അശോകൻ ചരുവിൽ, മാ​ർ​കേ​സ്​, ബ്ര​ഹ്ത്

ഫാ​ഷി​സ​ത്തി​നെ​തി​രെ ഒ​രു നാ​ട​കം

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്​​ത്രീ​ക​ൾ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്നു എ​ന്നെ​ഴു​തി​യാ​ൽ അ​തൊ​രു സാ​മാ​ന്യ പ്ര​സ്​​താ​വ​ന എ​ന്ന​ർ​ഥ​ത്തി​ൽ ശ​രി​യാ​വും. എ​ന്നാ​ൽ, ഇ​തി​നോ​ട് എ​ന്തി​ന്, എ​ങ്ങനെ, എ​വി​ടെ, എ​പ്പോ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള കൃ​ത്യം ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ആ ​പ്ര​സ്​​താ​വ​ന ഉ​ള്ള​ട​ക്കം ചോ​ർ​ന്ന ഒ​രു പു​റം​തോ​ട് മാ​ത്ര​മാ​വും. ആ​മ​യി​ല്ലാ​ത്ത ഒ​രാ​മ​ത്തോ​ട് പോ​ലെ! അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​രി​മ്പുപാ​ട​ങ്ങ​ളി​ൽ ആ​ർ​ത്ത​വം കാ​ര​ണം തൊ​ഴി​ൽ മു​ട​ങ്ങാ​തി​രി​ക്കാ​ൻ സ്​​ത്രീ​ക​ൾ ഗ​ർ​ഭ​പാ​ത്രം നീ​ക്കംചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ന്നു എ​ന്നെ​ഴു​തി​യാ​ൽ അ​ത് ശ​രി​യെ​ന്ന​പോ​ലെ സ​ത്യ​വു​മാ​കും. രോ​ഗം കാ​ര​ണം ജീ​വി​തം നി​ല​നി​ർ​ത്താ​ൻ ഗ​ർ​ഭ​പാ​ത്രം നീ​ക്കംചെ​യ്യു​ന്ന​തും, ആ​രോ​ഗ്യ​മു​ള്ള​വ​ർ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കാ​നും അ​തു​വ​ഴി ജീ​വി​തം നി​ല​നി​ർ​ത്താ​നും വേ​ണ്ടി മാ​ത്രം സ്വ​ന്തം ഗ​ർ​ഭ​പാ​ത്രം നി​സ്സ​ഹാ​യ​മാ​യി നീ​ക്കം ചെ​യ്യേ​ണ്ടി​വ​രു​ന്ന​തും അ​ടി​സ്​​ഥാ​ന​പ​ര​മാ​യി ര​ണ്ടു​വി​ധ​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ൽ ര​ണ്ടി​ലും തൊ​ഴി​ൽ രം​ഗ​ത്തെ ചൂ​ഷ​ണ​ത്തി​ന്റെ വെ​ട്ടേ​റ്റ് വീ​ണ മ​നു​ഷ്യ​രു​ടെ നി​ല​വി​ളി കേ​ൾ​ക്കാ​നോ, അ​വ​രു​ടെ ചി​ത​റി​പ്പോ​വു​ന്ന ജീ​വി​ത​ങ്ങ​ളെ ചേ​ർ​ത്തുനി​ർ​ത്താ​നോ ക​ഴി​യി​ല്ല. സാ​മാ​ന്യ പ്ര​സ്​​താ​വ​ങ്ങ​ൾ അ​പ്ര​സ​ക്ത​മാ​വു​ന്ന​തുകകൊ​ണ്ട​ല്ല, സ​വി​ശേ​ഷ​ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ മ​റി​ച്ചി​ടാ​നു​ള്ള ച​ട്ടു​ക​മാ​ക്കി അ​വ​യെ സ​മ​ർ​ഥ​മാ​യി മേ​ൽ​ക്കോ​യ്മാ ആ​ശ​യാ​ധി​കാ​ര​ലോ​കം മാ​റ്റുന്നതുകൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്.

സ​വി​ശേ​ഷ​മാ​യ സം​ഭ​വ​ങ്ങ​ളെ​യും അ​വ​സ്​​ഥ​ക​ളെ​യും വ്യ​ക്തമാ​ക്കു​ന്ന​തി​നു പ​ക​രം, അ​വ​യെ അ​വ്യ​ക്തമാ​ക്കാ​നും മാ​യ്ച്ചു ക​ള​യാ​നു​മു​ള്ള ഉ​പാ​ധി​യാ​ക്കി സാ​മാ​ന്യ​പ്ര​സ്​​താ​വ​ങ്ങ​ളെ സ​ങ്കോ​ചി​പ്പി​ക്കു​ക എ​ന്ന​ത് എ​ന്നും മ​ർ​ദകാ​ധി​കാ​ര​ത്തി​ന്റെ കാ​ര്യ​പ​രി​പാ​ടി​യി​ലു​ള്ള​താ​ണ്. മാ​ർ​കേ​സി​ന്റെ ക​ഥാ​പാ​ത്ര​മാ​യ ഡോ.​ ഉ​ർ​ബി​നോ മ​ര​ക്കൊ​മ്പ് പൊ​ട്ടി ദാ​രു​ണ​മാ​യി മ​രി​ച്ച​ത്, അ​ന​വ​സ​ര​ത്തി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ ഒ​രു സാ​മാ​ന്യ പ്ര​സ്​​താ​വ​ന​യെ തു​ട​ർ​ന്നാ​യി​രു​ന്നു എ​ന്ന​ത്, ഏ​തു​കാ​ല​ത്തെ​യും കേ​വ​ല​സാ​മാ​ന്യ പ്ര​സ്​​താ​വ​ങ്ങ​ളെ അ​ന്ധ​മാ​യി കൊ​ണ്ടാ​ടു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന അ​പ​ക​ട​മാ​ണ്! സം​സാ​രി​ക്കാ​ത്ത ഒ​രു ജ​ന്തു​വി​നെ​യും ഈ ​വീ​ട്ടി​ൽ വ​ള​ർ​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നാ​ണ്, ജ​ന്തു​ക്ക​ളെ വ​ള​ർ​ത്താ​ൻ ഏ​റെ കൊ​തി​ച്ച ഭാ​ര്യ​യോ​ട​യാ​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സം​സാ​രി​ക്കു​ന്ന ത​ത്ത​യെ പോ​റ്റു​ന്ന​തി​ൽ​നി​ന്നും അ​തു​കൊ​ണ്ടാ​ണ​യാ​ൾ​ക്ക് ഭാ​ര്യ​യെ ത​ട​യാ​ൻ ക​ഴി​യാ​ഞ്ഞ​ത്. ഒ​രി​ക്ക​ൽ കൂ​ടുവി​ട്ട് പ​റ​ന്ന് മ​ര​ക്കൊ​മ്പി​ലി​രു​ന്ന ത​ത്ത​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തിനി​ട​യി​ൽ അ​യാ​ൾ മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് മ​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. കേ​വ​ല സാ​മാ​ന്യ പ്ര​സ്​​താ​വ​ന​ക​ൾ​ക്കെ​തി​രെ ഡോ. ​ഉ​ർ​ബി​നോ​വി​ന്റെ അ​പ​ക​ട​മ​ര​ണ​ത്തെ സാ​ക്ഷി​യാ​ക്കി, മു​മ്പ് മാ​ർ​കേ​സ്​ ന​ട​ത്തി​യ​ത് ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്റെ ചാ​ട്ട​വാ​ർ പ്ര​യോ​ഗ​മാ​ണ്. ഒ​രു സൂ​ക്ഷ്മ​ത​യു​മി​ല്ലാ​തെ സാ​മാ​ന്യ​ത​യി​ൽ സ്​​തം​ഭി​ച്ചു​നി​ൽ​ക്കു​ന്ന മാ​ന​സി​കാ​വ​സ്​​ഥ​യെ​യാ​ണ്, ഗ​ബ്രി​യേ​ൽ ഗാ​ർ​സ്യാ മാ​ർ​കേ​സ്​ അ​പ്പോ​ൾ കീ​ഴ്മേ​ൽ മ​റി​ച്ച​ത്.

ഫാ​ഷിസ​ത്തി​നെ​തി​രെ ഒ​രു നാ​ട​കം എ​ന്ന അ​ശോ​ക​ൻ ചരു​വി​ലി​ന്റെ സ​മ​കാ​ല​ത്ത് സ്​​ഫോ​ട​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന, ക​ഥാ​നാ​ട​ക​വും ശ്ര​ദ്ധേ​യ​മാ​വു​ന്ന​ത് ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്റെ അ​ഗാ​ധ​ത​കൊ​ണ്ടും, ച​രി​ത്ര​ബോ​ധ​ത്തി​ന്റെ മൂ​ർ​ച്ച​കൊ​ണ്ടും, ന​വ​ഫാ​ഷി​സ​ത്തി​നെ​തി​രാ​യ വി​മ​ർ​ശ​ന തീ​വ്ര​ത​കൊ​ണ്ടു​മാ​ണ്. ച​രി​ത്ര​വി​രു​ദ്ധ​മാ​യ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​തെ ന​മ്മു​ടെ കാ​ല​ത്ത് ഒ​രു ക​ലാ​സൃ​ഷ്​​ടി​ക്കും, അ​തെ​ത്ര മി​ക​വു​ക​ൾ പു​ല​ർ​ത്തി​യാ​ലും ഇ​ള​കി​മ​റി​യു​ന്ന ജീ​വി​ത​ത്തോ​ട് കൂ​ട്ട് ചേ​രാ​ൻ ക​ഴി​യി​ല്ല. ചെ​ല​വ​ഴി​ക്കു​ന്ന പ​ണ​മ​ല്ല, അ​ല​ങ്കാ​ര ശ​ബ​ളി​മ​ത​യു​ടെ സ​മാ​ന്ത​ര ലോ​ക​മ​ല്ല, പ്ര​ഗ​ല്ഭരു​ടെ വി​ടു​വാ​ക്കു​ക​ള​ല്ല, അ​വി​ടെ​യും ഇ​വി​ടെ​യും തൊ​ടാ​ത്ത സം​ഭാ​ഷ​ണ​കോ​ലാ​ഹ​ല​മ​ല്ല സ്റ്റേ​ജി​ലൊ​രു​ക്കു​ന്ന അത്ഭുത​ദൃ​ശ്യ​ങ്ങ​ള​ല്ല ഒ​രു ക​ലാ​സൃ​ഷ്​​ടി​യെ​യും പ്ര​സ​ക്ത​മാ​ക്കു​ന്ന​തെ​ന്ന ക​ലാ​ത​ത്ത്വവി​ചാ​ര​ത്തി​ന്റെ മ​ഹാ​സ​ന്ദേ​ശ​മാ​ണ്, ക​ഥ മാ​ത്ര​മാ​വാ​ത്ത ഫാ​ഷി​സ്റ്റ് വി​രു​ദ്ധ നാ​ട​ക​ക​ഥ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ജ​ന​കീ​യ നാ​ട​ക​വേ​ദി​ക്കും, കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​യ ഫാ​ഷി​സ്റ്റ് വി​രു​ദ്ധ ആ​ശ​യ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാം​സ്​​കാ​രി​ക രോ​ഗ​മാ​ണ്, അ​ത്ഭു​ത​ക​ര​മാം​വി​ധം ഈ ​നാ​ട​ക​ക​ഥ​യു​ടെ ആ​രോ​ഗ്യം! രോ​ഗ​ത്തി​ൽ​നി​ന്നു​ണ്ടാ​യ പൂ​വ​ല്ല, രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന മ​രു​ന്നാ​ണ​ത്. എ​ല്ലാം ക​ണ​ക്കെ​ന്ന് പ​റ​ഞ്ഞ്, ഫാ​ഷി​സ്റ്റ് ക​ണ​ക്കു​ക​ളി​ൽ​മാ​ത്രം കോ​രി​ത്ത​രി​ക്കു​ന്ന​വ​രു​ടെ ക​ര​ണ​ക്കു​റ്റി​ക്ക് കി​ട്ടി​യ ഒ​ര​ടി​യാ​ണ​ത്. ജ​നാ​യ​ത്ത കാ​ഴ്ച​പ്പാ​ടു​ക​ൾ ആ​ത്മാ​ർ​ഥ​മാ​യി ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​ർ​പോ​ലും നി​താ​ന്ത ജാ​ഗ്ര​ത കൈ​വി​ട്ടാ​ൽ ചെ​ന്നു​വീ​ഴാ​വു​ന്ന അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ ആ​ഴം ക​ഥാ​വാ​യ​ന​യി​ൽ അ​മ്പ​ര​പ്പു​ള​വാ​ക്കും. ഇ​തു​വ​രെ കു​ടി​ച്ച​തൊ​ന്നു​മ​ല്ല ക​ള്ളെ​ന്ന്, അ​ല​സ​വാ​യ​ന​ക​ളെ അ​ത് ശ​രി​ക്കും കു​ലു​ക്കി​യു​ണ​ർ​ത്തും. സ​മ​വാ​ക്യ​ങ്ങ​ളി​ലേ​ക്കും ഒ​ത്തു​തീ​ർ​പ്പു​ക​ളി​ലേ​ക്കും സ​മ​രോ​ത്സു​ക​ത​യെ​പ്പോ​ലും വ​ഴി തി​രി​ച്ചു​വി​ടാ​നു​ള്ള ന​വ​ ഫാ​ഷി​സ്റ്റ് കോ​ർ​പ​റേ​റ്റ് സ​മാ​ന്യ​ബോ​ധ​ത്തി​ന്റെ, അ​ത്ര​യൊ​ന്നും എ​ളു​പ്പ​ത്തി​ൽ കീ​ഴ്പ്പെ​ടു​ത്താ​നാ​വാ​ത്ത അ​പ്ര​തി​രോ​ധ്യ​മാ​യ ശ​ക്തി​യെ​യാ​ണ്, അ​തി​ന്റെ കു​ടി​ല സ​മാ​ർ​ഥ്യ പ്ര​ക​ട​ന​ങ്ങ​ളെ​യാ​ണ് പോ​രാ​ളി​ക​ളെ നി​ർ​വീ​ര്യ​മാ​ക്കാ​നും പ്ര​തി​ഭാ​ശാ​ലി​ക​ളെ പി​ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള അ​തി​ന്റെ അ​സാ​മാ​ന്യ ക​ഴി​വി​നെ​യാ​ണ്, ഫാ​ഷി​സ്റ്റ് ആ​ശ്ലേ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ളി​ച്ചുക​ളി​ക്കു​ന്ന അ​പ​ക​ട​ത്തി​ന്റെ ആ​ഘാ​ത തീ​വ്ര​ത​യേ​യാ​ണ്, കൊ​തി​പ്പി​ക്കു​ന്ന കെ​ട്ടി​ക്കാ​ഴ്ച​ക​ളു​ടെ മ​നോ​ഹാ​രി​ത​ക​ൾ​ക്കി​ട​യി​ൽ യു​ദ്ധോ​ത്സു​ക​മാ​വു​ന്ന മാ​ര​ക​ത​യേ​യാ​ണ്, സ​മ​രോ​ത്സു​ക ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ൽ സു​ഷി​ര​ങ്ങ​ൾ വീ​ഴാ​ന​നു​വ​ദി​ക്കാ​ത്ത​വി​ധം മേ​ൽ​ചൊ​ന്ന ക​ഥാ​നാ​ട​ക​ത്തി​ൽ അ​പ​നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്. മു​ഖ്യ​ധാ​ര, പൊ​തു​ബോ​ധം, സാ​മാ​ന്യ​ബോ​ധം എ​ന്നി​വ​യു​ടെ ത​ണ​ൽ​പ​റ്റി ക​ഴി​യു​ന്ന കേ​വ​ല​സാ​മാ​ന്യ​പ്ര​സ്​​താ​വ​ന​ക​ൾ, സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ള​കി​മ​റി​യു​ന്ന സാ​മൂ​ഹികജീ​വി​ത​ത്തി​ന്റെ വ്യാ​ക​ര​ണംത​ന്നെ​യാ​യി മാ​റു​മ്പോ​ൾ അ​വ എ​ത്ര​മാ​ത്രം അ​പ​ക​ട​ക​ര​മാ​യി മാ​റു​മെ​ന്ന​തി​ന് ഫാ​ഷി​സ​ത്തി​നെതി​രെ ഒ​രു നാ​ട​കം എ​ന്ന​തി​ൽ​നി​ന്നു​ള്ള ഒ​രൊ​റ്റ പ​രാ​മ​ർ​ശം മാ​ത്രം അ​പ​ഗ്ര​ഥി​ച്ചാ​ൽ മ​തി​യാ​കും.

അ​ശോ​ക​ൻ ച​രു​വി​ലി​ന്റെ ഫാ​ഷി​സ​ത്തി​ന്നെ​തി​രാ​യ നാ​ട​കം എ​ന്ന ക​ഥ​യി​ലെ പ്ര​ശ​സ്​​ത നാ​ട​ക​പ്ര​തി​ഭ ദേ​വ​നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്ത് കോ​ടി​ക​ൾ മു​ട​ക്കി അ​വ​ത​രി​പ്പി​ച്ച ഫാ​ഷി​സ്റ്റ് വി​രു​ദ്ധ​നാ​ട​ക​ത്തി​ന്റെ അ​വ​സാ​ന​രം​ഗ​ത്തി​ലെ കോ​റ​സ്​ ആ ​നാ​ട​ക​ത്തി​ലു​ട​നീ​ളം ന​ട​ന്ന അ​വ​ത​ര​ണ​ത്തി​ന്റെ ആ​കെ​ത്തു​ക​യു​ടെ വി​കാ​ര​നി​ർ​ഭ​ര​മാ​യ സം​ഗ്ര​ഹ​മാ​ണ്.

ക​ഥ​യി​ൽ പ​റ​യു​ന്നു: ആ ​സ​മ​യ​ത്ത് എ​ല്ലാ​വ​രും കോ​റ​സാ​യി മാ​റി. ഓ​രോ​രു​ത്ത​രാ​യി മു​ന്നി​ലേ​ക്ക് വ​ന്ന് വി​ളി​ച്ചു​പ​റ​യാ​ൻ തു​ട​ങ്ങി: എ​ല്ലാ​യി​ട​ത്തും ഫാ​ഷി​സ​മാ​ണ്, തൂ​ണി​ലും തു​രു​മ്പി​ലും, എ​ല്ലാ മ​ന​സ്സി​ലും, പാ​ർ​ലി​മെ​ന്റി​ലും കോ​ട​തി​യി​ലും, പാ​ട​ത്തും പ​ണി​ശാ​ല​യി​ലും, മു​ത​ലാ​ളി​യി​ലും തൊ​ഴി​ലാ​ളി​യി​ലും, പു​രു​ഷ​ന്മാ​രി​ലും സ്​​ത്രീ​ക​ളി​ലും, കേ​ര​ള​ത്തി​ൽ ഫാ​ഷി​മി​ല്ലേ, അ​തി​ഭീ​ക​ര​മാ​യി, വീ​ടു​ക​ളി​ൽ ഫാ​ഷി​സ​മി​ല്ലേ, ഉ​ണ്ട്, പ​ഞ്ചാ​യ​ത്തി​ലും, എ​വി​ടെ അ​ധി​കാ​ര​മു​ണ്ടോ അ​വി​ടെ ഫാ​ഷി​സ​മു​ണ്ട്, എ​വി​ടെ സം​ഘ​ട​ന​യു​ണ്ട്, അ​വി​ടെ ഫാ​ഷി​സ​മു​ണ്ട്, ഇ​ന്ന​ത്തെ വി​പ്ല​വ​കാ​രി നാ​ള​ത്തെ ഫാ​ഷി​സ്റ്റാ​ണ്, ഫാ​ഷി​സം സ​ർ​വ്വ​വ്യാ​പി​യാ​ണ്.

സ​മ​വാ​ക്യ​ങ്ങ​ളെ ഓ​വ​ർ​ടേ​ക് ചെ​യ്യു​ന്ന ഇ​ത്ത​ര​മൊ​രു ‘സ​ർ​വ-​വാ​ക്യ’ അ​വ​ത​ര​ണ​ത്തി​ൽ നു​ര​ച്ചു​പ​ത​യു​ന്ന​ത്, ‘അ​സാ​മൂ​ഹി​ക​ത’​യ​ല്ല, ‘സ​മൂ​ഹ​ശൂ​ന്യ​ത’​യാ​ണ്. അ​സാ​മൂ​ഹി​ക​ത​യി​ൽ, അ​ട​യാ​ള​പ്പെ​ടു​ത്താ​തെ​പോ​യ, സാ​മൂ​ഹി​ക​ത​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​കും. എ​ന്നാ​ൽ, സ​മൂ​ഹ​ശൂ​ന്യ​ത​യി​ൽ (Non social) അ​പ്ര​കാ​ര​മൊ​ന്നും ക​ണ്ടെ​ത്താ​നാ​വി​ല്ല. അ​സ​മ​മാ​യ​തി​നെ സ​മ​മാ​ക്കു​ന്ന, ‘സ​മ​വാ​ക്യം’ (Equalising the unequal) അ​സാ​മൂ​ഹി​ക​ത​യു​ടെ (asocial) ഭാ​ഗ​മാ​ണെ​ങ്കി​ൽ; ‘എ​ല്ലാ സം​ഘ​ട​ന​ക​ളും ഫാ​ഷി​സ്റ്റാ​ണ്, എ​ല്ലാ​വ​രും ഫാ​ഷി​സ്റ്റാ​ണ്’ എ​ന്ന ഫാ​ഷി​സ്റ്റ് വി​രു​ദ്ധ നാ​ട​ക​ത്തി​ലെ സ​ർ​വ​വാ​ക്യം’. സ​മൂ​ഹ​ശൂ​ന്യ​ത​യു​ടെ ദൃ​ഷ്ടാ​ന്ത​മാ​ണ്. ആ​ദ്യ​ത്തെ ‘അ​സാ​മൂ​ഹ്യം’ ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ങ്കി​ലും പ​രി​മി​ത​ത​ല​ത്തി​ൽ പ്ര​സ​ക്ത​മാ​കും; എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ ‘സ​മൂ​ഹ​ശൂ​ന്യം’ പ്ര​സ​ക്തം, അ​പ്ര​സ​ക്തം, മു​ഖ്യം, അ​മു​ഖ്യം എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഭ​ജ​ന​ത്തെ​പോ​ലും ഇ​ല്ലാ​താ​ക്കും. അ​സാ​മൂ​ഹി​ക​ത മു​ൻ​ഗ​ണ​നാ ക്ര​മ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കും. സ​മൂ​ഹ​ശൂ​ന്യ​ത സ​ർ​വ​തി​നെ​യും! അ​ത്ത​ര​മൊ​രു സ​ർ​വ​ശൂ​ന്യാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ന്ന മ​ല​യാ​ളി. മ​ധ്യ​വ​ർ​ഗ​ത്തി​ലൊ​രു വി​ഭാ​ഗ​ത്തി​ന്റെ അ​രാ​ഷ്ട്രീ​യ അ​വ​സ്ഥ​യാ​ണ് അ​ശോ​ക​ൻ ച​രു​വി​ലി​ന്റെ ‘ഫാ​ഷി​സ​​ത്തി​നെ​തി​രെ ഒ​രു നാ​ട​കം’ അ​തി​ന്റെ സ​മ​സ്ത സം​ഘ​ർ​ഷ​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ‘I am not agaist the asocial, if you know; I am against the non social (​ബ്ര​ഹ്ത്).

സാ​മാ​ന്യ​ബോ​ധം ഏ​റെ​ക്കു​റെ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ലാ​ഭം കൊ​യ്ത​ത് ചെ​റു​കി​ട വ​ൻ​കി​ട സ​മ​വാ​ക്യ​സെ​ൻ്റ​റു​ക​ൾ ആ​ശ​യ​ജീ​വി​ത​ത്തി​ലു​ട​നീ​ളം വ്യാ​പ​ക​മാം​വി​ധം സ്​​ഥാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു. അ​തിെ​ൻ്റ ആ​വ​ർ​ത്തി​ച്ചു​ള്ള വാ​യ്ത്താ​രി​ക​ളി​ൽ ഒ​ന്ന്, നി​ങ്ങ​ൾ ഫാ​ഷി​സ​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ, എ​ല്ലാം പ​റ​യ​ണം ഒ​ന്നി​നെ മാ​ത്രം പ​റ​ഞ്ഞാ​ൽ പോ​രാ എ​ന്നു​ള്ള​താ​യി​രു​ന്നു. സ​ത്യ​ത്തി​ൽ വ​ർ​ഗീ​യ​ത​യും മ​ത​മൗ​ലി​ക​വാ​ദ​വും നാ​നാ​ത​ര​ത്തി​ലു​ള്ള തീ​വ്ര​വാ​ദ​ങ്ങ​ളും എ​ന്തി​ന് വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ഉ​ന്തും ത​ള്ളും വീ​ടു​ക​ളി​ൽ ഉ​ണ്ടാ​കാ​വു​ന്ന പ​ല​ത​ര​ത്തി​ലു​ള്ള ക​ച്ച​റ​ക​ളും എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​തു ത​ന്നെ​യാ​ണ്. എ​ന്നാ​ൽ അ​തും ഫാ​ഷി​സ​വും അ​ടി​സ്​​ഥാ​ന​പ​ര​മാ​യി ര​ണ്ടാ​ണെ​ന്ന കാ​ര്യം മ​റ​ന്നാ​ൽ അ​തോ​ടെ ഫാ​ഷി​സ​ത്തി​ന്നെ​തി​രാ​യ ആ​ത്മാ​ർ​ഥ​മാ​യ എ​തി​ർ​പ്പു​ക​ൾ​പോ​ലും ഫാ​ഷി​സ​ത്തി​ന് ആ​വേ​ശം പ​ക​രും​വി​ധ​മു​ള്ള വ​ള​മാ​വും. വം​ശ​ഹ​ത്യ​ക​ളും, ആ​ൾ​ക്കൂ​ട്ട​കൊ​ല​ക​ളും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നു​കാ​ര​ണം ഞ​ങ്ങ​ൾ മാ​ത്ര​മ​ല്ല​ല്ലോ എ​ന്നൊ​രാ​ശ്വാ​സം ഫാ​ഷി​സ​ത്തി​നു​ണ്ടാ​ക്കു​ക മാ​ത്ര​മ​ല്ല, അ​തും ഇ​തും സ​മ​വാ​ക്യ​ങ്ങ​ൾ വ​ഴി സം​ഭ​വി​ക്കു​ന്ന​ത്. മ​റി​ച്ച് ഭ​ര​ണ​കൂ​ട​ശ​ക്തി​യാ​യി മാ​റി​യ ഫാ​ഷി​സ്റ്റ് സം​ഘ​ട​ന​ക​ളെ​യും, അ​തി​നോ​ട് എ​തി​രി​ടു​ക​യോ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തു​ക​യോ അ​വ​ർ​ക്ക് പ​രോ​ക്ഷ​സ​ഹാ​യ​മാ​യി തീ​രു​ക​യോ ചെ​യ്ത​വ​രെ​യും ചെ​യ്യു​ന്ന​വ​രെ​യും ഒ​രേ തു​ലാ​സി​ലി​ട്ട് തൂ​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വ് ത​ക​ർ​ക്കു​ന്ന​തി​നാണ് സ​ന്ദ​ർ​ഭ പ​രി​ഗ​ണ​ന​യി​ല്ലാ​ത്ത പൊ​തു പ്ര​സ്​​താ​വ​ങ്ങ​ൾ വ​ഴി​വെ​ക്കു​ന്ന​ത്.

എ​ല്ലാ​വ​രും ഫാ​ഷി​സ്റ്റാ​ണ് എ​ന്ന ഫാ​ഷി​സ്റ്റ് വി​രു​ദ്ധ നാ​ട​ക​ത്തി​ലെ പൊ​തു പ്ര​സ്​​താ​വ​ത്തി​ൽ സ​ർ​വരും ഒ​പ്പു​വെ​ച്ച് ക​ഴി​ഞ്ഞാ​ൽ, അ​തോ​ടെ ഫാ​ഷി​സ​ത്തി​നെ​തി​രാ​യ സ​മ​ര​ങ്ങ​ൾ നി​ർ​വീ​ര്യ​മാ​വും. ഇ​ത് പ​ഴ​യ സ​മ​വാ​ക്യ​ത്തി​ൽ​നി​ന്നും മു​ഴു​വ​ൻ മ​നു​ഷ്യ​രെ​യും പ്ര​ധാ​ന​മാ​യും ഫാ​ഷി​സ്റ്റ് വി​രു​ദ്ധ സ​മീ​പ​ന​മെ​ടു​ക്കു​ന്ന സം​ഘ​ട​ന​ക​ളെ​യും അ​കാ​ര​ണ​മാ​യി കു​റ്റ​വാ​ളി​ക​ളാ​ക്കാ​നു​ള്ള ഫാ​ഷി​സ്റ്റ് ത​ന്ത്ര​മാ​ണ്. അ​താ​യ​ത് അ​സ​മ​മാ​യ​തി​നെ സ​മ​മാ​ക്കു​ന്ന പ​ഴ​യ സ​മ​വാ​ക്യ​വി​ദ്യ​യി​ൽ​നി​ന്നും ന​വ​ഫാ​ഷി​സം ഇ​പ്പോ​ൾ സ​ർ​വ​തി​നെ​യും ഒ​രൊ​റ്റ അ​ച്ചി​ലേ​ക്ക് അ​ടി​ച്ചൊ​തു​ക്കു​ന്ന സ​ർ​വ​സ​മ​വാ​ക്യ നി​ർ​മി​തി​യി​ലേ​ക്ക് വ​ള​ർ​ന്ന് ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​തി​ന്റെ മാ​നി​ഫ​സ്റ്റോ​യാ​ണ്, എ​വി​ടെ സം​ഘ​ട​ന​യു​ണ്ടോ, അ​വി​ടെ ഫാ​ഷി​സ​മു​ണ്ട്എ​ന്ന ക​ഥ​യു​ടെ ന്യൂ​ക്ലി​യ​സ്സാ​യ, കോ​ർ​പറേ​റ്റ്–​ജാ​തി​മേ​ൽ​ക്കോ​യ്മാ സം​യു​ക്ത​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ന​വ​ഫാ​ഷി​സ​ത്തി​ന് ഏ​റെ പ്രി​യം​ക​ര​മാ​യ കു​ടി​ല​വാ​ക്യം. ഭ​ര​ണ​വ​ർ​ഗത്തി​ന്റെ ത​ത്ത്വചി​ന്ത​യെ​ന്നും, ത​ത്ത്വചി​ന്ത​ക​ര​ല്ലാ​ത്ത​വ​രു​ടെ ത​ത്ത്വചി​ന്ത​യെ​ന്നും, തി​രി​ച്ച​റി​വു​ക​ളെ ത​ക​ർ​ക്കും​വി​ധ​മു​ള്ള കേ​വ​ല​സാ​മാ​ന്യ പ്ര​സ്​​താ​വ​ങ്ങ​ളെ​ന്നും പ​ല​വു​രു ചി​ന്ത​ക​ർ വി​ശേ​ഷി​പ്പി​ച്ച സാ​മാ​ന്യ​ബോ​ധം ഇ​ന്ന​ത്തെ ഇ​ന്ത്യ​ന​വ​സ്​​ഥ​യി​ൽ സ്വ​യ​മൊ​രു സാ​യു​ധ സം​ഘ​ട​ന​യാ​യി മാ​റി​യി​രി​ക്കു​ന്നു എ​ന്ന സം​ഭ്ര​മ​ജ​ന​ക​മാ​യ സ​ത്യ​മാ​ണ്, അ​തി​ന് ക​പ്പം​കൊ​ടു​ക്കു​ന്ന വെ​റും തൊ​മ്മി​ക​ളാ​യി മ​നു​ഷ്യ​ർ മാ​റി​യാ​ൽ, അ​തോ​ടെ ചെ​റു​ത്തു​നി​ൽ​പ്പു​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​മെ​ന്ന താ​ക്കീ​താ​ണ്, അ​ശോ​ക​ൻ ചെ​രു​വി​ലി​ന്റെ ക​ഥമാ​ത്ര​മ​ല്ലാ​ത്ത ക​ഥ ഒ​രു പി​ട​ച്ചി​ലോ​ടെ പ​ങ്കു​വെ​ക്കു​ന്ന​ത്. ഫാ​ഷി​സ്റ്റ് ഭീ​ക​ര​ത​ക​ളെ സ്വാ​ഭാ​വി​ക​ത​യാ​യി സ്വീ​ക​രി​ക്കാ​ൻ ഒ​രു ജ​ന​സ​മൂ​ഹം സ​ജ്ജ​മാ​ക്ക​പ്പെ​ടു​മ്പോ​ൾ, ആ​വി​ധം ജ​ന​ത​യെ സ​ജ്ജ​മാ​ക്കാ​നു​ള്ള ഒ​രു ഉ​പ​ക​ര​ണ​മാ​യി നാ​ട​ക​മ​ട​ക്ക​മു​ള്ള ക​ല​ക​ൾ മാ​റു​മ്പോ​ൾ, ഫാ​ഷിസ​ത്തി​നെതി​രാ​യ ജ​നാ​യ​ത്ത പ്ര​തി​ഷേ​ധ​ത്തി​ന്റെ വീ​ര്യം കു​റ​യും. അ​ങ്ങനെ സം​ഭ​വി​ക്കാ​തി​രി​ക്കാ​നു​ള്ള ഫാ​ഷി​സ്റ്റ് വി​രു​ദ്ധ ജാ​ഗ്ര​ത​ക്ക് ഊ​ർ​ജം പ​ക​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ശോ​ക​ൻ ച​രു​വി​ലി​ന്റെ, ഫാ​സി​സ​ത്തി​ന്നെ​തി​രെ ഒ​രു നാ​ട​കം എ​ന്ന ക​ഥ​ക്ക് നാ​ട​കാ​വി​ഷ്ക്കാ​രം ന​ൽ​കി, നാ​ട്ടി​ലു​ട​നീ​ളം അ​വ​ത​രി​പ്പി​ക്കു​ക​യും, സ​മ​വാ​ക്യ–​സ​ർ​വ്വ​വാ​ക്യ പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധം സൃ​ഷ്​​ടി​ക്കു​ക​യും ബ​ദ​ൽ​ബോ​ധ​രൂ​പീ​ക​ര​ണ​ത്തി​ന് ക​രു​ത്ത് പ​ക​രു​ക​യും ചെ​യ്യേ​ണ്ട​ത് ഇ​ന്ന് അ​ത്യ​ന്തം അ​നി​വാ​ര്യ​മാ​ണ്. മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൻ ഫാ​ഷി​സ്റ്റ് വി​രു​ദ്ധ​മാ​യ സ​ർ​വ​ര​ച​ന​ക​ളും, അ​ത് ക​വി​ത​യാ​യാ​ലും ക​ഥ​യാ​യാ​ലും നോ​വ​ലാ​യാ​ലും, ജ​ന​കീ​യ​നാ​ട​ക​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് ത​ന്നെ​യാ​ണ്, ഫാ​ഷി​സ​ത്തി​ന്നെ​തി​രെ ഒ​രു നാ​ട​കം പ​രോ​ക്ഷ​മാ​യി പ​റ​യാ​തെ പ​റ​യു​ന്ന​ത്. ന​മ്മു​ടെ അ​ണി​ക​ൾ​ക്കി​ട​യി​ലും അ​സ​ഹി​ഷ്ണു​ത​യോ​ടെ ഫാ​ഷി​സ്റ്റ​പ​ക​ട​ത്തെ വി​ല​കു​റ​ച്ച് ക​ണ്ട​വ​രു​ണ്ടാ​യി​രു​ന്നു. ഇ​ന്നു​വ​രെ​യും എ​ല്ലാ​യി​ട​ത്തും ആ ​പ്ര​വ​ണ​ത​യെ മ​റി​ക​ട​ക്കാ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല (ദി​മിേ​ത്രാ​വ്). ഫാ​സി​സ്റ്റ് വി​രു​ദ്ധ ഐ​ക്യ​മു​ന്ന​ണി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സ: ​ദി​മിേ​ത്രാ​വ് തൊ​ള്ളാ​യി​ര​ത്തി മു​പ്പ​തു​ക​ളി​ലെ ക്ലാ​സ്സി​ക്ക​ൽ ഫാ​ഷി​സ്റ്റ് പ​ശ്ചാ​ത്ത​ല​ത്തി​ലെ​ഴു​തി​യ ഇ​ത്ത​ര​മൊ​രു അ​പ​ക​ടാ​വ​സ്​​ഥ പു​തി​യ ഭാ​വ​രൂ​പ​ങ്ങ​ളാ​ർ​ജ്ജി​ച്ച് മ​ല​യാ​ളി മ​ധ്യ​വ​ർ​ഗ ജീ​വി​ത​ത്തി​ന്റെ സ്വ​ഭാ​വ​മാ​യി തീ​ർ​ന്നൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്, അ​തി​നെ അ​ട​പ​ട​ലം ക​ശ​ക്കു​ന്ന പ്ര​ശ​സ്​​ത ക​ഥാ​കൃ​ത്താ​യ അ​ശോ​ക​ൻ​ചെ​രു​വി​ലി​ന്റെ ഫാ​ഷി​സ​ത്തി​ന്നെ​തി​രെ ഒ​രു നാ​ട​കം എ​ന്ന നാ​ട​ക​ക​ഥ എ​ഴു​ത​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന​ത്, സാം​സ്​​കാ​രി​ക​ജീ​വി​ത​ത്തി​ലെ ആ​വേ​ശ​ക​ര​മാ​യ ഒ​ര​ട​യാ​ള​മാ​ണ്. കാ​ഴ്ച​ക്കാ​രു​ടെ ക​ണ്ണി​ന്റെ കെ​ട്ട​ഴി​ച്ചും, അ​വ​ര​റി​യാ​തെ അ​ധി​കാ​രം കാ​തി​ൽ തി​രു​കി​യ പ​ഞ്ഞി എ​ടു​ത്തു​മാ​റ്റി​യും ഇ​ന്ദ്രി​യ സാ​ധ്യ​ത​ക​ളെ ചി​ന്താ പ്ര​ബു​ദ്ധ​ത​യു​മാ​യി ക​ണ്ണി​ചേ​ർ​ക്കു​ന്ന ഇ​തു​പോ​ലു​ള്ള ക​ഥ​ക​ളും ക​വി​ത​ക​ളും നോ​വ​ലു​ക​ളും സി​നി​മ​ക​ളും പാ​ട്ടു​ക​ളും പ്ര​ബ​ന്ധ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളു​മാ​ണ് ന​മ്മു​ടെ ന​വ​ഫാ​ഷി​സ്റ്റ്കാ​ലം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത്.

.

Tags:    
News Summary - Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.