നക്സലൈറ്റ് പ്രസ്ഥാനത്തി​െൻറ തുടക്കത്തിലെ അമരക്കാരനും 70-കളിലും 80-കളിലും മലയാളിയുടെ സാംസ്ക്കാരിക ബോധത്തിലും സാഹിത്യ- കലാ രംഗങ്ങളിലും ഉത്ഭവം കൊണ്ട സമാന്തര ചിന്തകൾ, അന്വേഷണങ്ങൾ എന്നിവയുടെയുമൊക്കെ ഉത്തേജക ശക്തിയായി നിലകൊണ്ട നിശബ്ദ സാന്നിധ്യവുമായിരുന്നു ടി.എൻ.ജോയ് എന്ന നജ്മൽ ബാബു. അദ്ദേഹത്തി​െൻറ രണ്ടാം ചരമദിനമാണ് ഈ ഒക്ടോബർ 2. അടിയന്തരാവസ്ഥയിലെ മിസ തടവ് കഴിഞ്ഞു കുറഞ്ഞ വർഷത്തിനകം അദ്ദേഹം സൂര്യകാന്തി എന്ന ലെൻഡിങ് ലൈബ്രറി കൊടുങ്ങല്ലൂരിൽ ആരംഭിച്ചതുമുതൽ വിട പറയുന്നതിനു ഏതാനും നാളുകൾ മുമ്പുവരെ അദ്ദേഹവുമായി വൈകാരികമായ ബന്ധം പുലർത്തിയിരുന്ന ഒരാളാണ് ഞാൻ. അസാധാരണവും അതുല്യവുമായ ആ ജീവിതത്തെ സ്നേഹത്തോടെയും ബഹുമാനത്തോടെയും നോക്കി കണ്ട ആൾ.

രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ചുള്ള മലയാളിയുടെ പൂർവ്വ നിശ്ചിതവും യാഥാസ്ഥിതികവുമായ ധാരണകളെ അദ്ദേഹം പൊളിച്ചെഴുതി. പീഡിത പക്ഷത്ത് പീഡിതനായി തന്നെ നിലകൊണ്ടു. പല തരം സ്വത്വാവിഷ്കാരങ്ങളിലൂടെ ജീവിച്ചു. തങ്ങളുടെ സുഖ സൗകര്യങ്ങളിൽ അഭിരമിച്ച് ദന്തഗോപുരങ്ങളിൽ നിന്ന് അനുയായികളോട് ആജ്ഞാപിക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ നേതാക്കളുടെയും പാർട്ടികളുടെയും രീതിക്കു പകരം വ്യക്തിയുടെ സ്വകാര്യ / പുറം ജീവിതത്തെ രണ്ടായി കാണാതെ വ്യക്തിപരമായ ജീവിതം തന്നെയാണ് ത​െൻറ രാഷ്ട്രീയ പ്രവർത്തനവും വിപ്ലവ പ്രവർത്തനവുമെന്ന രീതിയിൽ അദ്ദേഹം ജീവിച്ചു. സ്വയം ഡീക്ലാസു ചെയ്ത് സാമൂഹ്യ സ്ഥാപനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. പീഡിതരുടെ കൂട്ടായ്മകളിൽ ദുരധികാരത്തിനെതിരായി അദ്ദേഹം അണിചേർന്നു. ജന വിരുദ്ധ വികസനത്തിനെതിരായസമരങ്ങൾ തൊട്ട് ചുംബന സമരങ്ങൾ വരെയുള്ള നാനാവിധ സമരങ്ങളിലും മറ്റു സൂക്ഷ്മ രാഷ്ട്രീയത്തി​െൻറ മുന്നണികളിലും അദ്ദേഹം മരിക്കും വരെയുണ്ടായിരുന്നു. അവസാന നാളുകളിൽ ഫാസിസത്തി​െൻറ ഏറ്റവും വലിയ ഉന്നമായ മുസ്ലിം സമുദായത്തിലേക്ക് അദ്ദേഹം മതം മാറി. പീഡകർക്കെതിരെ പീഡിതനൊപ്പം നിലകൊള്ളുക എന്ന അദ്ദേഹത്തി​െൻറ ജീവിത മന്ത്രത്തി​െൻറ ഭാഗമായിരുന്നു ഇത്. വിശ്വാസപരമായ കൂടുമാറ്റത്തേക്കാൾ രാഷ്ട്രീയപരവും സാമൂഹ്യ ശാസ്ത്രപരവുമായ മാനങ്ങളാണ് അതിൽ പ്രാധാന്യം നേടിയെടുത്തത്. മതത്തെ ഫാസിസത്തിനെതിരായ ഒരു ആയുധമായി ഉപയോഗിക്കുക ആയിരുന്നു അദ്ദേഹം. ഇരക്കു വേണ്ടി സംസാരിക്കാൻ ഇരയായി തന്നെ തീരുക എന്ന സംശുദ്ധ പ്രവർത്തി. നക്സലൈറ്റുകളുടെ സ്വത്വ പരിണാമങ്ങൾ പലപ്പോഴും പൊതുജനങ്ങൾക്കിടയിൽ വിഷയമാകാറുണ്ട്. തീവ്ര രാഷ്ട്രീയത്തിൽ നിന്ന് ഭക്തിയിലേക്കോ മറ്റേതെങ്കിലും കൾട്ടുകളിലേക്കോ സ്വയം മാറുന്ന അവസ്ഥ വിപ്ലവകാരികളിൽ പലരും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തി​െൻറ മത മാറ്റം ഇത്തരം സ്വകാര്യ ഇടങ്ങളിലേക്കായിരുന്നില്ല. ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രശ്നം എന്തെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിലേക്ക് അദ്ദേഹം മതം മാറ്റത്തിലൂടെ സ്വയം സമർപ്പിക്കുകയായിരുന്നു.

അദ്ദേഹത്തി​െൻറ ജീവിതത്തിലെ അവസാന വർഷങ്ങളിലെ മതമാറ്റത്തിനും ത​െൻറ ശരീരം ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ മസ്ജിദിൽ സംസ്ക്കരിക്കണമെന്നുള്ള നടക്കാതെ പോയ ആഗ്രഹത്തിനും ശേഷം രണ്ട് വർഷങ്ങളിൽ സംഘപരിവാർ ഫാസിസത്തി​െൻറ ദംഷ്ട്രകൾ കൂടുതൽ ശക്തിയാർജ്ജിക്കുകയും അവർ ഏറെ വർഷമായി നടപ്പിലാക്കാനാഗ്രഹിച്ച അജൻഡകൾ ഓരോന്നായി പ്രാവർത്തികമാക്കപ്പെടുകയും ചെയ്യുമ്പോൾ അദ്ദേഹം എടുത്ത തീരുമാനത്തി​െൻറ ആത്മാർഥതയും പ്രവചനാത്മകതയും കൂടുതൽ കൂടുതൽ തെളിഞ്ഞു വരികയാണ്.

വലിയ ഒരാളായി തീരേണ്ട അദ്ദേഹം ത​െൻറ സ്വതസിദ്ധമായ നിശബ്ദതയും വിനയവും കൊണ്ട് എല്ലാറ്റിനും പിന്നിൽ നിൽക്കുകയായിരുന്നു. അതിനാൽ അദ്ദേഹം നമ്മുടെ സാംസ്കാരിക ചിന്താ ലോകത്തിൽ നടത്തിയ സ്വാധീനങ്ങളെ ചെറുതായി ഒന്ന് അടുത്തു നിന്നു കാണാം.

കേരളത്തിൽ അറുപതുകളുടെ ഉത്തരാർധത്തിൽ രൂപമെടുത്ത നക്സലൈറ്റു പ്രസ്ഥാനം നമ്മുടെ സാംസ്ക്കാരിക ചിന്താമണ്ഡലങ്ങളിൽ ഉണ്ടാക്കിയ ഉദ്ദീപനങ്ങൾ നിസ്സാരമല്ല. സത്യാനന്തര കാലമെന്നോ, ഉത്തരാധുനിക കാലമെന്നോ അറിയപ്പെടുന്ന സമകാലികതയിൽ നിന്നു കൊണ്ട് വീക്ഷിക്കുമ്പോൾ വളരെ അകലം തോന്നുമെങ്കിലും സാഹിത്യ കലാരംഗത്ത് ആധുനികതയെ രാഷ്ട്രീയാധുനികതയായി പരിണമിപ്പിക്കാനും, കമ്മ്യൂണിസ്റ്റ് പാർട്ടികൾ കപട കക്ഷി രാഷ്ട്രീയത്തിലേക്ക് ഉൾചേർന്നപ്പോൾ യുവാക്കൾക്കും, സാധാരണക്കാർക്കും വിമോചന സ്വപ്നം പകർന്നു കൊടുക്കാനും അതിനായി.

1970- 74 കാലഘട്ടത്തിൽ പ്രസ്ഥാനത്തിന് ജനകീയമായ അടിത്തറ പാകിയതിൽ പ്രധാനി ടി. എൻ. ജോയ് എന്ന നജ്മൽ ബാബു ആയിരുന്നു. സംസ്ഥാന ജോയിൻറ്​ സെക്രട്ടറി ആയിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥക്കു ശേഷം പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയും കുടുംബം, സ്വകാര്യ സ്വത്തിലധിഷ്ഠിതമായ മറ്റു സാമൂഹ്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി, സമൂഹവുമായി യോഗാത്മക ബന്ധം പുലർത്തുന്ന ഒരു അവധൂത ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു അദ്ദേഹം. വിപ്ലവകാരി, ബ്യൂട്ടീഷൻ, ഹിന്ദുസ്ഥാനി ഗായകൻ എന്നിങ്ങനെ ജീവിതത്തെ മാധുര്യത്തിലാറാട്ടുന്ന എത്രയെത്ര റോളുകൾ. 1985 ൽ തുടക്കമിട്ട 'മീറ്റ് ടു ലേൺ', ക്യാൻസർ രോഗികൾക്കായുള്ള പാലിയേറ്റീവ് കെയർ യൂണിറ്റ്, കമ്മ്യൂണിസ്റ്റ് ഫോർ ലെഫ്റ്റ് യൂണിറ്റി എന്നിങ്ങനെ എത്രയെത്ര കൂട്ടായ്മകൾ. കൂടാതെ മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ എല്ലാ സമരവേദികളിലുമുള്ള പങ്കു ചേരലുകളും.....

ജനകീയ ആത്മീയത പുലർത്തിയിരുന്ന അദ്ദേഹത്തി​െൻറ ഈ ജീവിതരീതിയുടെ തുടർച്ച തന്നെയായിരുന്നു ഫാസിസത്തിനെതിരായ പ്രതിഷേധമെന്ന നിലയിൽ അതി​െൻറ മുഖ്യ ഇരകളായ മുസ്ലിം സമുദായത്തിലേക്കുള്ള മതമാറ്റവും.

ഇസ്ലാമിനെ ആധുനിക പൂർവ്വമായ ഒരു മതമായോ, അസംബന്ധതകൾ നിറഞ്ഞ അയുക്തിയുടെ മതമായോ കാണുന്ന, യുക്തിവാദത്തി​െൻറയും യാഥാസ്ഥിതിക ഇടതുപക്ഷത്തി​െൻറയും വീക്ഷണങ്ങളുള്ളവരായിരുന്നു അദ്ദേഹത്തി​െൻറ സുഹൃത്തുക്കളിൽ ഭൂരിപക്ഷവും. നജ്മൽ ബാബുവെന്ന പേർ സ്വീകരിച്ചു കൊണ്ട്​ ഇസ്ലാമിലേക്കുള്ള മതം മാറ്റം C.A.A. പോലുള്ള ഫാസിസ്റ്റ് ഭരണകൂട നടപടികളിൽ സ്വത്വവും അസ്തിത്വവും നഷ്ടപ്പെടാനിടയുള്ള ഒരു സമുദായത്തിനോടുള്ള ഐക്യദാർഢ്യവും അതുവഴി ഫാസിസത്തിനെതിരെയുള്ള പ്രത്യാശയുമായി നമുക്ക് ഇന്ന് അനുഭവപ്പെടുന്നുണ്ട്. താൻ ജീവിതത്തിൽ പുലർത്തി പോന്ന അനുഭവാധിഷ്ഠിത രാഷ്ട്രീയത്തി​െൻറ തുടർച്ച തന്നെയായിരുന്നു അത്.

അദ്ദേഹം വിട പറഞ്ഞതിനു ശേഷമുള്ള വർഷങ്ങളിൽ ഈ മതം മാറ്റത്തി​െൻറ രാഷ്ട്രീയമായ ഉള്ളടക്കം നാം കൂടുതൽ മനസ്സിലാക്കുകയാണ്. അതിലെ ആത്മാർഥതയും പ്രവചനാത്മകതയും കൂടുതൽ കൂടുതൽ വ്യക്തമാകുകയാണ്. തുടരുന്ന ആൾകൂട്ടകൊലപാതകങ്ങളും, കാശ്മീരി​െൻറ പ്രത്യേക പദവി എടുത്തു കളഞ്ഞതും ഇന്ത്യൻ ജനതക്കു വേണ്ടിയെന്ന പോലെ പ്രധാനമന്ത്രി രാമജന്മഭൂമിയിൽ ക്ഷേത്ര ശിലാസ്ഥാപനം നടത്തിയതും C.A.A. ക്കെതിരായ ഷാഹിൻ ബാഗുകൾ രക്തത്തിൽ കുതിർത്തി അവസാനിപ്പിച്ചതും ഒക്കെ ചേർന്ന് ഞങ്ങൾ എന്തും ചെയ്യും എന്ന രീതിയിൽ ഫാസിസം ഭൂതം കണക്കെ നമ്മെ വളഞ്ഞു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തി​െൻറ ചരമദിനത്തിന്​ രണ്ടുദിവസം മുമ്പാണ് ബാബരി മസ്ജിദ് തകർക്കാൻ നേതൃത്വം നൽകിയവരെ കോടതി കുറ്റമുക്തമാക്കിയത്.

ഇന്ത്യയിലെ 100 കോടി ജനങ്ങൾക്കു വേണ്ടിയാണ് രാമക്ഷേത്രം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഞാൻ അതിൽ പെട്ടവനല്ല എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിലൂടെ പലർക്കും ചെറുക്കേണ്ടി വന്നു. നജ്മൽ ബാബു തുടങ്ങി വെച്ച സൂക്ഷ്മ രാഷ്ട്രീയ പ്രതിരോധത്തി​െൻറ തുടർച്ച തന്നെയായിരുന്നു അത്. ഇന്ന് ഫാസിസ്റ്റ് അജൻഡകൾ മുച്ചൂടും വളർന്ന് നമ്മെ ഭീതിതമായ ഒരു കോട്ടയിൽ അകപ്പെടുത്തുമ്പോൾ അദ്ദേഹത്തി​െൻറ ഇസ്ലാമാശ്ലേഷണത്തി​െൻറ സന്ദേശം നാം കൂടുതൽ, കൂടുതൽ തിരിച്ചറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.