പരിഹാസ്യമായ പ്രസ്താവനകള്‍, വിശേഷിച്ച് ഇന്ത്യചരിത്രത്തെക്കുറിച്ചും ദേശീയ സമ്പദ് വ്യവസ്ഥയെക്കുറിച്ചും വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളെക്കുറിച്ചുമെല്ലാമുള്ള വിചിത്രങ്ങളും വിലക്ഷണങ്ങളുമായ പ്രസ്താവനകള്‍ കേന്ദ്രമന്ത്രിമാരില്നിന്നോ ദേശീയ ഭരണകക്ഷിയുടെ നേതാക്കന്മാരില്നിന്നോ നിരന്തരം ഉണ്ടാവുന്നു എന്നത് ഇപ്പോള്‍ ചിരപരിചിതമായ ഒരു കാര്യമാണ്. അത്തരത്തില്‍ ഒന്നായിരുന്നു ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് തത്സമയ സംവാദം നടത്താന്‍ തയാറുണ്ടോ എന്ന കേന്ദ്ര വ്യോമകാര്യ മന്ത്രി ജയന്ത് സിൻഹയുടെ കോൺഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുൽ ഗാന്ധിയോടുള്ള വെല്ലുവിളി.
ആൾക്കൂട്ടക്കൊലകള്‍ നിരന്തരം സംഭവിക്കുന്ന ഒരു രാജ്യത്ത് അതിനെ തടയാന്‍ ഭരണഘടനാപരമായി ബാധ്യസ്ഥനായ ഒരു കേന്ദ്രമന്ത്രി പ്രതിപക്ഷനേതാവിനോട് ഈ വെല്ലുവിളി ഉയർത്തുന്ന സന്ദർഭം ഏതെന്നത് ഇതിെൻറ പരിഹാസ്യതയെ കൂടുതല്‍ പരിതാപകരമാക്കുന്നു. ജയന്ത് സിൻഹ എന്ന ഈ കേന്ദ്രമന്ത്രി രാംഗഢിൽ പശുമാംസം കടത്തുന്നതായി ആരോപിച്ച് അസ്കർ അൻസാരി എന്ന ചെറുകിടവ്യാപാരിയെ മതമൗലികവാദികള്‍ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടവരെ പൂമാല ചാർത്തി സ്വീകരിച്ചതിനെ രാഹുൽ ഗാന്ധി വിമർശിച്ചതായിരുന്നു ഇദ്ദേഹത്തെ രാഹുലുമായി സംവാദത്തിനു തുനിയാന്‍ പ്രേരിപ്പിച്ചത്. അസ്കർ അൻസാരിയെ കഴിഞ്ഞവർഷം ജൂണിലാണ് ഗോരക്ഷക ഗുണ്ടകള്‍ അടങ്ങിയ ഹിന്ദുതീവ്രവാദസംഘം മർദിച്ചുകൊന്നത്. ഇക്കഴിഞ്ഞ മാർച്ചില്‍ അതിവേഗകോടതി 11 പേർക്ക് ഈ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ട ബി.ജെ.പി പ്രദേശിക നേതാവ് നിത്യാനന്ദ മഹാതോ അടക്കം എട്ടു പേർക്ക് ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിച്ചപ്പോഴാണ് കേന്ദ്രമന്ത്രി ഇവർക്ക് സ്വീകരണം നൽകിയത്.
പശുരക്ഷയുടെ പേരില്‍ നാടുനീളെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച്, പ്രത്യയശാസ്ത്രപരമായും നേരിട്ടും അതിന് പ്രോത്സാഹനം നൽകുന്ന കേന്ദ്രമന്ത്രിയുമായി പ്രതിപക്ഷനേതാവ് സംവാദം നടത്തണമെന്ന ആവശ്യത്തെക്കാള്‍ പരിഹാസ്യമായ ഒരു പ്രസ്താവനയും ഈ അടുത്ത ദിവസങ്ങളില്‍ ഉണ്ടായിട്ടില്ല. നിന്ദ്യമായ ആൾക്കൂട്ട കൊലപാതകങ്ങള്‍ ഭൂരിപക്ഷ മതഫാഷിസത്തിെൻറ കൈകളില്‍ രൂപമാറ്റം സംഭവിക്കുന്ന പുതിയ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുടെ ഒരു അസംബന്ധ പ്രതീകമാണ്. അതിെൻറ നേതൃസ്ഥാനത്തിരിക്കുന്ന ജയന്ത് സിൻഹ മന്ത്രിയായിത്തുടരുന്നു എന്നതുതന്നെ എല്ലാ ജനാധിപത്യ കീഴ്വഴക്കങ്ങളും ലംഘിക്കപ്പെട്ട, അവക്ക് സാംഗത്യമില്ലാത്ത, ഒരു രാഷ്ട്രീയ പരിതോവസ്ഥയിലാണ് ഇപ്പോള്‍ ജീവിക്കുന്നത് എന്നതിെൻറ ഏറ്റവും നല്ല ഉദാഹരണവുമാണ്.
സമകാല ഇന്ത്യയുടെ ഹിംസാത്മക സംസ്കാരത്തിന് അടിവരയിടുന്നതാണ് ഇപ്പോള്‍ ഇടവേളകൾ പോയാലും ഇല്ലാതെ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ മുപ്പതോളം ആള്‍ക്കൂട്ടക്കൊലകള്‍ നടന്നിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഞാന്‍ ഈ കുറിപ്പ് തയാറാക്കുമ്പോള്‍, കുട്ടികളെ തട്ടിക്കൊണ്ടുപോവാനെത്തി എന്നാരോപിച്ച് കർണാടകയില്‍ ഒരു ആൾക്കൂട്ടം ഗൂഗിളില്‍ സോഫ്റ്റ്വെയര് എൻജിനീയറായ മുഹമ്മദ് അസം എന്ന ഹൈദരാബാദ് സ്വദേശിയെ തല്ലിക്കൊന്ന വാർത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനിൽക്കുകയാണ്. അദ്ദേഹത്തിെൻറ സുഹൃത്തുക്കളായ സൽഹാം ഈദല്‍ ഖുബൈസി, മുഹമ്മദ് സൽമാന്, നൂര്‍ മുഹമ്മദ് എന്നിവർക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായി വാർത്തയുണ്ട്. ഇവരോടൊപ്പം സല്ഹാംക എന്ന ഖത്തര്‍ പൗരനും ആക്രമിക്കപ്പെട്ടിരുന്നു.
അതിനും രണ്ടുദിവസം മുന്‍പ് ബുരാരിയില്‍ ഒരു മോഷ്ടാവിനെ ആൾക്കൂട്ടം മർദിച്ചുകൊന്നിരുന്നു. മഹാരാഷ്ട്രയിൽ മാത്രം ഈ അടുത്തകാലത്ത് 14 ആൾക്കൂട്ട ആക്രമണങ്ങളിൽ ഒമ്പതു പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കുപറ്റുകയും ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോയി ആന്തരിക അവയവങ്ങൾ വിൽക്കുന്ന സംഘം, കവർച്ച സംഘം തുടങ്ങിയ ആരോപണങ്ങള്‍ അടങ്ങിയ വ്യാജ വാട്സ്ആപ് സന്ദേശങ്ങളാണ് ഇത്തരം കൊലകൾക്കു പിന്നിലെന്ന് പൊലീസ് പറയുന്നുണ്ട്. അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ മധുവിെൻറ ആൾക്കൂട്ട വിചാരണയും കൊലപാതകവും കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു.
ഇത്തരം ആൾക്കൂട്ടക്കൊലകള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിെട സാമാന്യജനങ്ങൾക്കിടയില്‍ ഇത്തരം സംഭവങ്ങൾക്കുണ്ടായ സാധൂകരണം ഞെട്ടിക്കുന്നതാണ്. ഇതിനുള്ള പ്രധാന കാരണം ഒറ്റപ്പെട്ട, കേവല വൈകാരികതയാല്‍ നയിക്കപ്പെടുന്ന, അയുക്തിക ആൾക്കൂട്ടക്കൊലകളിൽനിന്ന് വ്യത്യസ്തമായി രാഷ്ട്രീയലക്ഷ്യങ്ങളുള്ള ഭൂരിപക്ഷ മതഫാഷിസ്റ്റ് ആൾക്കൂട്ടങ്ങള്‍ രൂപപ്പെട്ടതാണ്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നശേഷം നിരന്തരമുണ്ടായ ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട ആൾക്കൂട്ട വംശീയ ഹിംസകള്‍, അവയെ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുകൊണ്ട് നൽകിയ വിജയസന്ദേശങ്ങള്, അവക്കെതിരെ പലപ്പോഴും പൊലീസും നിയമവ്യവസ്ഥയും സ്വീകരിച്ച അലംഭാവ സമീപനങ്ങള്‍ തുടങ്ങിയവയെല്ലാം ആൾക്കൂട്ട ഹിംസ ജനനീതിയായി സാമാന്യവത്കരിക്കപ്പെട്ടതിനുള്ള കാരണങ്ങളാണ്.
രാജസ്ഥാനില്‍ പഹലുഖാൻ പശുക്കടത്തിെൻറ വ്യാജാരോപണത്തില്‍ ആൾക്കൂട്ട കൊലപാതകത്തിെൻറ ഇരയായപ്പോള്‍ ഗോരക്ഷാ സംഘത്തിെൻറ നേതാവ് സ്വാധ്വി കമല്‍ അതിനെ ന്യായീകരിച്ചത് ആ ആൾക്കൂട്ടം സ്വാതന്ത്ര്യസമര വിപ്ലവകാരികളാെണന്ന് പറഞ്ഞായിരുന്നു. ഗ്യാന്‍ദേവ് അഹൂജ എന്ന ബി.ജെ.പിയുടെ സ്ഥലം എം.എൽ.എ പറഞ്ഞത് ന്യൂനപക്ഷസമുദായാംഗങ്ങള്‍ അടുത്തകാലത്തായി 36 പശുക്കളെ കൊന്നിട്ടുെണ്ടന്നും അതിനെതിരെയുണ്ടായ ജനരോഷമാണ് പഹലുഖാന് എതിരായുള്ള അക്രമമെന്നും ഹൃദ്രോഗിയായതുകൊണ്ടാണ് ഖാന് മരിച്ചതെന്നുമായിരുന്നു. ഉത്തർപ്രദേശില്‍ അഖ്ലാഖിെൻറ ആൾക്കൂട്ടക്കൊലയിൽ പ്രതി ചേർക്കപ്പെട്ടവരില്‍ ഒരാള്‍ ജയിലിൽ മരിച്ചപ്പോള്‍ സാധ്വി പ്രാചിയെപ്പോലുള്ള മതതീവ്രവാദികള്‍ മാത്രമല്ല, അവരുടെ രാഷ്ട്രീയം പങ്കുവെക്കുന്ന കേന്ദ്രമന്ത്രി മഹേഷ് ശർമയും ആ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നുവെന്നത് നിസ്സാര കാര്യമല്ല. അത്തരം ഇടപെടലുകളുടെ തുടർച്ചയാണ് ജയന്ത് സിൻഹയുടെ ഭാഗത്തു നിന്നുണ്ടായതും. രാഷ്ട്രീയലക്ഷ്യങ്ങള്‍ നിർലജ്ജം പ്രഘോഷിക്കുന്ന ഇത്തരം ആൾക്കൂട്ടങ്ങള്‍ ഒരുവശത്ത് സ്വയം ന്യായീകരിച്ച് വ്യവസ്ഥയുടെ സംരക്ഷകസ്ഥാനം അവകാശപ്പെടുകയും മറുവശത്ത് എല്ലാതരം ആൾക്കൂട്ട ക്ഷോഭങ്ങൾക്കും ഭരണകൂടേതര ജനനീതിയുടെ കപടപരിവേഷം നൽകുകയും ചെയ്യുന്നു.
പുതിയ ലോകവ്യവസ്ഥയില്‍ ആൾക്കൂട്ടങ്ങളുടെ രാഷ്ട്രീയത്തെ വിപ്ലവാത്മകമായി കാണുന്ന മൈക്കില്‍ ഹാർട്ട്, ആേൻറാണിയോ നെഗ്രി എന്നിവരുടെ പഠനങ്ങള്‍ പരിശോധിക്കുന്ന സ്ലൊവാക് സിസെക് ചില ശക്തമായ വിമർശനങ്ങള്‍ മുന്നോട്ടുെവക്കുന്നുണ്ട്. ഹാർട്ടും നെഗ്രിയും ആൾക്കൂട്ടം എന്ന സങ്കൽപം കടംകൊള്ളുന്നത് സ്പിനോസയില്നിന്നാണ്. എന്നാല്‍, സ്പിനോസയുടെ മൗലിക സംഭാവനയില് ആള്‍ക്കൂട്ടങ്ങള്‍ സുനിശ്ചിതമായും വിപ്ലവകരമായ ലക്ഷ്യങ്ങള്‍ ഉള്ളവയാവുമെന്ന സൂചനയേയില്ല. മറിച്ച്, അദ്ദേഹത്തിന് രാഷ്ട്രീയമായി സഹഭാവമുണ്ടായിരുന്നവരും ലിബറല്‍ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്നവരുമായ ജോഹന്‍ ഡി.വിറ്റ്, കോർനെലിസ് ഡി വിറ്റ് എന്നീ സഹോദരന്മാര് ഹോളണ്ടില്‍ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായതിെൻറ രാഷ്ട്രീയസന്ദർഭം നന്നായി അറിയാമായിരുന്നു.
ഉയർന്നുവരുന്ന ഒരു ഫാഷിസ്റ്റ് രാഷ്ട്രീയം ആൾക്കൂട്ടത്തെ എങ്ങനെ തങ്ങളുടെ അജണ്ടകള്‍ക്കായി അങ്ങേയറ്റത്തെ സാമർഥ്യത്തോടെ ഉപയോഗിക്കുമെന്നതിെൻറ ലോകചരിത്രത്തിലെ ഒരു വലിയ പാഠമായിരുന്നു ഡി വിറ്റ് സഹോദരന്മാരുടെ ആൾക്കൂട്ടക്കൊലപാതകം. അവരെ അടിച്ചുകൊല്ലുക മാത്രമല്ല, അവരുടെ കരള്‍ പറിച്ചെടുത്തു തിന്നുകകൂടി ചെയ്തു അക്രമികള്‍. ആ കൊലപാതകങ്ങളുടെ പേരില്‍ കാര്യമായി ആരും ശിക്ഷിക്കപ്പെടുക കൂടി ചെയ്തിെല്ലന്നതും ശ്രദ്ധേയമാണ്. ഹാർട്ടും നെഗ്രിയും ചെയ്യുന്നതുപോലെ ആൾക്കൂട്ട രാഷ്ട്രീയത്തിെൻറ കേവലവും ഏകപക്ഷീയവുമായ ഉദാത്തീകരണത്തിന് സ്പിനോസയെ കൂട്ടുപിടിക്കുന്നതില്‍ കാര്യമിെല്ലന്ന് സിസെക് പറയുന്നുണ്ട്. സ്പിനോസയെ ഉപരിപ്ലവമായി മനസ്സിലാക്കുന്നവരുടെ പൊള്ളയായ വിപ്ലവ വാചാടോപം മാത്രമാണെതന്ന് സിസെക് സൂചിപ്പിക്കുന്നു. വന്യവും അയുക്തികമായ ഹിംസയില്‍ ഊന്നുന്നതും സ്വയംകൃതവും സ്വയം പരിപോഷിപ്പിക്കുന്നതുമായ ഒരു പ്രതിലോമശക്തിയാണ് അടിസ്ഥാനപരമായി ആൾക്കൂട്ടങ്ങള്‍. ജനാധിപത്യത്തിെൻറ അന്തഃസത്തക്ക് വിരുദ്ധമായ മൈക്രോ ഫാഷിസ്റ്റ് ജനസമുച്ചയങ്ങളായാണ് ആൾക്കൂട്ടങ്ങള്‍ പലപ്പോഴും രൂപംകൊള്ളുന്നത്. സാമൂഹികമായ ഐക്യദാർഢ്യങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുന്ന അതേ ഘടനകളെയാണ് ആൾക്കൂട്ടങ്ങള്‍ ലിംഗ-മത-വംശീയ അപരത്വങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപകമായിരിക്കുന്ന ആൾക്കൂട്ട ഹിംസകളെ, മതഭൂരിപക്ഷവാദം ഊട്ടിവളർത്തുന്ന മൈക്രോഫാഷിസ്റ്റ് രാഷ്ട്രീയത്തിെൻറ സാമൂഹികശാസ്ത്രത്തില്‍നിന്ന് അടർത്തിയെടുത്ത് വിശകലനം ചെയ്യാന്‍ കഴിയില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന സംശയത്തിെൻറ പേരിലോ സദാചാര പൊലീസിങ്ങിെൻറ പേരിലോ ഒക്കെ നടക്കുന്ന ആക്രമണങ്ങളും ജാതി-മത സ്പർധകളുടെ പേരില്‍ ഹിന്ദുമൗലികവാദം സ്പോൺസര് ചെയ്യുന്ന ദലിത്-മുസ്ലിം ആക്രമണങ്ങളും പരസ്പരം ബന്ധപ്പെടുന്ന ഒരു രാഷ്ട്രീയതലമുണ്ട് എന്നത് വിസ്മരിക്കാനാവില്ല. ജനാധിപത്യസംവിധാനങ്ങളെ അട്ടിമറിച്ച്, ഭരണഘടനയെ അട്ടിമറിച്ച്, അരക്ഷിതാവസ്ഥയുടെ സാമാന്യബോധത്തെ നിരന്തരം ഉൽപാദിപ്പിച്ച്, ഭൂരിപക്ഷ മതവംശീയതയുടെ അധീശത്വത്തെ സ്വാഭാവികവത്കരിക്കുക എന്നതാണ് ഈ ഹിംസാത്മകമായ ആൾക്കൂട്ട രാഷ്ട്രീയത്തിെൻറ സാമൂഹികദൗത്യം. ഇതിനെതിരെയുള്ള നിതാന്തമായ നൈതികജാഗ്രതയാണ് ജനാധിപത്യവിശ്വാസികളും സിവിൽ സമൂഹവും ഉയർത്തിപ്പിടിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.