മസ്ജിദുൽ അഖ്സയെ വിഭജിക്കാൻ അനുവദിക്കില്ല

മസ്ജിദുൽ അഖ്സയെ വിഭജിക്കാൻ അനുവദിക്കില്ല

ലോകമൊട്ടുക്കുമുള്ള മർദിത ജനകോടികൾക്ക് എന്നും ആവേശവും പ്രതീക്ഷയുമാണ് ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പ്. സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് അധിനിവേശം തുടരുന്ന ഇസ്രായേൽ മുസ്‍ലിം ചരിത്രത്തിലെ സുപ്രധാന ദേവാലയങ്ങളിലൊന്നായ മസ്ജിദുൽ അഖ്സ വിഭജിക്കാനും പദ്ധതിയിടുന്നു. ഈ ഘട്ടത്തിലും എക്കാലത്തും ഫലസ്തീന് പിന്തുണയേകിയ ഇന്ത്യയിൽനിന്ന് പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം 'മാധ്യമ'വുമായി സംസാരിച്ചു. പ്രസക്ത ഭാഗങ്ങൾ;

മസ്ജിദുൽ അഖ്സ കൈക്കലാക്കാൻ വേണ്ടി ഇസ്രായേൽ പദ്ധതികൾ തയാറാക്കുകയാണ്. സമയത്തിന്‍റെയും ഭൂമിയുടെയും അടിസ്ഥാനത്തിൽ വിഭജിക്കാനാണ് അവരുടെ ശ്രമം. രാവിലെ മുതൽ ഉച്ച വരെയുള്ള സമയം ജൂതർക്കും ശേഷമുള്ള സമയം മുസ്ലിംകൾക്കും പ്രാർഥനക്ക് അനുവദിക്കുകയെന്നതാണ് അവർ ആസൂത്രണം ചെയ്യുന്ന പദ്ധതി. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. അൽഅഖ്സ സ്ഥിതിചെയ്യുന്ന വലിയ പ്രദേശം മുഴുവൻ മുസ്ലിംകളുടേതാണ്. അത് വിഭജിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുക തന്നെ ചെയ്യും. 1967ലുണ്ടായിരുന്നത് പോലെയുള്ള ഫലസ്തീന് വേണ്ടി ശ്രമങ്ങൾ തുടരും.

ഞങ്ങൾ നേരിടുന്ന വിവേചനം വർധിച്ചിട്ടുണ്ട്. റമദാനിലും ശേഷവും ആക്രമണങ്ങൾ തുടരുന്ന സ്ഥിതി ഇവിടെയുണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഷിറീൻ അബു ആഖില എന്ന മാധ്യമപ്രവർത്തകയുടെ സംസ്കാര ചടങ്ങിനു നേരെപ്പോലെ അവരുടെ അതിക്രമമുണ്ടായി. മാധ്യമപ്രവർത്തകരെ ഇസ്രായേൽ ആക്രമിക്കുന്നത് ഇതാദ്യമല്ല. മൂന്ന് വർഷത്തിനിടെ ഗസ്സയിലുണ്ടായ ബോംബ് ആക്രമണത്തിൽ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. നിരവധി ന്യൂസ് ഏജൻസികളുണ്ടായിരുന്നു അവിടെ. മാധ്യമ സ്ഥാപനങ്ങളുടെ ഓഫിസുകൾക്ക് നേരെയും ആക്രമണമുണ്ടാവുന്നു. സത്യം പുറത്തുവരാതിരിക്കാനാണ് മാധ്യമങ്ങൾക്കെതിരെ നിരന്തരം തുടരുന്ന ഇസ്രായേൽ വേട്ട.

മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ ശത്രുക്കളായാണ് കാണുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കൻ അംബാസഡറെ സന്ദർശിച്ചിരുന്നു. ഫലസ്തീനികൾ നേരിടുന്നതു പോലുള്ള വിവേചനം ദക്ഷിണാഫ്രിക്കയിൽ അപാർതീഡിന്റെ പാരമ്യകാലത്തുപോലുമുണ്ടായിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അവർക്ക് എവിടേക്ക് വേണമെങ്കിലും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ, ഫലസ്തീൻ ജനതയുടെ അവസ്ഥ അതല്ല. ഫലസ്തീനിയൻ ജനതയുടെ സ്വാതന്ത്ര്യത്തിന് തടയിടുക മാത്രം ലക്ഷ്യമിട്ട് 620 ചെക്ക്പോസ്റ്റുകളാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് . ഫലസ്തീനിലും പുറത്തുമായി ഏകദേശം 5.6 മില്യൺ അഭയാർഥികളുണ്ട്. ഇസ്രായേലിലെ 20 ശതമാനം ജനങ്ങൾ അഭയാർഥികളാണ്. അത് ഏകദേശം രണ്ട് മില്യൺ വരും. ഫലസ്തീൻ ജനതക്ക് വേണ്ടി യു.എൻ നിരവധി പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. എന്നാൽ, അതൊന്നും പാശ്ചാത്യ ലോകം അംഗീകരിക്കുന്നില്ല.

ഇന്ത്യയും ഫലസ്തീനുമായി നല്ല ബന്ധമാണ് നിലനിൽക്കുന്നത്. അത് കൂടുതൽ മികച്ചതായി മാറുമെന്നാണ് കരുതുന്നത്. ഫലസ്തീനി ജനതക്ക് വേണ്ടി കൂടുതൽ പിന്തുണ ഇന്ത്യയിൽനിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലോകശ്രദ്ധയിൽ നിന്നു തന്നെ ഫലസ്തീൻ വിഷയം അവഗണിക്കപ്പെടാൻ തുടങ്ങി. പരമ്പരാഗത മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ബോധപൂർവം ഫലസ്തീൻ വിഷയം ഒഴിവാക്കപ്പെടുന്നുമുണ്ട്. എന്നാൽ, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് തടയിടാൻ അതുകൊണ്ടൊന്നും സാധിക്കില്ല. ഞങ്ങൾ സ്വാതന്ത്ര്യപ്പോരാട്ടം തുടരുക തന്നെ ചെയ്യും. എനിക്കെതിരെ മൂന്നുതവണ ഇസ്രായേൽ ആക്രമണമുണ്ടായിട്ടുണ്ട്. അന്നുണ്ടായ പരിക്കുകൾ കാലിലും വയറിലും തലയിലുമൊക്കെ ഇപ്പോഴും അവശേഷിക്കുന്നു. വെടിയുണ്ടകൾ കാണിച്ച് ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനും പറ്റുന്ന ഒരു കൂട്ടമല്ല ഞങ്ങൾ.

Tags:    
News Summary - Masjid al-Aqsa will not be allowed to divide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.