കേന്ദ്ര സർക്കാറിെൻറ കർഷക ബില്ലുകൾ കർഷകർക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു എന്നാണ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. ഇനി കർഷകർക്ക് എവിടെ വേണമെങ്കിലും പോയി കച്ചവടം ചെയ്യാം എന്നും ചേർത്തിപ്പറഞ്ഞു. ഒരു കോർപറേറ്റ് ശൈലിയിലുള്ള പ്രലോഭനം എന്നതിൽ കവിഞ്ഞ് മറ്റെന്താണിത്? ഇതു രാജ്യത്തെ കർഷകർക്ക് കൃത്യമായി മനസ്സിലായിട്ടുണ്ടെന്നാണ് ദേശവ്യാപക പ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്. സ്വന്തം സപ്തതി ദിനാഘോഷത്തിെൻറ അന്നു തന്നെ കാബിനറ്റിലെ ഒരു മന്ത്രി രാജിവെച്ചതും പ്രതിഷേധത്തിനിടെ കർഷകൻ ആത്മഹത്യ ചെയ്തതുമൊക്കെ ജനരോഷത്തിെൻറ കനം പറയുന്നുണ്ട്. പല അഭിപ്രായങ്ങളിലായി നിന്നിരുന്ന പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കാൻ കൂടി ഈ നിയമനിർമാണം കാരണമായി എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തെ പരമ്പരാഗത കാർഷിക ഘടനയെയും ഇന്ത്യയെ ഹരിതവിപ്ലവത്തിലേക്ക് ആനയിച്ച വിപണന സംവിധാനത്തെയും തകിടം മറിക്കുന്നതാണ് കാർഷിക മന്ത്രാലയം കൊണ്ടുവന്ന രണ്ടു ബില്ലുകളും. ഭക്ഷ്യമന്ത്രാലയത്തിെൻറ അവശ്യസാധന ബില്ലാകട്ടെ, ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച വലിയ ആശങ്കകളും ബാക്കിയാക്കുന്നു. കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ബിൽ വഴി സ്വന്തം മണ്ണിൽ കർഷകരെ അടിമകളാക്കുകയാണ് സർക്കാർ ചെയ്യുന്നത്. മോദി സർക്കാറിെൻറ ആശയ ഘടനയെ നിർവചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രക്ഷാകർതൃസംഘടനയായ ആർ.എസ്.എസിൻെറ സവർണ വരേണ്യവിചാരമാണ് ഈ ബില്ലുകളിൽ പ്രതിഫലിക്കുന്നത്. കുത്തക കമ്പനികളുമായി കരാറിലേർപ്പെടുന്നതോടെ കർഷകർ എന്ത് വിതക്കണം, കൊയ്യണം എന്നിങ്ങനെയുള്ള പരമ്പരാഗത അവകാശമൊക്കെ ഇല്ലാതാകും. കൂടുതൽ പണം മുടക്കാൻ കഴിവുള്ള കമ്പനികൾ കർഷകന് ആദ്യഘട്ടത്തിൽ നല്ല കൂലിയും നല്ല അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കൊടുക്കുമായിരിക്കും. പക്ഷേ, കരാർ നിലവിൽ വരുന്നതോടെ ലാഭേച്ഛയോടെയുള്ള കുത്തകകളുടെ വെട്ടിപ്പിടിത്തം വരും.
മണ്ണിനും മനുഷ്യനും അപകടം ചെയ്യുന്ന വിത്തും വളവുമാണ് പിന്നെ വരുന്നത്. ജനിതകമാറ്റം വരുത്തിയ വിത്തുകൾ വിളവിനിറക്കില്ല എന്ന് തീരുമാനിച്ച കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പുകളൊന്നും വിലപ്പോകാതാവും. പത്തോ പതിനഞ്ചോ വർഷങ്ങൾ പിന്നിടുന്നതോടെ ആ മണ്ണ് തരിശാകും. റിലയൻസ് ഫ്രഷ് അടക്കമുള്ള കുത്തകകൾ നേരത്തേ തന്നെ ഇത്തരത്തിലുള്ള കരാറുകൾ കർഷകരുമായി ഒപ്പുവെച്ച് നടത്തിവരുന്നുണ്ട്. അവർക്കാവശ്യമുള്ളതിലേറെ ഊറ്റിയെടുത്ത് വേറെ ഇടങ്ങളും പണിയെടുക്കാൻ കർഷകരെയും അന്വേഷിച്ച് അവർ പോകുന്നുമുണ്ട്. അംബാനി അടക്കമുള്ളവർക്കു വേണ്ടി തരാതരം ഉപചാരങ്ങൾ സഭകളിൽ കൊണ്ടുവന്ന് നിയമമാക്കുകയാണല്ലോ മോദിയുടെ പ്രധാന കർത്തവ്യം. കൃഷി ചെയ്തുവരുന്ന വിളവിന് കരാർ പ്രകാരമുള്ള നിലവാരമില്ലെന്ന് കുത്തകകൾ വാദിച്ചാൽ കർഷകന് എന്തു പരിരക്ഷ കിട്ടും? നിലവാരത്തെ സംബന്ധിച്ച് കരാറിൽ എന്തെങ്കിലും തരത്തിലുള്ള സാങ്കേതികത്വങ്ങൾ തിരുകിക്കയറ്റാൻ സമാനമായ ആയിരക്കണക്കിന് വഞ്ചനാ കരാറുകൾ എഴുതിവിടുന്ന കുത്തക മുതലാളിമാർക്ക് എന്തു പ്രയാസമാണുണ്ടാവുക? കരാറിൽ ഏതെങ്കിലും തരത്തിൽ തർക്കമുണ്ടായാലോ? അപ്പോൾ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഇടപെടീക്കുന്ന ഒരു മൂന്നാം കക്ഷി ഇതിൽ തീർപ്പു പറയും. ആ മൂന്നാം കക്ഷി സർക്കാറാണോ? അല്ല. ആ മൂന്നാം കക്ഷിയിൽ കർഷകർക്ക് പ്രാതിനിധ്യമുണ്ടോ?
ഇല്ല. കുത്തക മുതലാളിയുടെ അച്ചാരം വാങ്ങി എസ്.ഡി.എമ്മോ അതുവഴി ഏർപ്പാടാക്കിയ മൂന്നാം കക്ഷിയോ കർഷകന് എതിരെ വിധിപറഞ്ഞാൽ കേസ് അവസാനിച്ചു. അത് ചോദ്യംചെയ്യാൻ വേറെ വകുപ്പില്ല. എല്ലാമിരിക്കെട്ട, പാടത്ത് കഷ്ടപ്പെട്ട് കൃഷിചെയ്യുന്ന കർഷകൻ എങ്ങനെ കേസിന് പിന്നാലെ പോകും? ഇന്ത്യയിലെ കർഷകർക്ക് അതിനുമാത്രമുള്ള വിദ്യാഭ്യാസ-സാമൂഹികപ്രിവിലേജുകളൊക്കെയുണ്ടോ? മറ്റൊരാളുടെ പാടത്ത് പണിയെടുക്കുന്ന കർഷകനോ പാട്ടകൃഷി നടത്തുന്ന കർഷകനോ ഒക്കെ ബ്രിട്ടീഷ് കാലത്തെ െസമീന്ദാരി വ്യവസ്ഥക്ക് സമാനമായ ചൂഷണം അനുഭവിക്കേണ്ട സ്ഥിതിയും സാവധാനം വന്നുചേരുമെന്ന ആശങ്കയും നിലവിലുണ്ട്.
ഉൽപന്നത്തിെൻറ നിലവാരത്തെ സംബന്ധിച്ച് തീർപ്പുണ്ടാക്കാനും കരാറുകാരനായ കമ്പനിക്ക് ഇഷ്ടമുള്ള ഏജൻസികളെ കൊണ്ടുവരാം. ഇങ്ങനെ ഇടനിലക്കാരും മൂന്നാം കക്ഷികളും കുറെയുണ്ടാകും. ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ബിൽ കൊണ്ടുവരുന്നത് കർഷകചന്തകളിലെ ഇടനിലക്കാരെ ഒഴിവാക്കാനാണെന്ന് ന്യായം പറഞ്ഞ സർക്കാറാണ് അതേ കർഷകനെ വയലിൽ വെച്ചുതന്നെ വഞ്ചിക്കാൻ പാകത്തിന് വേറെ വകുപ്പുകൾ ഉണ്ടാക്കുന്നത്.
കർഷകചന്തകളെ അസ്ഥിരപ്പെടുത്തുന്ന ഗ്രാമീണമേഖലകളിൽ കർഷകരുടെ കൂട്ടായ വിലപേശലുകൾക്ക് ശക്തി നൽകിയിരുന്ന എ.പി.എം.സി ചട്ടമനുസരിച്ചുള്ള കർഷകവിപണികളെ തകിടം മറിക്കുന്ന ബിൽ സത്യത്തിൽ കൃഷിഭൂമിയിലും തുടർന്ന് വിപണിയിലും പരിപൂർണാർഥത്തിൽ കുത്തകകൾക്ക് അപ്രമാദിത്വം നൽകുകയാണ്. സ്വതന്ത്ര കച്ചവടം വരുന്നതോടെ കാർഷികരംഗത്ത് അസ്ഥിരതയുണ്ടാകുമെന്നതും അതുവഴി കാർഷികോൽപന്നങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമെന്നതും സാർവദേശീയമായി അംഗീകരിക്കപ്പെട്ട സാമ്പത്തിക ശാസ്ത്ര തത്ത്വമാണ്. അവശ്യസാധന ബില്ലിലെ വ്യവസ്ഥകൾ കൂടിയാകുമ്പോൾ കൃഷിയിടം മുതൽ വിപണനം അടക്കം ഭക്ഷ്യോൽപന്നങ്ങളുടെ സംഭരണമടക്കമുള്ള എല്ലായിടത്തും സർക്കാറിെൻറ പിന്മാറ്റം കാണാം. ഈ മൂന്നു ബില്ലുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് രാജ്യത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയിൽ സർക്കാർകുത്തകകള്ക്ക് സ്വൈരവിഹാരത്തിന് അനുമതി നൽകിയിരിക്കുന്നു എന്ന നിലക്കാണ്.
2018ൽ കാർഷിക മന്ത്രാലയത്തിെൻറ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് എ.പി.എം.സി പരിഷ്കരണം ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കൊണ്ടുവന്നത്. ഈ ചന്തകളിൽ ഇടനിലക്കാരുടെ ചൂഷണം വലിയ പ്രശ്നമാണെന്ന് ആ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, എ.പി.എം.സികൾ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നായിരുന്നു ഒരു നിർദേശം. പ്രാദേശികമായി കർഷകർക്ക് പരിചയമുള്ള, അവർക്ക് ചെറുകിട വായ്പകൾ നൽകിയിരുന്ന ഈ കമീഷൻ ഏജൻറുമാർക്ക് പകരം ഇനി ലാഭേച്ഛ മാത്രമുള്ള കോർപറേറ്റ് ദല്ലാളുമാർ അവതരിക്കും. തുടർന്ന് എന്തു സംഭവിക്കും എന്ന് പറയാനില്ലല്ലോ.
കർഷകർ കൃഷിയിടങ്ങളിലോ വിപണിയിലോ വഞ്ചിക്കപ്പെടുന്നത് തടയുമ്പോഴാണ് ശാക്തീകരണം സാധ്യമാകുന്നത്. ബില്ലിെൻറ തലവാചകത്തിൽ ശാക്തീകരണമുള്ളതുകൊണ്ട് ഫലമതാകുന്നില്ലല്ലോ. ഈ കർഷകബില്ലുകളും തത്ത്വത്തിൽ അങ്ങനെയാണ്. കർഷകർക്ക് എന്ന പേരിൽ കർഷകവിരുദ്ധമായ വ്യവസ്ഥകളാണ് എല്ലാം. തർക്ക പരിഹാരത്തിനു വേണ്ടി ഒരു നിയമം എന്തു ചെയ്യുന്നു എന്ന് നിരീക്ഷിച്ചാൽ ആ നിയമം എത്രമേൽ പ്രായോഗികമാണെന്ന് നമുക്ക് എളുപ്പം മനസ്സിലാക്കാം. ആ അർഥത്തിലാണ് പ്രധാനമായും കർഷക ബിൽ എതിർക്കപ്പെടേണ്ടത്. ഈ ബില്ലുകൾക്കെതിരെ സുപ്രീം കോടതിയിൽ അന്യായം ഫയൽ ചെയ്യാൻ തീരുമാനിച്ചതും ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ്.
കടുത്ത അഴിമതിയും ചൂഷണവും നടക്കാൻ പാകത്തിന് എല്ലാം ഒരുക്കിവെച്ചിട്ടാണ് നിയമനിർമാണ സഭകളിൽ മോദി സർക്കാർ ജനാധിപത്യം അട്ടിമറിച്ച് അവ പാസാക്കിയെടുക്കാൻ തുനിഞ്ഞത്. ഇപ്പോൾ കൊണ്ടുവന്ന ഈ ബില്ലുകൾ സർക്കാർ പിൻവലിക്കണം. കർഷകസ്നേഹം നാട്യത്തിനെങ്കിലും ബാക്കിയുണ്ടെങ്കിൽ വേണ്ടത് കർഷകർക്കു വേണ്ടി ഉപഭോക്തൃ തർക്ക പരിഹാര ൈട്രബ്യൂണൽ പോലെയോ ലേബർ കോർട്ട് പോലെയോ കർഷക ൈട്രബ്യൂണലുകൾ കൊണ്ടുവരുകയാണ്. അതിന് സർക്കാർ തയാറാകുമോ എന്നതാണ് ചോദ്യം. അതുപോലെ, എ.പി.എം.സികൾ പഴുതുകളടച്ച് കൂടുതൽ ശാക്തീകരിക്കലാണ് നല്ലത്. സമാനമായ അനവധി സംരംഭങ്ങൾ ഇപ്പോൾ രാജ്യത്ത് സാധ്യമാകും. എന്നാൽ, സർക്കാർ ഈ താൽപര്യങ്ങൾ ഗൗനിക്കാനേ പോകുന്നില്ല എന്നുവ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.