കരുതൽതടങ്കലിനെ ചോദ്യംചെയ്യുന്ന ഐതിഹാസിക സുപ്രീംകോടതി വിധി

നമ്മുടെ രാജ്യത്ത് നിലവിലുള്ള കരുതൽതടങ്കൽ നിയമങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്തും ശേഷവും ഇവിടെ തുടരുന്ന ഈ കൊടിയ മനുഷ്യാവകാശ ലംഘനത്തിനെതിരായ ചരിത്രപരമായ നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്.

വിചാരണകൂടാതെ തടവിലിടാൻ എക്സിക്യൂട്ടിവിന് അധികാരം നൽകുന്ന പല നിയമങ്ങളും രാജ്യത്ത് നിലവിലുണ്ട്. ഫലത്തിൽ അതും കരുതൽതടങ്കൽതന്നെ. മിസ അടക്കമുള്ള കരുതൽതടങ്കൽ നിയമങ്ങൾക്ക് പുറമെ നാഷനൽ സെക്യൂരിറ്റി ആക്ട്, പോട്ട, യു.എ.പി.എ തുടങ്ങിയ കേന്ദ്രനിയമങ്ങളുടെയും വിവിധ സംസ്ഥാനങ്ങൾ പ്രത്യേകമായി പാസാക്കിയ കരുതൽതടങ്കൽ നിയമങ്ങളുടെയും മറവിൽ പതിനായിരങ്ങളെയാണ് വിചാരണകൂടാതെ കൽത്തുറുങ്കുകളിൽ പൂട്ടിയിട്ടിരിക്കുന്നത്.

നമ്മുടെ ഭരണഘടനയുടെ മൂന്നാം ഭാഗം മൗലികാവകാശങ്ങളെ സംബന്ധിച്ചുള്ളതാണ്. 24 വകുപ്പുകളാണ് ഇതിലുള്ളത്. വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിലും മൗലികാവകാശങ്ങളെപ്പറ്റി അധ്യായങ്ങളുണ്ട്. പക്ഷേ, ഇത്ര വിശദരൂപത്തിൽ ഈ അവകാശങ്ങൾ രേഖപ്പെടുത്തിയ മറ്റൊരു ഭരണഘടന കണ്ടെത്തുക ശ്രമകരമാണ്. മൗലികാവകാശങ്ങളിൽ ഏറ്റവും മൗലികമായത് വ്യക്തിസ്വാതന്ത്ര്യമാണ്.


പ്രസംഗത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം, സമാധാനപരമായി യോഗംചേരുന്നതിനുള്ള സ്വാതന്ത്ര്യം, അസോസിയേഷനുകളും സംഘടനകളും രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യം, രാജ്യത്തെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം, ഏത് തൊഴിൽ ചെയ്യുന്നതിനും തൊഴിൽസ്ഥാപനം നടത്തുന്നതിനുമുള്ള അവകാശം തുടങ്ങിയവയെല്ലാം ഭരണഘടന നൽകുന്ന അവകാശങ്ങളാണ്. അവയെല്ലാം അട്ടിമറിച്ചാണ് അഭിപ്രായപ്രകടനം നടത്തിയവരെയും സംഘടനാപ്രവർത്തനം നടത്തിയവരെയുമെല്ലാം കുരുക്കിലിടുന്നത്.

രാജ്യത്ത് നിലവിലുള്ള കരുതൽതടങ്കൽ നിയമത്തിനെതിരായി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ത്രിപുര സർക്കാർ 2021 നവംബർ 12ന് പാസാക്കിയ കരുതൽതടങ്കൽ നിയമത്തിന്റെ നിയമസാധുത ചോദ്യംചെയ്തുകൊണ്ട് സുശാന്തകുമാർ ബാനിക്ക് സമർപ്പിച്ച ഹരജിയിലാണ് ഈ കോടതിവിധി ഉണ്ടായിരിക്കുന്നത്. കരുതൽതടങ്കൽ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇത്തരം വിഷയങ്ങളിൽ ഭരണഘടനാപരമായ സംരക്ഷണം വിലമതിക്കാനാവാത്തതാണെന്നും നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസുമാരായ രവീന്ദ്രഭട്ട്, ജെ.ബി. പർദിവാലാ എന്നിവരുടെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

കഴിഞ്ഞവർഷം നവംബറിലാണ് സുശാന്തകുമാർ ബാനികിനെതിരെ ത്രിപുര സർക്കാർ കരുതൽതടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കരുതൽതടങ്കലിലാക്കാനുള്ള ശിപാർശക്കും ഉത്തരവ് പുറപ്പെടുവിക്കാനുള്ള കാലാവധിയും തമ്മിൽ അഞ്ചു മാസത്തെ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവിറക്കുന്നതിൽ സർക്കാർ വിശദീകരിക്കാനാവാത്തവിധം കാലതാമസം വരുത്തിയെന്ന് കോടതി വിമർശിച്ചു. സമൂഹത്തെ സംരക്ഷിക്കുന്നതിനാണ് കരുതൽതടങ്കൽ നിയമംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. ഒരാളെ ശിക്ഷിക്കുകയല്ല നിയമംകൊണ്ട് ലക്ഷ്യമിടുന്നത്. കുറ്റംചെയ്യുന്നതിനുമുമ്പ് അയാളെ തടയുകയാണ് വേണ്ടത്.

കുറ്റം നിഷേധിക്കുന്നതിനോ വിചാരണവേളയിൽ നിരപരാധിത്വം തെളിയിക്കുന്നതിനോ ഉള്ള അവസരം പുറത്തുള്ള ഒരാളെപ്പോലെ കരുതൽതടങ്കലിൽ വെച്ചിരിക്കുന്ന വ്യക്തിക്ക് ലഭ്യമല്ല. അതിനാൽ കരുതൽതടങ്കൽ നിയമശാസ്ത്രത്തിൽ ഭരണഘടനയും അത്തരം തടങ്കലിന് അംഗീകാരം നൽകുന്ന നിയമങ്ങളും അംഗീകരിക്കുന്ന ചെറിയ സംരക്ഷണങ്ങൾക്കുപോലും വലിയ പ്രാധാന്യമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. യഥാർഥത്തിൽ കരുതൽതടങ്കലിലുള്ള പാവപ്പെട്ട ഒരു തടവുകാരന് നിയമസഹായം പലപ്പോഴും അപ്രാപ്യമാണെന്നകാര്യം പകൽപോലെ വ്യക്തമാണ്.


എന്തെല്ലാം പറഞ്ഞ് ന്യായീകരിച്ചാലും നമ്മുടെ നിയമസംഹിതയിൽ നിരോധന തടങ്കൽനിയമമോ അതിന്റെ ഏതെങ്കിലും വകഭേദമോ സ്ഥാനംപിടിച്ചുകൂടാത്തതാണ്. കരുതൽതടങ്കൽ നിയമം ചുരുക്കംചില ജനാധിപത്യ രാജ്യങ്ങളിലെങ്കിലും ഇന്ന് റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയഎതിരാളികൾ അടക്കമുള്ളവരെ തടവിലാക്കാനും പകപോക്കാനുമാണ് ഈ നിയമം ദുരുപയോഗിച്ചുകൊണ്ടിരുന്നത് എന്നതുകൊണ്ട് തന്നെയാണ് ആ രാജ്യങ്ങൾ ശക്തമായ ബഹുജനാഭിപ്രായത്തെ മാനിച്ച് അവ റദ്ദാക്കിയത്. ഇന്ത്യയെ സംബന്ധിച്ചും കരുതൽതടങ്കൽ നിയമങ്ങൾ ഇല്ലാതാക്കേണ്ടസമയം അതിക്രമിച്ചിരിക്കുകയാണ്. ആ ദിശയിലേക്കുള്ള ചിന്തക്കും ആലോചനക്കും തുടക്കംകുറിക്കാൻ ഐതിഹാസികമായ സുപ്രീംകോടതി വിധി സഹായകമായേക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.


Tags:    
News Summary - Legendary Supreme Court judgment to questioning preventive detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.