കഴിഞ്ഞ രണ്ടര ദശകത്തെ ആദിവാസി സമൂഹങ്ങളുടെ പരിവർത്തനത്തെക്കുറിച്ചും മുത്തങ്ങ സമരത്തെയും പ്രത്യാഘാതങ്ങളെയും കുറിച്ചും ഗൗരവമുള്ള പഠനങ്ങൾ നടന്നിട്ടില്ല. കേരളത്തിലെ വനാശ്രിതരായ ഗോത്രവർഗ സമൂഹം നാളിതുവരെ അനുഭവിച്ച വനാവകാശ നിഷേധത്തിെൻറ പശ്ചാത്തലത്തിൽ വനം വകുപ്പിനെ കുറ്റവിചാരണ ചെയ്യാൻ മുത്തങ്ങയിലെ വനഭൂമിയിൽ കുടിൽ കെട്ടൽ സമരത്തോടൊപ്പം ‘പെസ’ നിയമത്തിെൻറ അന്തസ്സത്ത ഉൾക്കൊള്ളുന്ന ഗ്രാമസഭ സംഘടിപ്പിക്കൽ, ഭൂമിയുടെ കോർപറേറ്റ്വത്കരണത്തെ ചോദ്യംചെയ്യുന്ന ഭൂസമരങ്ങൾക്ക് തുടക്കംകുറിക്കൽ (2002 നവംബർ 25ന് ആറളം ഫാമിൽ തുടങ്ങിയ സമരം) തുടങ്ങിയവയെല്ലാം ചിതറിയ ഗോത്രജനതയുടെ തിരിച്ചുവരവിെൻറ നാഴികക്കല്ലുകളായി കണക്കാക്കാം. ആറളം ഫാം മൂവ്മെൻറും മുത്തങ്ങ പ്രക്ഷോഭവും പിൽക്കാലത്ത് കേരളം സാക്ഷ്യംവഹിക്കുന്ന ചെങ്ങറ, അരിപ്പ സമരങ്ങൾക്കെല്ലാം മുന്നോടിയാകുന്നുണ്ട്. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങൾ മാത്രമല്ല, വിഭവാധികാരത്തിനും വിഭവവിനിയോഗത്തിനുമുള്ള പുതിയ പാരിസ്ഥിതിക അവബോധവും ബദൽ സംഘടനാ രൂപങ്ങളും പ്രക്ഷോഭം മുന്നോട്ടുകൊണ്ടുവന്നു. ഇൗ പ്രക്ഷോഭങ്ങൾ ആധുനികാനന്തര പ്രശ്നങ്ങൾ അഭിസംബോധനചെയ്യുന്നു. ഇത് കേരളത്തിലെ പുതിയ പ്രവണതയാണ്. നൂറുവർഷം മുമ്പ് നവോത്ഥാന പരമ്പരകളിലൂടെ അധികാരം കൈയാളിയവർ തകർത്ത് തരിപ്പണമാക്കിയ ഒരു ജനത പതുക്കെ, പതുക്കെ തിരിച്ചുവരുന്നു. ഭൂമി ഉൾപ്പെടെയുള്ള വിഭവങ്ങൾ തിരിച്ചുപിടിച്ച്, പുതിയ സാമൂഹിക ഏകകങ്ങളായി പരിണമിക്കുന്നു. പക്ഷേ, ആ പരിണാമത്തിെൻറ ദിശയെന്തെന്നത് തിരിച്ചറിയാത്തവരാണ് വെടിക്കോപ്പുകൾകൊണ്ട് ആദിവാസികളെ നേരിട്ടത്. 2003 ഫെബ്രുവരി 19ന് മുത്തങ്ങയിലെ ആദിവാസികൾക്കെതിരെ ഏകോപിപ്പിക്കപ്പെട്ട വംശീയവികാരം അല്ലെങ്കിൽ ജാതിവികാരം എത്ര ശക്തമായിരുന്നെന്ന് സായുധസേന ഉപയോഗിച്ച വെടിക്കോപ്പിെൻറ കണക്കുകളിൽനിന്നു വ്യക്തമാണ്.
മുത്തങ്ങ ഒരു കൈയബദ്ധമല്ല; ഇച്ഛാശക്തിയോടെ ഉണരുന്ന പാർശ്വവത്കൃത ജനവിഭാഗങ്ങൾക്കെതിരെ ഉണർന്നേക്കാവുന്ന ഒരു സംഘ്പരിവാർ മനസ്സ് മലയാളികൾക്കിടയിലുണ്ട്. ജാതിത്തുരുത്തുകളുടെ തിണ്ണബലത്തിലൂടെ അധികാരം ൈകയാളുന്നവരുടെ ഒരു കൂട്ടുകെട്ട് ഭരണത്തിൽ സ്വാധീനം ചെലുത്തുകയും വംശീയമായ ഒറ്റപ്പെട്ട ഒരു ദുർബല ജനതക്കെതിരെ സംഘടിതമായി തിരിയുകയും ചെയ്യുമ്പോൾ അത് സംഘ്പരിവാറിെൻറ അക്രമാസക്ത സ്വഭാവം പ്രകടമാക്കുന്നു. മുത്തങ്ങയിൽ സംഭവിച്ചത് അതാണ്. ഒരു ഉത്തരേന്ത്യൻ ‘സംഘി’യായ സുരേഷ് രാജ് പുരോഹിതിെൻറ നേതൃത്വത്തിൽ, വടക്കൻ കേരളത്തിെൻറ കഠാര രാഷ്ട്രീയ ത്തിെൻറ ദുർവാശി പ്രകടിപ്പിച്ച വനംമന്ത്രി കെ. സുധാകരൻ പിൻബലം നൽകിയപ്പോൾ നാനാ ജാതി- മത വിഭാഗങ്ങളും, ഇടത് -വലത് -ബി.ജെ.പി പാർട്ടികളും സംയുക്തമായി ആദിവാസികളെ മൃഗീയമായി വേട്ടയാടി; ഒരാഴ്ചക്കാലം മുഴുവൻ അവരത് ആഘോഷമാക്കി മാറ്റി.
ശരാശരി മലയാളികളുടെ പൊതുബോധത്തെ നിർണയിക്കുന്നത് അപരനിർമിതിക്ക് അടിസ്ഥാനമായ ജാതിയാണെന്ന വസ്തുത പൊതുവിൽ ചർച്ച ചെയ്യപ്പെടാറില്ല. ജനാധിപത്യ -മതേതര ആശയങ്ങൾ ഉദ്ഘോഷിക്കുന്നവർക്കും ഇത് ബാധകമാണ്. മരങ്ങളെയും മൃഗങ്ങളെയും സ്നേഹിക്കുന്നവരും; ഇടതനും വലതനും ബി.ജെ.പിയും സർവ മതസ്ഥരും ഒറ്റക്കെട്ടായി ആദിവാസികളെ വേട്ടയാടിയപ്പോൾ അവരെ ആഴത്തിൽ സ്വാധീനം ചെലുത്തിയിരുന്നത് മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്ന ജാതിബോധമാണെന്നത് കുറ്റമറ്റ വസ്തുതയാണ്. പരിശുദ്ധമായ വനം ൈകയേറി പ്രത്യേക ആവാസമേഖല സ്ഥാപിച്ചു എന്നതാണ് ഇവർ ആദിവാസികൾക്കെതിരെ ആരോപിച്ച കുറ്റം. പശ്ചിമഘട്ടം മുഴുവൻ ൈകയേറുകയും ചുട്ടെരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നവരാണ് പരമ്പരാഗത വാസികളുടെ മേൽ കാടു കൈയേറി എന്ന കുറ്റമാരോപിക്കുന്നത്. ജാതിക്കൂട്ടങ്ങൾ നിയന്ത്രിക്കുന്ന ഭരണകൂട സംവിധാനത്തിന് (അത് റവന്യൂ- വനം വകുപ്പാണെങ്കിലും പൊലീസ്- ജുഡീഷ്യറിയാണെങ്കിലും) ഒരു വർഗീയ ന്യൂനപക്ഷത്തിെൻറ അതിജീവനത്തിനുള്ള ഉയിർത്തെഴുന്നേൽപിനെ വെറുപ്പോടും വിദ്വേഷത്തോടും കൂടി മാത്രമേ നോക്കിക്കാണാൻ കഴിഞ്ഞുള്ളൂ. 2003 ഫെബ്രുവരി 19ന് ആദിവാസികളെയും തെരുവിൽ കാണുന്ന കറുത്തവരെയും വേട്ടയാടാൻ സമ്പൂർണമായ സ്വാതന്ത്ര്യമുണ്ടെന്ന വിശ്വാസമാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ നയിച്ചിരുന്നത്. ചിതറിയ ഒരു ഗോത്രവർഗ ജനത തിരിച്ചുവരാതിരിക്കാൻ സംസ്ഥാന ഭരണകൂടത്തിെൻറ ആഭ്യന്തരവകുപ്പും ജാതിമത നേതൃത്വങ്ങൾ ഉൾക്കൊള്ളുന്ന ഭരണ രാഷ്ട്രീയ നേതൃത്വങ്ങളും ഏകോപിച്ചു പ്രവർത്തിച്ചു എന്നതും ശ്രദ്ധേയമാണ്. ജനങ്ങൾക്ക് മുന്നിൽ ദുരന്തങ്ങളുണ്ടാകുമ്പോൾ അവരുടെ രക്ഷക്കായി ഭരണകൂടം ഇങ്ങനെ ഉണർന്നു പ്രവർത്തിക്കാറില്ല.
കുറ്റവിചാരണക്ക് വിധേയരാകേണ്ടതാര്?
മുത്തങ്ങ സംഭവം കഴിഞ്ഞിട്ട് 15 വർഷമായി. ഈ വർഷത്തെ മുത്തങ്ങ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. മുത്തങ്ങ സംഭവത്തിൽ തുറുങ്കിലടക്കപ്പെട്ട ആദിവാസികൾക്കെതിരെയുള്ള കേസുകളുടെ വിചാരണ ഫെബ്രുവരി 14ന് വയനാട്ടിൽ ആരംഭിച്ചിരിക്കുന്നു. 14 വർഷത്തിനു ശേഷം അവർക്കെതിരെയുള്ള കേസുകൾ കൊച്ചിയിൽനിന്ന് മാറ്റി വയനാട്ടിലെ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. വനഭൂമിയിൽ കടന്നുകയറി, അന്യായമായി സംഘം ചേർന്നു, വനപാലകരെയും പൊലീസിനെയും തട്ടിക്കൊണ്ടുപോയി, കലാപം ചെയ്തു, വനപാലകരെയും പൊലീസുകാരെയും വധിക്കാനായി ഗൂഢാലോചന നടത്തി തുടങ്ങി നിരവധി വകുപ്പുകൾ ഇവർക്കെതിരെ ആരോപിച്ചിട്ടുണ്ട്. കുറ്റാരോപിതരായ 25ഒാളം ആദിവാസികൾ വാർധക്യം കൊണ്ടും രോഗംമൂലവും ഇതിനകം മരിച്ചു. അവശേഷിക്കുന്ന, അമ്മമാരുൾപ്പെടെയുള്ള നൂറ്റമ്പതോളം പേരെയാണ് വിചാരണ ചെയ്യാൻ പോകുന്നത്.
ആദിവാസികൾ ചെയ്ത കുറ്റമെന്താണ്? പിറന്ന മണ്ണിൽ ജീവിക്കുന്നതിന് അവരുടെ പരമ്പരാഗത വാസസ്ഥലത്ത് കുടിലുകൾ കെട്ടിയെന്നതോ? വനം ൈകയേറിയതിനോ വനമാണെന്ന് തെളിയിക്കുന്നതിനോ സർക്കാറിന് തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല എന്നതിനാൽ വനം ൈകയേറി എന്ന കേസുകൾ കോടതികൾ തള്ളുകയോ സർക്കാർ എഴുതിത്തള്ളുകയോ ചെയ്തിരുന്നു. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി 2001ൽ സെക്രേട്ടറിയറ്റ് പടിക്കൽ കുടിൽ കെട്ടിയ ആദിവാസികൾ നിയമം അംഗീകരിക്കാത്ത ഭരണകൂടത്തെ ദിവസങ്ങളോളം തെരുവിൽ വിചാരണ ചെയ്തിരുന്നു. ആദിവാസികളുടെ ഭൂമി തട്ടിയെടുത്തത് തിരിച്ചെടുക്കാനുള്ള നിയമം റദ്ദാക്കി കൈയേറിയവർക്ക് സ്ഥിരാവകാശം നൽകാൻ കേരളത്തിലെ ഇടതു -വലത് ഭരണാധികാരികൾ നിയമമുണ്ടാക്കിയത് നീതിയുടെ ഏത് അളവുകോൽ ഉപയോഗിച്ചാണ്? ഭൂമിയിൽനിന്നു പിഴുതെറിയപ്പെട്ടതിനാൽ ആദിവാസികൾ പട്ടിണി മരണത്തിനിരയാകുന്നതിന് (1999 -2001ൽ 157 പേർ മരിച്ചതായി റിപ്പോർട്ടുകൾ) ഉത്തരവാദി ആരാണ്? ആദിവാസികളുടെ സാമൂഹിക ജീവിതം സുരക്ഷിതമാക്കാനുള്ള ഭരണഘടന വകുപ്പുകളെ അംഗീകരിക്കാത്തത് എന്താണ്? ആദിവാസികളുടെ സ്വയംഭരണ നിയമവും 1996ൽ പാർലമെൻറ് പാസാക്കിയ ആദിവാസി ഗ്രാമസഭ നിയമവും, 1971ലെ സ്വകാര്യ വനം നിക്ഷിപ്തമാക്കൽ നിയമത്തിലെ വനാവകാശ വകുപ്പുകളും കേരളത്തിൽ നടപ്പാക്കാത്തത് എന്തുകൊണ്ടാണ്? ഉൗരുകൂട്ടങ്ങളുടെ ജനാധിപത്യ അവകാശം അംഗീകരിക്കാത്തത് എന്തുകൊണ്ട്? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഭരണകൂടത്തോട് അന്ന് ചോദിക്കുകയുണ്ടായി. ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്തതിനാൽ 48 ദിവസത്തെ വിചാരണക്കൊടുവിൽ കേരള ചരിത്രത്തിൽ ആദ്യമായി ഒരു കരാറിലേർപ്പെടാൻ കേരളത്തിലെ ഭരണാധികാരികൾ നിർബന്ധിതമായി.
കേരളത്തിലെ മുഴുവൻ ആദിവാസികൾക്കും ഒരു ഏക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമി നൽകും, ആദിവാസി സ്വയംഭരണ നിയമം നടപ്പാക്കും, ആദിവാസി ഉൗരു കൂട്ടങ്ങളുടെ ഗ്രാമസഭകളായി പ്രവർത്തിക്കാനുള്ള അവകാശം അംഗീകരിക്കും, സ്വകാര്യ വനം നിക്ഷിപ്തമാക്കൽ നിയമത്തിെൻറ വകുപ്പുകൾ ഉപയോഗിച്ച് ആദിവാസികൾക്ക് വനാവകാശവും ഭൂമിയും നൽകും എന്നെല്ലാം കരാറിൽ ഉറപ്പു നൽകി. കരാറനുസരിച്ച് കേന്ദ്രസർക്കാറിെൻറ അനുമതിക്കായി 30,000 ഏക്കറിെൻറ നിർദേശം സമർപ്പിക്കുകയും 20,000 ഏക്കറോളം ഭൂമി ലഭിക്കുകയും ചെയ്തു. ആറളം ഫാമിലെ 7000 ഏക്കർ വരെയുള്ള ഭൂമി വിലക്കു വാങ്ങി. മറയൂർ, കുണ്ടള, ചിന്നക്കനാൽ തുടങ്ങിയ കേന്ദ്രങ്ങളിൽ ഭൂവിതരണം ആരംഭിക്കുകയും ചെയ്തു.
വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതിനാലല്ലേ മുത്തങ്ങയിൽ കുടിൽ കെട്ടുന്നത്? മുത്തങ്ങ ആദിവാസികൾക്ക് പാരമ്പര്യാവകാശമുള്ള വനഭൂമിയായിരുന്നു. മുത്തങ്ങയിൽ നിന്നു ആദിവാസികളെ കുടിയിറക്കിയ ശേഷം 2006ൽ പാർലമെൻറ് ആദിവാസി വനാവകാശ നിയമം അംഗീകരിക്കുകയുണ്ടായി. നിയമമനുസരിച്ച് മുത്തങ്ങയിൽ നിന്നു കുടിയിറക്കിയവർ ഉൾപ്പെടെയുള്ള ആദിവാസികളുടെ വനാവകാശം അംഗീകരിക്കാൻ സർക്കാർ തയാറാകേണ്ടതല്ലേ? 2001ലെ വാഗ്ദാനങ്ങൾ കാറ്റിൽപറത്തി ആദിവാസി പുനരധിവാസം മരവിപ്പിച്ചു എന്നു മാത്രമല്ല, 2006ലെ വനാവകാശ നിയമത്തെയും പ്രഹസനമാക്കി മാറ്റി. പരമ്പരാഗത വനവാസികളെ എങ്ങനെ കാട്ടിൽനിന്നു പുറന്തള്ളാം എന്നതിനാണ് ബ്യൂറോക്രസിയുടെ മുൻഗണന. ദേശീയതലത്തിലുള്ള മാറ്റങ്ങളൊന്നും വികസനവേഗമുള്ള നമ്മുടെ ഭരണാധികാരികളുടെ പഴയ മനസ്സുകൾക്ക് മാറ്റമുണ്ടാക്കുന്നില്ല.
ആദിവാസി കരാറും വനാവകാശ നിയമവും മാനിക്കാത്തതിനാൽ ആറു മാസക്കാലം സെക്രട്ടേറിയറ്റ് പടിക്കൽ ആദിവാസികൾ നിൽപുസമരം നടത്തി. നൂറുകണക്കിന് കുഞ്ഞുങ്ങൾ ഇതിനകം അട്ടപ്പാടിയിൽ മരിച്ചുകഴിഞ്ഞിരുന്നു. ആദിവാസി കരാറും, സ്വയംഭരണ നിയമവും ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നടപ്പാക്കാൻ കാബിനറ്റ് തീരുമാനമെടുത്തു. പ്രസ്തുത തീരുമാനവും മരവിപ്പിക്കപ്പെട്ടിരിക്കുന്നു. മുത്തങ്ങ സംഭവത്തിനു ശേഷം ചെങ്ങറയിലും അരിപ്പയിലും ആദിവാസികളും ദലിതരും പ്രക്ഷോഭ മുന്നണികളുണ്ടാക്കി. ടാറ്റയും ഹാരിസണും വൻകിട എസ്റ്റേറ്റുടമകളും നിയമവിരുദ്ധമായാണ് ഭൂമി കൈവശം വെക്കുന്നതെന്ന് രാജമാണിക്യം റിപ്പോർട്ടും വ്യക്തമാക്കി. എന്നാൽ, വാഗ്ദാനങ്ങളും കരാറുകളും കാബിനറ്റ് തീരുമാനങ്ങളും പാർലമെൻറ് നിയമങ്ങളും ദേശീയമായ മാറ്റങ്ങളുമൊന്നും കേരളത്തിലെ ഭരണകർത്താക്കൾക്ക് ബാധകമല്ല. ആദിവാസികളും ജനങ്ങളും നീതിക്കുവേണ്ടി ഏറെ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും ഭരണാധികാരികൾ മാറാതെ നിൽക്കുകയാണ്.
നമ്മുടെ നീതിപീഠങ്ങൾ ആരുടെ പക്ഷത്താണ്; നീതിയുടെ പക്ഷത്തോ, വ്യവസ്ഥയുടെ പക്ഷത്തോ? മുത്തങ്ങ സംഭവത്തിെൻറ പേരിൽ വിചാരണ നടപടിക്കു വേണ്ടി സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ 700ഓളം പേരെ ജയിലിലടച്ചു. കുട്ടികളെ (161 പേരെ) ജയിലിലടച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി നഷ്ടപരിഹാരം നൽകാൻ പിന്നീട് ചില കോടതിവിധികളുമുണ്ടായി. ആദിവാസികൾക്കെതിരെ വനം കൈയേറി എന്ന പേരിലുള്ള കേസുകളെല്ലാം കോടതി തള്ളുകയോ, സർക്കാർ എഴുതിത്തള്ളുകയോ ചെയ്തിരുന്നു. എങ്കിലും 15 വർഷമായി വയനാട്ടിലും കൊച്ചിയിലുമുള്ള കോടതികളിൽ നീതിനിഷേധിക്കപ്പെട്ടവർ വിചാരണയുടെ പേരിൽ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു. നീതിയുടെ ത്രാസ് കൈകാര്യം ചെയ്യുന്നവർക്ക് ആദിവാസികൾ മനുഷ്യരാണെന്ന് നാളിതുവരെ തോന്നിയതായി കാണുന്നില്ല.
വാർത്തകൾക്കും മാധ്യമവിചാരണക്കുമൊപ്പം കേസുകളുടെ ഗതിവേഗം നിർണയിക്കുന്ന ജുഡീഷ്യറി 15 വർഷം ‘കുറ്റവാളികളായി’ മുദ്രകുത്തപ്പെട്ടവരുടെ കേസുകളും പ്രശ്നങ്ങളും അതർഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചിരുന്നില്ല. കോടതികളിൽനിന്ന് കോടതികളിലേക്ക് കേസുകൾ തട്ടിക്കൊണ്ടിരിക്കുന്നു. പ്രതികളായി മുദ്രകുത്തപ്പെട്ടവരിൽ 25ഓളം പേർ ഇതിനകം മരിച്ചുകഴിഞ്ഞു. കുറ്റവാളികളായി മുദ്രകുത്തപ്പെട്ടവർ മുഴുവൻപേരും മരിച്ചാലും ആരോപിക്കപ്പെട്ട മുഴുവൻ കുറ്റങ്ങളും ചികഞ്ഞുനോക്കിയാലും കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്ത ആക്ഷേപഹാസ്യം തുടർന്നുകൊണ്ടിരിക്കുന്നു. ആരാണ് കുറ്റവാളി? ആരാണ് കുറ്റം ചെയ്തവർ? നീതിപീഠങ്ങളിലേക്ക് ഇനിയും വെളിച്ചം കടന്നുചെല്ലേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.