ഏറ്റുമുട്ടൽ: സിറ്റിങ് ജഡ്ജി അന്വേഷിക്കണം

ഏറ്റവും ഒടുവിൽ അട്ടപ്പാടിയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടവ കൂടിയാകുമ്പോൾ ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരിക്കുന്നു. പൊലീസി​​െൻറ കാര്യത്തിൽ പിണറായി വിജയനും യോഗി ആദിത്യനാഥും ഒരേ പാതയിലാണെന്നത് സമകാല രാഷ്​ട്രീയത്തി​​െൻറ ഒരു സവിശേഷതയാണ്. ഉത്തർപ്രദേശുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റുമുട്ടൽ കൊലകളിൽ കേരളം ഏറെ പിന്നിലാണെന്നതാണ് ആശ്വാസത്തിന് വക നൽകുന്ന ഒരു വസ്തുത.

നാലു പേർ കൊല്ലപ്പെട്ട അട്ടപ്പാടി സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭക്കു നൽകിയ വിവരം പൊലീസ് ​ഭാഷ്യത്തെ ആസ്പദമാക്കിയുള്ളതാണ്. ക്രൈം ബ്രാഞ്ച് സംഭവം അന്വേഷിക്കുമെന്നും കൂടാതെ, മജിസ്​റ്റീരിയൽ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഇ​െതല്ലാം ഒരു സുപ്രീംകോടതിവിധി അനിവാര്യമാക്കിയ നടപടികളാണ്. പൊലീസി​​െൻറ തലപ്പത്തുള്ളവർ ഉറച്ച വർഗബോധമുള്ള, അന്യോന്യം സഹായിക്കുന്ന ഉദ്യോഗസ്ഥന്മാരാണ്. പൊലീസി​​െൻറ കാര്യത്തിൽ കീഴ്​ക്കോടതികൾക്ക്‌ വ്യക്തമായ പരിമിതിയുണ്ട്. ഈ സാഹചര്യങ്ങളിൽ വ്യാജ ഏറ്റുമുട്ടലുകൾ തടയാൻ സുപ്രീംകോടതി മുന്നോട്ടുവെച്ച നിർദേശങ്ങൾ പ്രായോഗികതലത്തിൽ പരാജയപ്പെടുകയാണ്.

ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ പോലും വിശ്വസിക്കാൻ തയാറല്ലാത്ത വിവരമാണ് മുഖ്യമന്ത്രി സഭക്ക്​നൽകിയത്. മാവോവാദികൾ വെടിയുതിർത്തപ്പോൾ ​പൊലീസ് സ്വയംരക്ഷക്കായി വെടിവെച്ചെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ നേരെ പൊടുന്നനെ വെടിവെക്കുകയായിരുന്നെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​​െൻറ പരസ്യ പ്രസ്താവന ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. പ്രധാന സഖ്യകക്ഷിയെപ്പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത പൊലീസ്​ഭാഷ്യം ജനങ്ങൾ വിഴുങ്ങുമെന്നു മുഖ്യമന്ത്രി കരുതരുത്.

സംസ്ഥാന മനുഷ്യാവകാശകമീഷനും പൊലീസ് ഭാഷ്യം മുഖവിലയ്​ക്കെടുത്തിട്ടില്ല. കണ്ടമാത്രയിൽ തന്നെ വെടിവെക്കാനുള്ള പ്രകോപനം എന്തായിരുന്നെന്ന്​ അറിയിക്കാൻ കമീഷൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ചങ്കൂറ്റത്തോടെ ഏറ്റെടുത്ത പൊലീസ് ഭാഷ്യം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സ്വീകരിച്ചിട്ടില്ല. അവർ പോസ്​റ്റുമോർട്ടം റിപ്പോർട്ട് അംഗീകരിക്കാൻ കൂട്ടാക്കിയിട്ടുമില്ല. മൃതദേഹങ്ങൾ വീണ്ടും പോസ്​റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ അവ ഏറ്റെടുക്കാൻ വിസമ്മതിച്ചതായും വാർത്തകളിൽ കാണുന്നു. അതിനിടെ, മാവോവാദികൾ ആയുധം ഉപേക്ഷിക്കാൻ തയാറായിരുന്നെന്നും അധികൃതരുമായി ചർച്ചകൾ നടന്നിരുന്നെന്നും പറയപ്പെടുന്നു.

ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ കൃത്യമായി നിർണയിക്കുകയാണ്​ ഇൗ സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. അത് മുഖ്യമന്ത്രിയും അദ്ദേഹത്തി​​െൻറ പൊലീസ് ഉപദേഷ്​ടാക്കളും ചേർന്ന് രഹസ്യമായി ചെയ്യേണ്ടതല്ല. ആ ചുമതല വിശ്വാസയോഗ്യതയുള്ള ഒരു ജുഡീഷ്യൽ കമീഷനെ ഏൽപിക്കാൻ സർക്കാർ തയാറാകണം. അന്വേഷണ കമീഷനുകൾക്കായി സിറ്റിങ് ജഡ്ജിമാരുടെ സേവനം വിട്ടുനൽകാൻ അടുത്തകാലത്തായി കേരള ഹൈകോടതി പലപ്പോഴും വിമുഖത കാട്ടിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകൾ അതിഗൗരവത്തോടെ കാണേണ്ട വിഷയമാകയാൽ ഇക്കാര്യത്തിൽ ഹൈകോടതി വ്യത്യസ്തമായ സമീപനം സ്വീകരിച്ചുകൊണ്ട് ഒരു സിറ്റിങ് ജഡ്ജിയുടെ സേവനം വിട്ടുനൽകണം.
കാനം രാജേന്ദ്ര​​െൻറ പ്രസ്താവന മറ്റൊരു ചോദ്യവും ഉയർത്തുന്നു. അനീതിക്കൊപ്പം അദ്ദേഹവും പാർട്ടിയും എത്ര ദൂരം സഞ്ചരിക്കും?

Tags:    
News Summary - Maoist encounter - Fake encounter - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.