ഖലീൽ ജിബ്രാൻ പാടിപ്പുകഴ്ത്തിയ, ശാന്തവും പ്രകൃതിരമണീയവും എന്നാൽ ഭൂമിശാസ്ത്രപരമായി വളരെ തന്ത്രപ്രധാനവുമായ ലബനാൻ ഇന്ന് കണ്ണീർക്കയത്തിലാണ്. ആഗസ്റ്റ് നാലിന് നടന്ന ലോകത്തെതന്നെ നടുക്കിയ സ്ഫോടനം ഇപ്പോഴും പ്രതിധ്വനികള്‍ ഉയര്‍ത്തുന്നു. തലസ്ഥാനമായ ബൈറൂത്തിെൻറ വടക്കുവശത്തെ, മധ്യധരണ്യാഴിയിലേക്കു തള്ളിനിൽക്കുന്ന തുറമുഖത്തായിരുന്നു സ്ഫോടനം സംഭവിച്ചത്. ചുരുളുകളായി ആകാശത്തേക്കുയർന്ന ഒരുതരം വെളുത്ത പുക അത് ബോംബുവർഷമാണെന്ന സംശയമുളവാക്കി. അത് അമേരിക്കയിൽ റിക്ടർ സ്കെയിൽ 3.3 എന്ന് രേഖപ്പെടുത്തിയതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. തുറമുഖത്ത് അശ്രദ്ധമായി കിടന്ന എം.വി. റോസ് എന്ന കപ്പലിലെ അമോണിയം നൈട്രേറ്റ് എന്ന രാസവളശേഖരം തുടർച്ചയായി പൊട്ടിത്തെറിച്ചു. അതിൽ 2750 ടൺ രാസപദാർഥം ഉണ്ടായിരുന്നത്രെ! നിമിഷങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാമത്തെ വലിയ സ്ഫോടനമുണ്ടായത് സഅദ് ഹരീരിയുടെ വസതിക്കടുത്താണ്. രാജിവെച്ച മുൻ പ്രധാനമന്ത്രിയായ സഅദ് ഹരീരിയെ എന്തിനു ലക്ഷ്യമിടണം? എന്നാൽ, റഫീഖ് ഹരീരിയുടെ വധവുമായി ബന്ധപ്പെട്ട കേസിൽ വിധി വരേണ്ടത് അടുത്ത ദിവസമായിരുന്നു. ഇതിന് സ്ഫോടനവുമായി വല്ല ബന്ധവുമുണ്ടോ എന്നത് അന്വേഷണശേഷമേ അറിയുകയുള്ളൂ.
രണ്ടാം തവണ സ്ഫോടനമുണ്ടായത് ചുറ്റുവട്ടത്തെ രാജ്യങ്ങളിലെല്ലാം പ്രതിധ്വനിച്ചു. ഇസ്രായേൽ, സിറിയ, തുർക്കി തുടങ്ങിയ സമീപസ്ഥലങ്ങളിലെല്ലാം അതിെൻറ അനുരണനമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 250 കി.മീ. അകലെ കിടക്കുന്ന സൈപ്രസിൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്ഫോടനമാണ് നടന്നത്. അത്യാപത്തിൽ, 200ലധികം പേർ വധിക്കപ്പെട്ടു, 7000ത്തിലേറെ ആളുകൾക്ക് പരിക്കേറ്റു. ഭവനരഹിതരായവർ നാലു ലക്ഷമാണ്. ലബനാൻ ചരിത്രത്തിലെ കറുത്ത അധ്യായത്തിലൂടെ കടന്നുപോകുന്ന സന്ദർഭമാണിത്. അഴിമതിക്കെതിരായ ജനവികാരം മാനിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ സഅദ് ഹരീരി സ്ഥാനമൊഴിഞ്ഞത്. ഇന്ന്, ലബനാൻ രാഷ്ട്രീയമായ അനിശ്ചിതത്വം, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, ഇസ്രായേലിെൻറ ആക്രമണം ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്.
ഒട്ടേറെ രാഷ്ട്രങ്ങൾ സഹായിക്കാൻ സന്നദ്ധരായി പറന്നെത്തി. ആദ്യം എത്തിയത്, നേരത്തേ ലബനാനെ അധീനത്തിൽ വെച്ചിരുന്ന ഫ്രാൻസിെൻറ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണാണ്. യൂറോപ്യൻ രാഷ്ട്രങ്ങൾക്ക് പൊതുവെ സ്വീകാര്യനായ വ്യക്തി. എന്നാൽ, അദ്ദേഹത്തിെൻറ സംസാരവും ശരീരഭാഷയും ശ്രദ്ധിച്ചവർക്കെല്ലാം തോന്നിയിരിക്കുക ഇപ്പോഴും ലബനാൻ ഫ്രാൻസിെൻറ ചൊൽപ്പടിയിലാണെന്നാണ്. പ്രധാനമന്ത്രി ഹസൻ ദിയാബിെൻറ നേതൃത്വത്തിൽ അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ മന്ത്രിസഭ രാജിവെച്ചു. ഇതിനാവശ്യമായ ചരടുവലികളിൽ മാക്രോൺ വിജയിച്ചെന്നുപറയാം. എന്തിനാവാം അവർ അന്വേഷണം അട്ടിമറിക്കുന്നത്? ഇമ്മാനുവൽ മാക്രോണിെൻറ സാന്നിധ്യത്തെ പ്രകീര്‍ത്തിച്ചത് നെതന്യാഹുവായിരുന്നു. ഇത് വെറുതെയാവാൻ വകയില്ലെന്നു വിവരമുള്ളവർ അപ്പോൾതന്നെ വിലയിരുത്തിയതാണ്.
പ്രധാനമന്ത്രി ഹസൻ ദിയാബിെൻറ വാക്കുകളിൽ സ്ഫോടനത്തിനു കാരണം വെയർഹൗസിൽ അശ്രദ്ധമായി വെച്ച അമോണിയം നൈട്രേറ്റ് തന്നെയാണ്. പ്രസിഡൻറ് മിഷേൽ ഔൻ കുറ്റക്കാരെ കണ്ടെത്തുമെന്നും അവർക്കെതിരെ ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതു ജനങ്ങളെ തൃപ്തിപ്പെടുത്തിയിട്ടില്ല. തെരുവിൽ മുഷ്ടി ചുരുട്ടി പ്രകടനം നടത്തുന്ന യുവാക്കൾ ഔനിെൻറ വലിയ ചിത്രം കൈയിലേന്തിയിരിക്കുന്നു. ചിത്രത്തിനു മുകളിൽ 'നിങ്ങൾക്കറിയാം' (you know) എന്ന് അവർ മുദ്രണം ചെയ്തത് ശ്രദ്ധേയമാണ്!
ഭരണകർത്താക്കളെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെയുമാണവർ കുറ്റവാളികളായി കാണുന്നത്. 'ലീറ'യുടെ മൂല്യം 80 ശതമാനം കുറവു രേഖപ്പെടുത്തിയിരിക്കുന്നു. അവശ്യവസ്തുക്കൾ കിട്ടാനില്ല. തൊഴിലില്ലായ്മ മൂർധന്യത്തിലാണ്. എന്നാൽ, ഭരണാധികാരികളെ ഇതൊന്നും ബാധിക്കുന്നതേയില്ല! അതുകൊണ്ടാണ് ഭരണമാറ്റത്തിനായി യുവാക്കൾ തെരുവിലിറങ്ങിയത്. നിലവിലെ രാഷ്ട്രീയ നേതാക്കളെ പൂര്‍ണമായും ഒഴിവാക്കണമെന്നും കർമശേഷിയുള്ള നിഷ്പക്ഷരായ യുവാക്കളെ അധികാരം ഏൽപിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. അറബ് രാഷ്ട്രങ്ങളോടൊപ്പം യൂറോപ്യൻ യൂനിയൻ അംഗങ്ങളും അമേരിക്കയും സഹായഹസ്തങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. എന്നാൽ, പ്രത്യേകം എടുത്തുപറയേണ്ടത് ഇസ്രായേലിെൻറ സഹായവാഗ്ദാനമാണ്.
ലബനാനുമായി നയതന്ത്രബന്ധമില്ലാത്തതിനാൽ ഐക്യരാഷ്ട്രസംഘടനയുടെ മറവിലാണ് ഇസ്രായേൽ രംഗത്തെത്തിയത്. ജനങ്ങളിൽ വലിയൊരു വിഭാഗം, ലബനാനിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇസ്രായേൽ തുനിയുമെന്ന് ഭയപ്പെടുന്നു. സ്ഫോടനമുണ്ടായതിെൻറ ഏതാനും മണിക്കൂറുകൾക്ക് മുമ്പു മാത്രമാണ് നെതന്യാഹു ലബനാനെ -പ്രത്യേകിച്ചും ഹിസ്ബുല്ലയെ- താക്കീതു ചെയ്തത്. 'സാധാരണ നാം ഒരു ചെറിയ കേന്ദ്രം ലക്ഷ്യമിടുന്ന ആക്രമണമാണ് നടത്താറുള്ളതെന്നും എന്നാൽ ഇത്തവണ അത് വലിയൊരു സന്ദേശമാകുമെന്നും' സൈനികരെ അഭിസംബോധന ചെയ്യവെ നെതന്യാഹു ഭീഷണി മുഴക്കിയത് ഈ സ്ഫോടനത്തിലേക്കുള്ള സൂചനയായിരുന്നോ? അന്വേഷണ ഏജന്‍സിയാണിത് കണ്ടെത്തേണ്ടത്. വൈറ്റ് ഹൗസിൽ പത്രപ്രവര്‍ത്തകരോട് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞതും ഇതൊരു ആക്രമണമായിരുന്നുവെന്നാണ്. തെൻറ സൈനിക നേതൃത്വം അങ്ങനെ റിപ്പോർട്ട് ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. തുടർസംഭവങ്ങൾ നിരീക്ഷകരെ ചകിതരാക്കുന്നു! ഫ്രാൻസിെൻറയും ബ്രിട്ടെൻറയും രണ്ടു യുദ്ധക്കപ്പലുകൾ സ്ഥലത്തെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
മധ്യധരണ്യാഴിയിൽ സിറിയൻതീരം മുതൽ ജിബ്രാൾട്ടർ വരെ കടലിൽ സമൃദ്ധമായ ഇന്ധനനിക്ഷേപമാണ്. ഇത് കൈവശപ്പെടുത്തുകയാണോ ഫ്രാൻസിെൻറയും ബ്രിട്ടെൻറയും ഉദ്ദേശ്യം? മേഖലയിൽ അമേരിക്കയുടെ അസാന്നിധ്യം അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. കൂടാതെ, ഇറാൻ, സിറിയ, ഹിസ്ബുല്ല എന്നിവർ ഭീകരതയുടെ അച്ചുതണ്ടാണെന്നും അവരെ പിഴുതുമാറ്റണമെന്നും നെതന്യാഹു നേരത്തേതന്നെ പ്രസ്താവിച്ചതാണ്. ഈ സന്ദർഭം ഉപയോഗിച്ച് ഹിസ്ബുല്ലയെയും ഇറാനെയും മേഖലയിൽനിന്നു തുടച്ചുമാറ്റുകയാണ് ഇസ്രായേലിെൻറ ആവശ്യം. ലബനാനും മധ്യധരണ്യാഴിയും ബ്രിട്ടെൻറയും ഫ്രാൻസിെൻറയും നിയന്ത്രണത്തിലാവണം. വേണമെങ്കിൽ, സിറിയയുടെ നിയന്ത്രണം റഷ്യക്ക് വിട്ടുനൽകാമെന്ന് അവർക്ക് അഭിപ്രായമുണ്ടത്രെ. ഈ തന്ത്രങ്ങളെ നേരിടാൻ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത് തുർക്കിയാണ്.
80 ശതമാനത്തിലേറെ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന ലബനാന് സ്വന്തം തുറമുഖം ഉപയോഗിക്കുന്നതിനു തുർക്കി അനുവാദം നൽകിയതായറിയുന്നു. എന്നാൽ, ഇതിന് ഫ്രാൻസോ ബ്രിട്ടനോ സമ്മതിക്കില്ലെന്നത് വ്യക്തമാണ്. കാരണം, ലബനാനെ രക്ഷിക്കാനല്ലല്ലോ ഇസ്രായേലിെൻറ നേതൃത്വത്തിൽ ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ലബനാെൻറയും അന്താരാഷ്ട്ര ഏജന്‍സികളുടെയും കൂടെ അന്വേഷണത്തിന് അമേരിക്കയുടെ എഫ്.ബി.ഐയും പങ്കുചേരുന്നതാണെന്ന് യു.എസ് അണ്ടർ സെക്രട്ടറി ഡേവിഡ് ഹേലി പ്രസ്താവിച്ചിരിക്കുന്നു. ഇത് അന്വേഷണം എവിടെ എത്തുമെന്നതിെൻറ സൂചനയാണ്! സംഭവങ്ങൾ, നമ്മെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്നു. ഒന്നാം ലോകയുദ്ധാവസാനമുണ്ടായ 'സൈക്സ്-പികോ' (Sykes-Picot) രഹസ്യ കരാറിെൻറ തനിയാവർത്തനമാണിതെന്നു പറയാമെന്നാണ് 'മിഡിലീസ്റ്റ് മോണിറ്ററി'ൽ ഹബീബ് റശ്ദീൻ വ്യക്തമാക്കുന്നത്.
യുദ്ധം അവസാനിക്കുന്നതിനു മുമ്പേതന്നെ ഓട്ടോമൻ ഭരണകൂടത്തിെൻറ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ എങ്ങനെ പങ്കുവെക്കണമെന്ന് ബ്രിട്ടനും ഫ്രാൻസും ഇറ്റലിയുമായും റഷ്യയുമായും കൂടിയാലോചിക്കുകയുണ്ടായി. സമാനമായൊരു സാമ്രാജ്യത്വവഞ്ചനക്കാണ് ഇപ്പോൾ ലോകം സാക്ഷിയാകുന്നത്. ഒരൊറ്റ മിസൈൽകൊണ്ട് സാമ്രാജ്യശക്തികൾ അനേകം കാര്യങ്ങൾ നേടിയെടുത്തു. ഇസ്രായേലിൽ -പ്രത്യേകിച്ച് സൈനികർക്കിടയിൽ-നെതന്യാഹു ഒരിക്കൽകൂടി ഹീറോ ആയിരിക്കുന്നു. ഇത് അദ്ദേഹത്തിന് അധികാരം നിലനിർത്താൻ ഇപ്പോൾ ആവശ്യമാണ്. രണ്ടാമതായി, മിഡിലീസ്റ്റ്-പ്രത്യേകിച്ചും ലബനാൻ- ഫ്രാൻസിെൻറയും ബ്രിട്ടെൻറയും (അതുവഴി അമേരിക്കയുടെയും ഇസ്രായേലിെൻറയും) നിയന്ത്രണത്തിലാകുന്നു. മൂന്നാമതായി, സിറിയ-ഇറാൻ-ഹിസ്ബുല്ല അച്ചുതണ്ടിന് ആഴത്തിൽ മുറിവേൽപിക്കാൻ ഇത് അവസരമൊരുക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.