ശ്രീനാരായണ ഗുരുവിെൻറ ജീവിതവും വചനങ്ങളും മുമ്പെന്നത്തേക്കാളും പ്രസക്തമാണിന്ന്. മാനവികതയിൽ അധിഷ്ഠിതമായ പ്രപഞ്ചവീക്ഷണമാണ് അതിെൻറ അടിസ്ഥാനം. ഭാരതീയദർശനം സാർവത്രികതക്ക് ഉൗന്നലേകിയ പ്പോൾ അതിലെ സവിശേഷഘടകങ്ങളെ വേണ്ടവിധം പരിഗണിക്കാതെപോയി. അത ായത് ലോകത്തിന് മൊത്തത്തിൽ സുഖം ആശംസിച്ചപ്പോൾ അതിെൻറ പരിധിയിൽ പ്പെടാത്തവർ അഥവാ പെടുത്താത്തവർ ഏറെയുണ്ടായി. വർണാശ്രമധർമവും ജാതീയതയും പൗരോഹിത്യവും അധികാരകേന്ദ്രങ്ങളും പ്രമാണഗ്രന്ഥങ്ങളു ം ഈ നിലപാടുകൾക്ക് പിൻബലമേകി. അതുകൊണ്ട് ആശംസയുടെ ഗുണഭോക്താ ക്കൾ എക്കാലത്തുമെന്നപോലെ പശുക്കളും ബ്രാഹ്മണരും അധികാരിവർഗവും മാത്രമായി ചുരുങ്ങി. തടഞ്ഞുവെച്ച സുഖാനുഭവങ്ങളെ കീഴ്ത്തട്ടിലേക്ക് തു റന്നുവിടുന്നതിന് നവോത്ഥാനനായകർക്കും സാമൂഹികപരിഷ്കർത്താക്കൾക്കും കഠിനമായി പരിശ്രമിക്കേണ്ടിവന്നത് അതുകൊണ്ടാണ്.
ബ്രിട്ടീഷ് ഭരണത്തിെൻറ നുകക്കീഴിലമർന്ന ഇന്ത്യയിൽ 19ാം നൂറ്റാണ്ടിലാണ് അനാചാരങ്ങൾക്കും അബദ്ധവിശ്വാസങ്ങൾക്കുമെതിരെ മാനവികതയുടെ അടിത്തറയിലൂന്നിയ നവോത്ഥാനപ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നത്. ജാതിവിവേചനങ്ങൾക്കും മതവൈരങ്ങൾക്കുമെതിരെ മാനവികതയിലൂന്നി പ്രവർത്തിച്ച പ്രസ്തുത പ്രസ്ഥാനങ്ങൾ കാതലായ പ്രശ്നങ്ങളെ കാര്യക്ഷമമായി അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടു. വ്യവസ്ഥിതിയുടെ സമൂലമാറ്റത്തിൽ ഉൗന്നുന്നതിനുപകരം മേൽവിഷയങ്ങളെ ഉപരിപ്ലവവും മൃദുലവുമായിട്ടാണ് അവർ സമീപിച്ചത്. മതത്തിെൻറ നിർദിഷ്ട ലക്ഷ്യലക്ഷണങ്ങളിലൊന്നും ഉൾപ്പെടാത്ത സാംസ്കാരിക ജീവിതശൈലിയുടെയും മൂല്യബോധത്തിെൻറയും സമുച്ചയമായിരുന്ന സനാതനധർമത്തെ ഒരു മതമാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളിലും അത് പങ്കാളിയായി. നിലവിലിരുന്ന ജാതിവിവേചനമെന്നപോലെ മതസ്പർധക്ക് അത് ആക്കംകൂട്ടി. പരിഷ്കരണപ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽനിന്ന് നാരായണ ഗുരു വ്യതിരിക്തനാകുന്നത് ഇവിടെയാണ്. അനേകം ശാഖോപശാഖകളായി പടർന്നു കിടക്കുന്ന ബഹുസ്വരമായൊരു സാംസ്കാരികബോധത്തെ മതത്തിെൻറ േശ്രണിയിൽ വരിഞ്ഞു മുറുക്കി, ഉച്ചനീചഭേദങ്ങളാർന്ന ജാതീയതയുടെ യാഥാർഥ്യങ്ങളെ സൂക്ഷ്മവും സമഗ്രവുമായി വിലയിരുത്താതെ ഒരു രാഷ്ട്രം പടുത്തുയർത്താൻ കോളനിവത്കരണത്തെ പ്രതിരോധിക്കുന്നതിലെ വിപത്ത് അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞു.
സത്യത്തിെൻറ സാധുതയെ പ്രവർത്തനനിരതമാക്കാനാകാത്ത ഇടം ഈ പ്രപഞ്ചത്തിലില്ലെന്ന് സ്വജീവിതംകൊണ്ട് മാനവരാശിയെ ബോധ്യപ്പെടുത്തിയതാണ് ഗുരുദേവെൻറ സവിശേഷത. ഗുണാനുപാതക്രമത്തിലുള്ള വർണഭേദമാണ് ജാതിവ്യവസ്ഥക്ക് നിദാനമെന്നതിനാൽ അസ്ഥിരവും ചഞ്ചലവും പരിവർത്തനനിരതവുമായ ഗുണഘടനയുടെ അടിസ്ഥാനത്തിലുള്ള വർണഭേദം തികച്ചും അശാസ്ത്രീയമാണെന്ന് ഗുരു തെളിയിച്ചു.
അതായത് സ്ഥലം, കാലം, മൂല്യം, അവസ്ഥ, പ്രകൃതി, ആന്തരികവും ബാഹ്യവുമായ മറ്റനേകം സ്വാധീനങ്ങൾ, വൈവിധ്യങ്ങൾ, ഇടപെടലുകൾ എന്നിവയാൽ നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്ന, ഒന്നിൽനിന്ന് അചഞ്ചലവും സ്ൈഥതികവും അചഞ്ചലവും പൂർവനിശ്ചിതവുമായ ഗുണഘടനക്ക്, സാധുതയേകുന്നത് അസംബന്ധമാണ്. ജാതി ഉൾപ്പെടെയുള്ള സകലവിവേചനങ്ങളെയും ഗുരു നിരാകരിക്കുന്നത് ഈ അടിത്തറയിൽനിന്നാണ്. മേൽ കീഴ് വ്യത്യാസങ്ങളുള്ള ജാതിവ്യവസ്ഥ പിഴുതെറിയണമെങ്കിൽ അതിന് അടിയാധാരമായ വർണനിർദിഷ്ട ഗുണഘടനയെ നിരാകരിക്കണമെന്ന് ഗുരു തിരിച്ചറിഞ്ഞു. പിന്നെ വർണത്തിനോ ജാതീയതക്കോ മറ്റു വേർതിരിവുകൾക്കോ ഒരടിസ്ഥാനവുമുണ്ടാകില്ല. ഗോക്കൾക്ക് ഗോത്വമെന്നതുപോലെ മനുഷ്യത്വമാണ് മനുഷ്യെൻറ ജാതി. പുണർന്നു പെറുമെല്ലാം ഒരിനം മനുഷ്യജാതിയിൽപ്പെട്ടവനെന്ന് ശരീരത്തിെൻറ ആകൃതി വ്യക്തമാക്കിത്തരുന്നതുകൊണ്ട് ഒരാളുടെ ജാതി ചോദിക്കേണ്ട ആവശ്യമില്ല എന്നിങ്ങനെ ജാതിനിർണയം, ജാതിലക്ഷണം തുടങ്ങിയ പ്രബോധനകൃതികളിൽ ഗുരു കുറിച്ചത് ഈ ബോധ്യമുൾക്കൊണ്ടായിരുന്നു.
താത്ത്വികമായി നാം ശങ്കരനെ പിന്തുടരുന്നു എന്ന ഗുരുവിെൻറ പരാമർശം സൂചിപ്പിക്കുന്നത് പ്രയോഗതലത്തിൽ ശങ്കരെൻറ പ്രവർത്തനങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമുണ്ട് എന്നുതന്നെയാണ്. തനിക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്നും ജാതീയതയെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടയിൽ അവിടെ ശങ്കരന് തെറ്റി എന്നും വിവിധ സന്ദർഭങ്ങളിൽ ഗുരു വ്യക്തമാക്കി. പദവിയും സ്ഥാനവുമൊന്നും നോക്കാതെ വർണവിധേയത്വവും ജാതിവിവേചനവും പിൻപറ്റുന്നവരോടെല്ലാമുള്ള അനഭിമതത്വമാണ് ഇവിടെ പ്രകടമാകുന്നത്. അയിത്തക്കാരെന്ന് പറയപ്പെട്ടിരുന്ന കുഞ്ഞുങ്ങളോടൊപ്പം മഹാകവി ഉള്ളൂരിനെ ഒപ്പമിരുത്തി ഒരുമിച്ച് പപ്പടംപൊടിച്ച് ജാതിചിന്തയെക്കൂടി ലക്ഷ്യംവെച്ച് ‘പൊടിഞ്ഞോ’ എന്ന് അന്വേഷിച്ചതും ഇവിടെ സ്മരണീയമാണ്. 1916ൽ ‘ജാതിയില്ലാ വിളംബരം’ നടത്തിയതിന് ജാതിമതങ്ങളുടെ കൽത്തുറുങ്കിലടച്ചും പ്രണവമുദ്രണം ചെയ്ത കണ്ണാടി പ്രതിഷ്ഠിച്ചതിന് കണ്ണാടിക്കൂട്ടിലാക്കിയും സത്യാനുഭൂതിയിൽ അചഞ്ചലമായി വർത്തിക്കണമെന്ന് അരുളിയതിന് കോൺക്രീറ്റ് ശിൽപങ്ങളിലൊതുക്കിയും ഒരുഘട്ടത്തിൽ ക്ഷേത്രപ്രതിഷ്ഠകളിൽനിന്ന് പിന്തിരിഞ്ഞതിന് ക്ഷേത്രബിംബങ്ങളിൽത്തന്നെ തളച്ചുറപ്പിച്ചും ഗുരുദർശനങ്ങളിൽ ജീവിക്കേണ്ടുന്ന ബാധ്യതകൾ മറന്ന് ഗുരുദർശനങ്ങളെക്കൊണ്ട് ഉപജീവിച്ചും ഏതാനും ദിവസങ്ങളിൽമാത്രം ഓർമിച്ചുമെല്ലാം നാം അദ്ദേഹത്തോട് പകരംവീട്ടിക്കൊണ്ടിരിക്കുന്നു!
ലോകം സൃഷ്ടിച്ച് അതിന് പുറത്തെങ്ങോ ഇരിക്കുന്നവനല്ല, മറിച്ച് അന്നവസ്ത്രാദികൾ നൽകി സംരക്ഷിക്കുന്ന ഈശ്വരനാണ് തങ്ങൾക്ക് തമ്പുരാനാകുന്നതെന്ന് ഗുരു ‘ദൈവദശക’ത്തിൽ കുറിച്ചു. മതങ്ങളിലെ ധാർമികവും നൈതികവുമായ ശക്തികേന്ദ്രത്തിൽനിന്നാണ് സാമൂഹികതിന്മകളെ അതിവർത്തിക്കുന്നതിനുള്ള ഉൗർജം സമാഹരിച്ചത്. ഈശ്വരൻ, ജീവൻ, ലോകം, പ്രവാചകൻ, പ്രമാണഗ്രന്ഥങ്ങൾ, ആചാരവിചാരതലങ്ങൾ, വിശ്വാസപ്രമാണങ്ങൾ എന്നിവ മതങ്ങളെ വ്യതിരിക്തമാക്കുമ്പോൾ ലോകസംഗ്രഹത്തിനും മാനവികൈക്യത്തിനുമുള്ള സമാനാദർശങ്ങളിലാണ് നിലയൂന്നേണ്ടി വരുക. അവിടെ നദികൾ സമുദ്രത്തിൽ ചെന്നുചേർന്നാൽ തിരക്കുഴിയെന്നും നടുക്കടലെന്നുമുള്ള വ്യത്യാസമില്ലാത്തതുപോലെ എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നാകുന്നു.
ഉപരിതലത്തിലുള്ള വൈവിധ്യങ്ങൾക്കും വൈരുധ്യങ്ങൾക്കുമപ്പുറം ആന്തരികമായ ഏകത്വത്തിൽ നിലയൂന്നണമെന്ന് ഗുരുദേവൻ ഇതിലൂടെ സ്പഷ്ടമാക്കി. ഉൾസാരം ഒന്നായതുകൊണ്ടും പരംപൊരുളിെൻറ പ്രകടനസാധ്യതകൾ അനന്തമായതുകൊണ്ടും ഒരു മതം മറ്റൊരു മതത്തോട് യുദ്ധം ചെയ്ത് വിജയം നേടാമെന്നും മതങ്ങളെ പോരാട്ടത്തിലൂടെ നശിപ്പിക്കാമെന്നും കരുതുന്നത് പ്രായോഗികമല്ല. മോക്ഷത്തിന് എല്ലാ മതങ്ങളും പര്യാപ്തമാണെന്ന് ഗാന്ധിജിയുമായുള്ള അഭിമുഖത്തിനിടെ ഗുരു ഉൗന്നിപ്പറഞ്ഞത് ഈ യാഥാർഥ്യമുൾക്കൊണ്ടാണ്.
ഗുരുവിനെ ഹൈന്ദവ സന്യാസിയെന്ന് ചിലർ അഭിസംബോധന ചെയ്യുന്നതിലെ വ്യർഥതകൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. നിരവധി ക്ഷേത്രങ്ങൾ അദ്ദേഹം പ്രതിഷ്ഠിച്ചിട്ടുണ്ടെന്നത് ശരിയാണ്. ഒരാലംബനം, കൂട്ടായ്മയുടെ പൊതു ഇടം, മനുഷ്യബന്ധങ്ങളുടെ മാതൃകസ്ഥാനം എന്നതിൽക്കവിഞ്ഞ് അവക്കൊന്നും ആത്യന്തിക പ്രാധാന്യമില്ല. ഒരുഘട്ടത്തിൽ പ്രണവചിത്രം വരച്ച കണ്ണാടി, കെടാവിളക്ക്, വചനങ്ങൾ എന്നിവയും ഗുരു പ്രതിഷ്ഠിച്ചു.
ക്രമേണ പ്രതിഷ്ഠാകർമങ്ങൾ നിർത്തി വിദ്യാലയങ്ങളും വായനശാലകളും വ്യവസായസ്ഥാപനങ്ങളുമാണ് ഇനി വേണ്ടതെന്ന് ഓർമിപ്പിച്ചു. ഇതര മതവിഭാഗത്തിൽപ്പെട്ടവർ ആവശ്യപ്പെടുന്നപക്ഷം അവരുടെ ആരാധനാലയങ്ങളും പ്രതിഷ്ഠിക്കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചു. ‘ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ’ എന്ന് അദ്ദേഹം ഒരിക്കൽ തുറന്നുപറഞ്ഞു. 1916ൽ നടത്തിയ വിളംബരത്തിൽ ജാതിക്കും മതത്തിനും അതീതനാണ് താനെന്ന് സംശയലേശമെന്യേ പ്രഖ്യാപിച്ചു.‘പരമേശ പവിത്രപുത്രനായ ക്രിസ്തു’വും ‘കരുണാവാനായ മുത്തുനബി’യും ‘അനുകമ്പാദശക’ത്തിൽ പരാമർശിക്കപ്പെടുന്നത് അവിടത്തെ സർവാശ്ലേഷിയായ മതവീക്ഷണത്തിന് അടിവരയിടുന്നു. ഒരു മതത്തിെൻറയും വക്താവല്ല ഗുരുവെന്ന് തെളിയിക്കാൻ ഇതിൽപരം മറ്റൊരു തെളിവും വേണ്ട!!
പ്രാപഞ്ചികവും ഈശ്വരീയവുമായ അവബോധതലത്തിലേക്ക് മനുഷ്യരാശിയെ നയിക്കാൻ പ്രായോഗികവും രചനാത്മകവുമായ ഏകോപനകൗശലവും സമന്വയത്തിെൻറ മഹാവൈഭവും ശ്രീനാരായണ ഗുരു വിനിയോഗിച്ചു. ഗുണവർണഘടനയെ നിരാകരിച്ച് പാരമ്പര്യത്തിലേക്ക് ആണ്ടുകിടന്ന ജാതീയതയുടെ വേരുകൾ പിഴുതെറിഞ്ഞും മതാതീതമായ മാനവികയെ ഉയർത്തിപ്പിടിച്ചും സമൂഹത്തിെൻറ മുഖ്യചാലകശക്തിയായി. സാക്ഷാത്കരിച്ച തത്ത്വത്തിൽ ജീവെൻറ വെളിച്ചം കൊളുത്തി മാനവരാശിക്ക് മഹനീയ മാതൃകയേകി ചരിത്രം പുനർനിർമിച്ചതുകൊണ്ടാണ് അദ്ദേഹം നിത്യപ്രസക്തനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.