ലോക്സഭയിലേക്കായാലും നിയമസഭയിലേക്കായാലും എറണാകുളം അങ്ങനെയങ്ങ് കൈവിട്ട് കളിക്കില്ലെന്ന ഒരു ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. എന്നാൽ, കടൽക്കാറ്റിന്‍റെ തലോടലിൽ മുഖം മാറുന്ന മെട്രോ നഗരം ജനവിധി അപ്പാടെ യു.ഡി.എഫിന് എഴുതിക്കൊടുത്തിട്ടില്ലെന്ന് ഇടക്കിടെ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട്തന്നെ മണ്ഡലം എഴുതിത്തള്ളാനും എൽ.ഡി.എഫ് ഒരുക്കമല്ല. അവർ പരീക്ഷണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും. അടവുകൾ മാറ്റിപ്പിടിക്കും..
ജില്ലയിലെ 14 നിയോജക മണ്ഡലങ്ങൾ നാല് ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിലാണ്. എറണാകുളം, കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിൻ, പറവൂർ, കളമശ്ശേരി, തൃക്കാക്കര എന്നിവയാണ് എറണാകുളത്ത് ഉൾപ്പെടുന്നത്. നിയമസഭയിൽ എറണാകുളം, തൃപ്പൂണിത്തുറ, പറവൂർ, തൃക്കാക്കര എന്നിവ യു.ഡി.എഫിനും കൊച്ചി, വൈപ്പിൻ, കളമശ്ശേരി എന്നിവ എൽ.ഡി.എഫിനുമാണ്.
ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് എന്നിവ ചാലക്കുടിയുടെയും കോതമംഗലം, മൂവാറ്റുപുഴ എന്നിവ ഇടുക്കിയുടെയും പിറവം കോട്ടയത്തിന്‍റെയും പരിധിയിലാണ്. ഇക്കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് 6,68,193 സ്ത്രീകളും 6,27,402 പുരുഷന്മാരും 11 ട്രാൻസ്ജെൻഡറുമടക്കം 12,95,606 വോട്ടർമാരാണ് എറണാകുളം മണ്ഡലത്തിലുള്ളത്. 2011ലെ സെൻസസ് പ്രകാരം മണ്ഡലത്തിൽ 53.2 ശതമാനം ഹിന്ദു വോട്ടർമാരാണ്. ക്രിസ്ത്യൻ 32.1, മുസ്ലിം 14.8, എസ്.സി 7.4, എസ്.ടി 0.5 എന്നിങ്ങനെയാണ് മറ്റ് സമുദായങ്ങളുടെ ഏകദേശ കണക്ക്.
കേരളപ്പിറവിക്ക് മുമ്പും ശേഷവുമായി രണ്ട് ഉപതെരഞ്ഞെടുപ്പ് അടക്കം 19 തവണ ലോക്സഭയിലേക്കുള്ള പോരാട്ടങ്ങൾക്ക് എറണാകുളം സാക്ഷ്യം വഹിച്ചു. 14 തവണയും വിജയം യു.ഡി.എഫ് രംഗത്തിറക്കിയ കോൺഗ്രസ് സ്ഥാനാർഥികൾക്കായിരുന്നു. അഞ്ച് തവണ എൽ.ഡി.എഫ് മണ്ഡലം പിടിച്ചു. നാലുതവണയും സ്വതന്ത്രരിലൂടെ. കോൺഗ്രസുകാരനായി അഞ്ചുതവണ ലോക്സഭയിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ.വി.തോമസ് ഇപ്പോൾ ഇടതുപാളയത്തിലാണ്.
എ.എ. കൊച്ചുണ്ണി മാസ്റ്ററെ 70,324 വോട്ടിന് തോൽപിച്ച് 1984 ലായിരുന്നു തോമസിന്‍റെ കന്നിജയം. 1989, ‘91, 2009, ’14 വർഷങ്ങളിലും അദ്ദേഹം മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചു. 2009ൽ സി.പി.എമ്മിലെ സിന്ധു ജോയിയോട് ഏറ്റുമുട്ടിയപ്പോൾ വെറും 11,790 വോട്ടിനാണ് തോമസ് കടന്നുകൂടിയത്. എന്നാൽ, 2014ലെ തന്‍റെ അവസാന മത്സരത്തിൽ അദ്ദേഹം ഭൂരിപക്ഷം 87,047 ആയി ഉയർത്തി.
മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ജോർജ് ഈഡന്‍റെയും മകൻ ഹൈബി ഈഡന്‍റെയും പേരിലാണ്. 1999ൽ ജോർജ് ഈഡൻ നേടിയ 1,11,305 വോട്ടിന്‍റെ ഉയർന്ന ഭൂരിപക്ഷം 2019ൽ മകൻ ഹൈബി തിരുത്തിക്കുറിച്ചു. 1,69,153 വോട്ടിനാണ് ഹൈബി സി.പി.എമ്മിലെ പി. രാജീവിനെ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്. റെക്കോഡ് ഭൂരിപക്ഷത്തോടെ നേടിയ ഈ ചരിത്ര വിജയം തന്നെയാണ് ഹൈബിയെ വീണ്ടും രംഗത്തിറക്കാൻ യു.ഡി.എഫിനെ പ്രേരിപ്പിച്ചതും.
എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ‘സ്വതന്ത്രർ ഈ മണ്ഡലത്തിന്‍റെ ഐശ്വര്യം’ എന്നതായിരുന്നു ഒരു കാലത്തെ അവസ്ഥ. പാർട്ടി ചിഹ്നത്തിലെ സി.പി.എമ്മിന്‍റെ ആദ്യത്തെയും അവസാനത്തെയും വിജയം 1967ൽ വി. വിശ്വനാഥ മേനോന്‍റേതാണ്. ഇതേ മേനോൻതന്നെ 2003ൽ എറണാകുളം മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ മത്സരിച്ചതും മറ്റൊരു രാഷ്ട്രീയ കൗതുകം.
1967നുശേഷം മണ്ഡലം തിരിച്ചുകിട്ടാൻ എൽ.ഡി.എഫിന് കാൽനൂറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു. 1980ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച സേവ്യർ അറയ്ക്കൽ 1996ൽ സ്വതന്ത്രനായെത്തി കെ.വി. തോമസിനെ അടിയറവു പറയിച്ചാണ് എൽ.ഡി.എഫിന് ഈ വിജയം നേടിക്കൊടുത്തത്. സേവ്യർ അറയ്ക്കലിന്റെ മരണത്തെത്തുടർന്ന് 1997ലും ജോർജ് ഈഡന്‍റെ മരണത്തെത്തുടർന്ന് 2003ലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും 2004ലെ പൊതു തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ. സെബാസ്റ്റ്യൻ പോൾ മണ്ഡലം കാത്തു..
15 വർഷം മുമ്പ് കൈവിട്ടുപോയ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിൽ ചില പുതുതന്ത്രങ്ങളാണ് എൽ.ഡി.എഫ് പയറ്റുന്നത്. പാർട്ടി ചിഹ്നത്തിൽ, നഗര പരിധിക്ക് പുറത്തുനിന്ന് വനിതാ സ്ഥാനാർഥിയെ ഇറക്കിയാണ് ഇത്തവണത്തെ പരീക്ഷണം.
പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തിൽനിന്ന് അധ്യാപക സംഘടനാ നേതാവായ കെ.ജെ. ഷൈനിനെ സ്ഥാനാർഥിയായി കണ്ടെത്തിയതിൽ മുന്നണിക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. എന്നാൽ, 15 വർഷമായി മണ്ഡലം കൈവശം വെച്ചിരിക്കുന്ന യു.ഡി.എഫിന് ഇത്തവണയും ആത്മവിശ്വാസത്തിനും പ്രതീക്ഷകൾക്കും കുറവില്ല. അൽഫോൻസ് കണ്ണന്താനം കഴിഞ്ഞതവണ പിടിച്ച 1,37,749 വോട്ടിൽനിന്ന് വിഹിതം വർധിപ്പിക്കാനാകുമോ എന്നാണ് ബി.ജെ.പിയുടെ നോട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.