അന്താരാഷ്ട്ര ചേലാകര്‍മ വിരുദ്ധ ദിനാചരണത്തിെൻറ ഭാഗമായി തളിപ്പറമ്പ് സര് സയ്യിദ് കോളജിലെ എസ്.എഫ്.ഐക്കാര്‍ നടത്തിയ പ്രചാരണപരിപാടി വ്യാപക ശ്രദ്ധ പിടിച്ചുപറ്റി. കാമ്പസുകളില്‍ മുസ്ലിം വിദ്യാര്‍ഥി സംഘടനകളെ ആക്രമിച്ചൊതുക്കുന്ന എസ്.എഫ്.ഐ ശേഷിക്കുന്ന സമയം ഇങ്ങനെയുള്ള ഇസ്ലാമോഫോബിക് പ്രചാരവേലകളുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്നുവെന്നാണ് പൊതുവിമര്‍ശനം. ഇപ്പോള്‍ ഇടതുപക്ഷത്തുള്ള ചിലരെങ്കിലും ഈ പ്രചാരവേലകളുടെ രാഷ്ട്രീയം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇസ്ലാമോഫോബിയയുടെ ഭാഗമായ ഇടതുപക്ഷത്തിെൻറ അബദ്ധങ്ങളും നാക്കുപിഴകളും ഗൗരവമായി എ ടുത്താല്‍ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്. ഈ പ്രചാരവേലകള്‍ ആഗോള ഇസ്ലാമോഫോബിയ നടത്തുന്ന യാത്രകളുടെ പ്രത്യേകതയാണ്. മലാല യൂസുഫ് സായി മുതല്‍ ഇപ്പോള്‍ അന്താരാഷ്ട്ര പ്രചാരണത്തിെൻറ ഭാഗമായി മുസ്ലിംകള്ക്ക് മേലെ പ്രതിഷ്ഠിച്ച ചേലാകര്‍മം വരെയുള്ള ലിംഗ രാഷ്ട്രീയപ്രശ്നങ്ങള്‍ ഉദാഹരണമായി എടുക്കുക. ഈ പ്രചാരണങ്ങൾക്ക് ഇന്ത്യന്‍ സാഹചര്യത്തിനൊപ്പംതന്നെ ആഗോള രാഷ്ട്രീയ മാനങ്ങളുമുണ്ട്. അതായത്, ഇന്നത്തെ ആഗോള ഇസ്ലാമോഫോബിയയുടെ അതേ രൂപമാതൃകകള്‍ തന്നെയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പല മുസ്ലിംവിരുദ്ധ കാമ്പയിനുകളിലും കാണുന്നത്.
ദേശീയം മുതല്‍ ആഗോളം വരെ
ഇന്ത്യന്‍ സമൂഹത്തിെൻറ അധഃപതനത്തിെൻറ കാരണമായി മുസ്ലിമിനെ കുറ്റാരോപിത പക്ഷത്തു നിര്‍ത്തുന്നതില്‍ ഇന്നത്തെ ഭരണകൂടാധികാരത്തിെൻറ ഭാഗമായ സംഘ്പരിവാരത്തിനു നിര്‍ണായക പങ്കുണ്ട്. ഇതിനു സമാനമായി കേരളത്തിലെങ്കിലും ആഗോള രാഷ്ട്രീയത്തില്‍ സ്വതന്ത്ര ജീവിതത്തിെൻറ അഭാവമായി മുസ്ലിമിനെ സങ്കല്പിക്കുന്നത് വ്യവസ്ഥാപിത ഇടതുപക്ഷമാണ്. അങ്ങനെ മുസ്ലിം ഹിംസയില്‍ അധിഷ്ഠിതമായി വികസിക്കുന്നതാണ് ഇന്നത്തെ ദേശീയ രാഷ്ട്രീയം. അതിെൻറ വികാസത്തിന് ഇടതുപക്ഷത്തിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ് ആഗോള ഇസ്ലാമോഫോബിയ പ്രചാരണങ്ങളുടെ ഏറ്റെടുക്കല്‍. എന്നാൽ ഇത് കേരളത്തിലെ ഇടതുപക്ഷത്തിെൻറ മാത്രം പ്രത്യേകതയല്ല. വ്യവസ്ഥാപിത ഇടതുപക്ഷം ആഗോളതലത്തില്‍തന്നെ എത്തിപ്പെട്ട ഒരു സ്ഥിതിവിശേഷമാണ്.
ആഗോള ഇസ്ലാമോഫോബിയക്ക് പല സാമൂഹിക സന്ദര്‍ഭങ്ങളില്‍ പലതരം അധികാരബന്ധങ്ങള്‍ നിര്‍ണയിക്കാൻ കഴിയുന്നുണ്ട്. പല പ്രാദേശികസാഹചര്യങ്ങളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ മറ്റു സാഹചര്യങ്ങളിലെ മുസ്ലിംകള്‍ക്കു മേലെ വലിയ പ്രചാരണമായി മാറുന്നു. അതിനു യൂറോപ്പെന്നോ ഇന്ത്യയെന്നോ ബ്രസീലെന്നോ വ്യത്യാസമില്ല. ആ പരസ്പരബന്ധങ്ങള്‍ കാണാന്‍ കഴിയാത്ത കേവല സാമ്രാജ്യത്വവിരുദ്ധ വാചകമടികൊണ്ടോ വലതുപക്ഷ പ്രചാരണങ്ങളുടെ മാത്രം പ്രത്യേകതയായി ഇപ്പോഴത്തെ മുസ്ലിംവിരുദ്ധ പ്രചാരവേലയിലെ മാറ്റങ്ങളെ വിലയിരുത്താന്‍ കഴിയില്ല. ഇസ്ലാമോഫോബിയയുടെ ആഗോള ഉല്പാദനവും പ്രാദേശികമായ സ്വീകരണവും മനസ്സിലാക്കാന്‍ കൂടുതല്‍ വികേന്ദ്രീകൃതവും താരതമ്യ സ്വഭാവവുമുള്ള അന്വേഷണങ്ങള്‍ ആവശ്യമാണ്.
രണ്ടു ഇടതുപക്ഷങ്ങള്‍
ഹൂറിയ ബൂതൽജ എഴുതിയ Whites, Jews and Us : Towards a Politics of Revolutionary Love എന്ന പുസ്തകം ഫ്രഞ്ച് ഇടതുപക്ഷവും മുസ്ലിംകളുമായുള്ള ബന്ധം വിശകലനം ചെയ്യുന്ന പ്രധാനപ്പെട്ട ഒരു പഠനമാണ്. യൂറോപ്പിലെതന്നെ റാഡിക്കല്‍ ഇടതുപക്ഷ പ്രസാധനാലയമാണ് ഒരുപരിധിവരെ സ്വയംവിമര്‍ശന സ്വഭാവമുള്ള ഈ പുസ്തകം പുറത്തിറക്കിയത്. പ്രസ്തുത പഠനം വംശീയതക്കെതിരായും ഇസ്ലാമോഫോബിയക്കെതിരായും യൂറോപ്പിലെ വന്‍നഗരങ്ങളില്‍ വികസിക്കുന്ന അപകോളനീകരണ പ്രസ്ഥാനങ്ങളുടെയും ചിന്താമുന്നേറ്റങ്ങളുടെയും പ്രായോഗികതയുടെ ഭാഗമാണ്. ഫ്രാന്‍സിലെ ഇടതുപക്ഷവും വലതുപക്ഷവും സ്വീകരിക്കുന്ന രാഷ്ട്രീയ സമീപനങ്ങള്‍ ശ്രദ്ധിച്ചാല്‍ വംശീയതയുടെയും ഇസ്ലാമോഫോബിയയുടെയും കാര്യത്തില്‍ ഇവര്‍ തമ്മില്‍ വലിയ വ്യത്യാസം ഇല്ലാതായിരിക്കുന്നുവെന്നാണ് ഹൂറിയ ബൂതല്‍ജ വാദിക്കുന്നത്. ഗെറ്റോകളിലെയും നഗരപ്രാന്തങ്ങളിലെയും മുസ്ലിംകള് അടക്കമുള്ള കുടിയേറ്റ/വംശീയ/മത ന്യൂനപക്ഷപ്രശ്നങ്ങളെ രാഷ്ട്രീയമായി അഭിമുഖീകരിക്കുന്നതിൽ ഫ്രഞ്ച് ഇടതുപക്ഷം പരാജയപ്പെട്ടു. അതോടൊപ്പം പാര്‍ശ്വവത്കൃത സമൂഹങ്ങളെക്കുറിച്ച വലതുപക്ഷ ധാരണകളുമായി അവര്‍ ഒത്തുപോവുകയും ചെയ്യുന്നു. കണക്കുകള്‍ പ്രകാരം, ഫ്രാന്‍സില്‍ നടക്കുന്ന പൊലീസ് ഹിംസയില്‍ കൊല്ലപ്പെടുന്നവരില്‍ 90 ശതമാനവും മുസ്ലിംകളും കറുത്ത വംശജരുമാണ്. ഇതേ സമൂഹങ്ങള്‍ 75 ശതമാനം തൊഴിലില്ലായ്മയും നേരിടുന്നുണ്ട്. ഫ്രഞ്ച് ഇടതുപക്ഷം ഇതൊന്നും അഭിമുഖീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.
ഭരണകൂട ഹിംസയുടെ നടത്തിപ്പുകാരും ന്യായീകരണ വിദഗ്ധരുമായി ഇടതുപക്ഷം കേരളത്തിലും മാറിയിരിക്കുന്നു. യു.എ.പി.എ കേരളത്തില്‍ നടപ്പാക്കിയത് ഇടതുപക്ഷ സര്‍ക്കാറാണ്. ഭീകരവേട്ടയുടെ പേരില്‍ ഭരണകൂടം നിര്‍മിച്ച യു.എ.പി.എ എന്ന അമിതാധികാര നിയമത്തിെൻറ ഇരകളായി ജയിലില്‍ കിടക്കുന്നതില്‍ വലിയൊരു വിഭാഗം മുസ്ലിംകളാണ്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ കേരളത്തില്‍ നടന്ന പൊലീസ് വെടിവെപ്പുകളില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടതും പരിക്കുപറ്റിയതും മുസ്ലിംകൾക്കാണ്.
ഈ ഭരണകൂട ഭീകരതയെ ഒരർഥത്തിലും അഭിമുഖീകരിക്കാന്‍ കേരളത്തിലെ വ്യവസ്ഥാപിത ഇടതുരാഷ്ട്രീയത്തിന് കഴിഞ്ഞിട്ടില്ല. കേരള ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്ലിംകളില് മൂന്നില്‍ ഒരാള്‍ക്ക് മാത്രമേ പത്താം ക്ലാസ് യോഗ്യതയുള്ളൂ. മറ്റു പല പ്രബല സമുദായങ്ങളെയും അപേക്ഷിച്ച് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം മുസ്ലിംകള്ക്കിടയിലാണെന്ന് കെ.സി. സക്കറിയ പറയുന്നു. ഈ രീതിയില്‍ മുസ്ലിംകള് നേരിടുന്ന രാഷ്ട്രീയ, അവകാശ പ്രശ്നങ്ങളെ ഇസ്ലാമോഫോബിയ ബാധിച്ച ഇടതുപക്ഷം അഭിമുഖീകരിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. രണ്ടാമതായി ഹൂറിയ ബൂതൽജ വിവരിക്കുന്നത്, ഫ്രാന്‍സിലെ സയണിസ്റ്റ്ലോബി നടത്തുന്ന മുസ്ലിം പ്രചാരവേലകളില്‍ സ്വാധീനിക്കപ്പെട്ട ഇടതുപക്ഷത്തെ കുറിച്ചാണ്. ഇന്ന് മുസ്ലിംകള് അടക്കമുള്ള കുടിയേറ്റ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തെയും ഇസ്രായേലിനോടുള്ള എതിര്‍പ്പിനെയും സെമിറ്റിക് വിരുദ്ധതയായി ഫ്രഞ്ച് ഇടതുപക്ഷം കാണുന്നുവെന്ന് ബൂതൽജ നിരീക്ഷിക്കുന്നു.
കേരളത്തിലെ ഇടതുപക്ഷം ഒരുപരിധി വരെ ഫലസ്തീന് അടക്കമുള്ള വിഷയങ്ങളില്‍ ആഗോളരാഷ്ട്രീയത്തിലെ ശാക്തികസന്തുലനത്തെ ഉള്‍ക്കൊള്ളുന്നവരാണ്. പക്ഷേ, ലൈംഗികത, ലിംഗരാഷ്ട്രീയം, അവകാശ രാഷ്ട്രീയം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളില്‍ മുന്‍ചൊന്ന ജാഗ്രത ഇടതുപക്ഷത്തിന് കൈമോശം വന്നിരിക്കുന്നു. മുസ്ലിം സ്ത്രീകളെക്കുറിച്ച് ശീതയുദ്ധാനന്തരം ലോക വൈജ്ഞാനിക വിപണിയില്‍ വ്യാപകമായ നവ ഓറിയൻറലിസ്റ്റ് സാഹിത്യങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ കേരളീയ ഇടതുപക്ഷത്തിനു സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മലാല യൂസുഫ് സായിയും അന്താരാഷ്ട്ര ചേലാകര്മവിരുദ്ധ ദിനാചരണവും പോലുള്ള തട്ടിപ്പുകള്‍ ഇടതു രാഷ്ട്രീയ പ്രചാരണത്തിെൻറ മേഖലയില്‍ സ്വീകാര്യത നേടുന്നു.
ഹൂറിയ ബൂതൽജ മൂന്നാമതായി വാദിക്കുന്നത്, ഭരണകൂട വംശീയതയുടെ നടത്തിപ്പുകാരും അതിെൻറ കാവലാളുകളുമായി ഫ്രഞ്ച് ഇടതുപക്ഷം മാറിയിരിക്കുന്നു എന്നാണ്. വലതുപക്ഷത്തെപ്പോലെ ഫ്രാന്‍സില്‍ ഇടതുപക്ഷവും മുസ്ലിം സ്ത്രീകളുടെ ഹെഡ്സ്കാര്‍ഫ് നിരോധനത്തെ അനുകൂലിച്ചത് ഹൂറിയ ചൂണ്ടിക്കാട്ടുന്നു. സി.ബി.എസ്.ഇ നടത്തിയ പരീക്ഷയില്‍ ഹിജാബ് വിലക്കിയപ്പോള്‍ ഉണരാത്ത സ്വാതന്ത്ര്യബോധം മലപ്പുറത്ത് ഫ്ലാഷ്മോബ് നടന്നുവെന്ന് കേട്ടയുടനെ എസ്.എഫ്.ഐക്കാര്‍ക്ക് ഉണ്ടായത് എന്തുകൊണ്ടാണ്? ഇവിടെയാണ് ലിംഗരാഷ്ട്രീയത്തിെൻറ സാര്‍വലൗകികത പ്രസംഗിക്കുന്നവരുടെ ഇരട്ടത്താപ്പ് തെളിഞ്ഞുവരുന്നത്. അതുകൊണ്ടു ഫാഷിസ്റ്റ് വിരുദ്ധ മുന്നണികളുടെ ഭാഗമായ ഇടതുരാഷ്ട്രീയ/സാമൂഹിക പ്രസ്ഥാനങ്ങളുടെ ഇരട്ട നീതിയെ വിമര്‍ശിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. മാത്രമല്ല, മുസ്ലിംവിരുദ്ധ വംശീയതയോടും ഇസ്ലാമോഫോബിയയോടും സൗഹൃദം സാധ്യമാക്കിയ ഇടതുരാഷ്ട്രീയത്തിെൻറ വിമര്‍ശനം, ലോകവ്യാപകമായി പുതു സാമൂഹികപ്രസ്ഥാനങ്ങളും മുസ്ലിംകളും ഒക്കെ ഉൾപ്പെടുന്ന അപകോളനീകരണ പ്രസ്ഥാനങ്ങളും വികസിപ്പിക്കുന്ന പുതിയ രാഷ്ട്രീയ ഇടപാടിെൻറ രീതിശാസ്ത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.