അയൽവീട്ടുകാർ തമ്മിൽ തർക്കവും വാക്കേറ്റവും കൈയാങ്കളിയുമൊക്കെ നാട്ടിൽ പതിവാണ്. എന്നാൽ, രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾ തമ്മിലെ സ്വാതന്ത്ര്യത്തിന് മുമ്പ് തൊട്ടേയുള്ള ഒരു അതിർത്തിത്തർക്കം ഇപ്പോഴും കുടിപ്പകപോലെ തുടരുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖല സംസ്ഥാനങ്ങളായ അസമും മിസോറമും തമ്മിലെ വഴക്കിൽ ഇക്കുറി അസമിലെ ആറു പൊലീസുകാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എൺപത് പേർക്ക് പരിക്കേറ്റു.
മിസോറമുകാർ അതിർത്തി ലംഘിക്കുന്നുവെന്നാരോപിച്ച് ജൂണിൽ ലൈലാപുർ മലമേഖലയുടെ നിയന്ത്രണം അസം പൊലീസ് ഏറ്റെടുത്തതോടെ കുറ്റപ്പെടുത്തലുകളും പഴിചാരലുകളും തുടങ്ങിയിരുന്നു. മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഏതോ ശത്രുരാജ്യത്തെ കുറ്റപ്പെടുത്തുന്നതുപോലെ പരസ്പരം ചീത്തവിളിച്ചു. ആളിപ്പടർന്നു. ജൂലൈ 26ൽ ചോരച്ചൊരിച്ചിലിലുമെത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമക്കും ആറ് ഉദ്യോഗസ്ഥർക്കുമെതിരെ മിസോറമും മിസോറമിൽ നിന്നുള്ള രാജ്യസഭ എം.പി വൻലാൽവിനക്കെതിരെ അസമും എഫ്.ഐ.ആർ ഇടുകപോലും ചെയ്തു. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദേശാനുസരണം സംസ്ഥാന മുഖ്യമന്ത്രിമാർ ഫോണിൽ വിളിച്ച് അനുനയഭാഷണം നടത്തിയിട്ടുണ്ട്. രണ്ട് പക്ഷവും ഉന്നതർക്കെതിരായ കേസുകൾ പിൻവലിക്കാനും തീരുമാനിച്ചു. സ്ഥിതി ശാന്തമെന്ന് അവകാശപ്പെടാമെങ്കിലും ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സേനാംഗങ്ങൾ വാശിയോടെ അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത് കാണുേമ്പാൾ ആശ്വസിക്കാമോ എന്ന് പൂർണമായി ഉറപ്പില്ല. ഈ അയൽനാടുകൾ തമ്മിലെ തർക്കത്തോളം പഴക്കമുണ്ട് പരിഹാര ശ്രമങ്ങൾക്കും.
ഹിമാലയൻ മഞ്ഞുപാളികൾക്കടിയിലായി തിബത്തിനും ബംഗ്ലാദേശിനും മ്യാൻമറിനുമരികിലായി സ്ഥിതി ചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വേദനകൾ ഒരിക്കലും വേണ്ട രീതിയിൽ സംബോധന ചെയ്യപ്പെട്ടിട്ടില്ല. മണിപ്പൂരുകാരി മീരാ ഭായ് ചാനുവും അസംകാരിയായ ലവ്ലീനയും ഒളിമ്പിക്സിൽ മെഡൽ നേടുേമ്പാഴൊക്കെ മാത്രമാണ് ഈ നാടുകളെക്കുറിച്ച് രാജ്യം കാര്യമായി ഓർക്കുന്നതുപോലും.
കൊളോണിയൽ കാലത്ത് ലുഷായ് കുന്നുകൾ എന്നറിയപ്പെട്ടിരുന്ന മേഖലയെ 1972ൽ അസമിൽനിന്ന് അടർത്തിയാണ് മിസോറം എന്ന കേന്ദ്രഭരണ പ്രദേശം സ്ഥാപിച്ചത്. അതാകട്ടെ, രാജ്യവിഭജനം പോലെത്തന്നെ അതിർത്തി സംഘർഷത്തിലാണ് കൊണ്ടെത്തിച്ചത്. 1987ൽ മിസോറം സംസ്ഥാനമായി മാറി. 1994 മുതൽ നിരവധി റൗണ്ട് ചർച്ചകൾ നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. കാച്ചർ, ഹൈലാകന്ദി, കരിംഗഞ്ജ് ജില്ലകൾ വഴി അസം 164 കിലോമീറ്റർ അതിരു പങ്കിടുന്നുണ്ട് മിസോറമുമായി. വനമേഖലയിൽ കൈയേറ്റം നടക്കുന്നുവെന്ന് ഇരു സംസ്ഥാനങ്ങളും ഇടക്കിടെ പഴി പറയുന്നു. പണ്ടേ തുടങ്ങിയ തർക്കം 2020 ആയപ്പോൾ പാരമ്യത്തിലെത്തി. രണ്ടു നാട്ടുകാരും തക്കംകിട്ടുേമ്പാഴെല്ലാം ഏറ്റുമുട്ടി. ഇരുപുറത്തുമുള്ള കടകളും വീടുകളും തീവെക്കാനും പരസ്പരം വെട്ടാനും വെടിവെക്കാനുമൊരുെമ്പട്ടു നാട്ടുകാർ. അതിർത്തിയിലെ 'കൈയേറ്റം' ഒഴിപ്പിക്കാൻ അസം സർക്കാർ നടത്തിയ ശ്രമങ്ങളും വാശികൂട്ടാനിടയാക്കി. ഫാം ഹൗസുകളും കൃഷിഭൂമികളും തീയിട്ടതിന് പകരമായി മിസോറം സർവ്വ സന്നാഹങ്ങളുമായി പൊലീസ് സേനയെ നിയോഗിച്ചു. ഇരു സംസ്ഥാനങ്ങളിലും ഹൈവേ ഉപരോധം മൂന്നാഴ്ചയോളം നീണ്ട ഘട്ടത്തിലാണ് സർക്കാർ അനുനയത്തിനിറങ്ങിയത്.
ഇക്കാലമത്രയും ജനങ്ങൾക്കിടയിൽ കനലുപോലെ കിടന്നിരുന്ന പക ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ആളിക്കത്തിക്കുന്നുവെന്ന് പറഞ്ഞാൽ അധികമാവില്ല. ഒട്ടും പക്വമായ രീതിയിലല്ല അവർ വിഷയങ്ങൾ കൈകാര്യം ചെയ്തത്. ഭരണഘടനാദത്തമായ അതിർത്തി സംരക്ഷിക്കുന്നതിനിടെ മിസോറം സേന നമ്മുടെ പൊലീസ് സേനാംഗങ്ങളെ കൊലപ്പെടുത്തിയെന്നാണ് അസം മുഖ്യമന്ത്രി ട്വിറ്ററിൽ പ്രഖ്യാപിച്ചത്. മിസോറമിൽനിന്നുള്ള തെമ്മാടികൾ കല്ലെറിയുകയും സർക്കാർ ഉദ്യോഗസ്ഥരെ അക്രമിക്കുകയും ചെയ്തുവെന്ന് അസം പൊലീസും ആരോപിച്ചു. സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന ആരോപണം നിഷേധിച്ച മിസോറം ആഭ്യന്തര മന്ത്രി ലാൽചാംലിയാന പറഞ്ഞത് സി.ആർ.പി.എഫ് പോസ്റ്റ് അതിക്രമിച്ച് കടന്ന അസം പൊലീസ് അധികാരികൾക്കെതിരെ തക്കതായ തിരിച്ചടി നൽകിയെന്നാണ്. കശ്മീർ അതിർത്തിയിൽനിന്നാണ് സാധാരണ ഇത്തരം പ്രയോഗങ്ങൾ നമ്മൾ കേട്ടുശീലിച്ചിരിക്കുന്നത്.
സംഘ്പരിവാറിെൻറ ഓമന പുത്രന്മാരാണ് ഇരു സംസ്ഥാനങ്ങളുടെയും തലപ്പത്തിരുന്ന് ജനങ്ങൾക്കിടയിൽ വൈരം ആളിക്കത്തിക്കുന്ന മുഖ്യമന്ത്രിമാർ എന്നത് മറ്റൊരു പ്രത്യേകത. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട അനുരഞ്ജനം എത്രകാലത്തേക്ക് എന്ന് ആർക്കും നിശ്ചയമില്ല. ശ്വാശ്വത പരിഹാരവും സമാധാനവും ഉറപ്പാക്കിയില്ലെങ്കിൽ മേഖലയിൽ സംഭവിച്ചേക്കാവുന്ന വിപത്തും ആർക്കും ഊഹിക്കാനുമാവില്ല.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.