??????? ???????.... ???????? ???????? ??????

ചിത്തിരം പേശുതടീ......

അവർ രണ്ടു പേരും അടുത്തടുത്തിരുന്നു, തൊട്ടും തൊടാതെയും. തിരിച്ചറിയാനായി അമ്മയ്​ക്ക് മഞ്ഞ പൂക്കളും, അച്ഛന് പിങ്ക് പൂക്കളും.  അമ്പത്തെട്ടു വർഷത്തെ കൂട്ടിരിപ്പുകാർ. പക്ഷേ, അവർ പഴയ അച്ഛനുമമ്മയുമായിരുന്നു. അടുത്തടുത്തിരിക്കുമ്പോൾ, അവർക്കിടയിൽ, എന്നും ഒരു പുൽനാമ്പിനോ, പൂവിതളിനോ എത്തിനോക്കാനുള്ള അകലം കൃത്യമായി സൂക്ഷിച്ചു. ചെറിയകുട്ടിയാശാരിയുടെ പ്രാകൃത ഭാവനയിൽ പിറന്ന ആനക്കസേരയിലിരുന്ന് അച്ഛൻ മൂളി ‘‘ചിത്തിരം പേശുതടീ ....’’ വായിച്ചു കൊണ്ടിരുന്ന പുസ്തകം, ഇതളടയാളം പോലും വെക്കാതെ മടക്കി അമ്മ എഴുന്നേറ്റു ഊണു വിളമ്പാൻ നടന്നു. ഉച്ചയുറക്കത്തി​​​െൻറ ഇറയങ്ങളിൽ പോക്കുവെയിൽ പടരുന്നേരം, മാതൃഭൂമി പത്രം ഒന്നു രണ്ടു തവണ കുടഞ്ഞ് അച്ഛൻ മടക്കി വെച്ചു.

അച്ഛനുള്ള, ധാരാളം പാലും പഞ്ചസാരയും ചേർത്ത കനം കുറഞ്ഞ ചായയുണ്ടാക്കാൻ അമ്മ നടന്നു. കരിനൊച്ചിയുടെയും, വേപ്പിൻ പഴത്തി​​​െൻറയും വേലിപ്പരുത്തിയുടെയും മണമുള്ള രാത്രികളിൽ, മുറ്റത്തിരുന്ന് അമ്മ മക്കളുടെ ത​േൻറടത്തെക്കുറിച്ചും, മരുമക്കളുടെ സ്നേഹത്തെക്കുറിച്ചും, പേരമക്കളുടെ ബുദ്ധിയെക്കുറിച്ചും നിർത്താതെ സംസാരിച്ചു. ചെറുവിരലിലെ നീണ്ട നഖം കൊണ്ട് താളമിട്ട് അച്ഛൻ നേർത്ത ശബ്ദത്തിൽ മൂളി - ‘‘ഇന്നമും ഊമയെപ്പോൽ മൗനം ഏനടി....’’ അച്ഛ​​​െൻറ ഇരുചെവിക്കുറ്റികളിലും അമ്മ തിരുകിവെച്ചിരുന്ന കുടമുല്ല മൊട്ടുകൾ പതിയെ ചിരിച്ചു. അച്ഛൻ എല്ലാം കേൾക്കുന്നുണ്ട്, അഭിമാനവുമുണ്ട്. എങ്കിലും, പഴയ അച്ഛനാണ്, തുറന്നു ചിരിക്കില്ല. 

രാത്രി അടുത്ത കട്ടിലിൽ കിടന്ന് അച്ഛൻ വലിയ അക്കങ്ങളുള്ള ചുവർ ക്ലോക്കിലേക്ക് ടോർച്ചടിച്ചു,  ‘നോക്കു സമയമെത്രയായി..?’ അമ്മ ചോദിച്ചു. ഇടയ്ക്ക്​ അച്ഛൻ ചുമയ്ക്കുന്നു. ‘നോക്കു, വെള്ളം വേണോ...?’ ഈണത്തിലൊന്നു മൂളി അച്ഛൻ തിരിഞ്ഞു കിടന്നു, ‘നോക്കു, ഫാൻ നിർത്തണോ ...?’ വിശാഖപട്ടണം വിശേഷങ്ങൾ പറഞ്ഞു കൊണ്ട് അമ്മയോട് ചേർന്നു കിടക്കുന്ന ഞാൻ ചോദിച്ചു, 
 ‘നോക്കു... നോക്കുന്ന് പറഞ്ഞാൽ ഇരുട്ടത്ത് എങ്ങനെ നോക്കാനാണ്?’ 
‘നോക്കു അവൾ പറയുന്നത് കേട്ടില്ലേ....?’ അമ്മ ഉറക്കെ ചിരിക്കും. പഴയ അച്ഛനാണ്, പൊട്ടിച്ചിരിക്കില്ല.  പക്ഷേ, ഞങ്ങളുടെ വരവും, കൂടെക്കിടപ്പും, വിശേഷം പറയലും അച്ഛൻ നല്ലതുപോലെ ആസ്വദിച്ചിരുന്നു. അച്ഛ​​​െൻറ ഓരോ മൂളലും, ചലനങ്ങളും അമ്മ കൃത്യമായി വായിച്ചിരുന്നു. നോക്കാതെ നോക്കി, തൊടാതെ തൊട്ട് അവരൊരുപാട് കാര്യങ്ങൾ കൈമാറിയിരുന്നു. അവർ പരസ്പരം പൂരകങ്ങളും, പൂർണ്ണവുമായിരുന്നു. ഇപ്പോൾത്തന്നെ, ഞാൻ അമ്മയെക്കുറിച്ച് പറയാനാണ് തുടങ്ങിയത്. അമ്മയെക്കുറിച്ചാലോചിക്കുമ്പോഴെല്ലാം അച്ഛനെക്കുറിച്ചെഴുതിത്തുടങ്ങുന്നു. അമ്മയുടെ ശക്തിയായിരുന്നു അച്ഛൻ, അച്ഛ​​​െൻറ  ശബ്ദമായിരുന്നു അമ്മ .

ഉറങ്ങുന്ന അമ്മയുടെ കവിളിൽ പതുക്കെത്തട്ടി അച്ഛൻ ഉണർത്താൻ നോക്കി. നെറ്റിയിൽ തലോടി, കൈകളിൽ ഉഴിഞ്ഞു. മന്ത്രം പോലൊരു ശ്വാസഗതിയിൽ പതുക്കെ ഇളകി അമ്മ സ്വപ്നത്തിലെന്നോണം കിടന്നു. മുഖത്തേക്ക് ഒന്നു കൂടെ സൂക്ഷിച്ചു നോക്കി അച്ഛൻ പറഞ്ഞു, 
‘ഇനി പൊയ്ക്കോട്ടെ, ഈ അവസ്ഥയിൽ വേണ്ട...’  അച്ഛന്റെ മനസ്സ്​ വായിച്ചതുപോലെ രണ്ടാം നാൾ അമ്മ പോയി. 
അമ്മയ്ക്കുള്ള സ്ഥലം തൊടിയിൽ പ്രത്യേകം കാണിച്ചു കൊടുക്കുമ്പോഴും, ‘നിങ്ങളാരും വിഷമിക്കരുത്..’ എന്ന് ഞങ്ങളോട് പറയുമ്പോഴും, ചടങ്ങുകളെല്ലാം ലളിതമാക്കണം എന്ന് നാട്ടുകാരോടു ആവശ്യപ്പെടുമ്പോഴും അച്ഛനു നല്ല ശബ്ദമുണ്ടായിരുന്നു. ചിത കത്തിയമരുന്നത് പിൻവശത്തെ മുറ്റത്തിട്ട കസേരയിൽ ഇരുന്നു കണ്ട്, കറങ്ങാത്ത ഫാനിനു ചുവട്ടിൽ, വെളിച്ചം വീഴാത്ത സമയത്തിനു കീഴെ, സങ്കടം പോലെ വളഞ്ഞു കിടന്ന അച്ഛന്, പിറ്റേന്നുണരുമ്പോൾ ശബ്ദം നഷ്ടപ്പെട്ടിരുന്നു. ഞങ്ങൾ അച്ഛനോടും, ഒരുപക്ഷേ, അച്ഛൻ ഞങ്ങളോടും ഒരുപാട് സംസാരിക്കുവാൻ ആഗ്രഹിച്ചിരുന്ന ആ നാളുകളിൽ, അച്ഛന് ശബ്ദമില്ലാതായി. ഇനിയൊന്നും പറയാൻ ബാക്കിയില്ല എന്നു കണ്ണടച്ച്, മണിക്കൂറുകളോളം നിശ്ശബ്ദനായിരിക്കുന്ന അച്ഛൻ, പാതി മനുഷ്യനായി കാണപ്പെട്ടു. അമ്മയുടെ ഒറ്റയ്ക്കുള്ളൊരു ഫോട്ടോ പോലുമില്ലാത്ത വീട്ടിൽ, യാത്ര പറഞ്ഞിറങ്ങിയ അമ്മയും, ബാക്കിയായ അച്ഛനും ഒരു പോലെ അദൃശ്യരായി.

കുട്ടിക്കാലത്ത്, അമ്മയുടെ അലമാര തുറക്കുമ്പോഴൊക്കെ, ഞാൻ എടുത്തു നോക്കുന്ന ചില കൗതുകവസ്തുക്കളുണ്ട്. വയലറ്റ് നിറമുള്ള വെൽ​െവറ്റ് തുണികൊണ്ടു പൊതിഞ്ഞ ആഭരണപ്പെട്ടി, ഉള്ളിൽ പതിച്ച മുഖക്കണ്ണാടി, സിൽക് തുണികളിൽ പൊതിഞ്ഞ ഗുരുവായൂരപ്പൻ ലോക്കറ്റുള്ള മാല, ട്യൂബ് ചെയ്ൻ, നീലക്കല്ലു പൂത്താലി, കല്ലു പതിച്ച കമ്മലുകൾ, ചെത്തു മുത്തുള്ള വളകൾ, നീല കല്യാണ സാരി, ബിന്നി സിൽക്കി​​​െൻറ മഞ്ഞ പുടവ സാരി, കാശി കുങ്കുമച്ചെപ്പ്. ഓരോ തവണ കല്യാണ സാരി എടുത്തു നോക്കുമ്പോഴും, അമ്മ ഓർമകളിലേക്ക് കൂമ്പി. കല്ലടിക്കോടൻ മലക്കു ചോടെ, മരങ്ങൾ മറഞ്ഞു നിൽക്കുന്നൊരു വലിയ വീട്ടിൽ, മുകളിലെ അഴിയിട്ട വരാന്തയിൽ, കല്യാണ സാരി വാങ്ങി വരുന്ന ഏട്ടനേയും കാത്തിരുന്നൊരു പതിനേഴുകാരി വധു പൂത്തുലയുന്ന മണം പരന്നു. 

ഓരോ തവണയും അമ്മ സാരി മണത്തു നോക്കി. പാതിയരഞ്ഞ മുല്ലപ്പൂവി​​​െൻറയും, ലജ്ജയിൽ കുതിർന്ന ചന്ദനക്കുറിയുടെയും വാസനക്കൊപ്പം, അച്ഛ​​​െൻറ  സ്ഥാനത്തു നിന്നിരുന്ന ഒരേട്ട​​​െൻറ കരുതലി​​​െൻറ, വാത്സല്യത്തി​​​െൻറ മണവും ആ പുടവയിൽ പറ്റിപ്പിടിച്ചു നിന്നിരുന്നു. അമ്മയൊഴിഞ്ഞ വീട്ടിൽ, തുറന്നിട്ട അലമാരക്കുള്ളിൽ, അടുക്കി വെച്ച കസവു കരമുണ്ടുകളുടെയും,  സിൽക്ക്​ സാരികളുടെയും ഇടയിൽ, ഞാൻ ഇതുവരെ കാണാത്ത അറിയാത്ത എന്തിനോ വേണ്ടി വൃഥാ തിരഞ്ഞു കൊണ്ടിരിക്കെ, മക്കൾക്കു മുന്നിൽ മലർക്കെ തുറന്നിട്ട, ഒരു നിഴൽപ്പാടി​​​െൻറ പോലുമില്ലാതിരുന്ന അമ്മയുടെ ജീവിതം കണ്ട് അത്ഭുതപ്പെട്ടു പോയി. 

പ്രത്യേകം പൂട്ടി സൂക്ഷിച്ച അറയ്ക്കുള്ളിലെ തവിട്ടു നിറത്തിലുള്ള നീളൻ കവറിൽ, എൻറെയും ചേച്ചിയുടെയും മക്കൾ അയച്ച ആദ്യ കത്തുകൾ. ചേച്ചിയുടെ മകൻ എ.ബി.സി.ഡി ഒരു വിധം എഴുതിയിട്ടുണ്ട്. എ​​​െൻറ മകൻ കുത്തിവരച്ച, വട്ടത്തിലും നീളത്തിലുമുള്ള ചിത്രങ്ങൾ നോക്കി ഞാൻ കരഞ്ഞു, അമ്മയെ ഓർത്തും, എ​​​െൻറ മക​​​െൻറ വളർന്നു പോയ കുഞ്ഞു വിരലുകളെയോർത്തും. ആർക്കും എപ്പോഴും എടുത്തു വായിക്കാവുന്ന വിധത്തിൽ മേശപ്പുറത്ത് വെച്ചിരുന്ന ഡയറിയിൽ പകർത്തിവെച്ച അമ്മ മനസ്സ്​. ആദ്യമായി ചെരുപ്പുകൾ ഇടുവിച്ച, തീവണ്ടിയിൽ കയറ്റിയ, കടലും നഗരവും കാണിച്ചു തന്ന ദാസേട്ടനെക്കുറിച്ചുള്ള ചെറു കുറിപ്പുകൾ. രാത്രി വളരെ വൈകും വരെ ഇരുന്ന് അമ്മ വായിച്ചു കൂട്ടുന്ന പുസ്തകങ്ങളുടെ അവലോകനങ്ങൾ. ആനുകാലിക സംഭവങ്ങളിൽ അമ്മയുടെ പ്രതികരണങ്ങൾ. തുപ്പാനും ഇറക്കാനും വയ്യാതെ കൊരട്ടത്തടുക്കേണ്ടി വന്ന കൈയ്​പ്പുകൾ. മക്കൾക്കുള്ള നിരവധി ഉപദേശങ്ങൾ, മുന്നറിയിപ്പുകൾ, അനുഗ്രഹങ്ങൾ. ദാസേട്ടനെ സ്നേഹപരിചരണങ്ങളോടെ യാത്രയാക്കിയതിനു ശേഷം, ഒരു മണിക്കൂറിനകം എന്നേയും വിളിക്കണേ എന്ന പ്രാർത്ഥനയിൽ അവസാനിച്ചിരുന്നു മിക്ക കുറിപ്പുകളും. ഒരു വെട്ടോ തിരുത്തോ ഇല്ലാതെ, ഉരുട്ടിയെഴുതിയ ജീവിതം.

അമ്മ പോയതി​​​െൻറ ഇരുപത്തേഴാം നാൾ, നിങ്ങളെ പറ്റിച്ചല്ലോയെന്നൊരു ചെറു പുഞ്ചിരി ചുണ്ടിൽ  ഒട്ടിച്ചുവെച്ച് അച്ഛനുറങ്ങിക്കിടന്നു. ആവർത്തിച്ചു കളിക്കുന്നൊരു നാടകത്തിലെ വേഷക്കാരെപ്പോലെ ഞങ്ങൾ നിന്നു. അച്ഛനെരിയുന്ന ചൂടിൽ, അമ്മയിൽ കിളിർത്ത പുൽനാമ്പുകൾ കരിഞ്ഞു. ഒരു സർക്കാർ ഓഫിസിൽ ഉള്ളതിലേറെ ഫയലുകൾ അച്ഛൻ സൂക്ഷിച്ചിരുന്നു. അതിലൊരു നാടി​​​െൻറ ചരിത്രം ഞങ്ങൾ വായിച്ചു. മിച്ചഭൂമി, പാട്ടശീട്ട്, കുടിയാൻ, കർഷക സമാജം, യന്ത്രവത്ക്കരണം, തൊഴിലാളി പെൻഷൻ, ജന്മി പെൻഷൻ, മക്കൾക്കുള്ള നീക്കിയിരിപ്പുകൾ .... 
അമ്മയെ നല്ലതുപോലെ നോക്കണം എന്നൊരു ഒഴുക്കൻ വാചകമല്ലാതെ, ഞങ്ങൾക്കുള്ള ഉപദേശമൊന്നും കണ്ടില്ല. അമ്മ വളർത്തി വലുതാക്കിയ മക്കളിൽ അച്ഛന് അത്രക്ക് വിശ്വാസമുണ്ടായിരുന്നിരിക്കണം.

എന്നും കാത്തു നിൽന്നതു പോലെ, സ്വർഗവാതിൽക്കൽ അമ്മ അച്ഛനെ കാത്തു നിന്നു. അമ്മക്കൊപ്പം എത്താനുള്ള തിടുക്കത്തിൽ, അച്ഛൻ, യാത്ര പോലും പറയാൻ നിൽക്കാതെ ഇറങ്ങി നടന്നു. അച്ഛനെ നല്ലതു പോലെ അറിയുന്ന ഞങ്ങൾ,  മക്കൾ, പിൻവിളി വിളിച്ചതുമില്ല. മഞ്ഞ പൂക്കളുള്ള പ്ലാസ്​റ്റിക്​ പാത്രത്തിൽ അമ്മ, പിങ്ക് പൂക്കളുള്ളതിൽ അച്ഛനും. കാശി യാത്രയുടെ പാതി വഴി താണ്ടി, എ​​​െൻറ ബാൽക്കണിയിൽ രണ്ടു പേരുമിരിക്കുന്നു. നിലാവു പരക്കുന്ന മുറ്റത്ത്, ചെവിയ്ക്കിടയിലും, തലമുടിക്കുള്ളിലും അമ്മ തിരുകി വെച്ച മുല്ലമൊട്ടുകൾ ചൂടി, അച്ഛൻ മൂളുന്നു,
‘‘എൻ മനം നീ അറിവായ് ഉന്തെൻ എണ്ണവും നാൻ അറിവേൻ .......’’
അച്ഛനുള്ള ഭക്ഷണം വിളമ്പാൻ അമ്മ എഴുന്നേൽക്കുന്നു. പിന്നീട്‌, അത്തരം കെട്ടുപാടുകൾ ഒഴിഞ്ഞ സ്വാതന്ത്ര്യത്തി​​​െൻറ നിറവിൽ, അരികിലിരുന്നു കൂടെ മൂളുന്നു.
‘‘ചിത്തിരം പേശുതടീ .........’’

നന്ദിനി

Tags:    
News Summary - Memmories of Nandini - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.