ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുന്ന സമരപരിപാടികള്‍, മറച്ചുവെക്കപ്പെട്ട പല യാഥാര്‍ഥ്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നതാണ്. നജീബ് അഹ്മദ് എന്ന വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട പ്രതിഷേധ പ്രകടനങ്ങള്‍, പ്രത്യക്ഷമായിത്തന്നെ രാജ്യത്ത് രൂഢമൂലമായ ‘സംഘബോധ’ത്തിന്‍െറ വിവിധ തല്‍പരകക്ഷികള്‍ക്കെതിരെയാണ് ചോദ്യമുയര്‍ത്തുന്നത്. വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും മേല്‍നോട്ടം വഹിക്കേണ്ട സര്‍വകലാശാല അധികൃതരും രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ട നിയമപാലകരും ഒരുപോലെ സംഘ്പരിവാരത്തിന്‍െറ അജണ്ടകളെ താലോലിക്കുന്നതാണ് നാം കഴിഞ്ഞ ഒരാഴ്ചയായി കണ്ടുകൊണ്ടിരിക്കുന്നത്.
നജീബ് അഹ്മദ് ജെ.എന്‍.യുവിലെ മഹി-മാന്‍ഡവി ഹോസ്റ്റലിലെ താമസക്കാരനും എം.എസ്സി ബയോടെക്നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ്. അദ്ദേഹം ഹോസ്റ്റല്‍ പ്രവേശംനേടി ഇരുപതു ദിവസങ്ങള്‍ക്കുശേഷമാണ് ഈ സംഭവം നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റല്‍ മെസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബിന്‍െറ റൂമിലത്തെിയ എ.ബി.വി.പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടക്കുകയും, ശേഷം സംഘടിച്ചത്തെിയ പതിനഞ്ചോളം എ.ബി.വി.പി ഗുണ്ടകള്‍ നജീബിനെ മര്‍ദിക്കുകയുമാണുണ്ടായത്. മര്‍ദിക്കുന്ന ശബ്ദംകേട്ട് ഓടിയത്തെിയ മറ്റു ഹോസ്റ്റല്‍വാസികളെയും ഇവര്‍ മര്‍ദിച്ചു. പിന്നീട് സ്ഥലത്തത്തെിയ ജെ.എന്‍.യു.എസ്.യു പ്രസിഡന്‍റ് മോഹിത് പാണ്ഡെയെയും മറ്റു അംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വാര്‍ഡന്‍െറ മുന്നില്‍വെച്ചും നജീബിനെ മര്‍ദിക്കുന്നത് തുടര്‍ന്നു. കായികമായ ആക്രമണങ്ങള്‍ക്ക് പരിശീലനം നേടിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ സാക്ഷ്യംപറയാനത്തെിയ മറ്റു വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡുകള്‍ ഒരു സംരക്ഷണവും നജീബിനു നല്‍കിയില്ല. വാര്‍ഡന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ നജീബ് കുറ്റക്കാരനാണെന്നും ഹോസ്റ്റലില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍, സംഘം ചേര്‍ന്ന് ആക്രമിച്ചവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ അധികൃതര്‍ തയാറായില്ല. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് നജീബിനെ കാണാതാവുന്നത്. മൊബൈല്‍ ഫോണടക്കം മുറിയില്‍ ഉപേക്ഷിച്ചിട്ടാണ് കാണാതായതെന്നത് ദുരൂഹതകളുയര്‍ത്തുന്നു. ഇതിന് അരമണിക്കൂര്‍ മുമ്പ് മാതാവിനെ വിളിച്ച് നജീബ് എത്രയും പെട്ടെന്ന് വരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മാതാവ് എത്തുന്നതിനു മുമ്പുതന്നെ നജീബിനെ കാണാതാവുകയായിരുന്നു. വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ മാതാവ് നല്‍കിയ പരാതിപ്രകാരം ഐ.പി.സി സെക്ഷന്‍ 365 (ഒരു വ്യക്തിയെ ഒളിപ്പിച്ചുവെക്കുക എന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍) കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, മാതാവിന്‍െറ ആറു ദിവസത്തെ കാത്തിരിപ്പിനുശേഷവും കേസില്‍ ഒരു പുരോഗതിയും കാണാന്‍ സാധിക്കുന്നില്ല. നജീബിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചുകൊണ്ട് ഇപ്പോള്‍ ഡല്‍ഹി പൊലീസ് രംഗത്തത്തെിയിട്ടുണ്ട്.
സമരരംഗത്തിറങ്ങിയ വിദ്യാര്‍ഥികള്‍ പ്രധാനമായും ആവശ്യപ്പെടുന്നത് സര്‍വകലാശാലാ അധികൃതരുടെ ശരിയായ കര്‍ത്തവ്യ നിര്‍വഹണമാണ്. നജീബിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്ന് കേസ് കൊടുക്കണമെന്നാണ് പ്രഥമ ആവശ്യം. ജെ.എന്‍.യുവിന്‍െറ മെയിന്‍ഗേറ്റ് പൂട്ടിക്കൊണ്ട് തുടങ്ങിയ സമരത്തിന്‍െറ അന്നുതന്നെ പ്രോക്ടര്‍ ഉറപ്പുനല്‍കിയ ഈ വാഗ്ദാനം ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല. അതുപോലെ, കുറ്റവാളികളായ എ.ബി.വി.പി പ്രവര്‍ത്തകരെ അടിയന്തരമായി പുറത്താക്കുകയും ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന ആവശ്യവും ഇതുവരെ അധികൃതര്‍ ഗൗനിച്ചിട്ടില്ല. നജീബിന് മടങ്ങിവരാന്‍ സാധിക്കുന്നതരത്തില്‍ കാമ്പസില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും അതിനു പര്യാപ്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
ഒരാഴ്ചയായി നടന്നുവരുന്ന സമരപരിപാടികള്‍ സാധ്യമായ തരത്തിലെല്ലാം ഈയൊരു ഗൗരവപ്രശ്നത്തെ കാമ്പസിനുമുന്നിലും അധികൃതര്‍ക്കു മുന്നിലും വിശദീകരിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രഖ്യാപിച്ച സര്‍വകലാശാല ബന്ദ് ഇപ്പോഴും തുടരുന്നു. അഡ്മിനിസ്ട്രേഷന്‍ ബ്ളോക്കിനു മുന്നില്‍ തുടര്‍ച്ചയായി നടന്നുവരുന്ന പ്രതിഷേധങ്ങള്‍ വൈസ് ചാന്‍സലര്‍ കഴിവിന്‍െറ പരമാവധി അവഗണിക്കാനാണ് നോക്കുന്നത്. അധികൃതരുടെ നിസ്സംഗതയുടെ കാരണങ്ങള്‍ വൈസ് ചാന്‍സലര്‍ തുറന്നുപറയണമെന്നും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച ജെ.എന്‍.യു.എസ്.യുവിന്‍െറ നേതൃത്വത്തില്‍ അഡ്മിനിസ്ട്രേഷന്‍ ബ്ളോക് സ്തംഭിപ്പിച്ചു. വി.സിയും പ്രോക്ടറും റെക്ടറും ഇടക്ക് വിദ്യാര്‍ഥികളോട് സംസാരിച്ചെങ്കിലും വ്യക്തമായ നടപടികളെടുക്കാന്‍ സന്നദ്ധമായില്ല. ജീവനക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വാചാലനായ വി.സി വിദ്യാര്‍ഥികളോട് ക്ളാസുകളിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ട് നോട്ടീസയച്ചു. സ്വന്തം അധീനതയിലുള്ള അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും മാത്രം ചര്‍ച്ചക്ക് വിളിക്കുകയും വിദ്യാര്‍ഥികളുടെ ആവശ്യങ്ങളോട് മുഖംതിരിക്കുകയും ചെയ്യുന്ന വി.സി ജഗദീഷ്കുമാര്‍, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വി.സി പോഡിലെ അപ്പ റാവുവിനെ അതേപടി പിന്‍പറ്റുകയാണ് ചെയ്യുന്നത്.
വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണയുമായി ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷനും (ജെ.എന്‍.യു.ടി.എ) വര്‍ക്കേഴ്സ് അസോസിയേഷനുമുണ്ട്.
ജെ.എന്‍.യുവില്‍ നടന്ന മറ്റു പല സമരങ്ങളില്‍നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് എ.ബി.വി.പി ഒഴികെയുള്ള സംഘടനകളും മറ്റു വിദ്യാര്‍ഥികളും വിശാലരീതിയില്‍ യോഗം ചേരുകയും അതിനെ വിജയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കിടയിലും നജീബിനുവേണ്ടി നിലകൊള്ളുക എന്നത്, എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ഒരു പ്രതലമാകുന്നു. അതേസമയം, ജെ.എന്‍.യുവെന്ന ‘പ്രബുദ്ധ’ കാമ്പസിനുള്ളില്‍ ഒരു മുസ്ലിം വിദ്യാര്‍ഥി നേരിടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യാന്‍ കൂടുതലാളുകളും തയാറാവുന്നില്ല. നജീബ് ആക്രമിക്കപ്പെട്ട മഹി-മാന്‍ഡവി ഹോസ്റ്റല്‍ നേരത്തത്തേന്നെ ഇത്തരം മുസ്ലിം വിരുദ്ധ ആക്രമണങ്ങളുടെ പ്രധാനവേദിയാണ്. എ.ബി.വി.പിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഓരോ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ചിന്‍െറ തത്സമയ സംപ്രേക്ഷണത്തിനുശേഷവും ഇത്തരം സംഭവങ്ങള്‍ നടക്കുന്നു. അതുപോലെ, ഇപ്പോള്‍ ഹോസ്റ്റല്‍ ഭിത്തികളില്‍ എഴുതപ്പെട്ട ‘മുസ്ലിംകള്‍ ഭീകരവാദികളാണ്’ പാകിസ്താനി മുല്ലകള്‍ തിരിച്ചുപോകുക’ തുടങ്ങിയ അധിക്ഷേപ വാക്യങ്ങള്‍ ഇതിന്‍െറ ചെറിയ ഉദാഹരണങ്ങളാണ്. അതിനാല്‍തന്നെ ഇത്തരം മുസ്ലിം വിരുദ്ധ നീക്കങ്ങളെ ‘മുസ്ലിംപ്രശ്നം’ ആയിത്തന്നെ അഭിസംബോധന ചെയ്താല്‍ മാത്രമേ ഭാവിയിലെങ്കിലും ഇവ ആവര്‍ത്തിക്കില്ളെന്ന് ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ.
ജെ.എന്‍.യുവില്‍ നടന്നുകൊണ്ടിരിക്കുന്ന അധികൃത-നിയമപാലക-സംഘ്പരിവാര കൂട്ടുകെട്ടിനെ എതിര്‍ക്കേണ്ടത് അതിന്‍െറ ഇരകളോട് ഐക്യപ്പെട്ടുകൊണ്ടും പരിഹാരങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടുമാണ്. ഇന്ത്യയില്‍ മാധ്യമശ്രദ്ധയില്‍ വരുന്നതും വരാത്തതുമായ അനേകം മുസ്ലിംവിരുദ്ധ നീക്കങ്ങളില്‍ ഒന്നായി നജീബിന്‍െറ തിരോധാനത്തെ പ്രതിഷ്ഠിച്ചുകൊണ്ടുമാത്രമേ പ്രതിഷേധങ്ങളെ അര്‍ഥപൂര്‍ണമാക്കാനാകൂ.
ജവഹര്‍ ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ പശ്ചിമേഷ്യന്‍ പഠനവിഭാഗം ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.