കേരള നെറ്റ്‌വർക് എഗെൻസ്റ്റ് ഇസ്‌ലാമോഫോബിയ എന്നൊരു കൂട്ടായ്മക്ക് രൂപംനൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെഴുതുന്നത്. അതിനൊരു തുടക്കമെന്ന നിലയിൽ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിനോട് അനുകൂലമായി പ്രതികരിച്ച് 250 ഓളം പേർ മുന്നോട്ടുവരുകയുണ്ടായി. സജീവ സംഘടന പ്രവർത്തകരല്ലാത്ത, വിവിധ സാമൂഹിക വിഭാഗങ്ങളുമായും വ്യക്തികളുമായും ഇവ്വിഷയകമായി സംവാദങ്ങളും ചർച്ചകളും നടത്തി, വരുംമാസങ്ങളിൽ ഈ കൂട്ടായ്മ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടിയ ഒരു സാമൂഹിക പ്രതിഭാസമാണ് ഇസ്‌ലാമോഫോബിയ എന്ന കാഴ്ചപ്പാട് എങ്ങനെ രൂപപ്പെട്ടുവെന്നു വിശദീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി, സംവരണം, സാമൂഹിക നീതി, ദലിത്-ബഹുജൻ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തുപോരുന്ന ആളാണു ഞാൻ. ഇത്രയും കാലത്തെ ഈ മേഖലകളിലെ അനുഭവത്തിൽനിന്നു മനസ്സിലായത്, ഈ പറയുന്ന എല്ലാ വിഷയങ്ങളിലും പിന്തുണയുമായി നിൽക്കുന്നവർപോലും 'മുസ്‍ലിം വിഷയം' വരുമ്പോൾ പ്രശ്നഭരിതമാകാറുണ്ട് എന്നാണ്.
മുസ്‌ലിംകളോടുള്ള വിയോജിപ്പ് സ്വാഭാവികമാണ്. എന്നാൽ, ഇന്ന് അതിനപ്പുറത്തേക്കെല്ലാം അതു വളർന്ന് ഒടുവിൽ മുസ്ലിം വെറുപ്പിലേക്കു നീങ്ങിയിരിക്കയാണ്. മലയാളത്തിലെ ലിബറൽ/സവർണ പക്ഷത്തുനിന്ന് അത്തരമൊരു നീക്കം നേരത്തേ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ, സവർണ രാഷ്ട്രീയത്തിനെതിരായും അവർണപക്ഷ രാഷ്ട്രീയത്തിന് അനുകൂലമായും ശക്തമായി എഴുതുകയും പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്തുവരുന്ന ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും വരെ അറിഞ്ഞും അറിയാതെയും ഇസ്‌ലാമോഫോബിയ വെച്ചുപുലർത്തുന്നവരാണെന്ന യാഥാർഥ്യം മനസ്സിലാക്കിയപ്പോഴാണ് ഇനി മേൽപ്പറഞ്ഞ മേഖലകളിൽ മാത്രം ഇടപെട്ടാൽ മതിയാവില്ലെന്നു മനസ്സിലായത്.
മുഖ്യമായും ഹിന്ദു-ക്രൈസ്തവ സമൂഹങ്ങൾക്കിടയിലെ ഇസ്‌ലാമോഫോബിയയെ അഡ്രസ് ചെയ്യാതെ എന്തുതന്നെ ചെയ്തിട്ടും ഫലമില്ല എന്ന രീതിയിൽ കാര്യങ്ങൾ മാറിയിരിക്കുന്നു. അതിനാൽ, മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തിലല്ലാതെ, എന്നാൽ അവരുടെ പങ്കാളിത്തം നിഷേധിക്കാതെ തന്നെ, സാമൂഹിക നീതിയുടെ പക്ഷത്തുനിന്നുള്ള ഇടപെടൽ വികസിച്ചുവരേണ്ടതുണ്ട്.
മണ്ഡൽ - മസ്ജിദ് രാഷ്ട്രീയത്തിന്റെ ഭാഗമായി, തൊണ്ണൂറുകളിൽ ഏറ്റവും കൂടുതൽ കേട്ട ആശയമായിരുന്നു ദലിത്-മുസ്‌ലിം-പിന്നാക്ക-ന്യൂനപക്ഷ ഐക്യം എന്നത്. ദലിത് വോയ്സ് മാഗസിനൊക്കെ അതിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. കേരളത്തിലെ ദലിത് പാന്തേഴ്സ് പ്രസ്ഥാനവും ആദ്യകാലത്ത് അത്തരമൊരു ആശയം മുന്നോട്ടുെവച്ചിരുന്നു. എന്നാൽ, പിൽക്കാലത്ത് ആ ധാരകളിലെ ചിലരെങ്കിലും ആ ആശയത്തിൽനിന്നു പിന്നാക്കം പോവുന്നതാണു കണ്ടത്. മാത്രമല്ല, ദലിത് ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും ബി.എസ്.പിപോലുള്ള രാഷ്ട്രീയ കക്ഷികളും മുസ്‍ലിം വിഷയത്തിൽ മൗനികളാവുന്നതോ പലപ്പോഴും ചുരുക്കം പേരെങ്കിലും വിരുദ്ധ സമീപനം പുലർത്തുന്നതോ ആണു കണ്ടത്.
ഈഴവരുൾപ്പെടെയുള്ള ഒ.ബി.സികളും മുസ്‍ലിംകളും തമ്മിൽ മണ്ഡൽ പ്രക്ഷോഭ കാലത്തുണ്ടായ ഐക്യം ഇന്നില്ല. എസ്.എൻ.ഡി.പി യോഗവും മറ്റും കടുത്ത ഹിന്ദുത്വ ആശയഗതിക്കാരായി മാറുന്നതും കണ്ടു. ഇതര ഒ.ബി.സി സംഘടനകളും സമുദായങ്ങളും തീവ്രഹൈന്ദവ ദേശീയതയുടെ യുക്തിയിൽ തന്നെ മുന്നോട്ടുപോകുകയാണ്.
ഇസ്‌ലാമോഫോബിയയുടെ വ്യാപനത്തെ ചെറുക്കുകയും തീവ്ര ഹൈന്ദവ ദേശീയതയുടെ അജണ്ടകളെ തിരിച്ചറിയുകയും ചെയ്യുന്ന മുന്നേറ്റത്തിന്റെ അഭാവത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ ദലിത് -പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങൾ നേടിയെടുത്ത അവകാശ രാഷ്ട്രീയത്തിന്റെ മേഖലകൾ കൂടി ഒലിച്ചില്ലാതെ പോകുമെന്ന തിരിച്ചറിവ് ദലിത് ബഹുജനങ്ങൾക്കു വളരെ നിർണായകമാണ്. മുസ്‌ലിം വിരുദ്ധ ഹിംസ, പാൻ ഇന്ത്യൻ ഹൈന്ദവ ദേശീയതയുടെ വ്യാപനത്തെ സഹായിക്കുമെന്ന അംബേദ്കറൈറ്റ് തിരിച്ചറിവാണ് അവർക്കു വേണ്ടത്.
കേരളത്തിൽ ഇസ്‌ലാമോഫോബിയയും മുസ്‍ലിം വിരുദ്ധതയും ഉണ്ടാക്കുന്നതിലും നിലനിർത്തുന്നതിലും, ഇവിടത്തെ മതേതരകക്ഷികൾക്കും പങ്കുണ്ടെന്നു പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. 1980കളിലെ ശരീഅത്ത് വിവാദം മുതൽ ഏറ്റവുമൊടുവിലത്തെ ഹിജാബ് വരെയുള്ള വിഷയങ്ങളിൽ മതേതര വാദികളെന്നു വിളിക്കപ്പെടുന്നവർ സ്വീകരിച്ച നിലപാടുകൾ അനാവരണം ചെയ്താൽ ഇക്കാര്യം ബോധ്യപ്പെടും. അതിനാൽതന്നെ, കക്ഷിരാഷ്ട്രീയത്തിന്റെ സ്ഥാപിത താൽപര്യങ്ങൾക്കപ്പുറം ഇസ്‌ലാമോഫോബിയക്കെതിരായ മുന്നേറ്റം കേരളത്തിൽ നടക്കേണ്ടതുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളിലെ സമാന മനസ്കരെ ഒപ്പം കൂട്ടാനും എന്നാൽ, കക്ഷിരാഷ്ട്രീയത്തിനപ്പുറം, സാമൂഹിക രാഷ്ട്രീയത്തിന്റെ പോരാട്ട മണ്ഡലം ഇസ്‌ലാമോഫോബിയക്കെതിരായി തുറക്കാനും നമുക്കു സാധിക്കണം.
പൗരസമൂഹത്തിന്റെ ഭാഗമായ പരിസ്ഥിതി പ്രസ്ഥാനങ്ങൾ, ഫെമിനിസ്റ്റ് മുന്നേറ്റങ്ങൾ തുടങ്ങിയ മണ്ഡലങ്ങളിലും ഇസ്‌ലാമോഫോബിയ പ്രവർത്തിക്കുന്നു എന്നത് പ്രസ്തുത മേഖലകളിൽ ഇടപെടുന്നവർതന്നെ വിമർശിച്ചിട്ടുണ്ട്. മതവിമർശനത്തെ ഇസ്‌ലാമോഫോബിയയാക്കി ചുരുക്കുന്ന പ്രവണത കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങൾക്കിടയിൽ വ്യാപകമാണ്. തീർച്ചയായും തിരിച്ചറിവുള്ള യുക്തിവാദികൾ ഇതിനെതിരെ നിലപാടെടുക്കാൻ തുടങ്ങിയിട്ടുണ്ട്. അതിലേറെ, ഇസ്‌ലാമോഫോബിയയുടെ വ്യാപനത്തിന് മുഖ്യധാരാ മാധ്യമങ്ങൾ തന്നെ സഹായത്തിനുണ്ട്. എന്നാൽ, ഇസ്‌ലാമോഫോബിയ തിരിച്ചറിയുന്ന മാധ്യമപ്രവർത്തകരുടെ ശബ്ദത്തെ തിരിച്ചറിയാനും നമുക്ക് കഴിയേണ്ടതുണ്ട്.
ഇസ്‌ലാമോഫോബിയ എന്താണെന്ന പ്രശ്നത്തിൽ ബഹുജനങ്ങളോട് ഏറ്റവും മികച്ച രീതിയിൽ സംവദിക്കാനും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ പങ്കാളിത്തം പ്രസ്തുത ഇടപെടലുകളിൽ ഉറപ്പുവരുത്താനും ആവശ്യമായ ക്രിയാത്മക പ്രവർത്തനങ്ങൾ ശ്രദ്ധയോടെ വികസിപ്പിക്കാനാണ് ആലോചന. അതിനായുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടത്തുന്നത്. അതിലൂടെ സാമൂഹിക ജീവിതത്തിൽ നീതിക്കുവേണ്ടി പോരാടുന്ന വിവിധ വിഭാഗങ്ങളുടെ സ്വാഭാവിക പ്രതികരണം ഇവ്വിഷയത്തിൽ ഉയർന്നുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. അത്തരമൊരു ബഹുജന മുന്നേറ്റം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
(കേരള നെറ്റ് വർക്ക് എഗെൻസ്റ്റ്
ഇസ്‌ലാമോഫോബിയ
കൺവീനറാണു ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.