അമ്മമാർ, മക്കൾ ഭഗത് സിങ് ആവാൻ കൊതിക്കും

ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ട ചരിത്രത്തിലെ തുല്യതയില്ലാത്ത ഏടുകളാണ് ഓരോ രക്തസാക്ഷികളുടെയും ജീവിതവും മരണവും. പതിറ്റാണ്ടുകൾക്കിപ്പുറവും അവർ നമ്മുടെ മനസ്സുകളിൽ ജീവിക്കുന്നു; ആശയും ആവേശവും പകരുന്നു. ഇന്ത്യൻ യുവതക്ക് വിപ്ലവബോധം പകർന്നത് ആര് എന്ന ചോദ്യത്തിന് ഒരുപാടുത്തരങ്ങളുണ്ടായേക്കാം. എന്നിരിക്കിലും സർദാർ ഭഗത് സിങ്ങിന്റെ പേര് എന്നും മുഴക്കത്തിൽത്തന്നെ കേൾക്കും.

സർക്കാറിനിഷ്ടമില്ലാത്ത അഭിപ്രായ പ്രകടനം നടത്തുന്നവരെ വിചാരണ കൂടാതെ കാലങ്ങളോളം കൽത്തുറുങ്കിലടക്കാൻ വ്യവസ്ഥ ചെയ്യുന്ന പൊതുസുരക്ഷ നിയമം ചർച്ച ചെയ്യാനൊരുങ്ങവേ 1929 ഏപ്രിൽ എട്ടിന് ബ്രിട്ടീഷ് ഇന്ത്യയിലെ സെൻട്രൽ അസംബ്ലിയിൽ സ്ഫോടനം നടത്തിയ ശേഷം അറസ്റ്റുവരിക്കുകയായിരുന്നു ഭഗത് സിങ്ങും സഹപ്രവർത്തകൻ ബടുകേശ്വർ ദത്തും. ഈ കേസിനുപുറമെ മറ്റു പല കേസുകളിലും ഉൾപ്പെടുത്തുകയും രാജ്യത്തെ സർക്കാറിനെതിരെ 'യുദ്ധം ചെയ്തു' എന്ന കുറ്റത്തിന് വധശിക്ഷക്ക് വിധിക്കുകയും ചെയ്തു ഭഗത് സിങ്ങിനെ.

1931 മാർച്ച് 23ന് രാത്രി ലാഹോർ സെൻട്രൽ ജയിലിൽവെച്ച് രാജ്ഗുരു, സുഖ്ദേവ് എന്നീ സഖാക്കൾക്കൊപ്പം അദ്ദേഹത്തെ തൂക്കിലേറ്റി. വധശിക്ഷത്തലേന്ന് ജയിലിലെ തടവുകാരിൽ ചിലർ അദ്ദേഹത്തിന് ഒരു ചെറുകുറിപ്പയച്ചു. 'സർദാർ, കൊലമരത്തിൽനിന്ന് രക്ഷപ്പെടണമെന്ന് അങ്ങേക്ക് ആഗ്രഹമുണ്ടെങ്കിൽ അറിയിച്ചാലും. ഈ മണിക്കൂറുകളിൽ വല്ലതും ചെയ്യാനായേക്കും. ആ കുറിപ്പിന് ആ വിപ്ലവകാരി അയച്ച മറുപടി ഇങ്ങനെയായിരുന്നു.

സഖാക്കളെ,

ജീവിച്ചിരിക്കാനുള്ള ആശ പ്രകൃത്യാ എന്നിലും ഉണ്ടായിരിക്കേണ്ടതാണ്. അതു മറച്ചുവെക്കാൻ ഞാനാഗ്രഹിക്കുന്നില്ല. പക്ഷേ, ജീവിച്ചിരിക്കാൻ ഞാനാശിക്കുന്നത് സോപാധികമാണ്. തടവുകാരനായോ നിയമ ബന്ധിതനായോ ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്റെ പേര് ഹിന്ദുസ്ഥാനി ഇൻക്വിലാബ് പാർട്ടി (ഭാരതീയ വിപ്ലവ പാർട്ടി) യുടെ അടയാളം (കേന്ദ്രബിന്ദു) ആയിത്തീർന്നിരിക്കുന്നു. വിപ്ലവ പാർട്ടിയുടെ ആദർശങ്ങളും ത്യാഗങ്ങളും എന്നെ വളരെ വളരെ ഉയർത്തിയിരിക്കുന്നു. എത്രത്തോള മെന്നാൽ, ജീവിച്ചിരുന്നുകൊണ്ട് ഇതിലുമേറെ ഉയർച്ച ഒരിക്കലുമെനിക്കു നേടാൻ കഴിയുകയില്ല.

എന്റെ ദൗർബല്യങ്ങൾ ഇന്നു ജനങ്ങളുടെ മുമ്പാകെയില്ല. കഴുമരത്തിൽനിന്നു ഞാൻ രക്ഷപ്പെട്ടാൽ ഇവ പ്രകടമായിത്തീരും; വിപ്ലവത്തിന്റെ പ്രതീകം മങ്ങുകയോ മായുകപോലുമോ ചെയ്തേക്കും. എന്നാൽ, ധീരതയോടെ ചിരിച്ചുചിരിച്ചു ഞാൻ കൊലമരത്തിലേറുന്ന രൂപം മനസ്സിൽ കുടിയിരുത്തി ഭാരതീയരായ അമ്മമാർ തങ്ങളുടെ സന്താനങ്ങൾ ഭഗത് സിങ് ആയിത്തീരുന്നതിന് അഭിലഷിക്കും.

ഭ​ഗ​ത് സി​ങ് സഹോദരനയച്ച കത്ത്


സാമ്രാജ്യ വാദത്തിന്റെ സമ്പൂർണമായ ആസുരശക്തിക്കുപോലും വിപ്ലവത്തെ തടഞ്ഞുനിർത്താനാവാത്ത തരത്തിൽ ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി ബലിയർപ്പിക്കുന്നവരുടെ സംഖ്യ അത്രക്ക് പ്രവൃദ്ധമായിത്തീരും.ഒരു വിചാരം എന്നെ നുള്ളി വേദനിപ്പിക്കുന്നുണ്ട്. ദേശത്തിന്റെയും മാനവതയുടെയും പേരിൽ എന്റെ ഹൃദയത്തിലുണ്ടായിരുന്ന ആകാംക്ഷകളുടെ ആയിരത്തിലൊരു ഭാഗം പോലും പൂർത്തിയാക്കാൻ എനിക്കു സാധ്യമായില്ല. ജീവിതം ലഭിച്ചിരുന്നുവെങ്കിൽ ഇവ പൂർത്തീകരിക്കാൻ ഒരുപക്ഷേ എനിക്ക് അവസരം കിട്ടിയേനേ. എനിക്ക് എന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റാനും കഴിഞ്ഞേനേ.

ഇവ കൂടാതെ കൊലക്കയറിൽനിന്ന് രക്ഷപ്പെടുന്നതിനെച്ചൊല്ലിയുള്ള ഒരു അലച്ചയും ഒരിക്കലും എന്റെയുള്ളിൽ ഉണ്ടായിട്ടില്ല. എന്നേക്കാൾ സൗഭാഗ്യവാൻ ആരുണ്ട്? എന്നെപ്പറ്റി ഈയിടെയായി അങ്ങേയറ്റം അഭിമാനിയാണ് ഞാൻ. ഇപ്പോൾ അവസാന പരീക്ഷക്ക് ആകാംക്ഷഭരിതനായി കാത്തിരിക്കുകയാണ്. വളരെ വേഗം അതു വന്നണയണേ എന്നു മാത്രമാണെന്റെ ആശ.

നിങ്ങളുടെയെല്ലാം സഖാവ് 

-ഭഗത് സിങ്

('വാ​രാ​ദ്യ മാ​ധ്യ​മ'​ത്തി​ന്റെ ആ​ദ്യ എ​ഡി​റ്റ​റും മ​ല​യാ​ള​ത്തി​ലെ മൗ​ലി​ക ചി​ന്ത​ക​രി​ൽ പ്ര​ധാ​നി​യു​മാ​യി​രു​ന്ന കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​ർ നി​ർ​വ​ഹി​ച്ച വി​വ​ർ​ത്ത​നം)

Tags:    
News Summary - mothers will aspire their child to be a Bhagath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.