ഉപയോഗിച്ചതെങ്കില്‍ നിരവധി തിരുത്തലുകള്‍ക്കും കൂട്ടിചേര്‍ക്കലുകള്‍ക്കും വിധേയമായ യു.എ.പി.എയില്‍ നിരവധി അവ്യക്തതകള്‍ കാണാന്‍ കഴിയും.

വ്യക്തിപരവും, രാഷ്ട്രീയ പരവുമായ വിദ്വേഷങ്ങളുടെ യു.എ.പി.എ ചുമത്തപ്പെട്ട പൊലീസുകാരെ നിരവധി തവണ കോടതികള്‍ ശക്തമായ താക്കീതുകള്‍ കൊടുക്കുന്നതും നാം കണ്ടിട്ടുണ്ട്. ബി.ആര്‍.പി ഭാസ്കര്‍ പോലുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ മുമ്പ് സൂചിപ്പിച്ചതുപോലെ രാജ്യദ്രോഹ / ഗൂഢാലോചന കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു ശതമാനം പോലും കുറ്റവാളികളാണെന്ന് തെളിയിക്കാന്‍ പൊലീസിന് ഇതുവരെ കഴിയാത്ത പശ്ചാത്തലമാണുള്ളത്.

പ്രുഖ ചരിത്രകാരന്‍ പാര്‍ഥ ചാറ്റര്‍ജി സൂചിപ്പിക്കുന്നത് നിരന്തരമായി രാജ്യദ്രോഹ നിയമങ്ങളും സ്റ്റേറ്റിനെതിരായ ഗൂഢാലോചനകളും ഉയര്‍ത്തുന്ന പൊലീസ് ദേശീയതയുടെ ഒരു പൊതുബോധത്തെ, വിമര്‍ശനങ്ങളില്ലാതെ നിര്‍മിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാവുകയാണ് എന്നതാണ്. ഹിന്ദുത്വ അജണ്ടയെ അംഗീകരിക്കുകയും അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തമായ ഒരു വിഭാഗം കേരള പൊലീസിന്‍െറ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട് എന്നത് തിരിച്ചറിയപ്പെടേണ്ടതാണ്.

പൊലീസ് കാന്‍റീനിലെ ബീഫ് നിരോധനം, ഹെഡ് ക്വാര്‍ട്ടേഴ്സിലെ പൊലീസുകാരുടെ ജാതിമതം എന്നിവ ചോദിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍, ഏറ്റവും പുതുതായി ഗ്ളോബല്‍ ഹിന്ദുത്വ നിര്‍മിതിയിലെ ഏറ്റവും ശക്തമായ ചേരുവയായി മാറിയ ‘യോഗ’ പൊലീസ് സ്റ്റേഷനുകളിലെ നിര്‍ബന്ധ അനുഷ്ഠാനമാക്കിയത് തുടങ്ങിയവയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്താണെന്ന് വ്യക്തമായിരിക്കെ ഇത്തരത്തിലുള്ള രാഷ്ട്രീയവത്കരണത്തെ പരിശോധിക്കാതെ വിടുന്നത് എന്തുകൊണ്ടാണെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്.

‘ദേശീയ സുരക്ഷ’ അഭിപ്രായ സ്വാതന്ത്ര്യം എന്നീ ദ്വന്ദ്വങ്ങള്‍പ്പുറം ‘രാജ്യദ്രോഹ’ നിയമങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നവരുടെ സാമൂഹിക പശ്ചാത്തലവും പരിശോധിക്കപ്പെടേണ്ടതാണ്. ഉപരിവര്‍ഗ / ജാതി മേധാവിത്വത്തെ നിലനിര്‍ത്താനും ‘നീതിന്യായ’ യുക്തി ഉപയോഗിച്ചു രാഷ്ട്രീയ എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാനും വരേണ്യവര്‍ഗ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിയമങ്ങള്‍ ഉപയോഗിച്ചതായും കാണാം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇത്തരം നിയമങ്ങള്‍ ചുമത്തിയ നൂറിലധികം കേസുകളില്‍പ്പെട്ടവരുടെ സാമൂഹിക പശ്ചാത്തലം വരേണ്യമല്ല എന്നത് ‘രാജ്യദ്രോഹ’ നിയമങ്ങളുടെ കീഴാള വിരുദ്ധതക്കുള്ള ഉദാഹരമാണ്.

നിയമങ്ങള്‍ക്കതീതമായുള്ള സ്റ്റേറ്റിന്‍െറ അക്രമങ്ങള്‍ വ്യക്തികളുടെ അവകാശങ്ങളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ മാത്രമല്ല, മറിച്ച് അവ നിയമവ്യവസ്ഥക്ക് നേര്‍ക്കുതന്നെയുള്ള അതിഭ്രമമാണെന്ന് പൊലീസും ഗവണ്‍മെന്‍റും തിരിച്ചറിയുമ്പോഴാണ് ‘ നീതിന്യായം’ എന്ന സങ്കല്‍പം നിലനില്‍ക്കുകയുള്ളു.

‘യങ്’ ഇന്ത്യയിലെ ലേഖനങ്ങളുടെ പേരില്‍ ‘രാജ്യദ്രോഹ നിയമത്തിലെ  124 (A) എന്ന കരിനിയമം ചുമത്തപ്പെട്ടപ്പോള്‍ മഹാത്മഗാന്ധി പ്രതികരിച്ചത് പ്രാധാന്യമര്‍ഹിക്കുന്നതാണ്. അദ്ദേഹം പറയുന്നു. ഇത് പൗരന്‍െറ സ്വാതന്ത്ര്യത്തിനുനേരെയുള്ള അടിച്ചമര്‍ത്തലാണ്. രാജ്യത്തോടുള്ള സ്നേഹം, കൂറ് എന്നിവ നിയമം മുഖേന നിര്‍മിച്ചെടുക്കുന്ന വികാരങ്ങളല്ല.

‘ദേശീയത’, ‘തീവ്രവാദം’, ‘രാജ്യസ്നേഹം’, ‘ദേശസുരക്ഷ’ എന്നിവ വിമര്‍ശനങ്ങള്‍ക്കപ്പുറത്ത് നില്‍ക്കേണ്ട പൊതു ബോധമാണെന്നുള്ള ഹിന്ദുത്വ അജണ്ട ചോദ്യം ചെയ്യപ്പെടേണ്ടതാണ്.  ഇത്തരം അജണ്ടകളെ സഹായിക്കുന്ന രീതിയിലുള്ള പൊലീസിന്‍െറ നീക്കങ്ങളെ വേണ്ടവിധം നിയന്ത്രിക്കേണ്ടത് ഇടതുസര്‍ക്കാറിന്‍െറ ബാധ്യതയാണ്.

 

Tags:    
News Summary - laws: history and present

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT