നവംബർ ആദ്യവാരത്തിലാണ് ലബനാൻ പ്രധാനമന്ത്രി സഅദുദ്ദീൻ റഫീഖ് അൽ ഹരീരി രാജിവെച്ച് പുറത്തുപോയത്. എന്നാൽ ഇക്കഴിഞ്ഞ ദിവസം സംവാദങ്ങൾക്ക് വഴിതുറന്ന് അദ്ദേഹം രാജിക്ക് തൽക്കാലം വിടുതൽ നൽകിയിരിക്കുന്നു. വലിയ അമ്പരപ്പും നീണ്ട അനിശ്ചിതത്വവും സൃഷ്ടിച്ച ആകസ്മിക രാജി മേഖലയെ ഒന്നാകെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരുന്നു. സൗദി തലസ്ഥാനമായ റിയാദിൽനിന്ന് രാജി അറിയിച്ച ഹരീരിയുടെ മടക്കത്തിന് രാജ്യം കാത്തിരുന്നതിന് ഭാഗികമായെങ്കിലും ഫലം കണ്ടെങ്കിലും ഇരുൾമൂടിയ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ല. സൗദിയുടെ ശക്തമായ പിന്തുണയുള്ള ലബനാനിലെ നിലവിലെ കൂട്ടുകക്ഷി സഭയും ഇറാൻ സ്വാധീനമുള്ള ഹിസ്ബുല്ലയും തമ്മിലുണ്ടായിരുന്ന ധാരണയാണ് ഇതോടെ പൊളിഞ്ഞുവീണിരിക്കുന്നത്. ഹരീരി മടങ്ങിയെത്തുംവരെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ധിറുതി പിടിച്ച തീരുമാനമുണ്ടാവില്ലെന്ന് ലബനാൻ പ്രസിഡൻറ് മൈക്കൽ ഒൗൻ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കിൽ പശ്ചിമേഷ്യയെ കൂടുതൽ സംഘർഷഭരിതമാക്കിയേക്കാവുന്ന മറ്റൊരു യുദ്ധത്തിന് ലബനാൻ വേദിയാകും. ഇറാഖ്, സിറിയ, യമൻ തുടങ്ങിയ യുദ്ധക്കളങ്ങളുടെ പട്ടികയിലേക്ക് ലബനാൻ എന്ന ചെറിയൊരു പശ്ചിമേഷ്യൻ രാജ്യത്തെ കൂടി തള്ളിയിടലാകും അത്. അതിലുള്ള സൗദി, ഇറാൻ പങ്കാളിത്തം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ മാത്രമല്ല, മേഖലയെ ഒന്നാകെ സാരമായി ബാധിക്കും. ലബനാെൻറ ആഭ്യന്തരവിഷയങ്ങളിലും അന്താരാഷ്ട്ര നയകാര്യങ്ങളിലും ഇറാെൻറ അതിരുകടന്ന ഇടപെടലുകളാണ് സഅദ് ഹരീരിയുടെ രാജിയിലെത്തിച്ചത്.
ഹരീരിയുടെ രാജി
2016 ഡിസംബറിലാണ് ദേശീയ ഐക്യമുന്നണിയുടെ (നാഷനൽ യൂനിറ്റി കാബിനറ്റ്) ശിയ സൈനികശക്തിയായ ഹിസ്ബുല്ലയുൾപ്പെടെയുള്ളവരൊന്നിച്ചുള്ള മുപ്പതംഗ മന്ത്രിസഭയുടെ തലവനായി സൗദി--ലബനാൻ പൗരത്വമുള്ള സഅദ് അൽഹരീരി നിയമിതനാവുന്നത്. രണ്ടു പാളയങ്ങളാണ് ലബനാനെ നിയന്ത്രിക്കുന്നത്. സൗദിയോട് കൂറുപുലർത്തുന്ന സുന്നികളും ഇറാനോട് കൂറുപുലർത്തുന്ന ശിയാ വിഭാഗം ഹിസ്ബുല്ലയുമാണത്. ലബനാൻ പ്രധാനമന്ത്രിപദവി ഭരണഘടനാപരമായി സുന്നി മുസ്ലിംകൾക്കുള്ളതാണ്. ഇപ്പോൾ പ്രസിഡൻറ് പദവി അലങ്കരിക്കുന്ന മൈക്കൽ ഒൗൻ ക്രിസ്തുമത പ്രതിനിധിയും ശിയാക്കളുടെ ഉറ്റതോഴനുമാണ്. ആനുപാതിക കണക്കനുസരിച്ച് പുതിയ നേതാവ് സുന്നി പക്ഷത്തുനിന്നാണ് വരേണ്ടത്. അത് ആരായിരിക്കണമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. രാജ്യത്തെ ഒരു കാരണവശാലും സായുധ വിപ്ലവത്തിലേക്ക് തള്ളിയിടരുതെന്നാണ് ശിയാ വിഭാഗമായ ഹിസ്ബുല്ലയുടെയും ആവശ്യം. അതുകൊണ്ടുതന്നെ, ഹരീരിയുടെ രാജിയും തുടർതീരുമാനങ്ങളും ഏറ്റവും കുഴക്കുന്നതും ഹിസ്ബുല്ലയെ തന്നെ. ഒരു പാർട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത ഒരു രാജ്യമെന്ന നിലയിൽ പ്രധാനമന്ത്രിയുടെ രാജി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും കാരണമായിരുന്നു. ഹരീരിയല്ലാത്ത മറ്റൊരാൾ വരുന്നുണ്ടെങ്കിൽ ഏറ്റവും ഭൂരിപക്ഷമുള്ള പാർട്ടിയെന്ന നിലയിൽ അത് ഹരീരി നേതൃത്വംനൽകുന്ന ദി ഫ്യൂച്ചർ പാർട്ടിയിൽ നിന്നാവുകയും വേണം, അതത്ര എളുപ്പവുമല്ല. രാജ്യത്തിനകത്ത് മറ്റൊരു രാജ്യം പണിയാനുള്ള ശ്രമമാണ് ഇറാൻ സഹായത്തോടെ ഹിസ്ബുല്ല നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നേരത്തേ ആരോപണമുണ്ട്. ഈയിടെ റിയാദിൽ പിടികൂടിയ യമനിൽനിന്നുള്ള ഇറാൻ നിർമിത റോക്കറ്റിനു പിന്നിലുള്ള ഹിസ്ബുല്ലയുടെ വ്യക്തമായ പങ്കും ഈയിടെ സൗദി പുറത്തുവിട്ടിരുന്നു. ബശ്ശാർ ഭരണകൂടത്തെ താങ്ങിനിർത്താൻ സിറിയയിലേക്ക് ആയിരക്കണക്കിന് പട്ടാളക്കാരെ ഹിസ്ബുല്ല അയച്ചിരുന്നു. അത് ലബനാനിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. യമൻ, സിറിയ തുടങ്ങിയ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇറാെൻറ സഹായത്തോടെയുള്ള ഹിസ്ബുല്ലയുടെ ഇടപെടലുകളും സൗദിയെ ചൊടിപ്പിച്ചു. എന്നാൽ, അതോടൊപ്പം ഇറാെൻറ ഇടപെടലുകൾ അവസാനിപ്പിക്കാൻ സൗദി അറേബ്യ ഹരീരിയെ നിർബന്ധിച്ച് രാജിവെപ്പിച്ചതാണെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
മൂന്ന് ആവശ്യങ്ങളാണ് സൗദി ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. സിറിയ, ഇറാഖ് എന്നിവിടങ്ങളിൽനിന്ന് ഹിസ്ബുല്ലയുടെ പോരാളികളെ പിൻവലിക്കുക, ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂത്തികൾക്ക് നൽകുന്ന തുടർസഹായം നിർത്തലാക്കുക, ലബനാെൻറ ആഭ്യന്തര വിഷയങ്ങളിൽ ഇറാെൻറ കൈകടത്തലുകൾ അവസാനിപ്പിക്കുക. ഇതു മൂന്നിലും ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. ലബനാനിൽ വൻ തുകയുടെ നിക്ഷേപവും വലിയ രാഷ്ട്രീയ സ്വാധീനവും ഉള്ളതിനാൽ സൗദിയെ ഒപ്പം നിർത്താതെ ലബനാന് കഴിയില്ല. സഅദ് ഹരീരി രാജിവെച്ച് അധികം താമസിയാതെ തങ്ങളുടെ പൗരന്മാരെ ലബനാനിൽനിന്ന് തിരിച്ചു വിളിച്ച സൗദി നടപടി പ്രതിസന്ധിയുടെ വ്യാപ്തി വിളിച്ചറിയിക്കുന്നതായിരുന്നു. സഅദ് ഹരീരിയുടെ രാജി പ്രഖ്യാപനത്തിൽ സൂചിപ്പിച്ച ഏറ്റവും പ്രധാന കാരണം ഹിസ്ബുല്ലയും പിന്താങ്ങുന്ന ഇറാനും നടത്തുന്ന അന്യായമായ ഇടപെടലാണ്. മറ്റൊരർഥത്തിൽ ഹിസ്ബുല്ലയെ നിരായുധീകരിക്കുകയെന്ന പരിഹാരമാണ് ഹരീരി പ്രധാനമന്ത്രി പദത്തിലെത്തി ഒരു വർഷം തികയും മുമ്പുള്ള അദ്ദേഹത്തിെൻറ രാജിയും തുടർചർച്ചകളും ആവശ്യപ്പെട്ടത്.
ഇസ്രായേലിെൻറ പക്ഷം
ഇറാനിൽനിന്ന് ഇറാഖിനും സിറിയക്കും കുറുകെ ലബനാനിലേക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്ന വിശാലമായ പാലം ചെന്നവസാനിക്കുന്നത് ഇസ്രായേലിെൻറ വടക്കൻ അതിർത്തിയിലാണ്. ഇത് ഇസ്രായേലിനെ അസ്വസ്ഥമാക്കുന്നുണ്ട്. തെക്കന് സിറിയയിലെ ഇറാൻ ആധിപത്യവും ഇസ്രായേലിനെ വല്ലാതെ വ്യാകുലപ്പെടുത്തിയിരുന്നു. ഹിസ്ബുല്ലയെ ഇല്ലാതാക്കാൻ പലതവണ ഇസ്രായേൽ ശ്രമിച്ചിരുന്നുവെങ്കിലും എല്ലാം പരാജയമായിരുന്നു. ഇറാെൻറ ആണവസ്വപ്നങ്ങൾ കെടുത്തിക്കളയാനും ഹിസ്ബുല്ലയോടുള്ള പൂർവവൈരാഗ്യം തീർക്കുന്നതിനും ഇസ്രായേലിെൻറ സിറിയൻ താൽപര്യങ്ങൾക്ക് എതിരുനിൽക്കുന്നവരെ അടിച്ചിടാനുമൊക്കെയാണ് ഇസ്രായേൽ ആദ്യമേ പിന്തുണയുമായെത്തിയത്. ഇറാെൻറ കൈയേറ്റങ്ങൾക്കെതിരെ ലോകസമൂഹം ഉണരണമെന്ന് ഹരീരിയുടെ രാജിക്കുടനെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവനയിറക്കിയിരുന്നു. ഇത് ലബനാൻ പ്രശ്നങ്ങളിലേക്ക് ഇസ്രായേലിനെ വലിച്ചിഴച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർക്ക് ആശങ്കയുണ്ട്.
ഇറാെൻറ ഇടപെടലുകൾ
ലബനാനിൽ ഹിസ്ബുല്ലയുടെ രാഷ്ട്രീയ, സൈനിക മേഖലകളിലെ ശക്തമായ സാന്നിധ്യവും സജീവതയും ഇറാൻ സ്വാധീനത്തിെൻറ ഫലമാണെന്നത് സുവിദിതമാണ്. പ്രശ്നങ്ങളെ ശക്തമായി നേരിടുമെന്നും രാജ്യത്തെ ഒരുകാരണവശാലും സായുധ വിപ്ലവത്തിലേക്ക് തള്ളിവിടാൻ അനുവദിക്കില്ലെന്നും ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പ്രസ്താവിച്ചിരുന്നു. യു.എസിെൻറ തീട്ടൂരങ്ങൾക്കോ സൗദിയുടെ സമ്മർദങ്ങൾക്കോ വഴങ്ങാൻ തയാറല്ലെന്ന സന്ദേശമാണ് ഇറാൻ ആദ്യമായി നൽകിയത്. ഇറാഖ്, യമൻ, സിറിയ, ലബനാൻ എന്നീ രാജ്യങ്ങൾ ശക്തമായ ശിയാ സ്വാധീനമുള്ള മേഖലകളായതിനാൽ ഈ രാജ്യങ്ങളെ അവരുടെ വിശാലമായ ലക്ഷ്യങ്ങൾക്കുവേണ്ടി വെള്ളവും വളവും നൽകി കൂടുതൽ ശക്തമാക്കി മാറ്റുകയാണ് ഇറാൻ ചെയ്യുന്നത്. ഈ രാജ്യങ്ങളെ നിർജീവമാക്കാനുള്ള ഒരു വിട്ടുവീഴ്ചക്കും ഇറാൻ സന്നദ്ധമല്ല. അത് അവരുടെ വിശാലമായ താൽപര്യങ്ങൾക്ക് വിരുദ്ധമാകുമെന്നതിനാൽ അത്തരം ചർച്ചകളെ മുളയിൽ നുള്ളിക്കളയാനാണ് ഇറാെൻറ ശ്രമം.
എന്നാൽ, ഈ വിഷയത്തിലുള്ള ഫ്രാൻസിെൻറ ഇടപെടലുകൾ ഫലപ്രദമാകുമെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രതിസന്ധി ചർച്ചചെയ്യുന്നതിനും പരിഹാരങ്ങൾ നിർദേശിക്കുന്നതിനുമായി ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഹരീരിയുൾപ്പെടെയുള്ള പ്രധാനകക്ഷികളെ ഫ്രാൻസിലേക്ക് ചർച്ചക്ക് ക്ഷണിച്ചു. ലബനാെൻറ സുരക്ഷ, സുസ്ഥിരത, പരമാധികാരം, ഏകീകരണം എന്നിവയായിരിക്കും ചർച്ചയുടെ കാതലെന്നും വ്യക്തമാക്കി. തുടർന്ന് സുപ്രധാന വിഷയങ്ങളിൽ ഒന്നിച്ചിരുത്തിയുള്ള ചർച്ചക്ക് ഫ്രാൻസ് വേദിയൊരുക്കി. ഫ്രാൻസിെൻറ ക്ഷണം ഹരീരി സ്വീകരിച്ചു. ഫ്രാൻസിലും ഈജിപ്തിലും സൈപ്രസിലും വിവിധ ചർച്ചകൾക്കായി സമയം ചെലവഴിച്ച് ഹരീരി ലബനാനിൽ തിരിച്ചെത്തി. പ്രശ്നപരിഹാരാർഥം രാജി തൽക്കാലം മാറ്റിവെച്ചതും സംവാദത്തിന് സന്നദ്ധതയറിയിച്ചതും ഫ്രാൻസ് പ്രസിഡൻറിെൻറ ദൗത്യഫലമാണ്. സൗദിയുൾപ്പെടെ സുന്നി ശക്തികേന്ദ്രങ്ങളായ ഗൾഫ് രാജ്യങ്ങളുമായും ശിയാകേന്ദ്രമായ ഇറാനുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളുമായും നല്ല ബന്ധം പുലർത്താനുള്ള ഫ്രാൻസിെൻറ ശ്രമം ശുഭോദർക്കമാണ്.
ഭാവിസാധ്യതകൾ
രാജിവെച്ച് മൂന്നാഴ്ചയോളം രാജ്യത്തിനു പുറത്തായിരുന്ന ഹരീരിയുടെ മടക്കം പ്രതിസന്ധി മറികടക്കാനുള്ള സാധ്യതകൾക്ക് വഴിതുറന്നേക്കും. രാജ്യതാൽപര്യമാണ് പ്രധാനമെന്നും അതിെനക്കാൾ പ്രധാനമായ മറ്റൊന്നുമില്ലെന്നും താൻ ജനങ്ങളോടൊപ്പമാണെന്നും തിരിച്ചെത്തിയ ഹരീരി ജനങ്ങളെ ആശ്വസിപ്പിച്ചു. ഇപ്പോൾ അഭിമുഖീകരിക്കുന്നത് താൽക്കാലിക പ്രതിസന്ധിയാണെന്നും ലബനാെൻറ സാമ്പത്തിക അസ്തിവാരത്തെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും കഴിഞ്ഞ ദിവസം ബൈറൂത്തിൽ അറബ് ബാങ്കിങ് വാർഷിക സമ്മേളനത്തെ അഭിമുഖീകരിച്ച് സെൻട്രൽ ബാങ്ക് അറിയിച്ചു. ഈ രണ്ട് പ്രസ്താവനകളും ബലഹീനമായിരുന്ന വിപണിയെ തെല്ലൊന്നുയർത്തിയിട്ടുണ്ട്. ഇവയെല്ലാം നിലവിലെ പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ കരകയറ്റാനുള്ള താൽക്കാലിക ശ്രമങ്ങൾ മാത്രമേ ആകൂ. സുസ്ഥിരമായ പരിഹാരത്തിന് ഇനിയും ചർച്ചകൾ എമ്പാടും നടക്കേണ്ടിവരും. പ്രസിഡൻറ് മൈക്കൽ ഒൗൻ സ്ഥാപകനായ ഫ്രീ പാട്രിയോട്ടിക് മൂവ്മെൻറ്, ഹിസ്ബുല്ലയും മറ്റു ചില ചെറുകക്ഷികളും ചേർന്നുകൊണ്ട് പ്രശ്നം ഒതുക്കാനുള്ള ഒരു ശ്രമവും അണിയറയിൽ നടക്കുന്നുണ്ട്. ഹിസ്ബുല്ലയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു കൂട്ടുമുന്നണിക്കുള്ള ശ്രമങ്ങളും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ നിലവിലുള്ള മാർച്ച്-14 സഖ്യം എന്നതിനെക്കാൾ നല്ല ഒരു സഖ്യം ഇനിയുണ്ടാവില്ല എന്നും വിലയിരുത്തലുകളുണ്ട്.
ലബനാെൻറ ഭാവി രാജ്യത്തിന് പുറത്തുള്ള ശക്തികളുടെ ബലാബലത്തിനനുസരിച്ചിരിക്കുമെന്നതാണ് തിക്തമായ യാഥാർഥ്യം. മധ്യസ്ഥ ശ്രമങ്ങളിലും പരിഹാര നിർദേശങ്ങളിലും നീക്കുപോക്കുകളിലും ഹിസ്ബുല്ല വിട്ടുവീഴ്ച ചെയ്യാത്തപക്ഷം പശ്ചിമേഷ്യ പ്രതിസന്ധി മൂർച്ഛിക്കുകയും അത് പുതിയ കലാപങ്ങൾക്ക് വഴിവെക്കുകയും ചെയ്തേക്കും. ഇറാഖിന് സമാനമായ അന്താരാഷ്ട്ര ഇടപെടലുകളിൽ ഒരു രാജ്യം തീർത്തും ഇല്ലാതാവുന്നതിെൻറ കാഴ്ചയായിരിക്കും പിന്നീട് കാണേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.