‘മാധ്യമം’ 34ാം വയസ്സിലേക്ക് കടക്കുകയാണ്. 1987 ജൂൺ ഒന്നിലെ പ്രഭാതത്തിൽ തുടങ്ങിയ പത്രം 33 വർഷം പിന്നിടുന്നത് അനുഭവങ്ങളുടെയും പ്രതിസന്ധികളുടെയും വർഷങ്ങൾ താണ്ടിയാണ്. അക്ഷരം ആശയവാഹിനിയും വിവരജാലകവും മാത്രമല്ല, ശക്തമായ പ്രതിരോധാസ്ത്രം കൂടിയാണെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത പ്രസ്ഥാനങ്ങളുണ്ട്. ആ കൂട്ടത്തിൽ മാധ്യമവും ചെറുതല്ലാത്ത സ്ഥാനം നേടിയിട്ടുണ്ട്. പല പത്രങ്ങളിൽ ഒന്ന് എന്നതല്ല അതിെൻറ സ്ഥാനം.
അരികിലേക്ക് മാറ്റപ്പെട്ട വിഭാഗങ്ങൾക്ക് ശബ്ദംനൽകാനും മുഖ്യധാരാ മാധ്യമങ്ങൾ ഏകപക്ഷീയമായി അവതരിപ്പിച്ച വിഷയങ്ങളുടെ മറുപക്ഷം ചൂണ്ടിക്കാട്ടാനും മാധ്യമം ശ്രമിച്ചിട്ടുണ്ട്. മൂല്യവത്തായ പത്രപ്രവർത്തനം അഭിലഷണീയവും അത്യാവശ്യവും മാത്രമല്ല, സുസാധ്യവുമാണെന്ന് തെളിയിക്കാനായി. ഉള്ളടക്കം മുതൽ പരസ്യങ്ങൾ വരെ ധർമനിഷ്ഠയുടെ അതിരുവരച്ച് നിലനിൽക്കാനാകുമോയെന്ന സന്ദേഹം 33 വർഷം മുമ്പ് പലരും ഉന്നയിച്ചിരുന്നു. അതിരുകൾ ലംഘിക്കാതെ അതിജീവനം സാധ്യമാണെന്ന സന്ദേശം പുതിയ കാലത്തിെൻറ മാധ്യമ പ്രപഞ്ചത്തിന് നൽകാൻ കഴിഞ്ഞിട്ടുണ്ട്. വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും ആഘോഷിച്ച് മനുഷ്യനും പ്രകൃതിക്കും വേണ്ടിയുള്ള പത്രപ്രവർത്തനം എന്ന സങ്കൽപം സാക്ഷാത്കരിക്കാൻ മാധ്യമം നടത്തിയ യത്നം വലിയൊരളവിൽ വിജയിക്കുന്നു എന്നത് സന്തോഷം നൽകുന്നു.
ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനപത്രം, ‘കണ്ടുനിൽക്കുകയല്ല ഇടപെടുകയാണ്’ എന്ന് പ്രഖ്യാപിച്ച ആഴ്ചപ്പതിപ്പ്, അതിവേഗം പ്രചാരം നേടിവരുന്ന ഓൺലൈൻ പതിപ്പ് എന്നിങ്ങനെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്ന മാധ്യമത്തിെൻറ സ്വന്തം ചാനലായ ‘മീഡിയവൺ’ ആറു വർഷംകൊണ്ട് ദൃശ്യമാധ്യമരംഗത്തും മുൻനിരയിലെത്തിയിരിക്കുന്നു. എല്ലാ നല്ല സംരംഭങ്ങളിലും ഒപ്പംനിന്ന അതിെൻറ വായനക്കാരാണ് നേട്ടങ്ങളുടെയും അവകാശികൾ. ഇതിനകം ഈ പത്രം നേടിയ അവാർഡുകൾ അനേകശതമാണ്. എന്നാൽ, അവയെക്കാൾ വലിയ അംഗീകാരമാണ് മാധ്യമത്തെ ഹൃദയവികാരമായി ഉൾക്കൊണ്ട വായനക്കാരുടെ പിന്തുണ.
ശാസിച്ചും ശകാരിച്ചും പ്രശംസിച്ചും പ്രോത്സാഹിപ്പിച്ചും വായനക്കാർ ഈ സാഹസത്തിൽ പങ്കാളികളായി. ഈ പത്രത്തിന് താങ്ങായി വർത്തിക്കുന്ന പൊതുപ്രവർത്തകർ, ഉപദേശ നിർദേശങ്ങൾ നൽകിവരുന്ന സുമനസ്സുകൾ തുടങ്ങിയവരും ഈ യാത്രയിൽ കരുത്തായി.
34െൻറ ചവിട്ടുപടിയിൽ നിൽക്കെ, പുത്തൻ വായനരീതികളും പുതിയ സാങ്കേതികവിദ്യകളും ഭാവി മാധ്യമപ്രപഞ്ചത്തെ മാറ്റിക്കൊണ്ടിരിക്കുന്നത് അറിയുന്നു. ഇവ തുറക്കുന്നത് പുതിയ സാധ്യതകളും വെല്ലുവിളികളുമാണ്. ഈ ജ്വാലയുടെ ഊർജവും വെളിച്ചവും കൂടുതൽ രംഗങ്ങളിലേക്ക് കൂടുതൽ തീവ്രമായി പ്രസരിപ്പിക്കാൻ കരുത്ത് നൽകേണ്ടത് മാന്യവായനക്കാരും സഹകാരികളുമാണ്. എല്ലാറ്റിനുമുപരിയായി ഇതുവരെ മാധ്യമത്തെ നിലനിർത്തുകയും വളർത്തുകയും ചെയ്തത് സർവേശ്വരെൻറ കാരുണ്യം ഒന്നുമാത്രമാണ്.
മതപണ്ഡിതനും ജമാഅത്തെ ഇസ്ലാമി നേതാവുമായിരുന്ന കെ.സി. അബ്ദുല്ല മൗലവിയെന്ന ദീർഘദർശിയുടെ ചിന്തയിൽനിന്ന് പിറവിയെടുത്ത മാധ്യമം യശഃശരീരരായ വൈക്കം മുഹമ്മദ് ബഷീർ, പി.കെ. ബാലകൃഷ്ണൻ, കെ.എ. കൊടുങ്ങല്ലൂർ എന്നിവരിലൂടെയാണ് യാഥാർഥ്യമായത്. 1987 ജൂൺ ഒന്നിന് ചരിത്രമുറങ്ങുന്ന കോഴിക്കോടിെൻറ മണ്ണിൽനിന്ന് തുടക്കംകുറിച്ച മാധ്യമം ദിനപത്രം അറബിക്കടലും കടന്ന് ഗൾഫ് രാഷ്ട്രങ്ങളിലേക്കും വളർന്നു. കേരളത്തിനു പുറത്ത് ബംഗളൂരു, മലയാളികൾ സജീവമായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിൽനിന്നും മാധ്യമം ദിനേന പുറത്തിറങ്ങുന്നു.
മറ്റൊരു ഇന്ത്യൻ പത്രത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമാണിത്. ആരംഭിച്ച് 10 വർഷം പിന്നിട്ടപ്പോൾതന്നെ വായന ഗൗരവമായെടുത്തവരിൽ ഏറെ സ്വാധീനം ചെലുത്തിയ മാധ്യമം ആഴ്ചപ്പതിപ്പും പുറത്തിറങ്ങി. നിലപാടിനുള്ള അംഗീകാരമെന്നോണം നാനൂറിലധികം പുരസ്കാരങ്ങൾ മാധ്യമത്തെ തേടിയെത്തി, നൂറ്റാണ്ടുകളുടെ തഴക്കവും പഴക്കവുമുള്ള പത്രങ്ങൾക്ക് സ്വപ്നം കാണാനാകാത്ത നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.