വീണ്ടും വേട്ടയാടപ്പെടുന്ന മാധ്യമ പ്രവർത്തനം

പരീക്ഷചോദ്യപേപ്പർ ചോർച്ച യു.പിയിൽ ഒരു പുതിയ കാര്യമേയല്ല. ഇന്നും ഇന്നലെയുമല്ല വർഷങ്ങളായി ഇവിടെ സജീവമായി നിലനിൽക്കുന്ന ഏർപ്പാടാണ് പരീക്ഷ മാഫിയ എന്ന കാര്യം പരസ്യമാണ്. പക്ഷേ ഇത്തവണ പരീക്ഷപേപ്പർ ചോർച്ച ഇപ്പോൾ ചർച്ചയാവുന്നതിന്റെ കാരണം വേറെയാണ്. പരീക്ഷ മാഫിയയെ പുറം ലോകത്തിന് മുന്നിൽ തുറന്നു കാണിക്കാൻ ചില മാധ്യമ പ്രവർത്തകർ ഒരു ശ്രമം നടത്തി. ഉടൻ നടപടിയുണ്ടായി- വാർത്ത എഴുതിയ മാധ്യമ പ്രവർത്തകർക്കെതിരെയാണെന്ന് മാത്രം.

സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം 34 പേരാണ് അറസ്റ്റിലായത്. അതിൽ മൂന്നു പേർ പത്രപ്രവർത്തകരാണ്. സംസ്ഥാനത്തിന്റെ കിഴക്കേമൂലയിൽ ബിഹാറുമായി അതിരുപങ്കിടുന്ന ബലിയ ജില്ലയിൽ 12ാം ക്ലാസ് പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പർ ചോർന്ന വിവരമാണ് പുറത്തുവന്നത്.

അറസ്റ്റ് നടത്തിയ രീതി അറിയുമ്പോഴാണ് എത്രമാത്രം ആഴമുണ്ട് ഈ മാഫിയയുടെ വേരുകൾക്ക് എന്ന് ബോധ്യമാവുക. പ്രമുഖ ഹിന്ദി ദിനപത്രമായ അമർ ഉജാലയുടെ പ്രാദേശിക ലേഖകൻ ദിഗ്‍വിജയ് സിങ്ങാണ് ചോദ്യപേപ്പർ ചോർച്ച വിവരം ആദ്യമായി വാർത്തയാക്കിയത്. വാർത്ത വന്ന ഉടൻ സിങ്ങിനെ പൊലീസുകാർ വന്ന് ഭീഷണിപ്പെടുത്തുകയും കെണിവെച്ച് കുടുക്കുകയും ചെയ്തു. ഈ വാർത്ത എഡിറ്റ് ചെയ്ത അമർ ഉജാലയിലെ അജിത് കുമാർ ഓജ എന്ന മാധ്യമ പ്രവർത്തകനെ പിന്നാലെ പിടികൂടി. സിങ്ങിൽ നിന്ന് വിവരങ്ങൾ വാങ്ങി വാർത്തയെഴുതിയ രാഷ്ട്രീയ സഹാറ ലേഖകൻ മനോജ് ഗുപ്തയും അറസ്റ്റിലായി.

ബലിയയിലെ പത്രക്കാരാണ് സിങ്ങിനെ അറസ്റ്റു ചെയ്തത് എങ്ങനെയെന്ന് വ്യക്തമാക്കിയത്. വാർത്ത പ്രസിദ്ധീകരിച്ചു വന്ന ദിവസം ജില്ല മജിസ്ട്രേറ്റും ജില്ല വിദ്യാഭ്യാസ ഓഫിസറും അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ചോർന്ന ചോദ്യപേപ്പറിന്റെ ചിത്രമൊന്ന് വാട്ട്സ്ആപ്പ് ചെയ്തു കൊടുക്കാൻ പറഞ്ഞു. ആ വാട്ട്സ്ആപ്പ് സന്ദേശം അവിടെ എത്തിയ ഉടൻ പൊലീസുകാർ ഈ മാധ്യമ പ്രവർത്തകന്റെ വാതിലിൽ മുട്ടാൻ തുടങ്ങി. വാട്ട്സ്ആപ്പിലൂടെ ചോദ്യപേപ്പർ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റും നടത്തി. സിങ്ങിനെ കാര്യമായി ചോദ്യം ചെയ്ത ശേഷമാണ് മറ്റു രണ്ട് മാധ്യമ പ്രവർത്തകരെ പിടികൂടിയത്. മാധ്യമപ്രവർത്തകർ എന്ന നിലയിൽ ജോലിയാണ് ചെയ്തതെന്ന് എത്ര പറഞ്ഞു നോക്കിയിട്ടും ഒരു ഫലവുമുണ്ടായില്ല. മൂന്നു പേർക്കും ചോദ്യപേപ്പർ ചോർച്ച സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണം ചാർത്തി ജയിലിലടച്ചിരിക്കുകയാണിപ്പോൾ. അത് സർക്കാറും അവർക്ക് കീഴിലെ പൊലീസും ചെയ്ത അരുതായ്മയെന്ന് വെക്കാം. എന്നാൽ, മാധ്യമ പ്രവർത്തകർക്ക് നേരെ ഇത്തരമൊരു അന്യായം നടമാടിയിട്ട്, മാധ്യമ പ്രവർത്തനത്തിന് നേരെ ഇത്ര വലിയ കടന്നാക്രമണമുണ്ടായിട്ട് സഹജീവികൾ എന്തു ചെയ്തു എന്നു കൂടി അറിയണം- ഈ അറസ്റ്റും അതിന്റെ പിറകിലെ നെറികേടും സംബന്ധിച്ച് ഒരു വരി വാർത്ത കൊടുക്കാൻ പോലും പല മാധ്യമങ്ങൾക്കും, അച്ചടി പത്രങ്ങളാവട്ടെ വാർത്ത ചാനലുകളാവട്ടെ താൽപര്യമെടുത്തില്ല. പത്രങ്ങളുടെയും ചാനലുകളുടെയും നിയന്ത്രണം എവിടെ നിന്നാണ് എന്നതിന് കൃത്യമായ ഒരു തെളിവുകൂടിയായി.

ഈ അറസ്റ്റ് കേവലം മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരായ നടപടിയല്ല. വീണ്ടും ഭൂരിപക്ഷം വാങ്ങി അധികാരത്തിലേറിയ യോഗി ആദിത്യനാഥ് സർക്കാർ പുറപ്പെടുവിക്കുന്ന കൃത്യമായ സന്ദേശമാണ്. സർക്കാർ അരുതായ്മകളോട് അരുനിൽക്കാത്ത, സത്യസന്ധമായ റിപ്പോർട്ടിങ് നടത്തുന്ന മാധ്യമ പ്രവർത്തകരെ കാത്തിരിക്കുന്ന സ്ഥാനം എവിടെയാണെന്ന സന്ദേശം.

തെറ്റായ പ്രവൃത്തികൾ ചെയ്യുന്നവരെയല്ല അക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെ പിന്തിരിപ്പിക്കുന്നതിലാണ് ബലിയ ജില്ല ഭരണകൂടത്തിന് താൽപര്യം എന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും സി.എൻ.ബി.സി ആവാസ് മുൻ മാനേജിങ് എഡിറ്ററുമായ അലോക് ജോഷി ചൂണ്ടിക്കാട്ടുന്നു.

മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തി ഇല്ലാതാക്കാനുള്ള സർക്കാറിന്റെ താൽപര്യമാണ് ഈ നടപടിയിൽ നിന്ന് വ്യക്തമാവുന്നതെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി സഞ്ജയ് കപൂറും പറയുന്നു. ഇതേ കുടിലതന്ത്രം സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ കുടുക്കുന്നതിനായി കശ്മീർ പോലുള്ള സംസ്ഥാനങ്ങളിൽ നേരത്തേ മുതൽ ഭരണകൂടം പയറ്റുന്നതാണിത്. വിഷയം ഗൗരവമായെടുത്ത് സർക്കാറിനു മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക ദൗത്യസംഘം സംഭവത്തിൽ ഉദ്യോഗസ്ഥരും സംഘടിത കുറ്റവാളികളും തമ്മിലെ ബന്ധം സംബന്ധിച്ച് നിരവധി നിർണായക വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. ചോദ്യപേപ്പർ മാത്രമല്ല, വിദ്യാർഥികൾക്ക് പകരമായി പരീക്ഷക്കിരിക്കുന്ന 'എഴുത്ത് തൊഴിലാളികളെ'യും ഈ സംഘം ഒരുക്കിക്കൊടുക്കുന്നുണ്ട് എന്നതാണ് ഒരു വിവരം. പരീക്ഷാർഥികളുടെ രക്ഷിതാക്കളും ചില കോച്ചിങ് സ്ഥാപനങ്ങളുമെല്ലാം ഈ റാക്കറ്റിന്റെ കണ്ണികളാണ് എന്ന സൂചന നൽകുന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നു.

പരിതാപകരമായ കാര്യമെന്തെന്നാൽ, ഇത്രയൊക്കെ നടന്നിട്ടും ബലിയ ജില്ല മജിസ്ട്രേറ്റ് സംഭവങ്ങളെ പൂർണമായി നിഷേധിച്ച് കൈകഴുകാനുള്ള വ്യഗ്രതയിലാണ്. ബലിയയിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടേയില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. കൃത്രിമമൊന്നുമേ നടന്നിട്ടില്ല എന്ന വിശദീകരണം സെക്കൻഡറി വിദ്യാഭ്യാസ വിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി ആരാധന ശുക്ലയും പുറത്തിറക്കിയിരിക്കുന്നു.

ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദികളെന്ന പേരിൽ പിടിയിലായ നിരവധി അധ്യാപകരടങ്ങുന്ന പ്രതികൾക്കെതിരെ ദേശസുരക്ഷ നിയമം ചുമത്താനാണ് മുഖ്യമന്ത്രിയുടെ നിർദേശം. എന്നാൽ, മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതിന്റെ സാംഗത്യം അദ്ദേഹമോ സർക്കാറോ വിശദമാക്കുന്നേയില്ല.

യു.പി സർക്കാർ മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. ഹാഥറസിൽ ബലാത്സംഗക്കൊലക്കിരയായ യുവതിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ ഡൽഹിയിൽ നിന്ന് പുറപ്പെട്ട മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 2020 സെപ്റ്റംബർ മുതൽ ജാമ്യമോ മതിയായ ചികിത്സയോ പോലും ലഭിക്കാതെ ജയിലിലാണ്. എന്തായിരുന്നു കാപ്പൻ ചെയ്ത കുറ്റം? ഹാഥറസിൽ എത്തിയാൽ സമാധാനത്തിന് ഭംഗം വരുത്തിയേക്കും എന്ന സംശയത്തിന്റെ പേരിലായിരുന്നല്ലോ ആ അറസ്റ്റ്.

കോവിഡിന്റെ പാരമ്യ ഘട്ടത്തിൽ യോഗി ഭരണകൂടം വിഷയം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയ രണ്ട് മാധ്യമ പ്രവർത്തകർ ജയിലിലായി. മറ്റൊരാളെ അറസറ്റ് ചെയ്തത് ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ചപ്പാത്തിക്ക് ഉപ്പ് മാത്രം കറിയാക്കി നൽകിയതിന്റെ വിഡിയോ പുറത്തുവിട്ടതിനാണ്. അയാളൊരു അച്ചടി മാധ്യമ പ്രവർത്തകനാണെന്നിരിക്കെ എന്തിന് വിഡിയോ തയ്യാറാക്കി എന്നായിരുന്നു ഇതേക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് ഉന്നയിച്ച ചോദ്യം.

ഇതുപോലെ കുറ്റകൃത്യത്തെ അമർച്ച ചെയ്യാതെ കുറ്റങ്ങൾ സത്യം വിളിച്ചു പറഞ്ഞവരെ അടിച്ചമർത്തിയ എത്രയെത്ര സംഭവങ്ങൾ!

Tags:    
News Summary - media that is being hunted again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.