കൊല്ലപ്പെടുന്നതിന്റെ രണ്ടു നാൾ മുമ്പ് ഗാന്ധിജി ഡൽഹി മെഹ്റോലിയിൽ സൂഫിവര്യൻ ഖുത്ബുദ്ദീൻ ബഖ്തിയാർ കാകിയുടെ ദർഗ സന്ദർശിച്ചു. തലസ്ഥാനത്ത് വർഗീയസംഘർഷം മൂർച്ഛിച്ച സമയമായിരുന്നു അത്. അക്കാലത്ത് ആ ദർഗക്കകത്ത് വനിതകളെ പ്രവേശിപ്പിക്കുന്ന പതിവില്ല. എന്നാൽ, ഗാന്ധിജിയോടൊപ്പം എത്തിയ മഹിളകളെയും അവിടെയുള്ളവർ അതിഥികളായി സ്വീകരിച്ചു. മഹാത്മാവ് അവിടെ ഉർദുവിൽ ലഘുവായൊരു പ്രഭാഷണം നടത്തി. അതാണ് ചുവടെ:
ഇവിടെ സംസാരിക്കേണ്ടിവരുമെന്നു ഞാൻ കരുതിയതല്ല. ഞാനിവിടെ ഒരു തീർഥാടനത്തിനു വന്നതാണ്. മുൻവർഷങ്ങളിലെ പോലെ ഇത്തവണ മെഹ്റോലിയിൽ ഉറൂസ് നടത്താൻ സാധിക്കുകയില്ലെന്ന് കുറെ നാളുകൾക്കു മുമ്പ് ഞാൻ കേട്ടിരുന്നു.
അങ്ങനെയായിരുന്നെങ്കിൽ അതെന്നെ ഏറെ സങ്കടപ്പെടുത്തിയേനെ. തെളിഞ്ഞ മനസ്സുമായി ഇവിടെ വന്നുചേർന്ന ഹിന്ദു, സിഖ്, മുസ്ലിംകളോട് ഞാൻ അഭ്യർഥിക്കുന്നു, നിങ്ങൾക്കിടയിൽ വഴക്കിനെ തലപൊക്കാൻ അനുവദിക്കുകയില്ലെന്നും ഇണക്കത്തിൽ സുഹൃത്തുക്കളും സഹോദരങ്ങളുമായി ഐക്യത്തോടെ കഴിയുമെന്നും ഇവിടെ വെച്ച് പ്രതിജ്ഞയെടുക്കണം.
എങ്കിൽ രണ്ടു കൂടപ്പിറപ്പുകൾ തമ്മിൽ വഴക്കടിച്ചാലും ഒരിക്കലും ആജന്മശത്രുക്കളായി അവർ മാറില്ലെന്നു ലോകം നമ്മെ നോക്കിപ്പറയും. പുറത്തു നമ്മൾ വ്യത്യസ്തമാകാം. എന്നാൽ, എല്ലാവരും ഒരേ മരത്തിന്റെ ചില്ലകളാണ്. പിശാചിന്റെ അടിമയായി മാറിയ ആളെക്കുറിച്ചല്ല ഞാൻ പറയുന്നത്.
ഞാൻ ജീവിതം കണ്ടയാളാണ്. ഇതൊന്നും പുതിയ കാര്യമല്ല. ഇപ്പോഴും അങ്ങിങ്ങായി തമ്മിൽപോര് നടന്നുവരുന്നു. അതിർത്തിയിൽ ഹിന്ദുക്കൾ കൊലചെയ്യപ്പെട്ട വാർത്ത ഇന്നു ഞാൻ കേട്ടു. ഇവിടെയുള്ള മുസ്ലിംകൾ അതിൽ ലജ്ജിക്കണം.
നമ്മൾ ഹൃദയങ്ങൾ ശുദ്ധീകരിക്കാൻ മിനക്കെടുക. അവിടെ കൊല്ലപ്പെട്ടയാരും തിരിച്ചുവരുന്നില്ല. എന്നാൽ, അതിനു പ്രതികാരമായി ആരെയും കൊല്ലുകയില്ലെന്ന് നാം പ്രഖ്യാപിക്കണം. ഹൃദയം നിർമലമാക്കി ശത്രുവിനെ സ്നേഹപൂർവം കാണാൻ നമുക്ക് കഴിയണം. ഹിന്ദുക്കൾ ഇക്കാര്യം മനസ്സിലാക്കി ഉൾക്കൊണ്ടാൽ അവർക്കു നല്ലത്.
ഡൽഹിയിലെ ഹിന്ദുക്കളും മുസ്ലിംകളും അവരുടെ മനസ്സ് സംശുദ്ധമാക്കിയെടുക്കും എന്ന ഉപാധിയിലാണ് ഞാൻ എന്റെ ഉപവാസം അവസാനിപ്പിച്ചത്. ഞാൻ ജീവനോടെയിരിക്കണം എന്നു കരുതിയാണ് നിങ്ങൾ എന്റെ ഉപവാസം മുറിപ്പിച്ചത്. എന്നാൽ, അതു നിങ്ങൾക്കു പറ്റിയ അമളിയായിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.