ഏതു പൗരെൻറയും കമ്പ്യൂട്ടറും മൊബൈൽ ഫോണും ഒാൺലൈൻ ഇടപാടുകളും പരിശോധിക്കാൻ രാ ജ്യത്തെ 10 അന്വേഷണ സ്ഥാപനങ്ങളെ അധികാരപ്പെടുത്തിയ കേന്ദ്ര സർക്കാർ വിജ്ഞാപനം നീതിപീ ഠത്തിനു മുമ്പാകെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പൗരാവകാശം, സ്വകാര്യത എന്നീ മൗലികാവകാശ ങ്ങളുടെ ലംഘനമാണ് ഡിസംബർ 20ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഇൗ ഉത്തരവ്. സ്വകാ ര്യതയുടെ കാര്യത്തിൽ കഴിഞ്ഞവർഷം ആഗസ്റ്റിലും ആധാർ വിഷയത്തിൽ ഇക്കൊല്ലവും സുപ്രീം കോടതിയിൽനിന്നുണ്ടായ ഉത്തരവുകളെ അട്ടിമറിക്കാൻ പര്യാപ്തമാണ് പുതിയ ഉത്തരവ്. വി വാദം ഉയർന്നിട്ടും അതിനെ ന്യായീകരിക്കുന്ന സർക്കാർ നിലപാട്, വിജ്ഞാപനത്തിെൻറ ദുരു ദ്ദേശ്യം ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു.
യു.പി.എ സർക്കാറിെൻറ കാലത്ത് 2008ൽ കൊണ്ടുവന ്ന വിവരസാേങ്കതിക വിദ്യ നിയമ ഭേദഗതിയാണ് ഇത്തരമൊരു വിജ്ഞാപനത്തിനു പിന്നിലെന്നും അതുകൊണ്ട് കോൺഗ്രസും മറ്റുമാണ് ഇതിന് ഉത്തരവാദികളെന്നുമാണ് സർക്കാറിെൻറ ഒരു ന്യ ായവാദം. പുതിയ വിജ്ഞാപനത്തിനുമുമ്പ് െഎ.ടി നിയമപ്രകാരം അന്വേഷണ സ്ഥാപനങ്ങൾക്ക് എന്തൊക്കെ അധികാരമുണ്ടായിരുന്നോ അതുമാത്രമാണ് ഇപ്പോഴുള്ളതെന്നും പുതിയ വ്യവസ്ഥകളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് മറ്റൊരു ന്യായവാദം. രണ്ടു സർക്കാർ നിലപാടിലും പിശകുണ്ട്. യു.പി.എ സർക്കാറിെൻറ കാലത്ത് തെറ്റുണ്ടായെന്നുതന്നെയിരിക്കെട്ട. അത് തിരുത്തി സുതാര്യതയും പൗരാവകാശവും ഉറപ്പുനൽകുകയാണ് നിലവിലെ സർക്കാർ ചെയ്യേണ്ടത്. എന്നാൽ, നേരേത്ത സർക്കാർ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന അധികാരം വിപുലപ്പെടുത്തുകയാണ് പുതിയ ഉത്തരവിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്.
വാജ്പേയി സർക്കാറിെൻറ കാലത്ത് രൂപപ്പെടുത്തിയതാണ് 2000ലെ െഎ.ടി നിയമം. ഇൗ നിയമത്തിലെ 69(1) വകുപ്പ് 2008 ഡിസംബറിൽ യു.പി.എ സർക്കാർ ഭേദഗതി ചെയ്തു. ദേശസുരക്ഷയും ദേശീയ താൽപര്യങ്ങളും ബാധകമായ വിഷയങ്ങളിൽ വിവരസാേങ്കതികവിദ്യ അധിഷ്ഠിത സംവിധാനങ്ങളിൽ കടന്നുകയറാൻ ഭരണകൂടത്തെ അനുവദിക്കുന്ന വിധമുള്ളതായിരുന്നു ആ നിയമഭേദഗതി. 2000ലെ െഎ.ടി നിയമപ്രകാരം കമ്പ്യൂട്ടറിൽനിന്നും മറ്റും വിവരം ശേഖരിക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികൾ െഎ.ടി മന്ത്രാലയത്തിലെ ബന്ധപ്പെട്ട കൺട്രോളറുടെ അനുമതിപത്രം വാങ്ങേണ്ടതുണ്ടായിരുന്നെങ്കിൽ, കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവരുടെ അനുമതിയോടെ കടന്നുകയറ്റം സാധ്യമാവുന്ന സ്ഥിതി അതുവഴി ഉണ്ടായതാണ്. അത്തരമൊരു നിയമനിർമാണത്തിന് അന്നത്തെ യു.പി.എ സർക്കാർ ഉത്തരവാദിതന്നെയാണ്. പാർലമെൻറിൽ ചർച്ച കൂടാതെയാണ് 69(1) നിയമഭേദഗതി പാസാക്കിയത്. അതനുസരിച്ച് 2009ൽ ചട്ടങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.
കടന്നുകയറാവുന്ന ഏജൻസികൾ
ദേശീയ പ്രാധാന്യം ചാർത്തുന്ന വിഷയങ്ങളിൽ പൗരെൻറ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്ക് കടന്നുചെല്ലാൻ ഭരണകൂടത്തിന് പൊതുവായ അധികാരമുണ്ടായിരുന്നെങ്കിൽ, ഇപ്പോഴത്തെ വിജ്ഞാപനം അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. ഏതേത് ഏജൻസികൾക്ക് കടന്നുകയറാമെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. 10 ഏജൻസികളെയാണ് സർക്കാർ ഇതിന് അധികാരപ്പെടുത്തിയിരിക്കുന്നത്. ഇൻറലിജൻസ് ബ്യൂറോ, ലഹരി/മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ്, സി.ബി.െഎ, ദേശീയ അന്വേഷണ ഏജൻസിയായ എൻ.െഎ.എ, ‘റോ’ എന്ന റിസർച് ആൻഡ് അനാലിസിസ് വിങ്, ജമ്മു-കശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് മാത്രമായുള്ള സിഗ്നൽ ഇൻറലിജൻസ് ഡയറക്ടറേറ്റ്. ഡൽഹി പൊലീസ് കമീഷണർ എന്നിവർക്കാണ് കടന്നുകയറ്റ സ്വാതന്ത്ര്യം നൽകിയിരിക്കുന്നത്.
ദേശസുരക്ഷ, ദേശീയ താൽപര്യം എന്നിവ മുൻനിർത്തി നിരീക്ഷിക്കാൻ ചുമതലപ്പെട്ട സ്ഥാപനങ്ങളാണ് റോ, ഇൻറലിജൻസ് തുടങ്ങിയവ. എന്നാൽ, അവക്ക് ആരെയും അറസ്റ്റ് ചെയ്യാൻ അധികാരമില്ല. വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. അവർക്കിപ്പോൾ കൂടുതൽ അധികാരമായി. അതേപോലെതന്നെയാണ് നമ്മുടെ കമ്പ്യൂട്ടറുകളിലേക്കും മൊബൈലിലേക്കും കടന്നുകയറാൻ നികുതി വകുപ്പിന് നൽകുന്ന അധികാരം. ഏൽപിച്ച കേസുകളുടെ അന്വേഷണ ചുമതലയാണ് സി.ബി.െഎക്ക് ഇന്നുള്ളത്. എന്നാൽ, അവർക്കും സ്വകാര്യതയിലേക്ക് കടന്നുകയറാൻ അനുവാദം നൽകുന്നു. ദേശതാൽപര്യങ്ങളുടെ പേരിൽ ഇത്തരത്തിൽ ചാരവലയം സർക്കാർ വിപുലപ്പെടുത്തുന്നതാണ് ദുരുദ്ദേശ്യപരം. രാജ്യത്തെ പൗരന്മാരെ ക്രിമിനലുകളായി, അഥവാ സംശയദൃഷ്ടിയോടെ കാണുന്ന ചുറ്റുപാടാണ് രൂപപ്പെടുന്നത്. തുറന്ന, ജനാധിപത്യ സംവിധാനത്തിൽ ഉൾഭയത്തിെൻറ അന്തരീക്ഷം സൃഷ്ടിച്ച് തുറന്ന ചർച്ചകൾക്ക് തയാറാകാത്ത മൗനികളാക്കി പൗരനെ മാറ്റുകയാണ് ചെയ്യുന്നത്.
2009ൽ ചട്ടങ്ങൾ രൂപപ്പെടുത്തിയിരുന്നെങ്കിലും ആർക്കൊക്കെ കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും കടന്നുകയറാൻ പറ്റുമെന്ന കാര്യത്തിൽ അവ്യക്തത ബാക്കിനിന്നതുകൊണ്ട് അന്വേഷണ ഏജൻസികൾ ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയിരുന്നില്ല. സ്വകാര്യത സംബന്ധിച്ച കഴിഞ്ഞവർഷത്തെ സുപ്രീംകോടതി വിധി, ആധാർ കേസിലെ വിധി എന്നിവ വഴി ഇൗ കടന്നുകയറ്റ സ്വാതന്ത്ര്യങ്ങൾ അസ്തമിച്ചുപോകുകയും ചെയ്തിരുന്നു. എന്നാൽ, പുതിയ വിജ്ഞാപനം നിരീക്ഷണാധികാരത്തിന് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ്. എന്നുമാത്രമല്ല, ദേശസുരക്ഷാപരമായി ആവശ്യമുള്ളതും ഇല്ലാത്തതുമായ 10 ഏജൻസികൾക്കായി ഇൗ അധികാരം വിപുലപ്പെടുത്തി നൽകിയിരിക്കുകയുമാണ്.
ഏത് അന്വേഷകനും എപ്പോഴും കടന്നുകയറാവുന്ന സ്ഥിതിയൊന്നുമില്ലെന്നാണ് സർക്കാർ ന്യായീകരിക്കുന്നത്. അത്തരം ഒാരോ അന്വേഷണത്തിനും ആഭ്യന്തര മന്ത്രാലയത്തിെൻറ അനുമതി വേണം. ഇൗ നടപടികൾ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റി, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവരുടെ പരിശോധനക്കും അനുമതിക്കും വിധേയമാണെന്നും സർക്കാർ വിശദീകരിക്കുന്നു. ഭരണകൂടത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിെൻറ താൽപര്യങ്ങളാണ് അവരൊക്കെയും നടപ്പാക്കുകയെന്ന കാര്യത്തിൽ ആർക്കുണ്ട് സംശയം?
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനു പകരം, ആരെയും കേസിൽ കുടുക്കാമെന്നാണ് വരുന്നത്. പൗരാവകാശങ്ങളുടെ ലംഘനമാണത്. കുറ്റകൃത്യങ്ങൾ തടയുക മാത്രമല്ല, ഭരിക്കുന്നവരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ ഏതൊരു പ്രവൃത്തിയും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് പുതിയ നീക്കം. മനുഷ്യെൻറ സമസ്ത പ്രവൃത്തി മേഖലയും ഇന്ന് കമ്പ്യൂട്ടറും ഇൻറർനെറ്റും മൊബൈലുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഭരിക്കുന്നവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഏതിനും മൂക്കുകയറിടാൻ പുതിയ നീക്കം സഹായിക്കും. അന്വേഷണ ഏജൻസികൾക്കോ ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടുമുള്ള പ്രതിബദ്ധത കുറയും. കേസ് രജിസ്റ്റർ ചെയ്ത് നിയമപ്രകാരം അന്വേഷിക്കുന്നതിനു പകരം ദേശതാൽപര്യത്തിെൻറ ലേബൽ ഒട്ടിച്ച് എവിടെയും കടന്നു കയറുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്യാനുള്ള വഴിയാണ് തുറക്കുന്നത്.
ഇത്തരത്തിൽ ജനങ്ങളെ ഭയപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കാമോ? കമ്പ്യൂട്ടറിലെയും മൊബൈലിലെയും ഉള്ളടക്കങ്ങൾ സ്വകാര്യമല്ലെന്ന ബോധം, അത്തരം പ്രവർത്തനോപാധികളിലെ നമ്മുടെ സ്വാതന്ത്ര്യം പരിമിതമാണെന്ന ഉൾഭയം നിറക്കുകയാണ് ചെയ്യുന്നത്. ഭയപ്പെടുത്തിയാൽ എതിർശബ്ദങ്ങൾ അടങ്ങുമെന്ന കണക്കുകൂട്ടലാണ് അതിന് ഒരു പ്രേരകം. നാലര വർഷമായി അധികാരത്തിലിരിക്കുന്ന മോദി സർക്കാർ, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഇത്തരമൊരു വിജ്ഞാപനം ഇറക്കുന്നത് ദുരുദ്ദേശ്യങ്ങളെക്കുറിച്ച സംശയങ്ങൾക്ക് ആക്കം വർധിപ്പിക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ മോദിവിരുദ്ധ വികാരം ശക്തിപ്പെട്ടുവരുന്ന സന്ദർഭത്തിൽകൂടിയാണ് വിജ്ഞാപനം പുറത്തുവരുന്നത്. പൊലീസിെൻറ വ്യാജ ഏറ്റുമുട്ടൽ അടിക്കടി ആവർത്തിക്കപ്പെടുന്ന, അത്തരം കേസുകളിലെ പ്രതികൾ നീതിപീഠത്തിെൻറ പരിശോധനയിൽ മതിയായ തെളിവില്ലാതെ രക്ഷപ്പെടുന്ന ചുറ്റുപാടുകൾക്കടിയിലാണ് നമ്മൾ ജീവിക്കുന്നതെന്ന് ഏറ്റവുമൊടുവിൽ സൊഹ്റാബുദ്ദീൻ കേസ് വരെ ജനതയോട് വിളിച്ചുപറയുന്ന ചുറ്റുപാട് മറുവശത്ത്.
സ്വകാര്യതക്കുള്ള പൗരെൻറ അവകാശങ്ങളിൽ നിയന്ത്രണത്തിന് വാദിച്ച സർക്കാറാണ് അധികാരത്തിലിരിക്കുന്നത്. സ്വകാര്യത, ആധാർ എന്നിവ സംബന്ധിച്ച സുപ്രീംകോടതി കേസുകളിലെ സർക്കാർ നിലപാട് അതിന് അടിവരയിടുന്നു. അമേരിക്ക കഴിഞ്ഞാൽ ഇൻറർനെറ്റ് നിരീക്ഷണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുനിൽക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. 2018 ജൂൺ വരെയുള്ള ആറു മാസത്തിനിടയിൽ 16,580 അക്കൗണ്ടുകളെക്കുറിച്ച വിശദാംശങ്ങളാണ് ഫേസ്ബുക്കിനോട് കേന്ദ്രസർക്കാർ തേടിയത്. ഗൂഗ്ളിെൻറ കാര്യത്തിൽ ഇത് 5105 ആണ്. നേത്രപടലത്തിെൻറ മുദ്രണം അടക്കം ശേഖരിച്ചു തയാറാക്കിയ പൗരെൻറ ആധാർ രേഖകൾ വാണിജ്യാവശ്യങ്ങൾക്ക് വിട്ടുകൊടുത്ത് സർക്കാർ നിരുത്തരവാദിത്തം കാണിച്ചുവെന്നതാണ് പൗരെൻറ അനുഭവം. ആധാർ രേഖകൾ ചോർന്നുവെന്ന വാർത്തവിവാദം സൃഷ്ടിച്ചതാണ്.
ഇത്തരത്തിൽ പൗരെൻറ രേഖ ഭരണകൂടത്തിെൻറ പക്കൽ ഭദ്രമല്ലെന്ന യാഥാർഥ്യം നിലനിൽക്കേതന്നെയാണ്, സ്വതന്ത്രമായ പ്രവർത്തനത്തിനപ്പുറം, രാഷ്ട്രീയ നേതൃത്വത്തിെൻറ ചൊൽപടിക്കു നിൽക്കാൻ എന്നും താൽപര്യപ്പെടുന്ന 10 ഏജൻസികൾക്ക് നമ്മുടെ കമ്പ്യൂട്ടറും മൊബൈലും ഒാൺലൈൻ ഇടപാടുകളുമെല്ലാം നിരീക്ഷിക്കാൻ അവസരം തുറന്നുകൊടുക്കുന്നത്. അത്തരം നിരീക്ഷണത്തിന് മുൻകൂർ അനുമതി വേണമെന്ന നിബന്ധനകൾ വെറും ജലരേഖ മാത്രം. സ്വന്തം ജനങ്ങളെ അവിശ്വസിക്കുന്ന, പ്രക്ഷോഭങ്ങളെയും വിമർശനങ്ങളെയും ഭയക്കുന്ന, വ്യക്തിസ്വകാര്യത എന്നതിനെക്കാൾ രാഷ്ട്രീയ താൽപര്യങ്ങൾ ഭരിക്കുന്ന അധിപതിയുടെ ഉൾഭയം നമുക്ക് ചാരവലയം തീർക്കുന്നുവെന്നത് യാഥാർഥ്യവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.