‘‘എനിക്ക് യാത്രാനുമതി ലഭിച്ചുകഴിഞ്ഞു. എെൻറ സഹോദരങ്ങളേ, എന്നെ യാത്രയയക്കുക. നിങ്ങൾക്കു മുന്നിൽ തലകുമ്പിട്ട് ഞാൻ വിടചൊല്ലുന്നു. എെൻറ വാതിലിെൻറ താക്കോലുകളിതാ ഞാൻ തിരികെ തരുന്നു. എെൻറ ഭവനത്തിന്മേലുള്ള സർവാവകാശങ്ങളും ഞാനിതാ പരിത്യജിക്കുന്നു. നിങ്ങളിൽനിന്ന് കരുണ നിറഞ്ഞ അന്ത്യവചനങ്ങൾ മാത്രമേ ഞാൻ ആവശ്യെപ്പടുന്നുള്ളൂ’’ -ടാഗോർ (ഗീതാഞ്ജലി)
ഒരെഴുത്തുകാരൻ മരിച്ചാൽ അദ്ദേഹത്തെ നാമെങ്ങനെയാണ് അടയാളപ്പെടുത്തുക? അദ്ദേഹത്തിെൻറ ജീവിതവും സാഹിത്യവും ചർച്ചചെയ്യപ്പെടുമെന്നത് തീർച്ചയാണ്. പക്ഷേ, കൃതികളെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുകയും ജീവിതം നിറംപിടിപ്പിച്ച് അവതരിപ്പിക്കുകയും ചെയ്താലോ? അതാണിപ്പോൾ നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.
പുനത്തിൽ കുഞ്ഞബ്ദുള്ള ‘സ്മാരകശിലകൾ’ എഴുതുന്ന കാലത്ത് ആധുനികത തിമിർത്താടുകയായിരുന്നു. മൃത്യുബോധവും നിരർഥകതയും അസ്തിത്വദുഃഖവും അരങ്ങുവാഴുന്ന കാലത്ത് കുഞ്ഞബ്ദുള്ള സ്വന്തം നാടിെൻറ ചിത്രങ്ങൾ ഒപ്പിയെടുത്ത്, വെള്ളി മെതിയടിയിൽ നടക്കുന്ന ഖാൻ ബഹദൂർ പൂക്കോയ തങ്ങളെയും ആറ്റബീബിയെയും എറമുള്ളാൻ മുക്രിയെയും കോമപ്പൻ വൈദ്യരെയും ബാപ്പു കണാരനെയും ഖുറൈശി പാത്തുവിനെയും മറ്റു കഥാപാത്രങ്ങളെയും സ്വന്തം നാട്ടിൽനിന്ന് പറിച്ചെടുത്ത്, നാടൻഭാഷയുടെ തനിമ തൊട്ടറിഞ്ഞ് രചിച്ച ഇതിഹാസമാണ് ‘സ്മാരകശിലകൾ’. ഇൗ വലിയ കഥാകാരൻ ടാഗോർ പറഞ്ഞതുപോലെ വാതിലിെൻറ താക്കോൽ നമുക്ക് നൽകി തിരിച്ചുപോയപ്പോൾ നാം വാരിവലിച്ചിട്ടത് അദ്ദേഹം നയിച്ചെന്നു പറയുന്ന അരാജക ജീവിതമായിരുന്നു. ചാനലുകളടക്കം ആഘോഷിച്ചത് അദ്ദേഹത്തിെൻറ തൊള്ളായിരത്തി പതിനാറിെൻറ പരിശുദ്ധിയുള്ള ജീവിതമായിരുന്നില്ല. മറിച്ച് അദ്ദേഹം മുെമ്പങ്ങോ നടത്തിയ ‘അഭിമുഖങ്ങൾ’ വീണ്ടും പ്രേക്ഷകരിൽ അടിച്ചേൽപിക്കുകയായിരുന്നു ചില ചാനലുകളെങ്കിലും. ഒരെഴുത്തുകാരെൻറ ജീവിതമല്ല, രചനകളാണ് ചർച്ചചെയ്യേണ്ടത്. നിർഭാഗ്യവശാൽ നമ്മുടെ മാധ്യമങ്ങളും ചാനലുകളും പറയുന്നത് വരൂ, ഇൗ തെരുവിലെ മദ്യം കാണൂ എന്നാണ്.
ജോൺ എബ്രഹാമിെൻറ സിനിമകൾ നമ്മൾ ചർച്ച ചെയ്യാറേയില്ല. മറിച്ച് ജോൺ കാട്ടിക്കൂട്ടിയ വിക്രിയകളാണ് നമുക്ക് പഥ്യം. എ. അയ്യപ്പനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന എത്ര പേർ അയ്യപ്പെൻറ കവിതകൾ വായിച്ചിട്ടുണ്ട്? പി. കുഞ്ഞിരാമൻ നായരുടെ കവിതകളെക്കുറിച്ചെഴുതുന്നതിനെക്കാൾ നമുക്കിഷ്ടം അദ്ദേഹത്തിെൻറ ‘സംബന്ധ’ങ്ങളെക്കുറിച്ചെഴുതാനാണ്. കരള് പങ്കുവെക്കാൻ എനിക്ക് കഴിയില്ലെന്നും ലഹരിയുടെ പക്ഷികൾ പാതിയും കൊണ്ടുപോയെന്നും അയ്യപ്പൻ. ലഹരിയുടെ പക്ഷികൾ നമ്മുടെ കലാകാരന്മാരുടെ കരളുകൾ കൊണ്ടുപോകുന്നത് ഭാഷക്കും സാഹിത്യത്തിനും നഷ്ടമാണെന്നെങ്കിലും നാം തിരിച്ചറിയണം.
ഒരു എഴുത്തുകാരെൻറ/കലാകാരെൻറ മരണശേഷം ഏറ്റവും വലിയ സ്മാരകങ്ങളായി അവശേഷിക്കുന്നത് അദ്ദേഹത്തിെൻറ രചനകളാണ്. കാക്കകൾക്ക് കാഷ്ഠിക്കാൻ പ്രതിമയുണ്ടാക്കിവെച്ചതുകൊണ്ടോ മ്യൂസിയങ്ങൾ പണിതതുകൊണ്ടോ അല്ല കലാകാരന്മാർ ഒാർമിക്കപ്പെടുന്നത്. രചനകൾ നിരന്തരമായ സംവാദങ്ങളിലേക്കും ചർച്ചകളിലേക്കും വരേണ്ടതുണ്ട്. എഴുത്തുകാരെൻറ/എഴുത്തുകാരിയുടെ പുസ്തകങ്ങളിലേക്ക് നാം മടങ്ങുക.
ഒരു കലാകാരനെ മനസ്സിലാക്കാൻ അദ്ദേഹത്തിെൻറ രചനകളിലൂടെതന്നെയാണ് സഞ്ചരിക്കേണ്ടത്. കവി അൽവാരോ മുട്ടിസ് പലപ്പോഴും ‘പ്രൗസ്റ്റ് ഉത്സവങ്ങൾ’ എന്നദ്ദേഹം വിളിക്കുന്ന മേളകൾ നടത്താറുണ്ടെന്ന് ഗബ്രിയേൽ ഗാർസ്യാ മാർകേസ് ഒരിടത്ത് എഴുതുന്നുണ്ട്. ആ മഹാനായ ഫ്രഞ്ച് നോവലിസ്റ്റിെൻറ (പ്രൗസ്റ്റ്) തിരഞ്ഞെടുത്ത രചനാഭാഗങ്ങൾ ആവർത്തിച്ച് വായിക്കുകയാണത്രെ ഇൗ മേളകളിലെ പരിപാടി.
മറ്റുള്ളവരുടെ ജീവിതത്തിൽ ഏറ്റവും താൽപര്യം കാണിക്കുന്നവരും മറ്റുള്ളവരുടെ രചനകളിൽ ഏറ്റവും താൽപര്യം കുറഞ്ഞവരുമാണ് മലയാളികൾ. സാക്ഷരതയിൽ മാത്രമല്ല, ഒളിച്ചുനോട്ടത്തിലും നാം കേമന്മാരാണ്. തീർച്ചയായും പ്രതിഭാശാലികൾ ഇസ്തിരിയിട്ട ജീവിതത്തിനുനേരെ കലാപം നടത്തിയിട്ടുണ്ടാകാം. പക്ഷേ, അതു മാത്രമല്ല ആഘോഷിക്കപ്പെടാനുള്ളതെന്ന് നാം അറിയണം.
‘‘നല്ല വാക്കുകൾ സത്യമായീടണം
സത്യമോതുവാൻ ശക്തിയുണ്ടാകണം’’
എന്ന് കവി വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.