മുഖ്താർ അബ്ബാസ് നഖ്വവി

ലാസ്റ്റ്മാൻ

ബാബരിയും ഗ്യാൻവാപിയുമൊക്കെ കടന്ന് കാര്യങ്ങളിപ്പോൾ എത്തിനിൽക്കുന്നത് ഏക സിവിൽ കോഡിലാണ്. സ്വകാര്യ ബില്ലായി സംഗതി പാർലമെന്റിലെത്തിയിട്ടുണ്ട്; ചില്ലറ ഒച്ചപ്പാടുകളൊക്കെ ഉണ്ടാവുമെങ്കിലും ബിൽ പാസാകുമെന്ന് നൂറു തരം. അതായത്, 'നാനാത്വം', 'ബഹുസ്വരത' തുടങ്ങിയ നെഹ്റുവിയൻ കാൽപനികതയുടെ കാലമൊക്കെ കഴിഞ്ഞു. പല പല മുഖങ്ങളാണെങ്കിലും 'ഒരൊറ്റ ജനത' എന്നതായിരുന്നല്ലോ ആ ഹൃദയ കാൽപനികതയുടെ പൊരുൾ. മാറിയ കാലത്ത് മുദ്രാവാക്യം ചെറുതായൊന്ന് മാറിയിരിക്കുന്നു: ''ഒരൊറ്റ മുഖമുള്ള ജനത''! ഏക സിവിൽകോഡിന്റെ ആശയ പരിസരവും അതുതന്നെ. അതിനാൽ, പൗരന്മാർക്കിടയിൽ ഇനി മതത്തിന്റെയും ജാതിയുടെയുമൊന്നും മുഖങ്ങളില്ല; രാഷ്ട്രീയ പാർട്ടികളും അത്തരം മുഖങ്ങളെ അവതരിപ്പിച്ചുകൂടാ. ആശയമവതരിപ്പിച്ച ബി.ജെ.പി തന്നെ ഇക്കാര്യത്തിൽ സ്വയം മാതൃക കാണിച്ചപ്പോഴാണ് പാർട്ടിയുടെ മുസ്‍ലിം മുഖമായ മുഖ്താർ അബ്ബാസ് നഖ്‍വിക്ക് രാജ്യസഭ സീറ്റ് നഷ്ടമായത്. ഒഴിവുവരുന്ന പത്ത് നാൽപതു സീറ്റുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമായിരുന്നിട്ടും മോദിജി സ്വന്തം ന്യൂനപക്ഷ വകുപ്പ് മന്ത്രിക്ക് സീറ്റ് നിഷേധിച്ചു. ഒരു മാസം കൂടി കഴിഞ്ഞാൽ അവശേഷിക്കുന്ന രണ്ട് മുസ്‍ലിം എം.പിമാർകൂടി സ്ഥാനമൊഴിയുന്നതോടെ പാർലമെന്റിൽ ബി.ജെ.പിക്ക് മുസ്‍ലിം മുഖമേയുണ്ടായിരിക്കില്ല; ഏക സിവിൽകോഡിലെന്ന പോലെ ഇനി ഒരൊറ്റ മുഖം മാത്രം!

'എന്നാലും അങ്ങേക്കീ ഗതി വന്നല്ലോ നഖ്‍വി സാഹിബേ' എന്നു നിലവിളിക്കുകയാണിപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കൾ പോലും. എങ്ങനെ ചങ്കുപൊട്ടി കരയാതിരിക്കും? ഹിന്ദുത്വയുടെ ഹിംസാത്മക വേഷങ്ങൾ ആക്രോശിച്ച് തെരുവിലേക്കിറങ്ങിയ കാലം തൊട്ട് പാർട്ടിയുടെ മുന്നിൽ നിന്നയാളാണ് നഖ്‍വി. അബ്ദുല്ലക്കുട്ടിയെപ്പോലെ അധികാരം കൈവന്നപ്പോൾ മോദിയുടെ കാലുപിടിച്ച ഭാഗ്യാന്വേഷിയല്ല; ഏറെ മുന്നേ ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദുത്വയുടെ പ്രചാരകനായി തുടങ്ങിയ ഒരു നിസ്വാർഥ സ്വയംസേവകനെയാണ് 'ഇനി മതി'യെന്ന് പറഞ്ഞ് മഴയത്തുനിർത്തിയിരിക്കുന്നത്. പറയുമ്പോൾ കേന്ദ്ര മന്ത്രിയൊക്കെയാണ്; പാർട്ടിയിലും ഉയർന്ന പദവിയൊക്കെയുണ്ട്. ഇപ്പോൾ മന്ത്രിപദവി തുലാസിലാണ്. യു.പിയിൽ നടക്കാനിരിക്കുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ അതുമില്ല. അപ്പോൾ സംഗതി വ്യക്തം: ബഹുസ്വര ഇന്ത്യയിൽ വേരുറപ്പിക്കണമെങ്കിൽ, ന്യൂനപക്ഷത്തെയും കൈയിലെടുക്കണം. അപ്പണി നഖ്‍വിയെപ്പോലുള്ളവർ ഭംഗിയായി ചെയ്തു. ഭരണത്തിൽ സ്ഥിരപ്പെട്ട സ്ഥിതിക്ക് അപരഹത്യയാണ് അടുത്ത അജണ്ട. അത് നടപ്പാക്കുമ്പോൾ ഇത്തരം മുസ്‍ലിം മുഖങ്ങളൊക്കെ അപശകുനമാണ്. അപ്പോൾ പിന്നെ, നന്ദി വാചകത്തോടെ പടിയിറക്കുകതന്നെ.

1986 മുതൽ പാർട്ടിയിലുണ്ട്. കർസേവകർ ബാബരിയുടെ താഴികക്കുടത്തിലേക്ക് ഇടിച്ചുകയറുന്നതിന് രണ്ടര വർഷം മുമ്പു തന്നെ പള്ളി പൊളിച്ചുകളയണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. 1989 ആഗസ്റ്റിലായിരുന്നു അത്. ''മന്ദിർ മസ്ജിദ് ബാദ്മേ, പെഹ് ലെ ശാന്തി ചാഹിയേ''- ഇതായിരുന്നു ടിയാന്റെ മുദ്രാവാക്യം. എന്നുവെച്ചാൽ, ആദ്യം ശാന്തിയും സമാധാനവുമൊക്കെ തളിർക്കട്ടെ, അതുകഴിഞ്ഞു മതി പള്ളിയും അമ്പലവുമൊക്കെ എന്ന്. വല്ല വിധേനയും രമ്യമായി പ്രശ്നം പരിഹരിക്കാനുള്ള കിടയറ്റ തന്ത്രങ്ങൾ നഖ്‍വി പുറത്തുവിടുമെന്നാണ് ശാന്തിമന്ത്രം കേട്ടപ്പോൾ സകലരും ധരിച്ചത്. തന്ത്രം വളരെ ലളിതമായിരുന്നു: പള്ളിയാണല്ലോ തർക്ക വിഷയം. അതുകൊണ്ട് പള്ളിയങ്ങ് പൊളിച്ചുകളയുക. അതിനായി നവംബർ 12ന് അവിടെ എല്ലാവരോടും എത്താനാവശ്യപ്പെട്ടു. മൂന്നുനാൾ കഴിഞ്ഞ് അവിടെ രാമക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്യാം. പരിപാടിയുടെ വിജയത്തിനായി ചില മുസ്‍ലിം സംഘടനകളെയും കൂട്ടി. വി.എച്ച്.പി അടക്കമുള്ളവർ പിന്നണിയിലും നിലയുറപ്പിച്ചു. ഒടുവിൽ, നഖ്‍വിയുടെ സമാധാന പരിപാടി പൊളിച്ചത് അലഹബാദ് ഹൈകോടതിയാണ്. അതുകൊണ്ടുമാത്രം ബാബരി പള്ളിയുടെ ആയുസ്സ് കുറച്ചുകൂടി നീട്ടിക്കിട്ടി.

ബാബരി മസ്ജിദ് പൊളിക്കാനിറങ്ങിപ്പുറപ്പെടുമ്പോൾ പ്രായം 32. 32 വർഷത്തിനിപ്പുറവും അതേ ആവേശത്തിൽതന്നെയാണ് ഹിന്ദുത്വക്കായി നിലകൊള്ളുന്നത്. ഓർമയില്ലേ, സി.എ.എ വിരുദ്ധ സമരകാലം. ജാമിഅ മില്ലിയ്യയിലും ശാഹീൻ ബാഗിലുമൊക്കെ പ്രതിഷേധം കനത്തപ്പോൾ പാർട്ടി നഖ്‍വിയെയും കളത്തിലിറക്കി. സമരക്കാരെ അവരുടെ വേഷത്തിലൂടെ തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവനക്ക് പലവിധത്തിൽ അദ്ദേഹം വ്യാഖ്യാനം ചമച്ചു. തൊട്ടുമുന്നേ, മുത്തലാഖ് നിയമം നടപ്പാക്കിയപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. നിയമത്തിന്റെ ഗുണഗണങ്ങൾ വിശദീകരിച്ച് എത്രയെത്ര വാർത്തസമ്മേളനങ്ങൾ, പ്രസംഗങ്ങൾ, ട്വീറ്റുകൾ. എന്തിനേറെ, 'മുസ്‍ലിം വനിത ശാക്തീകരണ ദിനം' വരെ കേന്ദ്ര സർക്കാർ കലണ്ടറിൽ കൊണ്ടുവന്നു. ഇത്തരം ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂടണമെങ്കിൽ 'കാലഹരണപ്പെട്ട' വ്യക്തിനിയമങ്ങളൊക്കെ തോട്ടിൽ കളയണമെന്നാണ് ടിയാന്റെ എക്കാലത്തെയും നിലപാട്. പകരം, സിവിൽ വ്യവഹാരങ്ങൾക്കൊക്കെ ഒരൊറ്റ നിയമം മതി. 'ഒരു രാജ്യം, ഒരു നികുതി'; 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നൊക്കെ പറയുന്നതുപോലെ 'ഒരു രാജ്യം, ഒരു നിയമം'. അതാണ് യൂനിഫോം സിവിൽകോഡ്. അംഗബലം വെച്ച് അത്തരമൊരു ബിൽ പാർലമെന്റിൽ എത്തേണ്ട താമസമേയുള്ളൂ, നിയമമാകാൻ. പാർലമെന്റിനകത്തും പുറത്തും അതിനായി ഒട്ടേറെ വിയർപ്പൊഴുക്കിയിട്ടുണ്ട് നഖ്‍വി. ഒടുവിൽ, എല്ലാം ഒത്തുവന്നപ്പോൾ നഖ്‍വി ഔട്ട്!

നഖ്‍വിയെ ഒരു സൂചകമായിട്ടും രക്തസാക്ഷിയായും കാണാം. ഹിന്ദുത്വ ഫാഷിസത്തിന്റെ നിയമനിർമാണം ആരെയെല്ലാമാണ് നിഷ്കാസിതരാക്കുകയെന്ന് നഖ്‍വി എപ്പിസോഡിൽനിന്ന് വ്യക്തം. ഇനി ചിലപ്പോൾ നഖ്‍വിയെ അവർ ശത്രുവായി കണക്കാക്കിയാലും അത്ഭുതപ്പെടാനില്ല. 'ലവ് ജിഹാദ്' ആരോപണം വരെ നഖ്‍വിക്കുമേൽ ഉയർത്താം. ഹിന്ദു കുടുംബത്തിൽനിന്നുള്ള സീമയുമായുള്ള പ്രണയം വീട്ടിലറിഞ്ഞ നാൾ തൊട്ടേ പ്രശ്നമായിരുന്നല്ലോ. പിന്നീട്, രജിസ്റ്റർ കല്യാണം കഴിച്ചതൊക്കെ ചരിത്രം. രംഗം കൊഴുപ്പിക്കാൻ അന്ന് മുസ്‍ലിം ആചാരപ്രകാരം സീമയെ നിക്കാഹും ചെയ്തിരുന്നു; ഒപ്പം ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകളും സംഘടിപ്പിച്ചു. ഇതിൽ നിക്കാഹ് മാത്രം പൊക്കിയെടുത്ത് കാര്യമായൊരു ആരോപണം കാവിപ്പടയുടെ സൈബർ സെല്ലിൽ നിന്നുണ്ടായാൽ നോക്കിനിൽക്കാനെ കഴിയൂ.

അടിയന്തരാവസ്ഥക്കാലത്തെ അനീതികൾ നേരിൽ കണ്ട് ഇന്ദിര ഫാഷിസത്തിനെതിരെ കൊടിപിടിക്കുമ്പോൾ രാഷ്ട്രീയ ഗുരുവായി കണ്ടത് മറ്റെല്ലാവരെയും പോലെ ജയപ്രകാശ് നാരായണനെ. 'സമ്പൂർണ വിപ്ലവ'ത്തിന്റെ ഭാഗമായി. 17ാം വയസ്സിൽ മിസ തടവുകാരനായി ജന്മനാടായ അലഹബാദിലെ സെൻട്രൽ ജയിലിൽ. അടിയന്തരാവസ്ഥക്കുശേഷം സ്വാഭാവികമായും ജനതപാർട്ടിയുടെ യുവമുഖമായി. യുവജനതയുടെ സംസ്ഥാന നേതാവായിരിക്കെ, അലഹബാദിൽനിന്ന് യു.പി നിയമസഭയിലേക്കെത്തി. ജനതപാർട്ടിയുടെ പിളർപ്പിന്റെയും തകർച്ചയുടെയും കാലംകൂടിയായിരുന്നു അത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കി നേരെ ബി.ജെ.പിയിലേക്ക്. '92-'97 കാലത്ത് യുവമോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. '98ൽ, യു.പിയിലെ രാംപുരിൽനിന്ന് 46 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്ക്. വാജ്പേയി കാബിനറ്റിൽ സഹമന്ത്രി. തൊട്ടടുത്തവർഷം നടന്ന തെരഞ്ഞെടുപ്പിൽ തോറ്റു. 2002, 2008, 2016 വർഷങ്ങളിൽ രാജ്യസഭയിലേക്ക്. ഒന്നാം മോദി സർക്കാറിൽ ന്യൂനപക്ഷ സഹമന്ത്രി; മോദിയുടെ രണ്ടാം വരവിൽ കാബിനറ്റ് പദവി. അതാണിപ്പോൾ പാതിവഴിയിൽ കുരുങ്ങിനിൽക്കുന്നത്.

മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദധാരിയാണ്. വൈശാലി, രാജലീല തുടങ്ങി അഞ്ചാറ് നോവലുകൾ എഴുതിയിട്ടുണ്ട്. നവസമൂഹ മാധ്യമങ്ങളിലും സജീവം. നഖ്‍വി-സീമ ദമ്പതികൾക്ക് രണ്ട് മക്കൾ.

Tags:    
News Summary - Mukhtar Abbas Naqvi the last man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.