പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്,
വളരെ വേദനയോടെയാണ് മലയാളഭാഷക്കുവേണ്ടി മൂന്നുകൊല്ലത്തിനുശേഷം വീ ണ്ടും ഒരു തുറന്ന കത്ത് താങ്കൾക്ക് എഴുതുന്നത്. ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെയുള്ള ഭാഷാേപ്രമികൾ കേരള പി.എസ്.സിക് കു മുന്നിൽ നടത്തിവരുന്ന നിരാഹാരസമരം ശ്രദ്ധയിൽ വന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ ലളിതവും ന്യായവ ുമായ ഒരാവശ്യം ഉന്നയിച്ചാണ് ആ സമരം.
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ അപൂർവം നിയമങ്ങളിലൊന്നാണ് 2015ലെ മലയാളഭാ ഷ (വ്യാപനവും പരിപോഷണവും) നിയമം. ഭരണ-പ്രതിപക്ഷഭേദമന്യേ സംസാരിച്ച എല്ലാ അംഗങ്ങളും മനസ്സിരുത്തി പഠിച്ച്, ഭേദഗതിക ൾ നിർദേശിച്ച് പാതിരാത്രിയോളം ചർച്ചചെയ്ത് ആവേശത്തോടെ പാസാക്കിയ ആ നിയമം പുതിയ സർക്കാർ എങ്ങനെ നടപ്പാക്കാൻ പോ കുന്നു എന്നു കാണാൻ കാത്തിരിക്കുകയായിരുന്നു മലയാളഭാഷയെ സ്നേഹിക്കുന്ന കേരളീയർ. എന്നാൽ, സർക്കാർ ജീവനക്കാരെ തെര ഞ്ഞെടുക്കുന്ന പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പർ മലയാളത്തിൽക്കൂടി വേണമെന്ന് ആവശ്യപ്പെടുമ്പോൾ പുറംതിരിഞ്ഞു നിൽക്കുന്നത് എത്ര നിഷേധാത്മകമാണ്!
ഞാൻ ചെയർമാനായ ഔദ്യോഗിക ഭാഷാസമിതി കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും നി രന്തരം സഞ്ചരിച്ച് നടത്തിയ കൂടിയാലോചനകളിലൂടെയും കൂലങ്കശമായ പഠനത്തിലൂടെയും തയാറാക്കിയ നാലു ഭാഗങ്ങളുള്ള സമഗ്ര റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് 2015 ലെ ബിൽ തയാറാക്കിയത്. ആ ബിൽ നിയമമാവുമ്പോൾ സഭാധ്യക്ഷ വേദിയിലിരുന്ന് ചർച്ച നിയന്ത്രിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. ആ നിയമം നടപ്പാക്കൽ ആരംഭിക്കേണ്ടിയിരുന്നത് മന്ത്രികാര്യാലയങ്ങളിലും സെക്രട്ടേറിയറ്റിലും നിയമസഭയിലും നിന്നാണ്. ബില്ലിെൻറ ചർച്ചാവേളയിൽ മെഡിക്കൽ എൻജിനീയറിങ് എൻട്രസ് പരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള അവകാശം ഉണ്ടാകണമെന്നു കൂടി താങ്കളുടെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ചിരുന്നു.
ഭരണഘടനയുടെ 345ാം വകുപ്പ് അനുസരിച്ച് ഒരു സംസ്ഥാനത്ത് ഉപയോഗത്തിലിരിക്കുന്ന ഒന്നോ അതിലധികമോ ഭാഷകൾ ഏതെങ്കിലും ഔദ്യോഗികാവശ്യത്തിനോ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കുമോ ഉപയോഗിക്കാൻ അധികാരം നൽകുന്നു. അതു പ്രകാരമാണ് നിയമനിർമാണത്തിന് ഇംഗ്ലീഷും മലയാളവും ഉപയോഗിക്കാൻ അധികാരം നൽകുന്ന 1969ലെ ഔദ്യോഗികഭാഷ (നിയമനിർമാണം) നിയമം കേരളനിയമസഭ പാസാക്കിയത്. അതോടെ, നിയമനിർമാണത്തിന് മലയാളം ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ മാറി. ഭരണഭാഷയായി മലയാളമോ ഇംഗ്ലീഷോ ഉപയോഗിക്കാൻ അധികാരം നൽകി 1973 ൽ ചില ഭേദഗതികൾ വരുത്തിയെങ്കിലും ഇംഗ്ലീഷും ഉപയോഗിക്കാമെന്ന പഴുതുപയോഗിച്ച് പഴയ പതിവ് തുടർന്നു. ആ പഴുതടക്കാനാണ് മലയാളം മാത്രം ഭരണഭാഷയായി നിജപ്പെടുത്തി 2015ലെ നിയമം പാസാക്കിയത്.
1957 ലാണ് മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതു പഠിക്കാൻ ആദ്യത്തെ കമ്മിറ്റി വന്നത്. കോമാട്ടിൽ അച്യുതമേനോൻ അധ്യക്ഷനായ സമിതി 1958ൽ റിപ്പോർട്ട് സമർപ്പിച്ചു. ഏഴുവർഷംകൊണ്ട് എല്ലാ വകുപ്പുകളിലും മലയാളം ഭരണഭാഷയാക്കുന്നതിനുള്ള നിർദേശങ്ങൾ പക്ഷേ, റിപ്പോർട്ടിൽ ഒതുങ്ങി. ഏഴുവർഷം കഴിഞ്ഞ് മലയാറ്റൂർ രാമകൃഷ്ണനെ ഔദ്യോഗിക ഭാഷ സ്പെഷൽ ഓഫിസറായി നിയമിച്ചു. അദ്ദേഹം വിശദമായ മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചു. ഒന്നും സംഭവിച്ചില്ല. 1965 ലും 1966 ലും സർക്കാർ ഉത്തരവ് മുഖേന ചില വകുപ്പുകളിൽ മലയാളം ഭരണഭാഷയായി നിഷ്കർഷിച്ചിരുന്നു.
കോടതിവിധികൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആകാമെന്ന് 1973 മേയ് 11ന് സർക്കാർ അസാധാരണ ഗസറ്റിലൂടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചില ന്യായാധിപന്മാർ വിധികൾ മലയാളത്തിൽ എഴുതിയെങ്കിലും ക്രമേണ അതു നിലച്ചു. 1978 ജൂലൈ നാലിന് 1980-81 മുതൽ കോടതിഭാഷ പൂർണമായും മലയാളത്തിലാക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. അതും ഫലം കണ്ടില്ല.മുഖ്യമന്ത്രിമാരായ സി. അച്യുതമേനോൻ, കെ. കരുണാകരൻ, എ.കെ. ആൻറണി എന്നിവർ മലയാളം ഔദ്യോഗികഭാഷയാക്കുന്നതിൽ ജാഗ്രത പുലർത്തി. ഭരണത്തിെൻറ എല്ലാ തലങ്ങളിലും മലയാളം വ്യാപിപ്പിക്കാൻ എ.കെ. ആൻറണി നടപടി സ്വീകരിച്ചു. അതിനായി ഒരു പഞ്ചവത്സര പദ്ധതിക്കുതന്നെ രൂപം നൽകി. അമ്പതുദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയയും വനം മന്ത്രിയായിരുന്ന കാന്തലോട്ട് കുഞ്ഞമ്പുവും മലയാളം ഭരണഭാഷയാക്കുന്നതിൽ താൽപര്യമെടുത്തു. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഔദ്യോഗിക ഭാഷാദിനമായി ആചരിക്കാൻ ഉത്തരവിട്ടത് സി.എച്ച് ആണ്. ബില്ലുകളെല്ലാം ഇംഗ്ലീഷിൽ തയാറാക്കിയിരുന്ന കാലത്ത് നിയമസഭയിൽ മലയാളത്തിൽ ബിൽ അവതരിപ്പിച്ചാണ് കുഞ്ഞമ്പു ഭാഷാസ്നേഹം പ്രഖ്യാപിച്ചത്.
1983 ൽ വി.എം. സുധീരൻ അധ്യക്ഷനായ നിയമസഭ സമിതിയുടെ മൂന്നാമത് റിപ്പോർട്ടിൽ എല്ലാ തലങ്ങളിലും മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതിനുള്ള ശിപാർശകൾ അവതരിപ്പിച്ചിരുന്നു. മറ്റു സംസ്ഥാന നിയമസഭകളിലെന്നപോലെ കേരളത്തിലും മാതൃഭാഷയിൽ ബില്ലുകൾ അവതരിപ്പിക്കുന്നതിൽ ഇനിയും കാലതാമസം പാടില്ലെന്ന സമിതിയുടെ ശിപാർശ സർക്കാർ അതേപടി അംഗീകരിച്ചു. അതിെൻറ തുടർച്ചയായാണ് സർക്കാർ ഭരണഭാഷക്കുവേണ്ടി ഒരു നിയമസഭ സമിതിക്ക് രൂപം നൽകിയത്. 2011ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മൻ ചാണ്ടി 2012 നവംബർ ഒന്നുമുതൽ ഒരു വർഷം ഭരണഭാഷാ വർഷമായി പ്രഖ്യാപിച്ചു.
എന്നാൽ, ഔദ്യോഗിക രംഗത്ത് ഭരണഭാഷ പൂർണമായും മലയാളത്തിലാക്കാൻ ഈ ഉദ്യമങ്ങൾക്ക് സാധിച്ചിട്ടില്ല. അതിന് വിഘാതമാകുന്നത് മനോഭാവമാണെന്ന് വ്യക്തമാണ്. അതിനൊരു മാറ്റം വരുത്തണം എന്ന ലക്ഷ്യമിട്ടാണ് 13ാം കേരള നിയമസഭയുടെ ഔദ്യോഗികഭാഷാ സമിതി മേലുദ്ധരിച്ച വിഷയങ്ങളിൽ ആഴത്തിലുള്ള ഒരു പഠനം ആവശ്യമാണെന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്. കേരള കേഡറിൽ തെരഞ്ഞെടുക്കപ്പെടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ അവരുടെ ജോലിയുടെ ഭാഗമായി മലയാളം പഠിക്കുകയും പറയുകയും എഴുതുകയും ചെയ്യുമ്പോൾ മലയാളികളായ ഉദ്യോഗസ്ഥർ ഇംഗ്ലീഷിൽ മാത്രമേ കുറിപ്പുകളും ഉത്തരവുകളും അറിയിപ്പുകളും തയാറാക്കൂ എന്നു നിർബന്ധംപിടിക്കുന്നത് എത്ര അനുചിതമാണെന്ന് പറയേണ്ടതില്ലല്ലോ. ഭരണീയരെക്കാൾ ഭരണതലത്തിലുള്ളവരാണ് ഇതിന് കാരണക്കാർ. പി.എസ്.സി നിലപാടിലും അതാണ് പ്രതിഫലിക്കുന്നത്.
സംസ്ഥാനത്തെ ഭരണഘടന സ്ഥാപനങ്ങൾ പോലും നിഷേധാത്മക നിലപാടുകൾ കൈക്കൊള്ളുന്ന ഈ സാഹചര്യത്തിൽ 2015 ൽ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമം നടപ്പാക്കുന്നതിന് നിലവിലുള്ള തടസ്സങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ നിയമസഭയിൽ പ്രാതിനിധ്യമുള്ള കക്ഷിനേതാക്കളെയും ഭാഷ-സാംസ്കാരിക സംഘടന പ്രതിനിധികളെയും വിളിച്ചുചേർത്ത് സമഗ്രമായ ഒരു കർമപരിപാടി തയാറാക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കുമോ?
(നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും ഔദ്യോഗിക ഭാഷാസമിതി മുൻ ചെയർമാനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.