പത്രം തുറന്നാൽ അക്രമത്തിന്റെ കഥകൾ. ചാനലുകൾ ആവേശഭരിതമാകുന്നത് സ്ത്രീവിഷയങ്ങളിലെ തുടർക്കഥകളിലാണ്. പേരില്ലാത്ത, മുഖമില്ലാത്ത ഇരകൾ പിന്നാമ്പുറങ്ങളിൽ നരകിക്കുമ്പോഴും വേട്ടക്കാർ വിലസുന്നതാണ് കാഴ്ച. ഈ വേട്ടക്കാരെ പാഠം പഠിപ്പിക്കാൻ പൊലീസും കോടതിയും മാധ്യമങ്ങളും ഉത്സാഹിച്ചിട്ടും ഒന്നും സംഭവിക്കുന്നില്ല.
പെണ്ണായിപ്പിറന്നാൽ പിഞ്ചുകുഞ്ഞിനും രക്ഷയില്ല. വീട്ടകങ്ങളിലും തെരുവിലും കാണാമറയത്തുമൊക്കെ നിരന്തരം ആക്രമിക്കപ്പെടുന്നു. വേട്ടക്കാരിൽ ചിലർ അഴിയെണ്ണും. ചിലർ നിയമത്തിന്റെ പഴുതിലൂടെ ഊരിപ്പോകും. എന്നാൽ, ഇവരെ നേർവഴി നടത്താൻ ഒരു വഴിയുണ്ട്. ഇവരെ പിടിച്ചുകെട്ടി നേരേ നാഗാലാൻഡിലേക്ക് അയക്കുക.
ലോകത്തെ ഏറ്റവും എരിവുള്ള ഗോസ്റ്റ് പെപ്പർ എന്ന പ്രേതമുളകിനെപ്പോലെ കടുപ്പക്കാരികളായ സ്ത്രീകളുടെ നാട്. വലിയ കരുത്തുള്ള സ്ത്രീകളെ നിങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ഇതുപോലെ ആത്മാഭിമാനവും കഠിനാധ്വാനവും പുലർത്തുന്ന സ്ത്രീകളുടെ ഒരു ദേശം വേറെയുണ്ടാവില്ല. നാഗാലാൻഡ് പെൺ കരുത്തിന്റെ ലാൻഡ് കൂടിയാണ്.വണങ്ങി നിൽക്കാൻ കൂട്ടാക്കാത്തവർ, ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ അണിയുന്നവർ.
രണ്ടും മൂന്നും ജോലികൾ ഒരേ സമയം ചെയ്യുന്നവർ. ഭീമാപുർ നഗരമധ്യത്തിലെ മണിഗോപുരത്തിൽ കുറച്ചുനാൾമുമ്പ് സ്ത്രീകളുടെ സംഘം ഒരു പുരുഷനെ തൂക്കിക്കൊന്നു. ഒരു കോളജ് വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയതിന്റെ ശിക്ഷ. പ്രതിയെ ജയിൽ തകർത്ത് പിടിച്ചു കൊണ്ടുപോയി നഗ്നനാക്കി റോഡിലൂടെ വലിച്ചിഴച്ച് തല്ലിക്കൊന്ന് മണിഗോപുരത്തിൽ തൂക്കിയിടുകയായിരുന്നു അവർ. ഒരു താക്കീതുപോലെ!
ജാതിയും മതവും വിഭജനങ്ങളുമില്ലാത്ത സുതാര്യമായ ഗോത്ര സഭകളിൽ സ്ത്രീകൾക്ക് മുഖ്യസ്ഥാനമുണ്ട്. ഗോത്രങ്ങൾ തമ്മിലെ പോരുകളിൽ വിധി നിർണയിക്കുന്നതും വേട്ട നയിക്കുന്നതും സ്ത്രീകളാണ്. നാഗാ തീവ്രവാദികളുമായുള്ള ചർച്ചകൾക്കുപോലും നിയോഗിക്കപ്പെടുന്നത് സ്ത്രീകളാണ്. കള്ളുകുടിച്ച് വഴിയിൽ കിടക്കുന്ന പുരുഷന്മാരെ വലിയ വടികൊണ്ട് പൊതിരെ തല്ലും. പന്നിക്കൂട്ടിൽ പിടിച്ചുകെട്ടിയിടും.
ദേഹത്താകെ ചൊറിയണപ്പൊടി വിതറും. നാലു ദിവസത്തേക്ക് പച്ചവെള്ളം കൊടുക്കില്ല. നാഗാപെണ്ണുങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ലഹരിമുക്ത ചികിത്സ! ഇങ്ങനെയൊക്കെയാണെങ്കിലും 1963ൽ സംസ്ഥാന പദവി ലഭിച്ച നാട്ടിൽ നാളിതുവരെ ഒരു വനിതാ അംഗം നിയമസഭയിൽ കയറിയിട്ടില്ല. ഒരു സമ്പൂർണ വനിതാ ഗ്രാമസഭ പോലും സംഘടിപ്പിക്കാനായത് ഇക്കഴിഞ്ഞ കൊല്ലം മാത്രമാണ്.
ലക്ഷദ്വീപിലെ കവറത്തിയിൽ വൈകീട്ട് കടൽത്തീരത്ത് വിശ്രമിക്കുന്ന സ്ത്രീകളെ കാണാം. അവിടെ സ്ത്രീകളാണ് കുടുംബനാഥ. (ഇവിടെ റേഷൻ കാർഡിൽ മാത്രം!). വിവാഹത്തിന് പുരുഷന്മാർ നല്ലൊരു തുക ‘സ്ത്രീ’ധനം നൽകണം. താമസം ഭാര്യ വീട്ടിൽ. സ്വത്തവകാശം, പിന്തുടർച്ചാവകാശം എല്ലാം സ്ത്രീകൾക്ക്. അവിടെയും ഇത്ര എരിവുള്ള പെൺകൂട്ടായ്മയില്ല.
കൃഷി രീതികൾ പഠിച്ച് നാട്ടിൽ വന്ന് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കർഷകരെ സർക്കാർ വിദേശത്തേക്ക് അയക്കുന്നതു പോലെ നമ്മുടെ നാട്ടിൽ നിന്ന് കുറച്ചുപേരെ നാഗാലാൻഡിൽ പരിശീലനത്തിനയക്കുന്നത് നന്ന്. നല്ല നടപ്പിനുള്ള നാഗാലാൻഡ് രീതികൾ മലയാളിക്കും നേർവഴി തെളിച്ചു തന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.