ഖജനാവിലെ പണം പാർട്ടി വളർത്താനുള്ളതല്ല

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന രീതിയി​ൽ കേരള ഗവർണർ നിലപാടെടുക്കുന്നത് തുടർക്കഥയാവുകയാണ്. ഈ പിടിവാശിക​ൾ ഭരണഘടനക്ക്നിരക്കുന്നതല്ലെന്ന് ഭരണഘടനാ വിദഗ്ധരും കേന്ദ്രസർക്കാറിനെ തൃപ്തിപ്പെടുത്താനെന്ന് ​​കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികളും അഭിപ്രായപ്പെടവെ അവരതു പറയുന്നത് ഭരണഘടനയെക്കുറിച്ച് അറിവില്ലാഞ്ഞിട്ടാണെന്ന് വാദിക്കുന്നു 'മാധ്യമ'ത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആരിഫ് മുഹമ്മദ് ഖാൻ

? ഗവർണർ ഇതിനകം 2022ലെ വാർത്താതാരമായി മാറിയിട്ടുണ്ട്...

താങ്ക് യു ഫോർ ദ കമന്റ്.

? കേരളം രാഷ്ട്രീയ ജാഗ്രത കൂടിയ സംസ്ഥാനമാണ്. കേരള നേതാക്കളുടെ രാഷ്ട്രീയ പക്വതയിൽ തൃപ്തനാണോ?

കേരളീയരുടെ മനോഭാവത്തിൽ ഞാൻ വളരെ സന്തോഷവാനാണ്; തൃപ്തനാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങിയ കാര്യങ്ങളിൽ കേരളം മുന്നിലാണ്. സാമൂഹിക പരിവർത്തനത്തിൽ മഹത്തായ സമൂഹമാണ്​ കേരളം. ഒരു ശതാബ്ദത്തിനിടയിലാണ് അതു സംഭവിച്ചത്. കേരളത്തെ മാറ്റിയെടുത്തതിന് ശ്രീനാരായണ ഗുരുവിനോടും മറ്റും നമ്മളെല്ലാം കടപ്പെട്ടിരിക്കുന്നു.

എന്നാൽ, അതാണോ ഇന്ന് കേരളത്തിൽ കാണുന്നത്? കഴിഞ്ഞ 10-15 വർഷത്തെ സാഹചര്യങ്ങളിൽ നമ്മൾ സംതൃപ്തരാണോ? 100 വർഷത്തിനും പിന്നോട്ടു പോയിരിക്കുകയാണോ? രാഷ്ട്രീയക്കാരെക്കുറിച്ച് ചോദിച്ചാൽ, മനോഭാവം മൊത്തത്തിൽ ശുഭോദർക്കമാണ്. എന്നാൽ, ചിലതു പറയാതെ വയ്യ. വിദ്യാഭ്യാസത്തിൽ മുന്നേറ്റത്തിനിടയിലും ഉന്നത വിദ്യാഭ്യാസത്തിൽ വലിയ പരിക്കാണ് ഉണ്ടായിരിക്കുന്നത്. മികവുള്ള കുട്ടികൾ കേരളം വിടുന്നു. പരീക്ഷപോലും സമയത്തു നടക്കുന്നില്ല. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി സംഘടനകൾ എപ്പോഴും സമരമുഖത്താണ്. കാമ്പസുകളിൽ നിത്യേനയെന്നോണം അക്രമം. ഈ വിപരീത ചിന്താഗതിയിൽനിന്ന് മുക്തരാകാൻ ജനങ്ങളെ ബോധവത്​കരിക്കണം. അത് കേരളത്തിൽ എളുപ്പവുമാണ്.

? സംസ്ഥാന സർക്കാറിന്റെ തലവനാണ് ഗവർണർ. മന്ത്രിസഭയും പ്രതിപക്ഷവും ഗവർണറുമായുള്ള മാതൃകാപരമായ ബന്ധം എങ്ങനെയായിരിക്കണം?

ഗവർണർ നിഷ്പക്ഷനായിരിക്കണം. ഭരണഘടന സംരക്ഷിക്കുകയാണ് ഗവർണറുടെ അടിസ്ഥാനപരമായ ചുമതല. ഭരണം ഗവർണറുടെ പണിയല്ല. എന്നാൽ, ഭരണഘടനക്കും നിയമത്തിനും ഭരണഘടനാപരമായ ധാർമികതക്കും വിധേയമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഗവർണർക്ക് ബാധ്യതയുണ്ട്.

ഒരു സംസ്ഥാനത്ത് അതേ സംസ്ഥാനക്കാരനായ ഒരാളെ ഗവർണറായി നിയമിക്കാത്തത് നിഷ്പക്ഷത ഉറപ്പാക്കാനാണ്. ഗവർണർ മറ്റുള്ളവർക്ക് ആദരണീയനായിരിക്കണം. നല്ല വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കണം. പക്ഷേ, ഭരണഘടനാ തത്ത്വങ്ങളും വ്യവസ്ഥകളും ലംഘിക്കപ്പെട്ടാൽ ഇടപെടാതിരിക്കാനാവില്ല.

? ഭരണഘടനയുടെ അന്തഃസത്തയേക്കാൾ, സ്വന്തം രാഷ്ട്രീയ ചിന്താഗതികളാണോ ചിലപ്പോഴെങ്കിലും ഗവർണറെ നയിക്കുന്നത്?

കാതലുള്ള ഒരു ഉദാഹരണം പറഞ്ഞാൽ മറുപടി പറയാം. സ്വന്തം രാഷ്ട്രീയ താൽപര്യമോ മറ്റാരുടെയെങ്കിലും പ്രേരണയോ തീരുമാനമെടുക്കുന്നതിൽ ഘടകമാകാറില്ല.

ഗവർണറാകുന്നതിനു മുമ്പ് ഞാൻ രാഷ്ട്രീയത്തിൽ ഇല്ല. 2004ൽ ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്റെ രാഷ്ട്രീയ നിശ്ചയദാർഢ്യങ്ങൾക്ക് തടസ്സമാകുന്നുവെന്ന് കണ്ടപ്പോൾ 2007ൽ വിട്ടു. വ്യക്തിബന്ധങ്ങൾ നേരത്തേയുണ്ട്. ബി.ജെ.പി ആ ബന്ധം ഇന്നും തുടരുന്നു. ബി.ജെ.പിക്കൊപ്പം ഇടതുപാർട്ടികളുമായും ഉണ്ടായിരുന്ന ബന്ധം അവർ ഇടക്കുവെച്ച് അവസാനിപ്പിച്ച ചരിത്രം വേറെയുണ്ട്.

? അങ്ങയുടെ നിലപാടുകളിൽ ചില പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വൈസ് ചാൻസലർ നിയമനത്തിൽ സർക്കാറുമായി ഏറ്റുമുട്ടി. ലോകായുക്ത ഓർഡിനൻസിന്റെ കാര്യത്തിൽ യോജിച്ചു. നിയമസഭയിലെ പ്രസംഗം, ഹരി എസ്. കർത്തയുടെ നിയമനം തുടങ്ങിയ വിഷയങ്ങളുമുണ്ട്.

സർക്കാറുമായി അഭിപ്രായം പങ്കുവെക്കുകയും ഉപദേശിക്കുകയും ചെയ്യേണ്ടത് എന്റെ ചുമതലയാണ്. വി.സി നിയമന കാര്യത്തിൽ സർക്കാർ ചെയ്തതു ശരിയല്ലെന്ന് ഞാൻ പറഞ്ഞു. അതിലെന്താണ് പ്രശ്നം? അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവുമായി സർക്കാർ വരുന്നു; അത് അംഗീകരിക്കുന്നു. സർക്കാർ ചെയ്തത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം. എന്നാൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നൽകുന്ന ശിപാർശ അംഗീകരിക്കുന്നു.

അന്തിമമായ അധികാരി ഗവർണറാണെന്ന് അർഥശങ്കക്ക് ഇടയില്ലാതെ സർക്കാർ എഴുതി നൽകിയ ശേഷമാണ് ഞാൻ അംഗീകരിച്ചത്. ഇന്നും എന്റെ നോട്ടത്തിൽ കണ്ണൂർ വി.സി നിയമനം അംഗീകരിക്കാൻ കഴിയില്ല. എന്നാൽ, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ലോ ഓഫിസറുടെ ശിപാർശ കണക്കിലെടുക്കാതെയും പറ്റില്ല. ലോകായുക്ത ഓർഡിനൻസിൽ തെറ്റൊന്നും ഞാൻ കണ്ടില്ല. രണ്ടാഴ്ച സമയമെടുത്ത് പഠിച്ചു. നിയമോപദേശം തേടി. കർണാടക നിയമത്തിന്റെ പകർപ്പാണിതെന്ന മറുപടിയാണ് കിട്ടിയത്. അതനുസരിച്ചാണ് തീരുമാനമെടുത്തത്.

? ഗവർണർ ബ്ലാക്മെയിൽ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ഭരണമുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ സി.പി.ഐയുടെ ആരോപണം...

ബ്ലാക്മെയിലിന് വഴങ്ങുന്ന സർക്കാറിന്റെ ഭാഗമല്ലേ സി.പി.ഐ? എങ്കിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഞാൻ ഭരണഘടനാ ചുമതലയാണ് നിർവഹിക്കുന്നത്. നിങ്ങൾ അതിനെ വിലപേശലും ബ്ലാക്മെയിലിങ്ങും ആയി വിലയിരുത്തുന്നു. 1986ലെ കേന്ദ്രമന്ത്രിസഭയിൽ ഞാനും അംഗമായിരുന്നു. സർക്കാർ ബ്ലാക്മെയിലിങ്ങിന് വഴിപ്പെടുന്നുവെന്ന് കണ്ടപ്പോൾ ഞാൻ രാജിവെച്ചു. ബ്ലാക് മെയിലിങ്ങിന് വഴങ്ങുന്നവരുടെ ഭാഗമായി നിൽക്കാതെ സി.പി.ഐക്കാർക്കും രാജിവെക്കരുതോ? യഥാർഥത്തിൽ സി.പി.ഐക്ക് എന്നോട് അഭിപ്രായ വ്യത്യാസമൊന്നുമില്ല. സി.പി.എമ്മും സി.പി.ഐയുമായാണ് അഭിപ്രായ വ്യത്യാസമെന്നാണ് കഴിഞ്ഞ കുറെ മാസമായി ദിവസവും പത്രങ്ങളിൽ വായിക്കാൻ കഴിയുന്നത്. നിങ്ങൾ തമ്മിലുള്ള തർക്കത്തിൽ എന്നെ പങ്കാളിയാക്കേണ്ട.

നിയമസഭ പ്രസംഗത്തിന്റെ കാര്യത്തിലേക്കു വരാം. സർവകലാശാല അധ്യാപക, അനധ്യാപകരുടെ പെൻഷൻ കാര്യത്തിൽ സർക്കാർ എടുത്ത തീരുമാനം എന്നെ അമ്പരപ്പിച്ചു. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന് അസാധാരണമായ അവകാശങ്ങൾ. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ എനിക്ക് പേഴ്സനൽ സ്റ്റാഫിൽ 11 പേരെ വെക്കാൻ മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ മന്ത്രിമാർക്ക് 20ൽ പരമാണ്. രണ്ടു വർഷം കഴിഞ്ഞാൽ അവർക്കെല്ലാം പെൻഷന് അർഹത. അതു മുതലാക്കാൻ രണ്ടു വർഷം കഴിയുമ്പോൾ ഒരു കൂട്ടർ രാജിവെച്ചുപോകുന്നു. അടുത്ത സെറ്റ് വരുന്നു.

ഫലത്തിൽ ഒരു സർക്കാറിന്റെ കാലത്ത് രണ്ടു വർഷം മാത്രമാണ് സർവിസെങ്കിലും, ചുരുങ്ങിയത് 40 പേർ ഒരു മന്ത്രിക്ക് കീഴിൽ പൂർണ പെൻഷന് അർഹത നേടുന്നു. പിന്നെയും പാർട്ടി പ്രവർത്തനം നടത്തുന്നു. ഫലത്തിൽ പാർട്ടി പ്രവർത്തകർക്ക് ഖജനാവിൽനിന്ന് പണമെടുത്തു നൽകുന്നു. അതിനുള്ളതല്ല ഖജനാവ്. പി.എസ്.സി പരീക്ഷ പാസായി വർഷങ്ങൾ പെൻഷൻ വിഹിതം അടക്കുന്നവരോ? വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നു.

ഇത് പ്രധാനപ്പെട്ടതാണോ, അല്ലയോ? ഭരണഘടനാപരമായ ധാർമികതയുടെ പ്രശ്നം ഇതിലുണ്ട്. ഇതേക്കുറിച്ച് അറിയാൻ ഇടയായപ്പോൾ, ഈ വിഷയം പരിശോധിക്കാൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ഈ പദ്ധതി ഇല്ലാതാക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെട്ടു. വിദേശത്തായിരുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയപ്പോൾ എന്നെ വന്നു കണ്ടു. ഒടുവിൽ ഞാൻ അംഗീകരിച്ചു. ഈ വിഷയത്തിൽ ഞാൻ മുന്നോട്ടു പോവുക തന്നെ ചെയ്യും. ഫയൽ വിളിപ്പിച്ചിട്ടുണ്ട്. അത് മുന്നിൽ എത്തിയിട്ടില്ലാത്തതിനാൽ പഠിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. എന്നാൽ, പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമായാണ് വിഷയത്തെ ഞാൻ കാണുന്നത്. അസ്വീകാര്യമായ ഈ ഏർപ്പാട് അവസാനിപ്പിക്കുന്നുവെന്ന് ഞാൻ ഉറപ്പാക്കും.

ഇനി രാജ്ഭവന്റെ കാര്യം. 1982 മുതൽ എനിക്കൊപ്പമുള്ള രണ്ടു പേർ അടക്കം, എന്റെ നിർദേശപ്രകാരം നാലു പേരെ മാത്രമാണ് നിയമിച്ചത്. അവർ എന്റെ കാലാവധി തീരുന്നതിനൊപ്പം പിരിയുകയും വേണം. അടുക്കള ജീവനക്കാരെയടക്കം മറ്റെല്ലാവരും സംസ്ഥാന സർക്കാർ നിയോഗിക്കുന്നവരാണ്. കൂടുതൽ പേരുണ്ടെന്നാണ് വാദമെങ്കിൽ ആരാണ് ഉത്തരവാദി? രാജ്ഭവനെ നിയന്ത്രിക്കാനുള്ള ഒരുക്കമാണ് ഹരി എസ്. കർത്തയുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ കണ്ടത്. അത് എനിക്ക് അനുവദിക്കാനാവില്ല. ഞാനല്ല, ഗവർണറുടെ ഓഫിസിന്റെ അന്തസ്സാണ് പ്രധാനം.

ദേശീയ സ്ഥാപനത്തെ അവമതിക്കുന്ന പ്രവണത ഞാൻ അവിടെ ഉള്ള കാലത്തോളം അനുവദിക്കില്ല. ഹരി എസ്. കർത്തക്ക് രാഷ്ട്രീയ ബന്ധമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചിരുന്നു. മാധ്യമ പ്രവർത്തകനാണ് എന്നാണ് പറഞ്ഞത്. പാർട്ടികൾ വിഷയമാക്കിയപ്പോൾ രാജിവെക്കാൻ തയാറാണോ എന്ന് ചോദിച്ചു. അദ്ദേഹം തയാറായി. തൊട്ടു പിന്നാലെ അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കാൻ കേരള ഇന്റലിജൻസ് ബ്യൂറോയെ ഏൽപിച്ചു. രണ്ടു മൂന്നു ദിവസത്തിനകം അവർ ക്ലിയറൻസ് തന്നു. ഇക്കൂട്ടർ പറയുന്നത് അദ്ദേഹം ആർ.എസ്.എസുകാരനാണെന്നാണ്. ആർ.എസ്.എസുകാരെന്താ, മുമ്പ് ശിക്ഷിക്കപ്പെട്ടവർ വല്ലവരുമാണോ? ക്രിമിനലുകളാണോ? അവരുടെ രാഷ്ട്രീയ പാർട്ടിയെ സർക്കാറുണ്ടാക്കാൻ ഈ രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്തതല്ലേ? സംസ്ഥാന ഖജനാവ് കൊള്ളയടിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയവരാണ് ഹരി എസ്. കർത്തയുടെ കാര്യത്തിൽ ആരോപണം നടത്തുന്നത്.

? അഭിപ്രായം പറയുന്നതിനു പകരം അനാവശ്യ ഇടപെടലുകളാണ് ഗവർണർ നടത്തുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്നൊക്കെ ഗവർണർ പറയേണ്ടതില്ലെന്ന് കെ. മുരളീധരൻ പറഞ്ഞിട്ടുണ്ട്...

ഞാൻ എന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. മുരളീധരനല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എല്ലാ ദിവസവുമെന്ന പോലെ മുതിർന്ന പാർട്ടി നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും വിമർശിക്കുന്നത് വായിക്കാറുണ്ട്. മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കണമെന്ന് പറഞ്ഞു. സതീശൻ ഒരിക്കലും മന്ത്രിയായിട്ടില്ല. പ്രതിപക്ഷ നേതാവായിരിക്കാൻ പരിചയമില്ല. പ്രതിപക്ഷ നേതാവായെന്നു കരുതി ഉമ്മൻ ചാണ്ടിയേക്കാൾ, ചെന്നിത്തലയേക്കാൾ സീനിയറായി എന്ന് അർഥമില്ല.

? സംഘ്പരിവാർ പശ്ചാത്തലമുള്ള ഗവർണറെ മുഖ്യമന്ത്രി ഭയക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നുവെന്ന ആരോപണവും നിലനിൽക്കുന്നു

ആരിലും ഭയപ്പാട് ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എനിക്ക് ആരെയും പേടിയുമില്ല. മുഖ്യമന്ത്രി വളരെ മുതിർന്ന നേതാവാണ്. അദ്ദേഹം എന്നെ എങ്ങനെ പേടിക്കും? എനിക്ക് വലിയ ബഹുമാനമുണ്ട്. വ്യക്തിബന്ധം അതു വേറെയാണ്. പരസ്പരം ബഹുമാനിക്കപ്പെടണം. അതുകൊണ്ട് പരസ്പരം ശത്രുതയുണ്ടെന്ന് അർഥമുണ്ടോ? എന്നു കരുതി മുഖ്യമന്ത്രി പറയുന്ന എല്ലാറ്റിലും എന്റെ പിന്തുണയുണ്ടെന്ന് അർഥമില്ല.

? ബഹുസ്വരതയെ മാനിക്കുന്നതിനേക്കാൾ പ്രധാനമാണ് ഒരു സ്ഥാപനത്തിന്റെ ചട്ടമെന്ന് ഹിജാബ് വിഷയത്തിൽ അങ്ങ് കരുതുന്നുണ്ടോ? ഏക സിവിൽകോഡിന് സമാനമല്ലേ അത്?

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വസ്ത്രധാരണ ചട്ടം മുന്നോട്ടു വെക്കാൻ അധികാരമുണ്ട്. നിരവധി വിദ്യാലയങ്ങൾ നമ്മുടെ നാട്ടിലുണ്ട്. നാനാത്വത്തിന് ഇണങ്ങുന്ന വിധം നിങ്ങൾക്ക് ഇഷ്ടമുള്ള വിദ്യാലയം തിരഞ്ഞെടുക്കാം. ആരാണ് തടയുന്നത്? സ്വന്തം ചിന്താഗതി ഓരോ സ്ഥാപനത്തിലും അടിച്ചേൽപിക്കണമെന്ന് എന്തിനാണ് നിർബന്ധിക്കുന്നത്? മുസ്‍ലിം പെൺകുട്ടികളുടെ തൊഴിൽരംഗത്തെ മുന്നേറ്റം തടയാനുള്ള ഗൂഢാലോചന ഹിജാബ് നിർബന്ധത്തിന് പിന്നിലുണ്ടെന്നാണ് ഞാൻ കാണുന്നത്.

? ഗവർണറെ തിരിച്ചുവിളിക്കാൻ, അതല്ലെങ്കിൽ രാജിക്ക്, ഉള്ള സാധ്യത? തിരിച്ചു വിളിക്കണമെന്ന ആവശ്യം രാഷ്ട്രീയ നേതാക്കൾക്കിടയിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

അവർ ആരെങ്കിലും തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ, ഞാനെന്തു ചെയ്യാൻ! ഏതായാലും ഞാൻ ഇതിനൊന്നും വില കൽപിക്കുന്നില്ല. ഞാനും അതൊക്കെ വായിച്ച് ആസ്വദിക്കുന്നുണ്ട്. ജോക്കർമാർ നാടിന് ആവശ്യമാണ്. ഒരു എന്റർടെയിൻമെന്റ് ഒക്കെ വേണ്ടേ? 

Tags:    
News Summary - money in the treasury is not for the growth of the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.