''ഇൻറർനെറ്റ് ഇനി മാറാൻ പോവുകയാണ്, അതിെൻറ പുതിയ ഭാവം 'മെറ്റാവേഴ്സ്' ആയിരിക്കുമെന്നാണ് കരുതുന്നത്'' -തെൻറ കമ്പനിയുടെ പേര് 'മെറ്റ' (Meta) എന്നാക്കിയ വേളയിൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗ് പ്രഖ്യാപിച്ചു. പേരുമാറ്റവും 'ജനങ്ങളെ കൂട്ടിയോജിപ്പിക്കാനുതകുന്ന സാങ്കേതികവിദ്യ നിർമിക്കുന്ന സ്ഥാപനമെന്നതാണ് യഥാർഥത്തില്‍ ഞങ്ങളുടെ ഡി.എൻ.എ' എന്ന അവകാശവാദവും സമ്മിശ്ര പ്രതികരണങ്ങള്‍ക്കാണ് വഴിവെച്ചത്. വാഷിങ്ടണ്‍ പോസ്റ്റ് പത്രം നൽകിയ ലേഖനത്തിെൻറ തലക്കെട്ട്, ''മെറ്റാവേഴ്സ് വന്നേക്കാം, പേക്ഷ അത് മാർക് സക്കർബർഗില്‍നിന്ന് പ്രതീക്ഷിക്കരുത്'' (The metaverse may be coming. But don't expect it from Mark Zuckerberg) എന്നായിരുന്നു.
1992ല്‍ നീല്‍ സ്റ്റീഫൻസണ്‍ തെൻറ സ്നോ ക്രാഷ് (Snow Crash) എന്ന ശാസ്ത്രനോവലില്‍ ആദ്യമായി ഉപയോഗിച്ചശേഷം സാങ്കേതിക മേഖലയില്‍പെട്ടവർ മാത്രം അറിഞ്ഞിരുന്ന 'മെറ്റാവേഴ്സ്' ഇപ്പോൾ ഏറ്റവുമധികം ഇൻറർനെറ്റില്‍ തിരയുന്ന പദമായി മാറി. വിവാദങ്ങളില്പെട്ടുഴലുന്ന ഫേസ്ബുക്കിെൻറ മുഖം രക്ഷിക്കാനുതകുന്ന പബ്ലിക് റിലേഷൻ അഭ്യാസമായി പലരും ഇതിനെ വിലയിരുത്തി. ഇതിനിടയിലുയരുന്ന പ്രധാനപ്പെട്ട ചോദ്യം, ലോകത്ത് 300 കോടി ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമയായിരിക്കെ, മെറ്റാവേഴ്സില്‍ 10 ബില്യണ്‍ ഡോളർ നിക്ഷേപിച്ച് സക്കർബർഗ് നേടാനാഗ്രഹിക്കുന്നതെന്താണ്?
ലഭ്യമായ പഠനങ്ങളും കണക്കുകളുമനുസരിച്ച് ഫേസ്ബുക്കിെൻറയും ഇൻസ്റ്റഗ്രാമിെൻറയും യുവ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞുവരുകയാണ്. കുറച്ച് വർഷങ്ങളായി ഫേസ്ബുക്കിനെ വിമർശിക്കുന്നവരുടെ എണ്ണം ഏറുകയുമാണ്. മുൻ ജീവനക്കാരി ഫ്രാൻസിസ് ഹോഗൻ കമ്പനിയില്‍നിന്ന് രഹസ്യമായി പുറത്തെത്തിച്ച ആയിരക്കണക്കിന് രേഖകളെ വിശ്വസിക്കാമെങ്കില്‍ ലോകത്താകമാനം ജനാധിപത്യത്തെ തുരങ്കംവെക്കുന്നതിനും വിവിധ വിഭാഗം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനും പാർട്ടികളെയും കക്ഷികളെയും കയറൂരിവിട്ടതിെൻറ പാപഭാരം ഫേസ്ബുക്ക് ഏറ്റെടുക്കണം. പേരു മാറിയെങ്കിലും ഇനിയും പേര് മാറാത്ത ആല്ഗരിതങ്ങള്തന്നെയാണ് ഇതിനു പിന്നിലെന്ന് ഹോഗൻ പറയുന്നു.
2018ലാണ് ഇത്തരമൊരു ആല്‍ഗരിതം ഫേസ്ബുക്ക് സെറ്റ് ചെയ്യുന്നത്. ഇതനുസരിച്ച് ഒരു പോസ്റ്റിന് ലഭിക്കുന്ന 'ലൈക്ക്' ഇമോജിയേക്കാള് ദ്വേഷം രേഖപ്പെടുത്തുന്ന 'ആൻഗ്രി' ഇമോജിക്ക് അഞ്ചിരട്ടി മൂല്യം കല്പിച്ചത് വിദ്വേഷ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കാൻ ഇടയാക്കുന്നു. പലപ്പോഴും കമ്പനിക്കകത്ത് ഇത് അന്തഃസംഘർഷങ്ങള്‍ സൃഷ്ടിച്ചിരുന്നു, കമ്പനിയുടെ താല്പര്യമാണോ ഉപയോക്താക്കളുടെ സുരക്ഷയാണോ മുൻഗണന അർഹിക്കുന്നതെന്ന ചോദ്യത്തില്‍ കമ്പനിയുടെ സാമ്പത്തിക താല്പര്യമാണ് വിജയിച്ചത്. അതിനാലാണ്, ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഫാഷിസ്റ്റ് കക്ഷികള്‍ വ്യാജ അക്കൗണ്ടുകള്‍ ധാരാളമായി നിർമിച്ച് വിഭജന രാഷ്ട്രീയ അജണ്ട മുന്നോട്ടുനീക്കിയപ്പോഴും ഫേസ്ബുക്ക് നിസ്സംഗത പാലിച്ചത്.
ഡല്‍ഹി വംശീയകലാപത്തില്‍ മുസ്ലിംകളെ വേട്ടയാടുന്നതിന് വ്യാജ അക്കൗണ്ടുപയോഗിച്ചുള്ള പ്രചാരണങ്ങൾ വർഗീയ ഫാഷിസ്റ്റുകള്‍ കരുനീക്കിയത്. ഫേസ്ബുക്കിെൻറ വരുമാനം വർധിക്കുന്നത്, അതിലെ ഉള്ളടക്കം ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിലൂടെയാണ്. അതിനായി കൂടുതല്‍ സമയം അവരെ ഈ പ്ലാറ്റ്ഫോമില്‍ തളച്ചിടുന്ന രൂപത്തിലാണ് ഫേസ്ബുക്കിെൻറ ആല്‍ഗരിതം തയാറാക്കിയിരിക്കുന്നത്. വൈകാരികമായി ആളുകളെ ഉത്തേജിപ്പിക്കുന്ന ഉള്ളടക്കമാണ് അവരെ കൂടുതല്‍ എൻഗേജ് ചെയ്യാനുള്ള വഴി. ചില രാഷ്ട്രീയ പാർട്ടികള്‍ അത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നതിന് ഫേസ്ബുക്കുമായി രഹസ്യമായി കൈകോർത്തിട്ടുണ്ടെന്നും ഹോഗൻ പറയുന്നു.
ഇത്തരം വിവാദങ്ങളുയരുമ്പോള്‍ സക്കർബർഗ് തന്നെ വാദിച്ചു, ഫേസ്ബുക്കല്ല, രാഷ്ട്രീയ-സാമൂഹിക കാലാവസ്ഥയാണ് ലോകത്ത് വെറുപ്പും വിദ്വേഷവും പ്രചരിക്കാൻ കാരണമെന്ന്. അമേരിക്കൻ സെനറ്റ് കമ്മിറ്റിയുടെ മുന്നില്‍ സക്കർബർഗ് പറഞ്ഞത്, വെറുപ്പും വിദ്വേഷവുമുല്പാദിപ്പിക്കുന്ന 30 ലക്ഷത്തോളം ഉള്ളടക്കം എടുത്തുകളയുകയും മൂവായിരത്തോളം അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്. അതിന് ഹോഗെൻറ മറുപടി, മൊത്തം ഉള്ളടക്കത്തിെൻറ വെറും മൂന്നു മുതല്‍ അഞ്ചു ശതമാനം മാത്രമേ എടുത്തുകളഞ്ഞവ ആകുന്നുള്ളൂവെന്നാണ്.
ഇൻസ്റ്റഗ്രാം കൗമാരക്കാരായ പെണ്‍കുട്ടികളെ അതികഠിനമായ മാനസികസമ്മർദത്തിലാക്കുന്നതാണ് ഫ്രാൻസിസ് ഹോഗൻ ഉയർത്തിയ മറ്റൊരു വിഷയം. ഒരു പഠനമനുസരിച്ച് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 13.5 ശതമാനം കൗമാരക്കാരികളും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു, 17 ശതമാനം പെണ്‍കുട്ടികളിലും ക്രമംതെറ്റിയ ഭക്ഷണശീലങ്ങള്‍ ഉണ്ടാകുന്നു. ഫേസ്ബുക്ക് തന്നെ നടത്തിയ ഒരു പഠനമനുസരിച്ച്, 'മറ്റുള്ളവർക്ക് ആകർഷകമാകാത്ത' സ്വശരീരത്തെ വെറുക്കുന്ന പെണ്‍കുട്ടികള്‍ കൂടിക്കൂടി വരുന്നു.
അമേരിക്കയിലും യൂറോപ്പിലുമൊക്കെ പരസ്യദാതാക്കളോട് ഫേസ്ബുക്കിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങള്‍ ഏറിവരുകയാണ്. പ്രത്യേകിച്ച് കാപിറ്റൽ ഹിൽ ആക്രമിക്കാൻ ഫേസ്ബുക്കിലൂടെ ആഹ്വാനംചെയ്ത മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ താക്കീത് ചെയ്യാൻ വിസമ്മതിച്ചത് വിശ്വാസവഞ്ചനയാണെന്നാണ് ആക്ടിവിസ്റ്റുകളുടെ വാദം. ബില്യണ്‍ കണക്കിനാളുകള്‍ ഇപ്പോഴും ഫേസ്ബുക്ക് ഉല്പന്നങ്ങള് ഉപയോഗിക്കുന്നുണ്ടെങ്കിലും ആ പേര് ഒരുപാട് നിഷേധാത്മകതയുമായി ബന്ധപ്പെട്ടതാണെന്ന് ബ്രാൻഡുകളുമായുള്ള വൈകാരികബന്ധത്തെക്കുറിച്ച് പഠിക്കുന്ന ഏജൻസിയായ എം.ബി.എല്‍.എം മാനേജിങ് പാർട്ണർ മരിയോ നാറ്ററെല്ലി പറയുന്നു. എന്നാല്‍, ഇതുകൊണ്ടാന്നും ഫേസ്ബുക്കിെൻറ കുത്തക തകർക്കാൻ കഴിഞ്ഞിട്ടില്ല.
ലോകത്ത് ഏതാണ്ട് മൂന്നു ബില്യണ്‍ ജനങ്ങള്‍ തങ്ങളുടെ സാമൂഹികബന്ധങ്ങള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്ന തരത്തില്‍ ഈ കുത്തക വളർന്നുവെന്നതുതന്നെയാണ് ഹോഗനെപ്പോലെയുള്ള വിസില്‍ ബ്ലോവർമാരെ ആശങ്കയിലകപ്പെടുത്തുന്നത്. ഈ കുത്തക നല്ല കാര്യങ്ങള്ക്കുപയോഗിച്ചുകൊണ്ടുതന്നെ ലാഭം നേടാമെന്നിരിക്കെ, തികച്ചും നിഷേധാത്മകമായ വശത്തിലൂടെ കൊള്ളലാഭത്തിനാണ് സക്കർബർഗ് ശ്രമിക്കുന്നതെന്ന് ഹോഗൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളില്‍ വളരെ വില കുറച്ച് ഡേറ്റ പ്ലാനുകളുമായി ഫേസ്ബുക്ക് കടന്നുചെന്ന മൂന്നാം ലോക രാജ്യങ്ങളിലെല്ലാം വംശീയമായ ചേരിതിരിവും അതിക്രമങ്ങളും നടന്നിട്ടുണ്ടെന്ന് അവർ പറയുന്നു.
താൻ ജോലി ചെയ്തിരുന്ന 'സിവിക് ഇൻറഗ്രിറ്റി' ഡിപ്പാർട്മെൻറില് ക്രൂരമായ ഒരു തമാശ പ്രചരിച്ചിരുന്നത്, ഭാവിയില്‍ ഏതു രാജ്യത്തൊക്കെ കുഴപ്പം ഉണ്ടാകുമെന്നറിയാൻ, ഫേസ്ബുക്ക് പുതുതായി ഏതു രാജ്യത്താണ് വില കുറഞ്ഞ ഡേറ്റ പ്ലാൻ അവതരിപ്പിക്കുന്നതെന്ന് നോക്കിയാല്‍ മതിയെന്നതായിരുന്നു. ചില ആഫ്രിക്കൻ രാജ്യങ്ങളിലെ ഗ്രാമങ്ങളില്‍ ആളുകള്‍ തോക്കുമായി കലാപത്തിനിറങ്ങിയതിന് കാരണം പഴയ ഏതോ കൂട്ടക്കൊലയുടെ വിഡിയോകള്‍ പ്രചരിച്ചതാണ്. ഇത്തരം സന്ദർഭങ്ങളില്‍ പോസ്റ്റുകള്‍ വാസ്തവമാണോ വാസ്തവവിരുദ്ധമാണോ എന്ന് തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങള്‍ നടപ്പാക്കാനവർക്ക് കഴിഞ്ഞില്ല.
ഇത്തരം വിവരങ്ങള്‍ ഫേസ്ബുക്ക് മറച്ചുവെക്കുന്നുവെന്നതിനാലാണ് താൻ മുന്നോട്ടുവന്നതെന്നും ഹോഗൻ പറയുന്നു. 2020ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ സമയത്ത് ഫേസ്ബുക്കിെൻറ സുരക്ഷ സിസ്റ്റം കൃത്യമായി ചലിച്ചതും എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ അത് പിൻവലിക്കാൻ നിർദേശം കൊടുത്തതുമൊക്കെ അവർ പുറത്തുവിട്ട രേഖയിലുണ്ട്. ഇതില്‍ അമർഷം രേഖപ്പെടുത്തി കമ്പനി ഉദ്യോഗസ്ഥർതന്നെ ആഭ്യന്തര ചർച്ചകള്‍ നടത്തിയ വിവരങ്ങളും അവർ വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ പത്രങ്ങളിലൂടെയും സി.ബി.എസ് ടെലിവിഷെൻറ '60 മിനിറ്റ്സ്' എന്ന അഭിമുഖത്തിലൂടെയും വെളിപ്പെടുത്തി.
ഇത്തരം അരുതായ്മകളും അത്യാഗ്രഹങ്ങളും അധികം വൈകാതെ ഫേസ്ബുക്കിെൻറ തകർച്ചക്കുതന്നെ വഴിവെച്ചാലും മെറ്റാവേഴ്സ് തയാറാകുമ്പോഴേക്ക് അതിനെ ഉപയോഗപ്പെടുത്തി ലോകത്താകമാനം കുത്തക തുടരാമെന്നാണ് സക്കർബർഗ് കരുതുന്നത്. എന്നാല്‍, വാഷിങ്ടണ്‍ പോസ്റ്റിലെ മേഗൻ മക്ആർഡില്‍ പറഞ്ഞതുപോലെ, 'മെറ്റാവേഴ്സ് വന്നേക്കാം, പേക്ഷ അത് സക്കർബർഗാവില്ല കൈകാര്യം ചെയ്യുന്നത്.' കാത്തിരുന്ന് കാണുകതന്നെ.
tajaluva@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.