അപകടം നിറഞ്ഞ മുത്തലാഖ്​ ബിൽ

മു​ത്ത​ലാ​ഖ്​ നി​യ​മ​സാ​ധു​ത​യി​ല്ലാ​ത്ത​തും ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​ഖ്യാ​പി​ച്ചു​ള്ള സൈ​റാ​ബാ​നു കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന്​ അ​തേ കേ​സി​ൽ ജ​സ്​​റ്റി​സ്​ കെ​ഹാ​ർ, ജ​സ്​​റ് റി​സ്​ അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നീ ര​ണ്ട്​ ജ​ഡ്​​ജി​മാ​രു​ടെ ന്യൂ​ന​പ​ക്ഷ വി​ധി​യി​ലെ മു​ത്ത​ലാ​ഖി​നെ​തി​രെ​ യു​ള്ള നി​രീ​ക്ഷ​ണ​ത്തി​െ​ൻ​റ ചു​വ​ടു​പി​ടി​ച്ച്, സ​ു​പ്രീം​കോ​ട​തി വി​ധി​ക്കു ശേ​ഷ​വും രാ​ജ്യ​ത്ത്​ മു​ ത്ത​ലാ​ഖ്​ എ​ന്ന വി​വാ​ഹ​മോ​ച​ന രീ​തി വ​ർ​ധി​ക്കു​ന്നു​വെ​ന്ന കാ​ര​ണം കാ​ണി​ച്ചാ​ണ്​ മു​ത്ത​ലാ​ഖ്​ ക്രി​ മി​ന​ൽ കു​റ്റ​മാ​ക്കി​ക്കൊ​ണ്ടു​ള്ള മു​സ്​​ലിം വ​നി​താ (വി​വാ​ഹ സം​ര​ക്ഷ​ണ അ​വ​കാ​ശ) ബി​ൽ 2017 ഡി​സം​ബ​ർ 28ന്​ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ലോ​ക്​​സ​ഭ​യി​ൽ ​െഎ​ക​ക​​ണ്​​ഠ്യേ​ന പാ​സാ​ക ്കി​യ പ്ര​സ്​​തു​ത ബി​ല്ലി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ പ്ര​തി​ പ​ക്ഷ എ​തി​ർ​പ്പു​മൂ​ലം രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ സാ​ധി​ക്കാ​തെ കേ​ന്ദ്രം 2018 ​െസ​പ്റ്റം​ബ​ർ 19ന്​ ​പ്ര​സ്​​തു​ത ബി​ൽ ഒാ​ർ​ഡി​ന​ൻ​സാ​യി നി​യ​മ​മാ​ക്കി. ഒാ​ർ​ഡി​ന​ൻ​സ്​ പാ​ർ​ല​മെ​ൻ​റി​െ​ൻ​റ ന​ട​പ്പു​സ​മ്മേ​ള​നം ആ​രം​ഭി​ച്ച​തോ​ടെ ലാ​പ്​​സാ​വു​മെ​ന്നി​രി​ക്കെ​യാ​ണ്​ പു​തു​ക്കി​യ ബി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 10ന്​ ​ലോ​ക്​​സ​ഭ​യി​ല​വ​ത​രി​പ്പി​ച്ച്​ ഇ​ന്ന​ലെ​ വീ​ണ്ടും ച​ർ​ച്ച​ക്കെ​ടു​ത്ത​ത്.

സുപ്രീംകോടതി വിധി രാജ്യത്താകമാനം സാധാരണ നിയമനിർമാണ സഭകൾ പാസാക്കി നടപ്പാക്കുന്ന നിയമങ്ങൾക്ക്​ സമാനമായി ഭരണഘടനയുടെ 141ാം അനുച്ഛേദമനുസരിച്ച്​ ഫലത്തിലും ബലത്തിലും നിയമ സാധുതയുള്ളതാണ്​. നിയമ പ്രാബല്യമില്ലാത്ത മുത്തലാഖ്​ ചൊല്ലി മുസ്​ലിം വിവാഹം വേർപെടുത്താൻ നിയമപരമായി സാധിക്കില്ലെന്നിരിക്കെ സുപ്രീംകോടതി വിധിക്കു ശേഷം മുത്തലാഖ്​ ചൊല്ലിയാൽതന്നെ വിവാഹബന്ധം വേർപെടുത്താനാവില്ല. മുത്തലാഖ്​ ചൊല്ലുക വഴി വിവാഹമോചന ശ്രമം നടത്തിയെന്നേ കണക്കാക്കാനൊക്കൂ. അപ്രകാരമുള്ള വിവാഹമോചന ശ്രമം കുറ്റമാക്കുന്നതിലെ യുക്തിഹീനതയാണ്​ നിർദിഷ്​ട ബില്ലിലെ നിയമപരമായ പൊള്ളത്തരം വ്യക്തമാക്കുന്നത്​.

2017ലെ മുത്തലാഖ്​ ബില്ലിലെ വ്യവസ്​ഥയനുസരിച്ച്​ കേസ്​ രജിസ്​റ്റർ ചെയ്യുന്ന പ്രതിയെ പൊലീസിന്​ വാറൻറില്ലാതെ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടക്കാനും കുറ്റം തെളിഞ്ഞാൽ കോടതിക്ക്​ മൂന്നു വർഷംവരെ തടവുശിക്ഷയും പിഴയും വിധിക്കാനും സാധിക്കും​. ബില്ലിലെ വ്യവസ്​ഥയനുസരിച്ച്​ മുത്തലാഖ്​ ചൊല്ലുന്നത്​ ജാമ്യമില്ലാ കുറ്റമാണ്. പ്രതിക്കെതിരെ പൊലീസിന്​ നേരിട്ട്​ സ്വമേധയാ കേസ്​ രജിസ്​റ്റർ ചെയ്യാനും അധികാരമുണ്ടായിരുന്നു. 2017ലെ ബില്ലിലെ ആക്ഷേപാർഹമായ വകുപ്പുകൾ നീക്കംചെയ്​തു പരിഷ്​കരിച്ച രീതിയിലുള്ള നിയമമാണ്​ 2018 സെപ്​റ്റംബർ 19ന്​ രാഷ്​ട്രപതി ഒപ്പിട്ട്​ നടപ്പാക്കിയ ഒാർഡിനൻസും ഒാർഡിനൻസിന്​ പകരമായി ഡിസംബർ 10ന്​ ലോക്​സഭയിൽ അവതരിപ്പിച്ചിരിക്കുന്ന 2018ലെ ബില്ലും എന്നാണ്​ കേന്ദ്രത്തി​​​െൻറ ഭാഷ്യം. ഒാർഡിനൻസിലെയും ബില്ലിലെയും വകുപ്പുകൾ ഭരണഘടന വാഗ്​ദാനം ചെയ്യുന്ന വ്യക്​തിസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്​നമായ കടന്നാക്രമണമാണ്​.

ഭരണഘടനപരമായി നിയമവിരുദ്ധമാക്കപ്പെട്ട മുത്തലാഖ്​ ചൊല്ലുക വഴി വിവാഹ മോചനം സാധ്യമാവില്ല. മുസ്​ലിം സമുദായത്തിൽ നിലനിൽക്കുന്ന അനിയന്ത്രിതവും ന്യായീകരണമില്ലാത്തതുമായ വിവാഹ മോചന നിയന്ത്രണമാണ്​ ബില്ലു ഉദ്ദേശിക്കുന്നതെങ്കിൽ ഒരു നീതീകരണവും കാരണവുമില്ലാതെ 90 ദിവസത്തെ ഇടവേളക്ക്​ ശേഷം പ്രാബല്യത്തിൽ വരുന്നതും ഭർത്താക്കന്മാർക്കു മാത്രം ഏകപക്ഷീയമായി വിവാഹമോചനം ചെയ്യാൻ അവകാശം നൽകുന്ന നിലവിലുള്ള ഇസ്​ലാമിക വിവാഹമോചന രീതി പരിശുദ്ധ ഖുർആൻ കൽപനകൾക്കനുസരിച്ച്​ പരിഷ്​കരിക്കുകയാണ്​ വേണ്ടത്​. അല്ലാതെ മുത്തലാഖ്​ എന്ന നിയമ പ്രാബല്യമില്ലാത്ത വിവാഹ മോചന ശ്രമം നടത്തിയ ഭർത്താവിനെതിരെ കേസ്​ രജിസ്​റ്റർ ചെയ്​ത്​ ജയിലിലടച്ച്​ മൂന്നു വർഷംവരെ ശിക്ഷയും പിഴയും വിധിക്കാവുന്ന കുറ്റം ചുമത്തി കുറ്റവിചാരണ ചെയ്യുന്നത്​ തികച്ചും യുക്തിഹീനമാണ്​. ഇന്ത്യൻ പീനൽ കോഡിലോ മറ്റു നിയമങ്ങളിലോ മൂന്നു വർഷം തടവുശിക്ഷ വ്യവസ്​ഥ ചെയ്​ത കുറ്റത്തോടും പുതിയ ബില്ലിൽ വിവരിച്ചിരിക്കുന്ന കുറ്റത്തെ തുലനം ചെയ്യാൻ സാധ്യമല്ല. മതേതര രാജ്യമായ ഇന്ത്യയിൽ വിവാഹ മോചന ശ്രമം കുറ്റമാക്കുകയാണെങ്കിൽ, ഭാര്യക്കെതിരെ നിരവധി നിലനിൽക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച്​ വിവാഹമോചന ഹരജി ബോധിപ്പിക്കുന്ന ഭർത്താക്കന്മാർക്കെതിരെ അത്തരം വിവാഹമോചന ഹരജി തള്ളുന്ന മുറക്ക്​ ഹരജി നൽകുന്ന ഭർത്താക്കന്മാരുടെ നടപടി കുറ്റകൃത്യമാക്കുന്ന നിയമമുണ്ടാക്കാൻ സാധിക്കുമോ?

2017ലെ മുത്തലാഖ്​ ബില്ലിലെ വ്യവസ്​ഥയനുസരിച്ച്​ മുത്തലാഖ്​ ചൊല്ലുന്നത്​ മൂന്നു വർഷംവരെ തടവുശിക്ഷയും പിഴയും ചുമത്താവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്​. പൊലീസിന്​ വാറൻറില്ലാതെ അറസ്​റ്റ്​ ചെയ്യാൻ അധികാരം നൽകുന്ന കൊഗ്​നൈസബ്​ൾ ഗണത്തിൽ പെട്ട കുറ്റമാണത്​. ജാമ്യമില്ലാ കുറ്റമെന്നാൽ ഒരിക്കലും ജാമ്യം ലഭിക്കാത്ത കുറ്റമെന്നല്ല. പബ്ലിക്​ പ്രോസിക്യൂട്ടറുടെയും വാദം കേട്ട ശേഷം വധ ശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ഏഴു വർഷംവരെ ശിക്ഷയോ നൽകുന്ന കുറ്റം ചുമത്തപ്പെട്ട പ്രതികൾക്ക്​ സെഷൻസ്​ കോടതിക്കും ഹൈകോടതിക്കും, ഏഴു വർഷത്തിന്​ താഴെ കുറ്റം ചുമത്തപ്പെട്ട പ്രതികൾക്ക്​ മജിസ്​ട്രേറ്റ്​ കോടതികൾക്കും ജാമ്യം നൽകാൻ അധികാരം നൽകുന്ന കുറ്റങ്ങളെയാണ്​ ജാമ്യമില്ലാ കുറ്റമെന്ന്​ ക്രിമിനൽ നടപടി സംഹിത വിവരിച്ചിട്ടുള്ളത്​. മാത്രമല്ല ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്​ രജിസ്​റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്നും അപ്രകാരം അറസ്​റ്റ്​ ചെയ്യാനിടയുണ്ടെന്നും ​ തോന്നിയാൽ അത്തരം പ്രതികൾക്കോ പ്രതിസ്​ഥാനത്ത്​ ചേർക്കാൻ സാധ്യതയുള്ള വ്യക്​തിക്കോ മുൻകൂർ ജാമ്യം തേടി സെഷൻസ്​ കോടതിയേയും ഹൈകോടതിയേയും സമീപിക്കാവുന്നതാണ്​. ക്രിമിനൽ കേസുകളിൽ ജാമ്യമനുവദിക്കുന്നതിന്​ മുമ്പായി കേസന്വേഷണ ഏജൻസിയെ പ്രതിനിധാനം​െചയ്​തുള്ള പബ്ലിക്​ പ്രോസിക്യൂട്ടറുടെ വാദമുഖങ്ങൾക്കാണ്​ കോടതി മുന്തിയ പരിഗണന നൽകുക.

2018ലെ പുതുക്കിയ മുത്തലാഖ്​ ബില്ലിലെ വ്യവസ്​ഥയനുസരിച്ച്​ പ്രതിക്ക്​ ജാമ്യമനുവദിക്കുന്നതിന്​ മുമ്പായി പരാതിക്കാരിയുടെ വാദംകൂടി ​േകട്ടിരിക്കണമെന്നത്​ നിർബന്ധമാണ്​. പരാതിക്കാരിയെ കേൾക്കാതെ പ്രതിക്ക്​ ജാമ്യം ലഭിക്കില്ലെന്ന വ്യവസ്​ഥ ക്രിമിനൽ ഭരണ നീതി നിർവഹണ രംഗത്ത്​ കേട്ടുകേൾവി പോലുമില്ലാത്ത നടപടിക്രമമാണ്​. പരാതിക്കാരി പരാതി ബോധിപ്പിച്ച്​ വിദേശത്തേക്ക്​ പോവുകയാണെങ്കിൽ പരാതിക്കാരി തിരികെ വരുന്നതുവരെ പ്രതിയെ ജയിലിൽ താമസിപ്പിക്കാൻ അധികാരം നൽകുന്നതാണ്​ ബില്ലിലെ വ്യവസ്​ഥ. ജാമ്യമില്ലാ വകുപ്പ്​ പരിഷ്​കരിച്ച ബില്ലിൽ നീക്കം ചെയ്​തതോടു കൂടി പ്രതിക്ക്​ മുൻകൂർ ജാമ്യത്തിനും അപേക്ഷിക്കാൻ സാധിക്കാതായി. ക്രിമിനൽ കേസുകളിൽ പ്രതിക്ക്​ ജാമ്യം നൽകുന്നത്​ സംബന്ധിച്ച്​ പബ്ലിക്​ പ്രോസിക്യൂട്ടർമാരുടെ ഏറ്റവും സുപ്രധാനമായ പങ്കാണ്​ ബില്ലിൽ എടുത്തുകളഞ്ഞത്​. ക്രിമിനൽ നീതിനിർവഹണ സംവിധാനത്തിൽ പരാതിക്കാരി​യുടെയും പ്രതിയുടെയും താൽപര്യം ഒരുപോലെ സംരക്ഷിക്കാൻ ബാധ്യസ്​ഥനായ മിനിസ്​റ്റർ ഒാഫ്​ ജസ്​റ്റിസ്​ എന്ന പേരിലറിയപ്പെടുന്ന പബ്ലിക്​ പ്രോസിക്യൂട്ടർമാരെ ഒഴിവാക്കി പ്രതിയുടെ ജാമ്യം സംബന്ധിച്ച്​ അഭിപ്രായം പറയാൻ പരാതിക്കാരിക്ക്​ അധികാരം നൽകുന്നത്​ ഫലത്തിൽ ക്രിമിനൽ നീതിനിർവഹണ സംവിധാനത്തെതന്നെ മൊത്തത്തിൽ മുത്തലാഖ്​ ബിൽ അനുസരിച്ചുള്ള കുറ്റം വിചാരണ സംബന്ധിച്ച്​ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക വളരെ ന്യായമായതാണ്​.

കുഞ്ഞുങ്ങളുടെ കൈവശം സംബന്ധിച്ചുള്ള ബില്ലിലെ വ്യവസ്​ഥയും യുക്തിഹീനമാണ്​. 1890ലെ ഗാർഡിയൻസ്​ ആൻഡ്​ വാർഡ്​സ്​ ആക്​ട്​ അനുസരിച്ച്​ കുഞ്ഞുങ്ങളുടെ കൈവശം സംബന്ധിച്ച്​ ഭാര്യാഭർത്താക്കന്മാർ തർക്കമുണ്ടായാൽ കുഞ്ഞുങ്ങളുടെ ക്ഷേമം മാത്രം പരിഗണിച്ച്​ ജില്ല ജഡ്​ജിയുടെ പദവിയിലുള്ള കുടുംബകോടതിയാണ്​ തീർപ്പു കൽപിക്കേണ്ടത്​. ബില്ലിലെ വ്യവസ്​ഥയനുസരിച്ച്​ ഭർത്താവ്​ മുത്തലാഖ്​ ചൊല്ലിയതായി മജിസ്​ട്രേറ്റിന്​ ബോധ്യപ്പെട്ടാൽ കുഞ്ഞി​െന ഭർത്താവിൽനിന്നും ഭാര്യക്ക്​ നൽകാൻ അധികാരം നൽകുന്നു. പരിഷ്​കരിച്ച ബില്ലിലെ അപകടകരമായ വ്യവസ്​ഥകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക്​ കാരണമാകുമെന്നു​ തീർച്ച.

(ഇന്ത്യൻ ലോയേഴ്​സ്​ കോൺഗ്രസ്​ പ്രസിഡൻറും മുൻ കേരള ഡയറക്​ടർ ജനറൽ ഒാഫ്​ പ്രോസിക്യൂഷനുമാണ്​ ലേഖകൻ)

Tags:    
News Summary - Muthlaq Bill - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.